ചിക്കൻപോക്സ്
ചിക്കൻപോക്സ് | |
---|---|
സ്പെഷ്യാലിറ്റി | Infectious diseases, പീഡിയാട്രിക്സ് |
വേഗത്തിൽ പകരുന്ന ഒരു വൈറസ് രോഗമാണ് ചിക്കൻപോക്സ്. ചില ഭാഗങ്ങളിൽ ചൊള്ള എന്നും പൊട്ടി എന്നും ഇത് അറിയപ്പെടുന്നു.[1] വെരിസെല്ല സോസ്റ്റർ എന്ന വൈറസാണ് ഈ രോഗം പരത്തുന്നത്. രോഗത്തിന്റെ ആരംഭത്തിൽ തലയുൾപ്പെടെയുള്ള ശരീരഭാഗങ്ങളിൽ ചെറിയ ചുവന്ന തടിപ്പുകൾ പ്രത്യക്ഷപ്പെടുന്നു, കൈകളേക്കാളുപരി തലയിലും ഉടലിലുമാണ് കൂടുതലും കാണപ്പെടുക. ഈ രോഗം ബാധിച്ചയാൾ മൂക്ക് ചീറ്റൂന്നത് മൂലമോ തുമ്മുന്നത് മൂലമോ രോഗം ബാധിച്ച ശരീരഭാഗങ്ങളിൽ സ്പർശിക്കുമ്പോഴോ വളരെ വേഗം വായുവിലൂടെ രോഗം പകരുന്നു. ശരീരത്തിൽ കുരുക്കൾ പൊങ്ങിത്തുടങ്ങുന്നതിനു മുൻപുള്ള ആദ്യ ഒന്നു രണ്ട് ദിവസം മുതൽ തുടർന്നുള്ള 6-8 ദിവസം വരെ മാത്രമേ രോഗി രോഗം പരത്തുന്നതെങ്കിലും ചില തെറ്റിദ്ധാരണകളാൽ ഈ രോഗം ബാധിച്ച രോഗികളെ സമൂഹം മാറ്റിനിർത്തുകയാണ് പതിവ്. സാധാരണ തീ പൊള്ളൽ ഏറ്റതുപോലെയുള്ള കുമിളകൾ ശരീരത്തിൽ പൊങ്ങുന്നതാണ് ഈ രോഗത്തിന്റെ പ്രഥമലക്ഷണം. ചർമ്മത്തിൽ ചെറിയ കുരുക്കളായി പ്രത്യക്ഷപ്പെട്ട് വെള്ളം നിറഞ്ഞ വലിയ കുമിളകളായി അവസാനം അവ കരിഞ്ഞുണങ്ങി പൊറ്റയായി മാറി ഇല്ലാതായി മാറുന്നതു വരെ ചിക്കൻപോക്സ് രോഗാവസ്ഥ നീളുന്നു. സാധാരണ ഗതിയിൽ ഇതിന് 6 മുതൽ 10 ദിവസം വരെയെടുക്കുന്നു. മുറിവുണങ്ങിയ പൊറ്റ അണുക്കളെ പരത്തുന്നില്ല. സാധാരണ ഗതിയിൽ ഈ രോഗം വളരെ അപകടമുള്ള ഗണത്തിൽപ്പെടുന്നില്ലയെങ്കിലും വളരെ വേഗം മറ്റുള്ളവരിലേയ്ക്ക് പകരുന്നതിനാൽ സമൂഹം ഈ രോഗബാധിതതരായ ആളുകളെ ഭയത്തോടെയാണ് വീക്ഷിക്കുന്നത്.
എസിക്ലോവിർ സാധാരണ ചിക്കൻപോക്സിന് ഉപയോഗിക്കുന്ന ആന്റി വൈറസ് മരുന്നുകളിലൊന്നാണ്. രോഗബാധിതമായ ശരീര കലകളിൽ ചെന്ന് പ്രവർത്തിച്ച് അവയുടെ വളർച്ചയും വ്യാപനവും നിർത്തുകയാണ് ഈ മരുന്ന് ചെയ്യുന്നത്.
10 വയസ്സിന് താഴെയുള്ള കുട്ടികളിലാണ് ഈ രോഗം അധികവും കാണപ്പെടുന്നത്. കുട്ടികളിൽ കാണപ്പെടുന്നത് സാധാരണ തരത്തിലായിരിക്കും. എന്നാൽ മുതിർന്നവരിൽ ഈ രോഗം കുട്ടികളിലും കൂടുതൽ സങ്കീർണ്ണമായാണ് കാണപ്പെടുന്നത്.[2]
ലക്ഷണങ്ങൾ
[തിരുത്തുക]ശരീരത്തിൽ കുമിളകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നതിനു മുൻപ് തന്നെ പനി, തലവേദന, തലകറക്കം, വയർവേദന എന്നിവ അനുഭവപ്പെടുന്നു. ചിക്കൻപോക്സ് രോഗബാധിതനായ ഒരാളിൽ നിന്ന് വൈറസ് പടർന്നു കഴിഞ്ഞാലും കുമിളകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നതിനായി ഏകദേശം 10-12 ദിവസങ്ങൾ വരെയെടുക്കുന്നു.250 മുതൽ 500 വരെയോളം ചുവന്നു തുടുത്ത ചെറുകുരുക്കൾ സാധാരണഗതിയിൽ രോഗിയുടെ ത്വക്കിൽ പ്രത്യക്ഷപ്പെടുന്നു. മുഖം, നെഞ്ച്, തലയോട്ടി എന്നിവിടങ്ങളിലാണ് ആദ്യം കുരുക്കൾ പ്രത്യക്ഷപ്പെടുക. ഒന്നോ രണ്ടോ ദിവസത്തോടെ കുരുക്കൾ വലുതാവുകയും കുരുക്കളിലെ ജലത്തിന്റെ തെളിമ നഷ്ടപ്പെട്ട് കൊഴുക്കുകയും ചെയ്യുന്നു. ഇതിനിടയിൽ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും കുരുക്കൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. എക്സിമ പോലുള്ള രോഗമുള്ളവരിൽ ഈ രോഗം കൂടുതൽ സങ്കീർണ്ണമാകാറുണ്ട്. രോഗം മാറിയാൽ തന്നെയും മൃതാവസ്ഥയിൽ രോഗാണുക്കൾ ശരീരത്തിൽ നിലനിൽക്കുന്നതിനാൽ ശരീരം ഈ രോഗാണുക്കളോട് പൊരുതി നിൽക്കുന്നതിനാൽ ഒരേവ്യക്തിയിൽ ഈരോഗം അപൂർവ്വമായേ വരാറുള്ളൂ
ചിക്കൻപോക്സിന് പരക്കെ അംഗീകരിച്ചിട്ടുള്ള ചികിത്സയാണ് ആര്യവേപ്പിന്റെ ഇല കൊണ്ടുള്ള കുളി(Neem Bath). ചർമ്മ രോഗങ്ങൾക്ക് പൊതുവെ അംഗീകരിച്ചിട്ടുള്ള ചികിത്സയാണിത്. ആര്യവേപ്പിന്റെ ഇല പേസ്റ്റ് പരുവത്തിൽ അരച്ചെടുത്ത് ചിക്കൻ പോക്സിന്റെ കുമിളകളിൽ പൊത്തുന്നത് ഫലപ്രദമാണ്.[3]
നിവാരണം
[തിരുത്തുക]ചിക്കൻപോക്സ് ബാധിച്ചയാളെ സമ്പർക്കം ഒഴിവാക്കുന്നതിലൂടെ പടർച്ച തടയാം.
ഷിങ്ക്ൾസ്
[തിരുത്തുക]ചിക്കൻപോക്സ് ഇൻഫെക്ഷന് ശേഷവും ഈ വൈറസ് ശരീരത്തിൽ തന്നെ നിലനിൽക്കുന്നു. ശരീരത്തിൽതന്നെ ഈ വൈറസിനെ പ്രതിരോധിക്കുന്നു. പക്ഷെ പിന്നീട് യൗവനാവസ്ഥയിൽ ശിങ്ക്ൾസ് പോലുള്ള രേഗങ്ങളായി തിരിച്ചുവരാൻ സാധ്യതയുണ്ട്. കുട്ടിക്കാലത്ത് ചിക്കൻ പോക്സ് ബാധിച്ചവരെയാണ് ഷിങ്ക്ൾസ് കൂടുതലും ബാധിക്കുന്നത്. സ്റ്റ്രെസ്സും ഷിങ്ക്ൾസിന് കാരണമാകുന്നു, പക്ഷെ ഇപ്പോഴും ശാസ്ത്രജ്ഞർ രണ്ടും തമ്മിലുളള ബന്ധം കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. 60 വയസ്സിന് താഴെയുള്ളവരിലാണ് ഇത് കൂടുതലും കാണപ്പെട്ടുവരുന്നത്.
ചികിത്സ
[തിരുത്തുക]- ഈ രോഗം ബാധിച്ചവർ കൂടുതലും വീട്ടിൽ നിന്ന് പുറത്തിറങ്ങാതിരിക്കുയാണ് ഉചിതം, നഖം മുറിക്കുക, ഗ്ലൈസ് ധരിക്കുക എന്നതിലൂടെ സെക്കൻഡറി ഇൻഫെക്കഷൻ തടയാം.
- ചിക്കൻ പോക്സ് വന്ന രോഗികൾ ഉപ്പ് കഴിക്കരുത് എന്ന് ഒരു മിഥ്യാധാരണ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട് എന്നാണ് അത് വളരെ തെറ്റാണ്, ചിക്കൻ പോക്സ് ബാധിക്കുന്ന വെക്തിയുടെ ശരീരത്തിൽ ഉണ്ടാവുന്ന കുമിളകളിൽ ഉപ്പ് കലർന്ന വെള്ളമാണ് ഉള്ളത്. അത്പൊട്ടി ഒലിക്കാൻ സാധ്യത ഉള്ളതിനാൽ ഉപ്പിന്റെ അംശം ശരീരത്തിൽ കുറയും അതോടൊപ്പം ഉപ്പടങ്ങിയ ഭക്ഷണം കഴിക്കാതെ കൂടി ആയാൽ രോഗി അപകടാവസ്ഥയിലാവും.
- സാധാരണ എല്ലാവരും കഴിക്കുന്ന ഭക്ഷണം ചിക്കൻ പോക്സ് രോഗിക്കും കഴിക്കാം, പല ഭക്ഷണങ്ങളും കഴിക്കാൻ പറ്റില്ലെന്ന് മിഥ്യാധാരണ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്.
- വൃത്തിയുള്ള അന്തരീക്ഷം ഒരുക്കേണ്ടത് അത്യാവശ്യമാണ്, ദിവസവും ദേഹം ചൂടുള്ള വെള്ളം കൊണ്ട് തൊടക്കണം, നഖം കൊണ്ടുള്ള മുറിവുകളുണ്ടാക്കുന്നത് ഒഴിവാക്കുക.
- അസൈക്ലോവിർ എന്ന ആന്റിവൈറൽ മരുന്ന് ചിക്കൻപോക്സിൻറെ ചികിത്സയ്ക്ക് ഫലപ്രദമാണ്. തിണർപ്പ് ആരംഭിച്ചതിന് ശേഷം ആദ്യ 24 മണിക്കൂറിനുള്ളിൽ മരുന്നുകൾ നൽകുന്നത് കൂടുതൽ ഫലപ്രദമാണ്.