Jump to content

മകരം (നക്ഷത്രരാശി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Capricornus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മകരം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മകരം (വിവക്ഷകൾ) എന്ന താൾ കാണുക. മകരം (വിവക്ഷകൾ)
Capricornus
Capricornus
Click for larger image
List of stars in Capricornus
ചുരുക്കെഴുത്ത്: Cap
Genitive: Capricorni
Symbolism: the Horned Goat
റൈറ്റ് അസൻഷൻ: 21 h
ഡെക്ലിനേഷൻ: −20°
വിസ്തീർണ്ണം: 414 sq. deg. (40th)
പ്രധാന നക്ഷത്രങ്ങൾ: 9, 13
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
49
അറിയപ്പെടുന്ന ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
1
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
1
സമീപ നക്ഷത്രങ്ങൾ: 4
ഏറ്റവും പ്രകാശമുള്ള നക്ഷത്രം: δ Cap (Deneb Algedi) (3.0m)
ഏറ്റവും സമീപസ്ഥമായ നക്ഷത്രം: HD 192310 (28.78 ly)
മെസ്സിയർ വസ്തുക്കൾ: 1
Meteor showers: Alpha Capricornids
Chi Capricornids
Sigma Capricornids
Tau Capricornids
Capricorniden-Sagittariids
സമീപമുള്ള നക്ഷത്രരാശികൾ: Aquarius
Aquila
Sagittarius
Microscopium
Piscis Austrinus
അക്ഷാംശം +60° നും −90° നും ഇടയിൽ ദൃശ്യമാണ്‌
September മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു


മകരം രാശി

ഭാരതത്തിൽ മകര മത്സ്യം ആണെന്നു കരുതുന്ന നക്ഷത്ര രാശി ആണ്‌ മകരം രാശി(Capricornus). ഗ്രീക്ക്‌ നക്ഷത്ര രേഖാ ചിത്രങ്ങളിൽ ആടിന്റെ തലയും മത്സ്യത്തിന്റെ ഉടലുമായി ചിത്രീകരിക്കുന്നു. രാശി ചക്രത്തിൽ പത്താമത്തേതായ ഈ രാശിയിൽ നല്ലപ്രകാശമുള്ള നക്ഷത്രങ്ങൾ ഇല്ല. ധനു, വൃശ്ചികം രാശികൾ സമീപത്തുള്ളതിനാൽ തിരിച്ചറിയാൻ സാധിക്കും.

88 ആധുനിക നക്ഷത്രരാശികളിൽ ഒന്നാണ് മകരം. രണ്ടാം നൂറ്റാണ്ടിലെ ജ്യോതിശാസ്ത്രജ്ഞനായ ക്ലോഡിയസ് ടോളമി പട്ടികപ്പെടുത്തിയ 48 നക്ഷത്രരാശികളിലും മകരം ഉൾപ്പെട്ടിരുന്നു. ഗരുഡൻ, ധനു, സൂക്ഷ്മദർശിനി, ദക്ഷിണമീനം, കുംഭം എന്നിവയാണ് ഇതിന്റെ അതിർത്തിയിൽ കിടക്കുന്ന ഗണങ്ങൾ. രാശിചക്രത്തിലെ ഏറ്റവും ചെറിയ നക്ഷത്രസമൂഹമാണിത്.

നക്ഷത്രങ്ങൾ

[തിരുത്തുക]

മകരം മങ്ങിയ നക്ഷത്രസമൂഹമാണ്. കാന്തിമാനം 3ന് മുകളിൽ ഒരു നക്ഷത്രം മാത്രമേയുള്ളൂ. മകരത്തിലെ ഏറ്റവും തിളക്കമുള്ള ഒറ്റ നക്ഷത്രം δ കാപ്രിക്കോർണി ആണ്. ഡെനെബ് അൽഗെഡി എന്നും ഇത് അറിയപ്പെടുന്നു. ആടിന്റെ വാൽ എന്നാണ് ഈ പേരിന് ആർത്ഥം. ഭൂമിയിൽ നിന്ന് 39 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഇതിന്റെ കാന്തിമാനം 2.9 ആണ്. ഒരു ബീറ്റാ ലൈറ വേരിയബിൾ നക്ഷത്രമാണ് ഡെനെബ് അൽഗെഡി. 24.5 മണിക്കൂർ കൊണ്ട് ഇതിന്റെ കാന്തിമാനം ഏകദേശം 0.2 വരെ ആകാറുണ്ട്.[1]

മകരത്തിലെ ശോഭയുള്ള മറ്റു നക്ഷത്രങ്ങളുടെ കാന്തിമാനം 3.1 മുതൽ 5.1 വരെ ആണ്. α കാപ്രിക്കോണി ഒരു ബഹുനക്ഷത്ര വ്യവസ്ഥയാണ്. പ്രാഥമിക നക്ഷത്രമായ α2 Cap ഭൂമിയിൽ നിന്ന് 109 പ്രകാശവർഷം കിടക്കുന്ന ഒരു മഞ്ഞഭീമൻ നക്ഷത്രമാണ്. ഇതിന്റെ കാന്തിമാനം 3.6 ആണ്. ഭൂമിയിൽ നിന്ന് 690 പ്രകാശവർഷം അകലെയുള്ള ദ്വിതീയ നക്ഷത്രമായ α1 Cap ഒരു മഞ്ഞ അതിഭീമൻ നക്ഷത്രമാണ്. ഇതിന്റെ കാന്തിമാനം 4.3 ആണ്. രണ്ട് നക്ഷത്രങ്ങളെയും ശ്രദ്ധിച്ചു നോക്കിയാൽ നഗ്നനേത്രങ്ങൾ കൊണ്ടു തന്നെ വേർതിരിച്ചറിയാൻ കഴിയും. എന്നാൽ ഇവയിൽ ഓരോന്നും വീണ്ടും ഒന്നിലധികം നക്ഷത്രങ്ങൾ ചേർന്നതാണ്. α1 കാപ്രിക്കോണിക്ക് 9.2 കാന്തിമാനമുള്ള ഒരു സഹനക്ഷത്രം ഉണ്ട്. α2 കാപ്രിക്കോണസിനൊപ്പം 11.0 കാന്തിമാനമുള്ള നക്ഷത്രവുമുണ്ട്. ഈ മങ്ങിയ നക്ഷത്രം തന്നെ രണ്ട് ഘടകങ്ങളുള്ള ഒരു ബൈനറി നക്ഷത്രമാണ്. α കാപ്രിക്കോണിയെ ആൽ‌ഗെഡി അല്ലെങ്കിൽ ഗീഡി എന്നും ഇതിനെ വിളിക്കുന്നു.[1]

ഡാബിഹ് എന്നറിയപ്പെടുന്ന β Capricorni ഇരട്ട നക്ഷത്രമാണ്. കശാപ്പുകാരന്റെ ഭാഗ്യ നക്ഷത്രങ്ങൾ എന്നാണ് ഡാബിഹ് എന്ന വാക്കിനർത്ഥം. ഭൂമിയിൽ നിന്ന് 340 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഈ മഞ്ഞഭീമൻ നക്ഷത്രത്തിന്റെ കാന്തിമാനം 3.1 ആണ്. ദ്വിതീയ നക്ഷത്രത്തിന്റെ കാന്തിമാനം 6.1 ആണ്. രണ്ട് നക്ഷത്രങ്ങളും ബൈനോക്കുലറുകളിലൂടെ വേർതിരിച്ചറിയാൻ കഴിയും.[2] നഗ്നനേത്രങ്ങൾക്ക് ദൃശ്യമാകുന്ന മറ്റൊരു നക്ഷത്രമാണ് γ കാപ്രിക്കോർണി. നല്ല വാർത്തകൾ നൽകുന്നത് എന്നർത്ഥമുള്ള നാഷിറ എന്ന പേരിലും ഇതറിയപ്പെടുന്നു. ഭൂമിയിൽ നിന്ന് 139 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഈ വെള്ള ഭീമൻ നക്ഷത്രത്തിന്റെ കാന്തിമാനം 3.7 ആണ്. π കാപ്രിക്കോർണി ഒരു ഇരട്ട നക്ഷത്രമാണ്. ഇതിനെ പ്രധാന നക്ഷത്രത്തിന്റെ കാന്തിമാനം 5.1ഉം രണ്ടാമത്തെ നക്ഷത്രത്തിന്റേത് 8.3ഉം ആണ്. ഇത് ഭൂമിയിൽ നിന്ന് 670 പ്രകാശവർഷം അകലെയാണ്. ചെറിയ ദൂരദർശിനിയിൽ ഘടകങ്ങൾ വേർതിരിച്ചറിയാൻ കഴിയും. [1]

വിദൂരാകാശവസ്തുക്കൾ

[തിരുത്തുക]
നഗ്നനേത്രങ്ങൾ കൊണ്ടു കാണുന്ന മകരം നക്ഷത്രരാശി.[3]

നിരവധി താരാപഥങ്ങളും നക്ഷത്ര ക്ലസ്റ്ററുകളും മകരം രാശിയിൽ ഉണ്ട്. ഗാലക്സി ഗ്രൂപ്പായ എൻ‌ജി‌സി 7103ന് ഒരു ഡിഗ്രി തെക്കായി സ്ഥിതിചെയ്യുന്ന ഒരു ഗോളീയ താരവ്യൂഹമാണ് മെസ്സിയർ 30 . വലിയൊരു സർപ്പിള ഗാലക്സിയായ എൻ‌ജി‌സി 6907ഉം ഇതിലുണ്ട്.

7.5 കാന്തിമാനം ഗോളീയ താരവ്യൂഹമാണ് എം 30 (എൻ‌ജി‌സി 7099). 30,000 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിനെ ചെറിയ അമേച്വർ ദൂരദർശിനി ഉപയോഗിച്ചു കാണാനാവും[1]

മകരം രാശിയിൽ സ്ഥിതിചെയ്യുന്ന ഒരു ആണ് ഗാലക്സി ഗ്രൂപ്പ് എച്ച്സിജി 87. ഭൂമിയിൽ നിന്ന് 400 ദശലക്ഷം പ്രകാശവർഷം അകലെയുള്ള ഈ ഗ്രൂപ്പിൽ മൂന്ന് ഗാലക്സികളെങ്കിലും ഉണ്ടാകും. അതിൽ ഒരു വലിയ എലിപ്റ്റിക്കൽ ഗാലക്സി , ഫെയ്സ് ഓൺ സർപ്പിള ഗാലക്സി , എഡ്ജ് ഓൺ സർപ്പിള ഗാലക്സി എന്നിവ അടങ്ങിയിരിക്കുന്നു. ഫെയ്സ് ഓൺ സർപ്പിള താരാപഥം അസാധാരണമാം വിധം ഉയർന്ന തോതിൽ നക്ഷത്രങ്ങൾ രൂപം കൊള്ളുന്നുണ്ട്. കൂടാതെ, വലിയ എലിപ്റ്റിക്കൽ ഗാലക്സിയും എഡ്ജ്-ഓൺ സർപ്പിള ഗാലക്സിയും സജീവമായ കേന്ദ്രങ്ങളോടു കൂടിയവയാണ്. മൂന്ന് താരാപഥങ്ങളും ദശലക്ഷക്കണക്കിന് വർഷങ്ങൾക്കു ശേഷം ലയിച്ച് ഭീമൻ എലിപ്റ്റിക്കൽ ഗാലക്സി രൂപപ്പെടുമെന്ന് ജ്യോതിശാസ്ത്രജ്ഞർ പ്രവചിക്കുന്നു.[4]

ചരിത്രം

[തിരുത്തുക]
രാശിയുടെ രേഖാചിത്രം

ബി.സി.ഇ 21-ാം നൂറ്റാണ്ടിലെ ഒരു മുദ്രയിലാണ് മകരം രാശിയുടെ ആദ്യത്തെ ചിത്രീകരണം കണ്ടെത്തിയിട്ടുള്ളത്.[5] ബി.സി.ഇ 1000നു മുമ്പുള്ള ബാബിലോണിയൻ നക്ഷത്ര കാറ്റലോഗുകളിലും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യകാല വെങ്കലയുഗത്തിൽ ദക്ഷിണായനാന്തം മകരം രാശിയിലായിരുന്നു. ഇപ്പോൾ വിഷുവപുരസരണം കാരണം ഇത് ധനു രാശിയിലാണ്.[6] 1846 സെപ്റ്റംബർ 23 ന് ഡെനെബ് അൽഗെഡിക്ക് (δ കാപ്രിക്കോർണി) സമീപമാണ് ജർമ്മൻ ജ്യോതിശാസ്ത്രജ്ഞനായ ജോഹാൻ ഗാലി നെപ്റ്റ്യൂൺ ഗ്രഹത്തെ കണ്ടെത്തിയത്.

ഐതിഹ്യം

[തിരുത്തുക]

മധ്യ വെങ്കലയുഗത്തിൽ ബാബിലോണിയക്കാർ മകരത്തിനെ ആടിന്റെയും മത്സ്യത്തിന്റെയും സങ്കരമായാണ് ചിത്രീകരിച്ചിരുന്നത്. ജലത്തിന്റെയും അറിവിന്റെയും കൈവേലയുടെയും ദേവനായ ‘’’ഈ’’’ ആണ് ഇതെന്നാണ് അവർ സങ്കൽപിച്ചിരുന്നത്.[6][5]

ഗ്രീക്ക് ഐതീഹ്യങ്ങളിൽ ചിലപ്പോൾ മകരം രാശിയെ അമൽതിയ എന്ന് വിളിക്കാറുണ്ട്. സീയൂസ് കുട്ടിയായിരുന്നപ്പോൾ പിതാവായ ക്രോണോസ് മാതാവായ റീയെ ഉപേക്ഷിച്ചു. അപ്പോൾ സീയൂസിനെ മുലയൂട്ടിയിരുന്നത് അമൽതിയ എന്ന ആടായിരുന്നു എന്ന് ഗ്രീക്ക് ഐതിഹ്യങ്ങളിൽ പറയുന്നു. അമൽ‌തിയയുടെ തകർന്ന കൊമ്പിന്റെ സ്ഥാനത്ത് ധാരാളം കൊമ്പുകൾ രൂപപ്പെടുകയുണ്ടായത്രെ.[7]

യുറാനിയയുടെ കണ്ണാടിയിൽ മകരത്തെ ചിത്രീകരിച്ചിരിക്കുന്നത്

ചില പുരാതന ഗ്രീക്ക് പുരാണങ്ങൾ അനുസരിച്ച് ഇതിന്റ ഉദ്ഭവം പ്രിക്കസ് എന്ന കടൽ-ആടിൽ നിന്നാണ്. പകുതി ആടും പകുതി മത്സ്യവുമായ കടൽ ആടുകളുടെ വംശത്തിലെ പൂർവ്വികനായിരുന്നു പ്രിക്കസ്. കടൽത്തീരത്തിനോടടുത്താണ് അവർ താമസിച്ചിരുന്നത്. ഗ്രീക്ക് ഐതിഹ്യങ്ങൾ അനുസരിച്ച് അവർക്ക് സംസാരിക്കാനും ചിന്തിക്കാനും കഴിയുമായിരുന്നു. അവരെ ദേവന്മാർ പ്രീതിപ്പെടുത്തി. ഗ്രീക്ക് പുരാണങ്ങളിലെ കാലത്തിന്റെ ദേവനായ ക്രോനോസായിരുന്നു പ്രിക്കസിനെ സൃഷ്ടിച്ചത്. സമയം കൈകാര്യം ചെയ്യാനുള്ള ക്രോനോസിന്റെ കഴിവ് പ്രിക്കസിനും പങ്കിട്ടു നൽകി.[8] പ്രിക്കസിന് ധാരാളം കുട്ടികളുണ്ടായി. ഇവർ കടൽത്തീരത്തിനടുത്തു തന്നെയായിരുന്നു താമസിച്ചിരുന്നത്. കരയിലേക്കു കയറിയപ്പോൾ അവർ സാധാരണ ആടുകളായി മാറി. ഇതോടെ അവർക്ക് ചിന്തിക്കാനും സംസാരിക്കാനുമുള്ള പ്രത്യേക കഴിവ് നഷ്ടപ്പെട്ടു. ഇത് തടയാനുള്ള ശ്രമത്തിൽ പ്രീകസ് വീണ്ടും സമയത്തെ ക്രമപ്പെടുത്താൻ ശ്രമിക്കുന്നു. എന്നാൽ അവൻ ഇതിൽ വിജയിക്കുന്നില്ല. ഒടുവിൽ അവൻ ഏകാന്തതയിലേക്കും ദുരിതത്തിലേക്കും ചെന്നെത്തുകയും കടൽ ആടിൻ കുഞ്ഞുങ്ങളെ ഉപേക്ഷിക്കാൻ തയ്യാറാവുകയും ചെയ്തു. അവന് അവരുടെ വിധി നിയന്ത്രിക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ അവൻ മരിക്കാൻ അനുവദിക്കണമെന്ന് ക്രോനോസിനോട് ആവശ്യപ്പെടുന്നു. എന്നാൽ ക്രോനോസ് അവനെ നിത്യതയുടെ അടയാളമായി ആകാശത്തു പ്രതിഷ്ഠിക്കുകയാണ് ചെയ്തത്.[9]

മകരത്തെ ഗ്രീക്ക് ഇതിഹാസങ്ങളിൽ ഇടയൻമാരുടെ പാൻ എന്ന ദേവനായും പരാമർശിക്കുന്നുണ്ട്. ആടിന്റെ കൊമ്പും കാലുകളുമുള്ള ഈ ദേവൻ ടൈഫൺ എന്ന ഭീകരസർപ്പത്തിൽ നിന്നും രക്ഷപ്പെടാൻ മത്സ്യത്തിന്റെ വാലു സ്വീകരിച്ച് വെള്ളത്തിനടിയിലേക്ക് നീന്തി രക്ഷപ്പെട്ടു എന്നാണു കഥ.[1]

ചിത്രീകരണം

[തിരുത്തുക]
എച്ച്. എ. റേയുടെ ചിത്രീകരണം.

α2 കാപ്രിക്കോണി (ഗീഡി), δ കാപ്രിക്കോണ് (ഡെനെബ് അൽഗീഡി), ω കാപ്രിക്കോണി എന്നീ മൂന്നു നക്ഷത്രങ്ങളാണ് മകരത്തിലെ തിളക്കമുള്ള നക്ഷത്രങ്ങൾ. മകരം രാശിയിലെ നക്ഷത്രങ്ങളെ ചിത്രീകരിക്കുന്നതിൽ ടോളമിയുടെ ആശയങ്ങൾ സ്വാധീനിച്ചിരുന്നു[10] മകരത്തെ സാധാരണയായി മത്സ്യത്തിന്റെ വാലോടു കൂടിയ ആടായാണ് വരയ്ക്കുന്നത്[1].

എച്ച്‌.എ റേ ഒരു ആടിന്റെ രൂപത്തിൽ തന്നെ മകരത്തെ ചിത്രീകരിച്ചു.[11] ι കാപ്രിക്കോണിസ്, θ ക്യാപ്രിക്കോണസ്, ζ ക്യാപ്രിക്കോണസ് എന്നീ മൂന്നു നക്ഷത്രങ്ങൾ ചേർത്താണ് ആടിന്റെ തല ചിത്രീകരിച്ചിരിക്കുന്നത് . ആടിന്റെ കൊമ്പ് γ കാപ്രിക്കോണസ് δ കാപ്രിക്കോണസ് എന്നീ നക്ഷത്രങ്ങളെ ഉപയോഗിച്ചും വരച്ചു. δ കാപ്രിക്കോണസ് ആണ് കൊമ്പിന്റെ അഗ്രം. കാന്തിമാനം മൂന്ന് ഉള്ള β കാപ്രിക്കോണസ്, α2 കോപ്രിക്കോണസ് എന്നിവയാണ് ആടിന്റെ വാൽ. ആടിന്റെ പിൻ‌കാലിൽ നക്ഷത്രങ്ങൾ ψ ക്യാപ്രിക്കോണസ്, ω കാപ്രിക്കോണസ് എന്നിവയാണുള്ളത്. ഈ രണ്ട് നക്ഷത്രങ്ങളുടെയും കാന്തിമാനം നാല് ആണ്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 1.5 Ridpath & Tirion 2001, പുറങ്ങൾ. 102–103.
  2. Chartrand, Mark R., III (1983). Skyguide: A Field Guide for Amateur Astronomers. p. 126. ISBN 0-307-13667-1.{{cite book}}: CS1 maint: multiple names: authors list (link)
  3. "Capricornus, the Goat". Constellations – Digital Images of the Sky. Allthesky.com. Retrieved 2012-05-16.
  4. Wilkins & Dunn 2006
  5. 5.0 5.1 Espak, Peeter (2006). Master's Thesis (PDF) (Masters). p. 104.
  6. 6.0 6.1 Rogers, John H. (1998). "Origins of the ancient constellations: I. The Mesopotamian traditions". Journal of the British Astronomical Association. 108: 9–28. Bibcode:1998JBAA..108....9R.
  7. Delahunty, Andrew; Dignen, Sheila (2012). Oxford Dictionary of Reference and Allusion (3rd ed.). Oxford University Press. p. 91. ISBN 978-0-19-956746-1 – via Google Books.
  8. "Capricorn". mythology. Gods and Monsters.
  9. "Capricorn the goat". starsignstyle.com.
  10. "Capricornus". Jebrown.us. Retrieved 2012-05-16.
  11. Rey 1997


ജ്യോതിശാസ്ത്രം | രാശിചക്രത്തിലെ നക്ഷത്രരാശികൾ | ജ്യോതിഷം

മേടം ഇടവം മിഥുനം കർക്കടകം ചിങ്ങം കന്നി തുലാം വൃശ്ചികം ധനു മകരം കുംഭം മീനം


"https://ml.wikipedia.org/w/index.php?title=മകരം_(നക്ഷത്രരാശി)&oldid=3942349" എന്ന താളിൽനിന്ന് ശേഖരിച്ചത്