Jump to content

ഭോപ്പാൽ ദുരന്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bhopal disaster എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭോപ്പാൽ ദുരന്തം
ദിവസം 2 ഡിസംബർ 1984 (1984-12-02) – 3 ഡിസംബർ 1984 (1984-12-03)
സ്ഥലം Bhopal, Madhya Pradesh
ഇങ്ങനെയും അറിയപ്പെടുന്നു Bhopal gas tragedy
രേഖപ്പെടുത്തിയ പരിക്കുകൾ At least 558,125
Bhopal-Union Carbide 1 crop memorial

അമേരിക്കൻ രാസവ്യവസായഭീമനായ യൂണിയൻ കാർബൈഡ് കമ്പനിയുടെ ഇന്ത്യയിലെ ഭോപ്പാലിലുണ്ടായിരുന്ന കീടനാശിനി നിർമ്മാണശാലയിലുണ്ടായ വ്യാവസായിക ദുരന്തമാണ് ഭോപ്പാൽ ദുരന്തം എന്ന് അറിയപ്പെടുന്നത്. പ്രവർത്തനം ആരംഭിച്ച് എട്ടാമത്തെ വർഷം 1984 ഡിസംബർ 2 ന് 42 ടൺ മീഥൈൽ ഐസോസയനേറ്റ് ശേഖരിച്ച ടാങ്കിൽ വെള്ളം കയറുകയും പിന്നീട് നടന്ന രാസപ്രവർത്തനങ്ങളുടെ ഫലമായി ടാങ്കിനുള്ളിലെ താപനില 200 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തുകയും ചെയ്തു. ഫോസ്ജീൻ, ഹൈഡ്രജൻ സയനൈഡ്, കാർബൺ മോണോക്സൈഡ്, നൈട്രജൻ ഓക്സൈഡുകൾ എന്നീ വിഷവാതകമിശ്രിതങ്ങളും മീഥൈൽ ഐസോസയനേറ്റും അന്തരീക്ഷത്തിലേയ്ക്ക് വ്യാപിച്ചു.

കാറ്റിന്റ ദിശയ്ക്കനുസരിച്ച് വാതകം ഭോപ്പാൽ നഗരത്തിലുടനീളം അലയടിക്കുകയും 16000 നും 30000 നും ഇടയിൽ ആൾക്കാർ കൊല്ലപ്പെടുകയും ചെയ്തു. 2 ലക്ഷത്തിൽപ്പരം ആൾക്കാരെ നിത്യരോഗികളാക്കിയ ഈ ദുരന്തം വിട്ടുമാറാത്ത ചുമ, കാഴ്ചതടസ്സം, കുട്ടികളിലെ തിമിരം, കാൻസർ, ക്ഷയം, തളർച്ച, വിഷാദം, പനി എന്നിവ ജീവിച്ചിരിക്കുന്നവർക്ക് നൽകി. ദുരന്തത്തിന്റെ പരിണതഫലങ്ങൾ ഇപ്പോഴും അലയടിക്കുന്നു. 5 ലക്ഷത്തിലധികം മനുഷ്യരെ ബാധിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം ചോർച്ചയുണ്ടായ ഉടനെ 2,259 പേർ മരിച്ചു. രണ്ടാഴ്ചക്കകം 8,000-ൽ അധികം ആളുകൾ മരിച്ചതായി കണക്കാക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും ദാരുണമായ വ്യാവസായിക ദുരന്തമായി ഭോപ്പാൽ ദുരന്തം കണക്കാക്കപ്പെടുന്നു.[1][2][3] ഗ്ലോബൽ ടോക്സിക് ഹോട്ട് സ്പോട്ട് എന്നാണ്‌ ഗ്രീൻപീസ് പ്രസ്ഥാനം ഭോപ്പാലിനെ വിളിക്കുന്നത്.

ഭോപ്പാൽ ദുരന്തം മൂലം രോഗികളായിത്തീർന്നവരെ ചികിത്സിക്കുന്നതിനുള്ള അന്താരാഷ്ട്ര മെഡിക്കൽ കമ്മീഷൻ 1993-ൽ നിലവിൽ വന്നു. 2010 ജൂണിൽ മുൻ യു.സി.ഐ.എൽ ചെയർമാൻ വാറൺ ആൻഡേഴ്‌സൺ അടക്കം ഏഴ് ജോലിക്കാരെ കുറ്റവാളികളായി കോടതി പ്രഖ്യാപിച്ചു[4]. ഈ ഉദ്യോഗസ്ഥരുടെ അശ്രദ്ധമൂലമാണ്‌ നിരവധി പേർ മരിക്കാനിടയായത് എന്നതിനാൽ ഇവർക്ക് കോടതി രണ്ടു വർഷം തടവും രണ്ടായിരം അമേരിക്കൻ ഡോളർ പിഴയും ചുമത്തുകയുണ്ടായി. എട്ടാമത്തെ ഒരു മുൻ‌തൊഴിലാളികൂടി കുറ്റവാളിയായി വിധിക്കപ്പെട്ടങ്കിലും വിധിതീർപ്പ് വരുന്നതിനു മുമ്പ് അദ്ദേഹം മരണപ്പെട്ടിരുന്നു.[5]

ഭോപ്പാലിന്റെ ചരിത്രം

[തിരുത്തുക]

മുഗൾ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഭോപ്പാൽ, 1950 കളിൽ ഇവിടുത്തെ ജനസംഖ്യ ഏതാണ്ട് 60000 ഓളം മാത്രമായിരുന്നു. എന്നാൽ മദ്ധ്യപ്രദേശ് സംസ്ഥാനത്തിന്റെ തലസ്ഥാനം ആയതോടെ കൂടുതൽ ആളുകൾ ഇവിടെ സ്ഥിരതാമസമാക്കുവാൻ തുടങ്ങി. [6] ചെറിയ വനങ്ങളും കുന്നുകളും കൊണ്ട് ചുറ്റപ്പെട്ട ഒരു പ്രദേശമാണ് ഭോപ്പാൽ. ഇന്ത്യയുടെ ഏതാണ്ട് മധ്യപ്രദേശത്താണ് ഭോപ്പാൽ നിലകൊള്ളുന്നത്. തൊഴിലാളികളും, റിക്ഷാവലിക്കാരും ഒക്കെ അടങ്ങുന്ന സാധാരണക്കാരാണ് ഭോപ്പാലിലധികവും. ചേരി പ്രദേശങ്ങളോടൊപ്പം, ധനികർ മാത്രം താമസിക്കുന്ന സ്ഥലങ്ങളും പ്രത്യേകമായുണ്ട്. കാനേഷുമാരി അനുസരിച്ച് 1984 ൽ ഭോപ്പാലിൽ 8,00,000 ജനങ്ങൾ അധിവസിക്കുന്നുണ്ടായിരുന്നു.

യൂണിയൻ കാർബൈഡ്

[തിരുത്തുക]

1917 ലാണ് യൂണിയൻ കാർബൈഡ് കോർപ്പറേഷൻ സ്ഥാപിതമാവുന്നത്. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വളരെയധികം വീഴ്ച വരുത്തിയിട്ടുള്ള ഒരു സ്ഥാപനമാണിത് . വെസ്റ്റ് വെർജീനിയായിലുള്ള യൂണിയൻ കാർബൈഡിന്റെ ഉത്പാദനശാലയിൽ 1980-1984 കാലഘട്ടിൽ ഏതാണ്ട് 67 തവണ മീഥൈൽ ഐസോസയനേറ്റ് എന്ന വാതകം ചോർന്നിട്ടുണ്ട്.[7] ഇത്തരം വീഴ്ചകളൊന്നും തന്നെ പൊതുജനങ്ങളെ നേരത്തേ തന്നെ കമ്പനി അറിയിക്കാൻ മുതിർന്നിട്ടില്ലായിരുന്നു. യൂണിയൻ കാർബൈഡ് കോർപ്പറേഷന്റെ ഇന്ത്യൻ വിഭാഗമാണ് യൂണിയൻ കാർബൈഡ് ഇന്ത്യാ ലിമിറ്റഡ്. 50.9 ശതമാനത്തോളം ഓഹരി മാതൃകമ്പനിയായ യൂണിയൻ കാർബൈഡ് കോർപ്പറേഷന്റെ കയ്യിലാണ്, ബാക്കി സ്വകാര്യവ്യക്തികളുടെ കയ്യിലും, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുമാണ്. [8]


1926 ൽ എവറഡി കമ്പനി ഇന്ത്യാ ലിമിറ്റഡ് എന്ന ബാറ്ററി നിർമ്മാണ ശാല ആരംഭിക്കുന്നതോടെയാണ് യൂണിയൻ കാർബൈഡ് ഇന്ത്യാ ലിമിറ്റഡ് തങ്ങളൂടെ വ്യവസായ സംരംഭങ്ങൾക്ക് തുടക്കം കുറിക്കുന്നത്.1959 ൽ എവറഡി കമ്പനി നാഷണൽ കാർബൺ കമ്പനി എന്ന പുതിയ പേരു സ്വീകരിച്ചു.1955 ൽ പബ്ലിക് ലിമിറ്റഡ് കമ്പനിയായി. ഇന്ത്യയിലെ ആദ്യ ഡ്രൈസെൽ കമ്പനിയായി തുടങ്ങിയ യൂണിയൻ കാർബൈഡ് പിന്നീട് കീടനാശിനി നിർമ്മാണത്തിലേക്കു കടക്കുകയായിരുന്നു. 1969 ൽ ആണ് യൂണിയൻ കാർബൈഡ് കോർപ്പറേഷൻ ഭോപ്പാലിൽ പ്ലാന്റ് സ്ഥാപിക്കുന്നത്. [9]മീതൈൽ ഐസോ സയനേറ്റ് ഉപയോഗിച്ച് സെവിൻ എന്ന നാമത്തിൽ കാർബറിൽ എന്ന രാസവസ്തു ഉണ്ടാക്കുകയായിരുന്നു കമ്പനി ചെയ്തത്. തുടക്കത്തിൽ അസംസ്കൃതവസ്തുക്കൾ അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്യുകയായിരുന്നു. വളരെ അപകടകാരിയായ മീഥൈൽ ഐസോസയനേറ്റ് ബോംബെയിൽ നിന്നും ഭോപ്പാലിലേക്ക് കനത്ത പോലീസ് അകമ്പടിയോടെ ലോറികളിലാണ് കൊണ്ടു വന്നിരുന്നത്.[10]

സെവിൻ എന്ന കാർബറിൽ

[തിരുത്തുക]
Methylamine (1) reacts with phosgene (2) producing methyl isocyanate (3) which reacts with 1-naphthol (4) to yield carbaryl (5)

മീഥൈലാമൈൻ ഫോസ്ഫീനുമായി പ്രവർത്തിപ്പിച്ചുണ്ടാക്കുന്ന മീതൈൽ ഐസോ സയനേറ്റ് 1- നാഫ്ത്തനോളുമായി പ്രവർത്തിപ്പിച്ചാണ് കാർബറിൽ എന്ന സെവിൻ ഉദ്പാദിപ്പിക്കുന്നത്. ഇന്ത്യ കീടനാശിനിയുടെ വൻ വിപണിയാവും എന്നായിരുന്നു കമ്പനിയുടെ പ്രതീക്ഷ. വെള്ളപ്പൊക്കവും വരൾച്ചയുമായി വലയുന്ന കർഷകർക്ക് കമ്പനിയുടെ വില കൂടിയ കീടനാശിനി വാങ്ങാൻ കഴിവുണ്ടായിരുന്നില്ല. പ്രതിവർഷം 5000 ടൺ സെവിൻ നിർമ്മിക്കാനായിരുന്നു ഭാരത സർക്കാർ യൂണിയൻ കാർബൈഡിനു അനുമതി നൽകിയിരുന്നത്. എന്നാൽ ഇന്ത്യയിലെ വാർഷിക വിപണനം 2000 ടണ്ണിൽ കൂടുതലാവില്ല എന്നറിയാവുന്ന ഇന്ത്യൻ പ്രതിനിധി വളരെ ചെറിയ ഒരു ഉത്പാദനശാല നിർമ്മിക്കാനുള്ള ഉപദേശമാണ് മാതൃകമ്പനിക്കു നൽകിയത്. എന്നാൽ ഈ നിർദ്ദേശം കാറ്റിൽപ്പറത്തി ഏറ്റവും വലിയ ഒരു ഉത്പാദനശാല തന്നെ നിർമ്മിക്കാൻ യൂണിയൻ കാർബൈഡ് കോർപ്പറേഷൻ തീരുമാനിക്കുകയായിരുന്നു.[11]

ദുരന്തപശ്ചാത്തലം

[തിരുത്തുക]

യൂണിയൻ കാർബൈഡ് കമ്പനിയുടെ വ്യവസായശാല 1969-ൽ ഭോപ്പാലിൽ സ്ഥാപിച്ചു. 51% ഓഹരി ഉടമസ്ഥത യൂണിയൻ കാർബൈഡ് കമ്പനിക്കും 49% ഇന്ത്യൻ പൊതുമേഖലാസ്ഥാപനങ്ങൾക്കും ആയിരുന്നു. ഇവിടെ നിന്ന് കാർബാറിൽ (സെവിൻ) എന്ന കീടനാശിനി ഉത്പാദിപ്പിച്ചു പോന്നു. കാർബാറിൽ ഉത്പാദനത്തിനുപയോഗിച്ചിരുന്ന ഒരു രാസവസ്തുവാണ് മീതൈൽ ഐസോസയനേറ്റ്. 1979-ൽ മീതൈൽ ഐസോസയനേറ്റ് ഉത്പാദനവിഭാഗം കൂടി ഈ വ്യവസായശാലയോട് ചേർത്തു. ഇത്ര മാരകമല്ലാത്ത മറ്റ് രാസവസ്തുക്കൾക്ക് പകരമായിരുന്നു MIC ഉപയോഗിച്ചത്. യൂണിയൻ കാർബൈഡ് കമ്പനിക്ക് ഈ രാസവസ്തുവിന്റെ ഗുണഗണങ്ങളെക്കുറിച്ചും അത് കൈകാര്യം ചെയ്യേണ്ടിയിരുന്ന വിധത്തെക്കുറിച്ചും അറിവുണ്ടായിരുന്നു.[12][13][14]

ഡിസംബർ രണ്ടാം തീയതി രാത്രി 42 ടൺ മീതൈൽ ഐസോസയനേറ്റ് സൂക്ഷിച്ചിരുന്ന ഒരു സംഭരണിയിലേക്ക് വൻതോതിൽ വെള്ളം കയറി. അപ്പോൾ നടന്ന രാസപ്രവർത്തനം മൂലം സംഭരണിയിലെ താപനില 2000C ന് മുകളിലേക്ക് ഉയർന്നു. തത്ഫലമായി സംഭരണിക്കുള്ളിലെ മർദ്ദം അതിനു താങ്ങാനാവുന്നതിലധികമായി വർദ്ധിച്ചു. ഇങ്ങനെ അമിതമർദ്ദം വരുമ്പോൾ സ്വയം തുറന്ന് വാതകം പുറന്തള്ളുന്നതിനുള്ള സംവിധാനം സംഭരണിയിൽ ഉണ്ടായിരുന്നു. ഈ സംവിധാനം പ്രവർത്തിച്ച് വൻതോതിൽ വിഷവാതകം പുറന്തള്ളി. രാസപ്രവർത്തനം ചെറുക്കാൻ ശേഷിയുള്ള ലോഹങ്ങൾ കൊണ്ടായിരുന്നില്ല വാതകക്കുഴലുകൾ നിർമിച്ചിരുന്നത്. അവ രാസപ്രവർത്തനത്തിൽ ദ്രവിക്കുകയും ചെയ്തു. ഫോസ്ജീൻ, ഹൈഡ്രജൻ സയനൈഡ്, കാർബൺ മോണോക്സൈഡ്, നൈട്രജൻ ഓക്സൈഡുകൾ എന്നീ വിഷവാതകമിശ്രിതങ്ങളും മീഥൈൽ ഐസോസയനേറ്റും അന്തരീക്ഷത്തിലേയ്ക്ക് വ്യാപിച്ചു. ശ്വാസനാളിയിലെ പുകച്ചിലോടെ ആളുകൾ ഉറക്കത്തിൽ നിന്ന് ഞെട്ടിയെഴുന്നേറ്റു. ആയിരങ്ങൾ തത്ക്ഷണം മരിച്ചു.

സംഭവങ്ങളുടെ സമയക്രമം

[തിരുത്തുക]

1984 ഡിസംബർ 2-3 രാത്രി

[തിരുത്തുക]

ഉത്പാദനശാലയിൽ[15][16]

  • 21.00 വാതകക്കുഴലുകൾ വെള്ളം തെറിപ്പിച്ച് വൃത്തിയാക്കാൻ ആരംഭിച്ചു.
  • 22.00 മീതൈൽ ഐസോസയനേറ്റ് സൂക്ഷിച്ചിരുന്ന സംഭരണിയിൽ വെള്ളം കയറി, രാസപ്രവർത്തനം ആരംഭിച്ചു.
  • 22.30 വിഷവാതകങ്ങൾ അന്തരീക്ഷത്തിൽ വ്യാപിച്ചു തുടങ്ങി.
  • 00.30 ഉച്ചത്തിൽ മുഴങ്ങിയ അപായ സൈറൺ നിർത്തി.
  • 00.50 അപായ സൈറൺ ശാലക്കുള്ളിൽ മുഴങ്ങി. തൊഴിലാളികൾ പുറത്തേക്ക് രക്ഷപെട്ടു.


ഉത്പാദനശാലക്ക് പുറത്ത് [17][18]

  • 22.30 വിഷവാതകം ശ്വസിച്ചതിന്റെ ആദ്യലക്ഷണങ്ങളായ ശ്വാസമുട്ട്, ചുമ, ചർദ്ദി, കണ്ണിനു പുകച്ചിൽ എന്നിവ ചുറ്റുപാടുമുള്ളവർക്ക് വന്നുതുടങ്ങി.
  • 01.00 പോലീസ് ജാഗരൂകമായി. ചുറ്റുപാടുമുള്ളവർ ഒഴിഞ്ഞുപോകാൻ തുടങ്ങി. യൂണിയൻ കാർബൈഡ് മേധാവി വാതക ചോർച്ചയുണ്ടായെന്ന വാർത്ത നിഷേധിച്ചു.
  • 02.00 കാഴ്ച മങ്ങൽ, കാഴ്ചയില്ലായ്മ, ശ്വാസതടസം, വായിൽ നിന്ന് നുരയും പതയും, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളുമായി ഹമീദിയ ആശുപത്രിയിൽ ആളുകൾ എത്തിത്തുടങ്ങി.
  • 02.10 ഉത്പാദനശാലക്ക് പുറത്തും അപായ സൈറൺ മുഴങ്ങി.
  • 04.00 വാതക ചോർച്ച നിയന്ത്രണ വിധേയമായി.
  • 06.00 പോലീസിന്റെ ഉച്ചഭാഷിണികൾ "എല്ലാം ശരിയായി" എന്നു പ്രഖ്യാപിച്ചു.

കാരണങ്ങൾ

[തിരുത്തുക]

സംഭരണിയിലേക്ക് പെട്ടെന്ന് വെള്ളം കയറുന്നതിനുള്ള കാരണത്തെക്കുറിച്ച് വ്യത്യസ്ത അനുമാനങ്ങൾ നിലവിലുണ്ട്. വാതച്ചോർച്ചയുണ്ടായ സമയത്ത് തൊഴിലാളികൾ വാതകക്കുഴലുകൾ വെള്ളം തെറിപ്പിച്ച് വൃത്തിയാക്കുകയായിരുന്നു. ചില നിരീക്ഷകരുടെ അഭിപ്രായം, ഈ സമയത്ത് വാതകക്കുഴലിനുള്ളിലേക്ക് നേരത്തേയുണ്ടായിരുന്ന വിടവുകളിൽ കൂടി വെള്ളം കയറി എന്നാണ്.[19] പക്ഷേ, യൂണിയൻ കാർബൈഡ് കമ്പനി ഇത് നിഷേധിക്കുന്നു.1985 ലെ റിപ്പോർട്ടുകൾ ദുരന്തത്തെക്കുറിച്ച് കുറെക്കൂടി വ്യക്തമായ ചിത്രം നൽകി. ദുരന്തത്തിനിടയാക്കിയതായി ചൂണ്ടിക്കാണിക്കപ്പെട്ട പോരായ്മകളിൽ പ്രധാനപ്പെട്ടവ താഴെ പറയുന്നു.

  • കൂടുതൽ മാരകമായ രസവസ്തുക്കളുടെ (MIC) ഉപയോഗം.
  • ഈ രാസവസ്തുക്കൾ ചെറിയ ചെറിയ സംഭരണികളിൽ സൂക്ഷിക്കുന്നതിനു പകരം വലിയ സംഭരണികളിൽ ഒന്നിച്ച് സൂക്ഷിച്ചത്.
  • കുഴലുകളിൽ എളുപ്പം ദ്രവിക്കുന്ന ലോഹങ്ങൾ ഉപയോഗിച്ചത്.
  • 1980 ൽ ഉത്പാദനം നിർത്തിയ ശാലയുടെ അറ്റകുറ്റ പണികൾ വേണ്ടവിധം നടത്താതിരുന്നത്.
  • വേണ്ട വിധം പരിപാലിക്കാതിരുന്നതിനാൽ സുരക്ഷാസംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കാതിരുന്നത്.

വാതക ചോർച്ചയിലേക്ക് നയിച്ചവയിൽ ഉത്പാദനശാലയുടെ രൂപകല്പനക്കും കമ്പനിയുടെ ചെലവുചുരുക്കൽ നടപടികൾക്കും പങ്കുണ്ട്. ഉത്പാദനശാലയുടെ സ്ഥാനം ജനസാന്ദ്രമായ പ്രദേശത്തായത് സ്ഥിതിഗതികൾ മോശമാക്കി. അവലോകനങ്ങൾ കാണിക്കുന്നത്, ദുരന്തം ഇത്ര ദാരുണമായതിന്റെ ഉത്തരവാദിത്തം ഉത്പാദനശാലയുടെ ഉടമസ്ഥരായ യൂണിയൻ കാർബൈഡ് കമ്പനിക്കും ഭാരത സർക്കാരിനും തന്നെയാണ് എന്നാണ്. മധ്യപ്രദേശ് സർക്കാരിനും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല.[20][21][22]

കേസിന്റെ വിധി

[തിരുത്തുക]

2010 ജൂൺ 7 നാണ് ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമായ ഭോപ്പാൽ വിഷവാതകച്ചോർച്ചയുടെ വിധി നടക്കുന്നത്. യൂണിയൻ കാർബൈഡ് ഇന്ത്യാ കമ്പനി മുൻചെയർമാൻ കേശബ് മഹീന്ദ്ര ഉൾപ്പെടെ 7 പേർക്ക് 1 ലക്ഷം രൂപ പിഴയും 2 വർഷം തടവും കമ്പനിയ്ക്ക് 5 ലക്ഷം രൂപ പിഴയുമാണ് ഭോപ്പാൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വിധിച്ചത്. യൂണിയൻ കാർബൈഡ് ഇന്ന് ഡൗ കെമിക്കൽസ് എന്ന പേരിൽ നിരവധി കീടനാശിനികൾ ഉത്പാദിപ്പിക്കുന്നു.

വാറൺ ആൻഡേഴ്സൺ

[തിരുത്തുക]

യൂണിയൻ കാർബൈഡ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമാ‍യിരുന്നു വാറൺ ആൻഡേഴ്സൺ. ദുരന്തം നടന്ന് നാലാം ദിവസം ആൻഡേഴ്സണെയും ആറ് ഉദ്യോഗസ്ഥരെയും ഭോപ്പാലിൽ വെച്ച് അറസ്റ്റുചെയ്തു. നരഹത്യമുതൽ വിവിധ ക്രിമിനൽ കുറ്റങ്ങൾ ചാർത്തി. എന്നാൽ അന്നു തന്നെ 25000 രൂപ ജാമ്യത്തുക കെട്ടിവെച്ച് ആൻഡേഴ്സൺ പുറത്തിറങ്ങിയ ശേഷം ഇന്ത്യവിട്ടു[4]. മൂന്നു വർഷത്തിനുശേഷം സി.ബി.ഐ ആൻഡേഴ്സണിനും കമ്പനിക്കുമെതിരെ കേസ് ഫയൽ ചെയ്യുകയുണ്ടാ‍യി. പലതവണ സമൺസ് അയച്ചു. തുടർന്ന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ടു. 2014 ഒക്ടോബറിൽ മരണമടഞ്ഞു.[23]

ഓപ്പറേഷൻ ഫെയ്ത്ത്.

[തിരുത്തുക]

1984 ഡിസംബർ 16 ന് 619,611 എന്നീ രണ്ടു ടാങ്കുകളിൽ നിന്നുകൂടി MIC ഒഴിച്ചു. ഈ സംരംഭത്തെ ഓപ്പറേഷൻ ഫെയ്ത്ത് എന്നു വിളിച്ചു.

അവലംബം

[തിരുത്തുക]
  • ഇൻഗ്രിഡ്, എക്കർമാൻ (2005). ദ ഭോപ്പാൽ സാഗ - കോസസ് ആന്റ് കോൺസ്വീക്ക്വൻസ്സ് ഓഫ് വേൾഡ്സ് ലാർജസ്റ്റ് ഇൻഡസ്ട്രിയൽ ഡിസാസ്റ്റർ. യൂണിവേഴ്സിറ്റീസ് പ്രസ്സ്.


  1. ചൗഹാൻ. (1994, 2005).
  2. "ഭോപ്പാൽ വേൾഡ്സ് വേഴ്സ്റ്റ് ഇൻഡസ്ട്രിയൽ ഡിസാസ്റ്റർ". ഗ്രീൻപീസ് സംഘടന. Archived from the original on 2008-09-16. Retrieved 05-05-2013. {{cite news}}: Check date values in: |accessdate= (help)
  3. സിമി, ചക്രവർത്തി (03-ഡിസംബർ-2004). "ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തത്തിന്റെ 20 ആം വാർഷികം". ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ. {{cite news}}: Check date values in: |date= (help)
  4. 4.0 4.1 "കരഞ്ഞുതീരാതെ ഭോപാൽ" (PDF). മലയാളം വാരിക. 2012 മാർച്ച് 23. Archived from the original (PDF) on 2016-03-06. Retrieved 2013 ഫെബ്രുവരി 26. {{cite news}}: Check date values in: |accessdate= and |date= (help)
  5. "ഭോപ്പാൽ ട്രയൽ - എയ്റ്റ് കൺവിക്ടഡ് ഫോർ ഇന്ത്യാ ഗ്യാസ് ഡിസാസ്റ്റർ". ബി.ബി.സി. 06-ജൂലൈ-2010. Retrieved 06-ജൂലൈ-2010. {{cite news}}: Check date values in: |accessdate= and |date= (help)
  6. ഭോപ്പാൽ എ സാഗ - എക്കർമാൻ‍‍ പുറം 12 - ഭോപ്പാലിന്റെ ചരിത്രം
  7. ഭോപ്പാൽ എ സാഗ - എക്കർമാൻ‍‍ പുറം 22 - യൂണിയൻ കാർബെഡ് കോർപ്പറേഷന്റെ ചരിത്രം
  8. ഭോപ്പാൽ എ സാഗ - എക്കർമാൻ‍‍ പുറം 24 - യൂണിയൻ കാർബെഡ് കോർപ്പറേഷന്റെ ചരിത്രം
  9. കൃഷിയങ്കണം, 2010 മേയ്, ആഗസ്റ്റ്, പേജ് 10
  10. ഭോപ്പാൽ എ സാഗ - എക്കർമാൻ‍‍ പുറം 24
  11. ഡി., ലാപ്പിയർ (2001). ഇറ്റ് വാസ് ഫൈവ് പാസ്റ്റ് മിഡ്നൈറ്റ് ഇൻ ഭോപ്പാൽ. ഫുൾ സർക്കിൾ പബ്ലിഷിംഗ്. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  12. യൂണിയൻ കാർബൈഡ് കമ്പനി മാന്വൽ (1976)
  13. യൂണിയൻ കാർബൈഡ് കമ്പനി മാന്വൽ (1978)
  14. യൂണിയൻ കാർബൈഡ് കമ്പനി മാന്വൽ (1979)
  15. Eckerman (2001).
  16. Eckerman (2004).
  17. Eckerman (2001).
  18. Eckerman (2004).
  19. Chouhan et al. (1994, 2005)
  20. Eckerman (2001)
  21. Eckerman (2004)
  22. Eckerman (2005)
  23. "യൂണിയൻ കാർബൈഡ് മുൻ മേധാവി വാറൺ ആൻഡേഴ്‌സൺ അന്തരിച്ചു". www.mathrubhumi.com. Archived from the original on 2014-10-31. Retrieved 31 ഒക്ടോബർ 2014.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഭോപ്പാൽ_ദുരന്തം&oldid=3655867" എന്ന താളിൽനിന്ന് ശേഖരിച്ചത്