Jump to content

കാൽക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Calque എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മറ്റു ഭാഷകളിൽ നിന്ന് പദാനുപദ തർജ്ജിമ (literal translation) വഴി വാക്കുകളെ കടമെടുക്കുന്ന പ്രക്രിയയെയാണ് ഭാഷാശാസ്ത്രത്തിൽ (liguistics) കാൽക് (calque) (pron.: /ˈkælk/) എന്ന് പറയുന്നത്.[1] ഒരു ഭാഷയിൽ നിന്ന് മറ്റൊരു ഭാഷയിലോട്ട് വാക്ക് വാക്കായി തർജ്ജമ ചെയ്യുന്നത് വഴി കടം വാങ്ങുന്ന ഭാഷയിൽ പുതിയൊരു പ്രയോഗം ഉണ്ടാക്കുന്നതിനെയാണ് കാൽക് എന്ന് പറയുക. calque എന്ന വാക്ക് തന്നെ ഫ്രഞ്ച് ഭാഷയിൽ നിന്നും കടമെടുത്ത ഒരു വാക്കാണ്. ഫ്രഞ്ച് ഭാഷയിലെ calquer" ("to trace", "to copy") എന്ന വാക്കിൽ നിന്നാണ് ഇംഗ്ലീഷിൽ കാൽക് (calque) എന്ന വാക്ക് ഉണ്ടായത്. ഇതും ലോൺ വേർഡ് (loan word) എന്ന കോൺസപ്റ്റും തമ്മിൽ പ്രകടമായ് വ്യത്യാസമുണ്ട്. വാക്ക് കടമെടുക്കുമ്പോൾ ആ വാക്കിനെ അതേപടി പകർത്തുകയാണ് ഉദാഹരണത്തിന് ഇംഗ്ലീഷിൽ നിന്നു വന്ന ബസ്, കാർ, ലോറി എന്നീ വാക്കുകൾ ലോൺ വോർഡ്സാണ് (loan words). കാൽക് മറ്റൊരു രീതിയിലുള്ള കടമെടുക്കലാണ്. ഉദാഹരണത്തിന് മലയാളത്തിലെ "മധുവിധു" ഇംഗ്ലീഷിലെ "Honeymoon" എന്ന വാക്കിൽ നിന്ന് വന്ന കാൽക് ആകാനാണ് സാധ്യത[2]. മറ്റൊരുദാഹരണം ആഡ്യത്വം എന്ന് അർത്ഥം വരുന്ന Blue blood എന്ന ഇംഗ്ലീഷ് വാക്ക് സ്പാനിഷ് ഭാഷയിലെ "Sangre azul" എന്ന വാക്കിൽ നിന്ന് വന്ന ഒരു കാൽകാണ്. ചിലപ്പോൾ കാൽകുകൾ ഒരു ഭാഷയിൽ നിന്ന് മറ്റൊരു ഭാഷയിലേയ്ക്കും ആ ഭാഷയിൽ നിന്ന് മറ്റൊരു ഭാഷയിലേയ്ക്കും കാൽക് ആയി മാറാവുന്നതാണ്. ഉദാഹരണത്തിന് മലയാളത്തിൽ ആഡ്യത്വത്തിന് "നീല രക്തം" എന്ന പ്രയോഗം വരുകയാണെങ്കിൽ അത് "Sangre azul" എന്ന വാക്കിൽ നിന്നാവാൻ വഴിയില്ല "Blue blood" എന്ന ഇംഗ്ലീഷ് വാക്കിൽ നിന്നാകാനെ വഴിയുള്ളു. കാൽകിന്റെ പകരലിന് സാംസ്കാരികവും, ഭൂമിശാസ്ത്രപരമായുമുള്ള സാമീപ്യവും (cultural and geographical affinity) ഒരു ഘടകമാണ്. ചിലപ്പോൾ കാൽകുകൾ എന്ന് തോന്നുന്ന വാക്കുകൾ ഓരോ ഭാഷയിലും സ്വതന്ത്രമായി ഉത്ഭവിച്ചതാകാം. ഉദാഹരണത്തിന് "കാവൽ മാടം" എന്ന വാക്ക് ഇംഗ്ലീഷിലെ guard house എന്ന വാക്കിൽ നിന്ന് വന്ന കാൽകാണെന്നതിന് മതിയായ തെളിവുകളില്ല.

അന്യ ഭാഷകളിൽ നിന്ന് മലയാളത്തിലേക്ക് വന്ന ചില കാൽകുകൾ

[തിരുത്തുക]
  • ജല പീരങ്കി -- (eng) water cannon
  • കണ്ണീർ വാതകം -- (eng) tear gas
  • യുവ തുർക്കി -- (eng) young turk
  • ഒരേ തൂവൽ പക്ഷികൾ - (eng) birds of a feather
  • താക്കോൽ സ്ഥാനം - (eng) Key post, Key position
  • പൊതു മേഖല - (eng) Public sector
  • സ്വകാര്യ മേഖല - (eng) Private sector

അവലംബം

[തിരുത്തുക]
  1. calque. The American Heritage Dictionary of the English Language: Fourth Edition. 2000
  2. Hony mone, a term proverbially applied to such as be newly married, which will not fall out at the first, but th'one loveth the other at the beginning exceedingly, the likelihood of their exceadinge love appearing to aswage, ye which time the vulgar people call the hony mone. —Abcedarium Anglico-Latinum pro Tyrunculis, 1552
"https://ml.wikipedia.org/w/index.php?title=കാൽക്&oldid=3828424" എന്ന താളിൽനിന്ന് ശേഖരിച്ചത്