Jump to content

ബുദ്ധദേവ്‌ ഭട്ടാചാര്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Buddhadeb Bhattacharjee എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബുദ്ധദേവ് ഭട്ടാചാര്യ
പശ്ചിമ ബംഗാൾ, മുഖ്യമന്ത്രി
ഓഫീസിൽ
2006-2011, 2001-2006, 2000-2001
മുൻഗാമിജ്യോതിബസു
പിൻഗാമിമമത ബാനർജി
നിയമസഭാംഗം
ഓഫീസിൽ
2006, 2001, 1996, 1991, 1987, 1977
മണ്ഡലം
  • ജാദവ്പൂർ
  • കോസിപ്പൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം1944 മാർച്ച് 1
കൽക്കട്ട, പശ്ചിമബംഗാൾ
മരണംഓഗസ്റ്റ് 8, 2024(2024-08-08) (പ്രായം 80)
കൽക്കട്ട, പശ്ചിമബംഗാൾ
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
പങ്കാളിമീര
കുട്ടികൾസുചേതന
As of 8 ഓഗസ്റ്റ്, 2024
ഉറവിടം: മലയാള മനോരമ

പശ്ചിമ ബംഗാളിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരുന്ന കൽക്കട്ടയിൽ നിന്നുള്ള മാർക്സിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവായിരുന്നു ബുദ്ധദേവ് ഭട്ടാചാര്യ.(1944-2024) 1977 മുതൽ 23 വർഷത്തെ തുടർച്ചയായ ഭരണത്തിന് ശേഷം മുതിർന്ന സിപിഎം നേതാവായിരുന്ന ജ്യോതിബസു മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞപ്പോൾ 2000 മുതൽ 2011 വരെ പശ്ചിമ ബംഗാളിൽ തുടർച്ചയായി രണ്ട് തവണയായി പതിനൊന്ന് വർഷം മുഖ്യമന്ത്രിയായിരുന്നു. ആറ് തവണ നിയമസഭാംഗമായും മാർക്സിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിൽ തുടരവെ 2024 ഓഗസ്റ്റ് 8ന് രാവിലെ 8.20ന് അന്തരിച്ചു.[1][2][3]

ജീവിതരേഖ

[തിരുത്തുക]

പശ്ചിമ ബംഗാളിലെ ഉത്തര കൽക്കട്ടയിലെ ഒരു ബംഗാളി ബ്രാഹ്മിൻ കുടുംബത്തിൽ നേപ്പാൾചന്ദ്ര ചാറ്റർജിയുടെ മകനായി 1944 മാർച്ച് ഒന്നിന് ജനനം. കൽക്കട്ടയിലെ ശൈലേന്ദ്ര സർക്കാർ വിദ്യാലയത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ ബുദ്ധദേവ് കൽക്കട്ട പ്രസിഡൻസി കോളേജിൽ നിന്ന് ബിരുദം നേടി. ദം ദം ജില്ലയിലെ ആദർശ് ശങ്കര വിദ്യാമന്ദിർ സ്കൂളിൽ അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ചു. മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായതിനെ തുടർന്ന് അധ്യാപക ജോലി ഉപേക്ഷിച്ചു.[4]

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

1966-ൽ മാർക്സിസ്റ്റ് പാർട്ടിയിൽ ചേർന്ന ബുദ്ധദേവ് 1968 മുതൽ 1981 വരെ പാർട്ടിയുടെ യുവജന വിഭാഗമായ ഡി.വൈ.എഫ്.ഐയുടെ പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറിയായിരുന്നു. ബംഗാളിലെ മുതിർന്ന മാർക്സിസ്റ്റ് നേതാവായിരുന്ന പ്രമോദ് ദാസ് ഗുപ്തയാണ് ബുദ്ധദേവിൻ്റെ രാഷ്ട്രീയ ഗുരു.

1972-ൽ മാർക്സിസ്റ്റ് പാർട്ടിയുടെ ബംഗാൾ സംസ്ഥാന കമ്മിറ്റിയിലും 1982-ൽ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലും 1985-ൽ പാർട്ടിയുടെ കേന്ദ്ര കമ്മറ്റിയിലും അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

1977-ൽ കോസിപ്പൂരിൽ നിന്ന് ആദ്യമായി നിയമസഭാംഗമായ ബുദ്ധദേവ് 1977 മുതൽ 1982 വരെ നിലവിലിരുന്ന ജ്യോതിബസു മന്ത്രിസഭയിലെ കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്നു. 1982-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോസിപ്പൂരിൽ നിന്ന് പരാജയപ്പെട്ടു.

1987-ൽ ജാദവ്പൂരിൽ നിന്ന് വീണ്ടും നിയമസഭയിലെത്തിയ ബുദ്ധദേവ് 2011 വരെ നിയമസഭയിൽ ജാദവ്പൂരിനെ പ്രതിനീധീകരിച്ചു. 1987-ൽ വീണ്ടും ജ്യോതിബസു മന്ത്രിസഭയിലെ കാബിനറ്റ് വകുപ്പ് മന്ത്രിയായി അധികാരമേറ്റ ബുദ്ധദേവ് 1993-ൽ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസുവുമായി തെറ്റിയതിനെ തുടർന്ന് മന്ത്രിസ്ഥാനം ഒഴിഞ്ഞെങ്കിലും ഏതാനും മാസത്തിനകം തിരികെയെത്തി.

1996-ൽ സംസ്ഥാന ആഭ്യന്തരവകുപ്പ് മന്ത്രിയായ ബുദ്ധദേവ് 1999-ൽ പശ്ചിമ ബംഗാൾ ഉപ-മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. 2000 ആണ്ടിൽ ആരോഗ്യ പ്രശ്നത്തെ തുടർന്ന് ജ്യോതിബസു മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞപ്പോൾ പശ്ചിമ ബംഗാളിൻ്റെ മുഖ്യമന്ത്രിയായി അധികാരമേറ്റു. ആ വർഷം തന്നെ പാർട്ടി പോളിറ്റ് ബ്യൂറോവിൽ ക്ഷണിതാവ് അംഗമായി.

2001-ലെയും 2006-ലെയും സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബുദ്ധദേവ് ഭട്ടാചാര്യയുടെ മികവിൽ മാർക്സിസ്റ്റ് പാർട്ടി ബംഗാളിൽ അധികാരത്തിൽ തുടർന്നു. 2002-ൽ ഹൈദരാബാദിൽ നടന്ന പതിനേഴാം പാർട്ടി കോൺഗ്രസിൽ മാർക്സിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

2006-ൽ തുടർച്ചയായി ഏഴാം തവണയും മാർക്സിസ്റ്റ് പാർട്ടി ബംഗാളിൽ അധികാരത്തിൽ എത്തിയേതോടെ പാർട്ടിയുടെ പ്രഖ്യാപിത നയങ്ങൾക്ക് വിരുദ്ധമായി വ്യവസായവൽക്കരണം എന്ന നയം ബുദ്ധദേവ് കൊണ്ടുവന്നു. വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന നിരുപം സെൻ ഇതിന് പിന്തുണ പ്രഖ്യാപിച്ചു. തുടർന്ന് ഇന്തോനേഷ്യൻ കമ്പനിയായ സലീം ഗ്രൂപ്പുമായി ഇടത് മുന്നണി സർക്കാർ കരാറിൽ ഒപ്പുവച്ചു.

സിംഗൂരിൽ ടാറ്റ ഗ്രൂപ്പിൻ്റെ നാനോ കാർ ഉത്പാദനത്തിന് വേണ്ടി നിർബന്ധിത കുടിയൊഴിപ്പിക്കൽ നടത്തിയ ബുദ്ധദേവ് സലീം ഗ്രൂപ്പിന് കെമിക്കൽ ഫാക്ടറി നിർമ്മിക്കാൻ സർക്കാർ ഉദ്ദേശിച്ച നന്ദിഗ്രാമിലും ഇതിനെ തുടർന്ന് വ്യാപകമായി കർഷക രോഷം നേരിട്ടു. നിർബന്ധിതമായ വ്യവസായവത്കരണം നടത്തിയെടുക്കാൻ മാർക്സിസ്റ്റ് പാർട്ടി ഹർമത്ത്ബാഹിനി എന്ന ഗുണ്ടാ പടയെയും ബൈക്ക് ബ്രിഗേഡായി നിയോഗിച്ചു.

2007 മാർച്ച് മാസം 14 ആം തീയതി കുടിയൊഴിപ്പിക്കലിനെതിരെ പ്രക്ഷോഭം നടത്തിയ കർഷകർക്ക് നേരെ പാർട്ടി ഗുണ്ടകളും പോലീസും ചേർന്ന് വെടിവച്ചു. ഇതിൽ അനവധി കർഷകർ കൊല്ലപ്പെട്ടു. ഇത് വ്യാപകമായ പ്രതിഷേധത്തിന് ബംഗാളിൽ വഴിയൊരുക്കി.

ഭൂ ഉച്ഛാടൻ സമിതി നേതാവായ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി 34 വർഷമായി തുടരുന്ന മാർക്സിസ്റ്റ് പാർട്ടിയുടെ തുടർ ഭരണത്തിന് നേരെ കടുത്ത സമരങ്ങൾ നടത്തിയത് ബംഗാളിലെ രാഷ്ട്രീയ ഭൂപടത്തിൽ ചലനങ്ങൾ ഉണ്ടാക്കി.[5]

2009-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ മാർക്സിസ്റ്റ് പാർട്ടി 9 സീറ്റിലേക്ക് ഒതുങ്ങിയപ്പോൾ തൃണമൂൽ കോൺഗ്രസ് 19 സീറ്റ് നേടി വരവറിയിച്ചു. 6 സീറ്റുകളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി വിജയിച്ചു. ഒരു സീറ്റിൽ ഘടക കക്ഷിയായ എസ്യു.സി.ഐയും 2009-ലെ ലോക്‌സഭയിൽ ബംഗാളിൽ നിന്ന് ഇടത് മുന്നണി ആകെ 15 സീറ്റിലേക്ക് ചുരുങ്ങിയപ്പോൾ തൃണമൂൽ കോൺഗ്രസ് നയിച്ച യു.പി.എ മുന്നണി 26 സീറ്റുകൾ വിജയിച്ച് മാർക്സിസ്റ്റ് വിരുദ്ധ മുന്നണി ആദ്യമായി ബംഗാളിൻ്റെ മണ്ണിൽ ഉദിച്ചുയർന്നു.

പഞ്ചായത്ത്, ലോക്‌സഭ തിരഞ്ഞെടുപ്പുകളിൽ നേരിട്ട തിരിച്ചടികളോടെ ബംഗാളിൽ വ്യവസായവത്കരണം തെറ്റായിപ്പോയി എന്ന് മനസിലാക്കിയ ബുദ്ധദേവും മാർക്സിസ്റ്റ് പാർട്ടിയും 2010-ൽ നയങ്ങൾ തിരുത്തി എങ്കിലും അതോടെ 34 വർഷമായി തുടർന്ന് വന്ന ചുവപ്പ് ഭരണം ബംഗാളിൽ രാഷ്ട്രീയ അസ്തമനത്തിന് ഒരുങ്ങുകയായിരുന്നു.

2011-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ (184/294) തൃണമൂൽ കോൺഗ്രസ് പാർട്ടി ആദ്യമായി ബംഗാളിലെ ഭരണം പിടിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി ചേർന്ന് മത്സരിച്ച തൃണമൂൽ കോൺഗ്രസ് നേതൃത്വം നൽകിയ ഐക്യ പുരോഗമന മുന്നണി 294 അംഗ നിയമസഭയിൽ 205 സീറ്റ് നേടി.

2011-ൽ 42 സീറ്റിൽ മത്സരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് 21 സീറ്റുകൾ നേടി. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി ആദ്യമായി ബംഗാളിൻ്റെ മുഖ്യമന്ത്രിയായി.

സംസ്ഥാന വ്യാപകമായി ഭരണവിരുദ്ധ വികാരം അലയടിച്ച 2011-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജാദവ്പൂരിൽ നിന്ന് മത്സരിച്ച മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പരാജയപ്പെട്ടു. ഒപ്പം തന്നെ 34 വർഷത്തിന് ശേഷം ബംഗാളിൽ ആദ്യമായി മാർക്സിസ്റ്റ് പാർട്ടി നേതൃത്വം നൽകിയ ഇടത് മുന്നണി രാഷ്ട്രീയമായി തകർന്നടിഞ്ഞു.

2011-ലെ നിയമസഭ തിരഞ്ഞെടുപ്പിലെ മാർക്സിസ്റ്റ് പാർട്ടിയുടെ വൻ പരാജയത്തോടെ ബുദ്ധദേവിൻ്റെ പാർലമെൻ്ററി രാഷ്ട്രീയത്തിനും വിരാമമായി. പിന്നീട് ഒരിക്കലും അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല.[6]

2011-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 40 സീറ്റിലേക്ക് ഒതുങ്ങി മാറിയ മാർക്സിസ്റ്റ് പാർട്ടി പിന്നീട് നടന്ന 2016, 2021 തിരഞ്ഞെടുപ്പുകളിലെ തൃണമൂൽ കോൺഗ്രസിന്റെ തുടർ ഭരണത്തോടെ രാഷ്ട്രീയ അസ്തമനം നേരിട്ടു.

2016-ൽ 26 സീറ്റിലേക്ക് തകർന്ന മാർക്സിസ്റ്റ് പാർട്ടിയ്ക്ക് 2021-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും ലഭിച്ചില്ല. 2021-ൽ 138 ഇടങ്ങളിൽ മത്സരിച്ച മാർക്സിസ്റ്റ് പാർട്ടിയ്ക്ക് 117 ഇടങ്ങളിലും കെട്ടി വച്ച കാശ് നഷ്ടപ്പെട്ടു.[7]2021-ലെ നിയമസഭ തിരഞ്ഞെടുപ്പോടെ മാർക്സിസ്റ്റ് പാർട്ടി ബംഗാളിൻ്റെ മണ്ണിൽ നിന്നും രാഷ്ട്രീയമായി കുടിയിറക്കപ്പെട്ടു.

2015-ൽ മാർക്സിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോവിൽ നിന്നും കേന്ദ്രകമ്മറ്റിയിൽ നിന്നും ഒഴിവായ ബുദ്ധദേവ് 2018-ൽ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന സമിതി അംഗത്വവും ഒഴിഞ്ഞു. പിന്നീട് വിശ്രമജീവിതത്തിലേക്ക് വഴിമാറി. [8]

വിവാദങ്ങൾ

[തിരുത്തുക]
  • ഇടതുപക്ഷ നയങ്ങൾക്ക് വിരുദ്ധമായി ബംഗാളിലെ നന്ദിഗ്രാമിൽ കർഷക ഭൂമി കുത്തക മുതലാളിമാർക്ക് വ്യാവസായിക ആവശ്യങ്ങൾക്ക് വേണ്ടി പതിച്ചു നൽകിയ നടപടി വൻ പ്രതിഷേധ സമരങ്ങൾക്കിടയാക്കി. തുടർന്ന് 2007 മാർച്ച്‌ 14ന്‌ നന്ദിഗ്രാമിൽ സമരക്കാർക്ക് നേരെ നടന്ന പോലീസ്‌ വെടിവെയ്‌പിൽ 14 പേർ കൊല്ലപ്പെട്ടു[9].
  • 2007-ൽ ബാബ്‌റി മസ്‌ജിദ്‌ തകർന്നതിന്റെ പതിനഞ്ചാം വാർഷികം ആചരിയ്‌ക്കുന്ന ഒരു ചടങ്ങിൽ ശ്രീരാമൻ ജനിച്ചതും ജീവിച്ചതുമെല്ലാം കവികളുടെയും കഥാകാരൻമാരുടെയും ഭാവനയിൽ മാത്രമായിരുന്നുവെന്നും രാമസേതു പ്രകൃതിയിൽ സ്വഭാവികമായി രൂപപ്പെട്ടതാണെന്നും ഉള്ള അദ്ദേഹത്തിന്റെ പരാമർശം വീണ്ടും വിമർശനങ്ങൾക്കിട വരുത്തി.[10]

ആത്മകഥ

[തിരുത്തുക]

ഫിറേ ദേഖാ (തിരിഞ്ഞുനോട്ടം)

വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിൽ തുടരവെ 80-മത്തെ വയസിൽ 2024 ഓഗസ്റ്റ് എട്ടിന് രാവിലെ 8:20ന് അന്തരിച്ചു.[11][12]

അവലംബം

[തിരുത്തുക]
  1. ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു
  2. യുഗാന്ത്യം ചുവപ്പ് രാശിയിൽ എഴുതിയ ബുദ്ധ ചരിതം
  3. ബംഗാളിലെ ചുവപ്പ് മാഞ്ഞു
  4. കലാ-സാംസ്കാരിക മണ്ഡലങ്ങളിലും നിറഞ്ഞ്നിന്ന പ്രതിഭ
  5. ഗ്യാംങ്സ്റ്റർ-സ്‌റ്റേറ്റ് മാർക്സിസ്റ്റ്പാർട്ടിയുടെ ബംഗാളിലെ വൻവീഴ്ച
  6. ബംഗാളിൽ ഇടത്പക്ഷത്തിൻ്റെ തലവരമാറ്റിയ ബുദ്ധദേബ്
  7. ബംഗാളിലെ മാർക്സിസ്റ്റ് തകർച്ച
  8. "Socialism in the Era of Globalisation" (in ഇംഗ്ലീഷ്). 2009-05-08. Retrieved 2023-02-06.
  9. "Mamata gives war cry from Nandigram,in style" (in ഇംഗ്ലീഷ്). 2009-03-15. Retrieved 2023-02-06.
  10. Buddhadeb statement against Lord Sreeram
  11. ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു
  12. വംഗനാടിൻ്റെ പോരാളിക്ക് വിട

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബുദ്ധദേവ്‌_ഭട്ടാചാര്യ&oldid=4118269" എന്ന താളിൽനിന്ന് ശേഖരിച്ചത്