Jump to content

ബോസ്-ഐൻസ്റ്റൈൻ കണ്ടൻസേറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bose–Einstein condensate എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


റുബീഡിയം ആറ്റങ്ങളുടെ പ്രവേഗം കാണിക്കുന്ന ഗ്രാഫ്, ബോസ്-ഐൻസ്റ്റൈൻ കണ്ടൻസേറ്റ് രൂപവത്കരണത്തിന്‌ ഇത് തെളിവാണ്‌

ദ്രവ്യത്തിന്റെ ഒരവസ്ഥയാണ്‌ ബോസ്-ഐൻസ്റ്റൈൻ കണ്ടൻസേറ്റ് (BEC). സാന്ദ്രത കുറഞ്ഞതും കാര്യമായി പ്രതിപ്രവർത്തിക്കാത്തതുമായ ബോസോണുകളുടെ ഒരു വാതകത്തെ ബാഹ്യമായ ഒരു പൊട്ടൻഷ്യലിൽ നിർത്തിക്കൊണ്ട് 0 കെൽവിന്‌ വളരെയടുത്തുള്ള താപനിലയിലേക്ക് തണുപ്പിക്കുമ്പോഴാണ്‌ ഇതുണ്ടാകുന്നത്. ഈ അവസ്ഥയിൽ ബോസോണുകളിൽ ഒരു വലിയ പങ്ക് ബാഹ്യ പൊട്ടൻഷലിന്റെ ഏറ്റവും ചെറിയ ഊർജ്ജമുള്ള ക്വാണ്ടം അവസ്ഥയിലേക്ക് മാറുകയും അവയുടെ വേവ് ഫങ്ഷനുകളെല്ലാം സമമാവുകയും ചെയ്യുന്നു. ക്വാണ്ടം പ്രഭാവങ്ങൾ വലിയ ദൈർഘ്യങ്ങളിൽ ഇങ്ങനെ വരുമ്പോൾ കാണാനാകും

ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞനായ സത്യേന്ദ്രനാഥ് ബോസും ആൽബർട്ട് ഐൻസ്റ്റൈനും ചേർന്ന് 1924-25ൽ ഈ അവസ്ഥ പ്രവചിച്ചിരുന്നു. ഫോട്ടോണുകളുടെ ക്വാണ്ടം സ്ഥിതിവിവരക്കണക്കുകളെക്കുറിച്ചുള്ള ഒരു പേപ്പർ ബോസ് ഐൻസ്റ്റൈന്‌ അയച്ചുകൊടുക്കുകയും ഇതിന്റെ പ്രാധാന്യം മനസ്സിലാക്കിയ അദ്ദേഹം ഇംഗ്ലീഷിൽ നിന്ന് ജർമ്മനിലേക്ക് ഇതിനെ വിവർത്തനം ചെയ്ത് Zeitschrift für Physik എന്ന ജർണലിൽ ബോസിനു വേണ്ടി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഫോട്ടോണുകളെക്കുറിച്ചുള്ള ബോസിന്റെ സിദ്ധാന്തത്തെ ദ്രവ്യകണികകളെ ഉൾക്കൊള്ളിക്കുന്ന വിധത്തിൽ ഐൻസ്റ്റൈൻ വികസിപ്പിച്ചു[1].

എഴുപതു വർഷങ്ങൾക്കു ശേഷം 1995-ൽ എറിക് കോർണെൽ, കാൾ വീമാൻ എന്നിവർ ചേർന്ന് കൊളൊറാഡോ സർവ്വകലാശാലയിലെ NIST-JILA ലാബിൽ വച്ച് റുബീഡിയം ആറ്റങ്ങളെ 170 നാനോകെൽവിൻ താപനില വരെ തണുപ്പിച്ച് ആദ്യമായി ബോസ്-ഐൻസ്റ്റൈൻ കണ്ടൻസേറ്റ് സൃഷ്ടിച്ചു[2] (1.7×10−7 K). കോർണെലും വീമാനും എം.ഐ.ടി. യിലെ വുൾഫ്ഗാങ് കെറ്റർലിയുമായി 2001-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം പങ്കിട്ടു[3].

അവലംബം

[തിരുത്തുക]
  1. Ronald W. Clark, "Einstein: The Life and Times" (Avon Books, 1971) p.408-9
  2. "Bose–Einstein Condensation". World of Physics on Bose–Einstein Condensation. BookRags. 2005-01-05. Retrieved 2008-01-26.
  3. Levi, Barbara Goss (2001). "Cornell, Ketterle, and Wieman Share Nobel Prize for Bose–Einstein Condensates". Search & Discovery. Physics Today online. Archived from the original on 2007-10-24. Retrieved 2008-01-26.