വിശുദ്ധ മിഖായേൽ മാലാഖയുടെ ജപമാല
പോർച്ചുഗീസുകാരിയായ കർമ്മലീത്ത കന്യാസ്ത്രീ അന്റൊനിയ ദി അസ്റ്റൊനാകൊയ്ക്ക് കിട്ടിയതായി പറയപ്പെടുന്ന ദർശനത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ടതാണ് വിശുദ്ധ മിഖായേൽ മാലാഖയുടെ ജപമാല. 1851-ൽ ഒൻപതാം പീയൂസ് മാർപാപ്പാ ഈ ജപമാല അംഗീകരിക്കുകയും ഇതു ചൊല്ലി പ്രാർത്ഥിക്കുന്നവർക്കായി ദണ്ഡവിമോചനം പ്രഖ്യാപിക്കുകയും ചെയ്തു.[1][2] ഈ ജപമാല ചൊല്ലുന്നവർക്ക് മിഖായേൽ മാലാഖയുടെ നിരന്തര സഹായം ലഭിക്കുമെന്നും, ദിവ്യകാരുണ്യ സ്വീകരണവേളയിൽ മാലാഖമാരുടെ ഒൻപതു വൃന്ദങ്ങളിൽ നിന്ന് ഓരോ മാലാഖയുടെ സാന്നിദ്ധ്യമുൾപ്പെടെയുള്ള അനുഗ്രഹങ്ങൾ ലഭിക്കുമെന്നുമാണ് വിശ്വാസം. കൂടാതെ ഈ ജപമാല ദിനം പ്രതി ഉരുവിടുന്നവർക്ക് മിഖായേൽ മാലാഖ തന്റേയും മറ്റെല്ലാ മാലാഖമാരുടെയും നിരന്തര സഹായവും വാഗ്ദാനം ചെയ്യുമെന്നും, സാത്താനെ തോല്പ്പിക്കാനും ശുദ്ധീകരണസ്ഥലത്ത് നിന്ന് രക്ഷ നല്കുംവിധം പരിശുദ്ധ ഹൃദയം ഉണ്ടാകാനും അതു സഹായിക്കുമെന്നും വിശ്വസികൾ കരുതുന്നു.