Jump to content

ചിന്താമണി കൊലക്കേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chinthamani Kolacase എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചിന്താമണി കൊലക്കേസ്
പ്രമാണം:Chinthamani Kolacase.jpg
സംവിധാനംഷാജി കൈലാസ്
നിർമ്മാണംഎം. രഞ്ജിത്ത്
തിരക്കഥഎ.കെ. സാജൻ
അഭിനേതാക്കൾസുരേഷ് ഗോപി
ഭാവന
തിലകൻ
ബിജു മേനോൻ
കലാഭവൻ മണി
സംഗീതംഷാൻ
ഛായാഗ്രഹണംരാജ
റിലീസിങ് തീയതി31 മാർച്ച് 2006
ഭാഷമലയാളം
ബജറ്റ്4 കോടി (US$4,70,000)
ആകെ10 കോടി (US$1.2 million)

ഷാജി കൈലാസിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ഭാവന, തിലകൻ, സായി കുമാർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006-ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണ് ചിന്താമണി കൊലക്കേസ്.[1][2] ദ വെറ്ററൻ എന്ന ഇംഗ്ലീഷ് ചെറുകഥയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കുറ്റവാളികൾക്കുവേണ്ടി കോടതിയിൽ കേസ് വാദിക്കുകയും അവരെ രക്ഷിച്ചതിനുശേഷം മരണശിക്ഷ നൽകുകയും ചെയ്യുന്ന ലാൽ കൃഷ്ണ വിരാടിയാർ എന്ന അഭിഭാഷകന്റെ കഥയാണ് ചിത്രം പറയുന്നത്. ബട്ടർഫ്ലൈസ്, ജനാധിപത്യം, ക്രൈം ഫയൽ, സ്റ്റോപ്പ് വയലൻസ് എന്നീ ചിത്രങ്ങളുടെ തിരക്കഥയെഴുതിയ എ.കെ. സാജനാണ് ഈ ചിത്രത്തിനും തിരക്കഥയെഴുതിയിരിക്കുന്നത്. വ്യത്യസ്തമാർന്ന പ്രമേയം കൊണ്ടും നിഗൂഢത നിറഞ്ഞ കഥാപശ്ചാത്തലം കൊണ്ടും പശ്ചാത്തല സംഗീതം കൊണ്ടും ശ്രദ്ധേയമായ ചിത്രം മികച്ച പ്രദർശനവിജയം നേടിയിരുന്നു. ബൃഹദാരണ്യകോപനിഷത്തിലെ അസതോ മാ സദ് ഗമയ, തമസോ മാ ജ്യോതിർഗമയ, മൃത്യോർ മാ അമൃതം ഗമയ എന്ന ശ്ലോകത്തോടെ ആരംഭിക്കുന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു.[3]

കഥാസംഗ്രഹം

[തിരുത്തുക]

റസിയ എന്ന തന്റെ അധ്യാപികയെ നിസ്കാരപ്പായയിൽ വച്ച് ബലാത്സംഗം ചെയ്ത് കൊന്നുവെന്ന കേസിൽ വിചാരണ നേരിടുന്ന ഇസ്ര ഖുറേഷിയെ (ബാബുരാജ്) കോടതി നിരപരാധിയായി പ്രഖ്യാപിക്കുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. തനിക്കുവേണ്ടി കേസ് വാദിച്ച അഡ്വ. ലാൽകൃഷ്ണ വിരാടിയാരോടൊപ്പം (സുരേഷ് ഗോപി) വിജയം ആഘോഷിക്കുവാൻ ഖുറേഷി തീരുമാനിക്കുന്നു. ഖുറേഷിയുടെ ക്ഷണം സ്വീകരിച്ച് ആഗതനായ ലാൽ കൃഷ്ണ തന്റെ ദൗത്യത്തെക്കുറിച്ച് അയാളോടു പറയുന്നു. പ്രപഞ്ചനിയമം പരിപാലിക്കുന്നതിനായി ദുഷ്ടന്മാരെ നിഗ്രഹിക്കുകയാണ് തന്റെ ദൗത്യമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ലാൽകൃഷ്ണ ഖുറേഷിയെ വധിക്കുന്നു. കുറ്റവാളികളെ കോടതിയിൽ നിന്ന് രക്ഷിച്ചതിനുശേഷം അവർക്കു മരണശിക്ഷ നൽകി നീതി നടപ്പിലാക്കുന്നതാണ് ലാൽകൃഷ്ണയുടെ രീതി. സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ച തമിഴ് ഗുണ്ട ഡേവിഡ് രാജരത്നത്തിനും (ഭീമൻ രഘു) അയാൾ മരണശിക്ഷ നൽകുന്നു. ഇവരുടെയെല്ലാം മരണത്തെപ്പറ്റി അന്വേഷിക്കാനെത്തുന്ന പോലീസ് ഉദ്യോഗസ്ഥനാണ് ജഗന്നിവാസൻ (ബിജു മേനോൻ). വക്കീലിന്റെ കക്ഷികളെല്ലാം ദാരുണമായി കൊല്ലപ്പെടുന്നത് ശ്രദ്ധിയിൽപ്പെട്ട ജഗന്നിവാസൻ ഈ കൊലപാതകങ്ങളുടെയെല്ലാം പിന്നിൽ ലാൽകൃഷ്ണയാണെന്നു സംശയിക്കുന്നു.

അങ്ങനെയിരിക്കേ ഒരു കൊലക്കേസുമായി ബന്ധപ്പെട്ട് 'മിർച്ചി ഗേൾസ്' എന്നു വിളിപ്പേരുള്ള ഒമ്പത് പെൺകുട്ടികൾ ലാൽകൃഷ്ണയുടെ സഹായത്തിനായി എത്തുന്നു. അവരുടെ കോളേജിൽ പഠിക്കുന്ന ചിന്താമണി (ഭാവന) എന്ന നാട്ടിൻപുറത്തുകാരി പെൺകുട്ടിയെ ദാരുണമായി കൊലപ്പെടുത്തി എന്നതായിരുന്നു മിർച്ചി ഗേൾസിനുമേലുള്ള ആരോപണം. മിർച്ചി ഗേൾസിനുവേണ്ടി കേസ് വാദിക്കുവാൻ ലാൽകൃഷ്ണ തയ്യാറാകുന്നു. അവർക്കെതിരെ ചിന്താമണിയുടെ അച്ഛൻ വീരമണി വാരിയരുടെ (തിലകൻ) ഭാഗത്തുനിന്ന് വാദിക്കുന്നത് കണ്ണായി പരമേശ്വരൻ (സായി കുമാർ) എന്ന പ്രഗല്ഭനായ വക്കീലാണ്. ഏറെ നേരത്തെ വിചാരണയ്ക്കുശേഷം മിർച്ചി ഗേൾസിനെ കോടതി നിരുപാധികം വിട്ടയയ്ക്കുന്നു. ചിന്താമണിയുടെ കൊലപാതകിയെത്തേടി ലാൽകൃഷ്ണ നടത്തുന്ന രഹസ്യാന്വേഷണത്തിൽ പ്രതിയെ കണ്ടെത്തുന്നു. അയാൾ കൊലപാതകിയെ വധിക്കുന്നു. വേണ്ടത്ര തെളിവുകളില്ലാത്തതിനാൽ ജഗന്നിവാസനു ലാൽകൃഷ്ണയെ അറസ്റ്റു ചെയ്യാൻ കഴിയുന്നില്ല. ചിന്താമണിക്ക് നീതി ലഭിച്ചുവെന്ന് ലാൽകൃഷ്ണ വീരമണി വാരിയരോടു പറയുന്നതോടെ ചിത്രം അവസാനിക്കുന്നു.

പ്രേക്ഷശ്രദ്ധ

[തിരുത്തുക]

ഷാജി കൈലാസ്-സുരേഷ് ഗോപി കൂട്ടുകെട്ടിന്റെ ദി ടൈഗർ എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷമാണ് ചിന്താമണി കൊലക്കേസ് പുറത്തിറങ്ങിയത്. ഈ ചിത്രവും ബോക്സ് ഓഫീസ് വിജയം നേടി. റിലീസ് ചെയ്ത പ്രധാനകേന്ദ്രങ്ങളിലെല്ലാം നൂറു ദിവസത്തിൽ കൂടുതൽ പ്രദർശിപ്പിച്ച ഈ ചിത്രം എല്ലാം അവൻ സെയ്യൽ എന്ന പേരിൽ ഷാജി കൈലാസ് തന്നെ തമിഴിലേക്ക് റീമേക്ക് ചെയ്തു. ആർ.കെ. എന്ന നടനായിരുന്നു മുഖ്യവേഷം കൈകാര്യം ചെയ്തത്.

അഭിനയിച്ചവർ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ചിന്താമണി-കൊലക്കേസിന് രണ്ടാം ഭാഗം സംവിധാനം എ-കെ സാജൻ". വെബ്ദുനിയ. 2014 ഫെബ്രുവരി 18. Retrieved 2016 ഏപ്രിൽ 4. {{cite web}}: Check date values in: |accessdate= and |date= (help)
  2. "ചിന്താമണി കൊലക്കേസ്". m3db. Retrieved 2016 ഏപ്രിൽ 4. {{cite web}}: Check date values in: |accessdate= (help)
  3. "Chinthamani Kolacase". msidb. Retrieved 2016 ഏപ്രിൽ 4. {{cite web}}: Check date values in: |accessdate= (help)

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചിന്താമണി_കൊലക്കേസ്&oldid=4119112" എന്ന താളിൽനിന്ന് ശേഖരിച്ചത്