Jump to content

ക്യൂബൻ മിസൈൽ പ്രതിസന്ധി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cuban Missile Crisis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്യൂബൻ മിസൈൽ പ്രതിസന്ധി
ശീതയുദ്ധത്തിന്റെ ഭാഗം

മോസ്കോയിലെ റെഡ്സ്ക്വയറിൽ ഒരു സോവിയറ്റ് - ആർ 2 മിസ്സെലിന്റെ ചിത്രം (സി.ഐ.എ ശേഖരത്തിൽനിന്നും)
തിയതിഒക്ടോബർ 16–28, 1962
(ക്യൂബയ്ക്കെതിരെയുള്ള നാവിക ഉപരോധം അവസാനിച്ചു നവംബർ 20, 1962)
സ്ഥലംക്യൂബ, കരീബിയൻ കടൽ
ഫലം* സോവിയറ്റ് യൂണിയൻ ക്യൂബയിൽ നിന്ന് അണു മിസൈൽ പിൻവലിച്ചു
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
 അമേരിക്കൻ ഐക്യനാടുകൾ

 തുർക്കി
 ഇറ്റലി
പിന്തുണ:

 NATO നാറ്റോ
 സോവിയറ്റ് യൂണിയൻ

 ക്യൂബ
പിന്തുണ :

വാർഴ്സോ സന്ധി
പടനായകരും മറ്റു നേതാക്കളും
യുണൈറ്റഡ് സ്റ്റേറ്റ്സ് ജോൺ എഫ്. കെന്നഡി

ടർക്കി ജമാൽ ഗുർസേൽ
യുണൈറ്റഡ് സ്റ്റേറ്റ്സ് റോബർട്ട്‌ മക്നമാര
യുണൈറ്റഡ് സ്റ്റേറ്റ്സ് മാക്സ്വെൽ ഡി. ടെയിലർ
യുണൈറ്റഡ് സ്റ്റേറ്റ്സ് കർട്ടിസ് ലെമായ്

യുണൈറ്റഡ് സ്റ്റേറ്റ്സ് ജോർജ് വ്ഹെലൻ അന്റെരസൺ, ജർ.
നാശനഷ്ടങ്ങൾ
1 വിമാനം വെടിവെച്ചു വീഴ്ത്തി
1 വിമാനം നശിച്ചു
1 പൈലറ്റ് കൊല്ലപ്പെട്ടു

1962 ഒക്ടോബറിൽ, സോവിയറ്റ് യൂണിയൻ, ക്യൂബ എന്നിവർ ഒരു വശത്തും അമേരിക്കൻ ഐക്യനാടുകൾ മറുവശത്തുമായി 13 ദിവസം നേർക്കുനേർ യുദ്ധസജ്ജരായി നിന്ന സംഘർഷാവസ്ഥയാണ് ക്യൂബൻ മിസൈൽ പ്രതിസന്ധി എന്നറിയപ്പെടുന്നത്. ക്യൂബയിൽ ഇത് ഒക്ടോബർ സംഘർഷം എന്നും അറിയപ്പെടുന്നു. അമേരിക്കൻ, സോവിയറ്റ് ചേരികൾ തമ്മിലുള്ള ശീതസമരത്തിലെ മുഖ്യസംഘർഷങ്ങളിലൊന്നായിരുന്നു മിസൈൽ പ്രതിസന്ധി. ശീതസമരം എന്നത്തെക്കാളുമധികമായി ഒരു ആണവയുദ്ധത്തിന്റെ അടുത്തെത്തിയത് ഈ അവസരത്തിലാണ്.[1][2] ഉറപ്പായ പരസ്പരവിനാശത്തിന്റെ ഭീക്ഷണി ഒരു രാഷ്ട്രാന്തര സന്ധിക്കു പ്രേരണയാകുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ആദ്യസന്ദർഭവും ഇതാണ്.

1961 ൽ അമേരിക്ക ക്യൂബക്കു നേരെ നടത്തിയ ബേ ഓഫ് പിഗ്സ്‌ ആക്രമണം എന്നറിയപ്പെടുന്ന സൈനികമുന്നേറ്റത്തുടർന്നാണ് റഷ്യ ക്യൂബയിൽ മിസ്സൈലുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. നികിത ക്രൂഷ്ചേവും, ഫിദൽ കാസ്ട്രോയും തമ്മിൽ നടന്ന രഹസ്യചർച്ചയുടെ ഫലമായാണ് ഈ പുതിയ തീരുമാനം ഉണ്ടായത്. ഭാവിയിൽ അമേരിക്കയുടെ ഭാഗത്തു നിന്നും ഉണ്ടായേക്കാവുന്ന ഒരു ആക്രമണത്തിനെതിരേയുള്ള മുൻകരുതൽ എന്ന രീതിയിലാണ് ക്യൂബ ഈ മിസ്സൈൽ പരിപാടിയെ കണ്ടതെങ്കിൽ, അമേരിക്ക തുർക്കിയിൽ സ്ഥാപിച്ചിട്ടുള്ള ആണവ മിസ്സൈലുകൾക്കു ഒരു മറുപടിയായാണ് റഷ്യ ഇതിനെ കണ്ടത്. ഒക്ടോബർ 14 ന് അമേരിക്കയുടെ യു-2 വിമാനങ്ങൾ ക്യൂബയുടെ തീരങ്ങളിൽ സ്ഥാപിക്കുന്ന മദ്ധ്യദൂര മിസ്സൈലുകളുടെ ചിത്രങ്ങളെടുത്തു. ഒക്ടോബർ 15 ന് പുറത്തു വന്ന ഈ ചിത്രങ്ങൾ 13 ദിവസം നീണ്ടു നിന്ന സംഘർഷത്തിനു കാരണഹേതുവായി.

ക്യൂബക്കെതിരേ ഒരു യുദ്ധത്തിനു ഒരുക്കം നടത്തിയ അമേരിക്ക, അവസാനം ഉപരോധം എന്ന നിലയിലേക്ക് മാറി. അതോടൊപ്പം തന്നെ റഷ്യയുടെ നിർമ്മാണത്തിലിരിക്കുന്ന എല്ലാ മിസ്സൈലുകളും ഉടനടി ക്യൂബയിൽ നിന്നും പിൻവലിക്കാൻ ക്രെംലിനോട് ആവശ്യപ്പെടുകയും ചെയ്തു. റഷ്യ തങ്ങളുടെ ആവശ്യത്തിനു മുന്നിൽ വഴങ്ങുമെന്ന് അമേരിക്ക വിചാരിച്ചു, അതോടൊപ്പം തന്നെ ഒരു യുദ്ധത്തിനുള്ള സാദ്ധ്യത ഇരു രാജ്യങ്ങളും തള്ളിക്കളഞ്ഞുമില്ല. ക്യൂബക്കുമേലുള്ള ഉപരോധം ശരിയായ നടപടിയല്ലെന്ന് ക്രൂഷ്ചേവ് കെന്നഡിക്കയച്ച ഒരു കത്തിൽ വ്യക്തമാക്കി. അതോടൊപ്പം തന്നെ ഇരു രാജ്യങ്ങളും പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങളും ആരംഭിച്ചു. റഷ്യയുടെ യുദ്ധക്കപ്പലുകൾ ക്യൂബക്കു ചുറ്റും ഒരു പ്രതിരോധവലയം സൃഷ്ടിച്ചു. സംഘർഷത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ അമേരിക്കൻ നാവികസേന, വെടിവെയ്പാരംഭിച്ചു. തിരികെ പ്രതികരിച്ച റഷ്യൻ യുദ്ധക്കപ്പലിൽ നിന്നുള്ള വെടിയേറ്റ് അമേരിക്കയുടെ ഒരു യു-2 വിമാനം നിലംപതിച്ചു.

1962 ഒക്ടോബർ 28 ന് പ്രതിസന്ധിക്ക് അവസാനമായി. ഐക്യരാഷ്ട്രസഭയുടെ ഇടപെടലോടെ ക്യൂബയിൽ നിന്നും മിസ്സൈലുകൾ തിരികെ റഷ്യയിലേക്കു കൊണ്ടുപോകാൻ ക്രൂഷ്ചേവ് സമ്മതിച്ചു. ഇതിനു പകരമായി, അമേരിക്ക ഒരിക്കലും ക്യൂബയെ ആക്രമിക്കില്ല എന്നും തുർക്കിയിൽ സ്ഥാപിച്ചിരിക്കുന്ന മിസ്സൈലുകൾ നീക്കം ചെയ്യുമെന്നും സമ്മതിച്ചു. ഈ കരാർ നിലവിൽ വന്നതോടെ, അമേരിക്ക ക്യൂബക്കുമേൽ ഏർപ്പെടുത്തിയിരുന്ന ഉപരോധം പിൻവലിച്ചു. ഈ പിൻമാറ്റത്തെ സോവിയറ്റ് യൂണിയൻ നടത്തിയ വഞ്ചന എന്നാണ് ക്യൂബൻ നേതാവായ ചെ ഗുവേര വിശേഷിപ്പിച്ചത്. മിസ്സൈലുകൾ തങ്ങളുടെ നിയന്ത്രണത്തിലായിരുന്നെങ്കിൽ ക്യൂബ അമേരിക്കയെ ആക്രമിക്കാൻ മടിക്കില്ലായിരുന്നു എന്നു ചെ ഗുവേര അഭിപ്രായപ്പെട്ടു.[3]

പശ്ചാത്തലം

[തിരുത്തുക]

1902 ൽ ഉപാധികളോടെയാണ് ക്യൂബക്ക് സ്വാതന്ത്ര്യം ലഭിച്ചത്. ക്യൂബയുടെ സാമ്പത്തിക, സൈനിക, രാഷ്ട്രീയകാര്യങ്ങളിൽ വേണ്ടി വന്നാൽ അമേരിക്കക്ക് ഇടപെടാനുള്ള അവകാശമായിരുന്നു ഒന്ന്. ഗ്വാണ്ടാനാമോയിൽ അമേരിക്കൻ നാവികസേനക്ക് ഒരു സ്ഥിരം താവളം എന്ന ഉപാധിയും ഇതിൽപ്പെടുന്നു.[4] 1906 ൽ ക്യൂബയിലെ ഒരു ആഭ്യന്തര പ്രശ്നം പരിഹരിക്കാനായി അമേരിക്കൻ സേന വീണ്ടും ക്യൂബയിലേക്ക് തിരിച്ചു വന്നിരുന്നു. 1933 ൽ റമോൺ ഗ്രോ ഒരു സൈനിക അട്ടിമറിയിലൂടെ അധികാരത്തിലെത്തി. ക്യൂബയിൽ അമേരിക്ക അറിയാതെ നടന്ന നടപടി അവരെ ചൊടിപ്പിച്ചു. അമേരിക്കൻ പ്രസിഡന്റായിരുന്ന ഫ്രാങ്ക്ളിൻ ഡി. റൂസ്‌വെൽറ്റ് ക്യൂബക്കു മുകളിൽ ഒരു വർഷത്തേക്ക് ഉപരോധം ഏർപ്പെടുത്തി. 1940 ൽ അമേരിക്കയുടെ സുഹൃത്ത് എന്നറിയപ്പെടുന്ന ഫുൾജെൻസിയോ ബാറ്റിസ്റ്റ അധികാരത്തിലെത്തി 1944 വരെ തുടർന്നു. പിന്നീട് 1952 മുതൽ 1958 വരേയും ബാറ്റിസ്ത തന്നെയായിരുന്നു ക്യൂബയുടെ നേതാവ്. രണ്ടാലോക മഹായുദ്ധത്തിലും, ശീതയുദ്ധത്തിലും ക്യൂബ അമേരിക്കയെ പിന്തുണക്കുകയാണുണ്ടായത്. സാമ്പത്തികമായും, വാണിജ്യപരമായും ക്യൂബ അമേരിക്കയെ ആണ് ആശ്രയിച്ചിരുന്നത്. അമേരിക്കൻ സ്ഥാപനങ്ങളാണ് ക്യൂബൻ സമ്പദ് വ്യവസ്ഥയെ നിയന്ത്രിച്ചിരുന്നത്.

1958 ൽ ക്യൂബൻ വിപ്ലവത്തിലൂടെ ബാറ്റിസ്തയെ പുറത്താക്കി ഫിദൽ കാസ്ട്രോ ക്യൂബയുടെ തലവനായി. ആദ്യകാലഘട്ടത്തിൽ ഫിദൽ താൻ ഒരു കമ്മ്യൂണിസ്റ്റല്ല എന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും, സോഷ്യലിസത്തിലൂടെ അദ്ദേഹം കമ്മ്യൂണിസത്തിലേക്കെത്തിച്ചേരാൻ തയ്യാറെടുക്കുകയായിരുന്നു. റഷ്യയുമായി ഉണ്ടാക്കിയ സാമ്പത്തിക,സൈനിക കരാറുകളും, റഷ്യയിൽ നിന്നും ലഭിച്ച സഹായങ്ങളും എല്ലാം അതാണ് സൂചിപ്പിച്ചത്. ഇത് അമേരിക്കയെ കുറച്ചൊന്നുല്ല അസ്വസ്ഥരാക്കിയത്. ലാറ്റിനമേരിക്കയിലെ തങ്ങളുടെ മേധാവിത്വം തകർന്നപോയേക്കുമോയെന്ന് അമേരിക്ക ഭയപ്പെട്ടു. അമേരിക്കയുടെ ചാരസംഘടനയായ സെൻട്രൽ ഇന്റലിജൻസ് ഏജൻസി കാസ്ട്രോയെ പുറത്താക്കാനുള്ള പദ്ധതികൾ തയ്യാറാക്കിതുടങ്ങി.[5] ഇതിന്റെ ഭാഗമായി ക്യൂബയിൽ നിന്നും പുറത്തുപോയി അമേരിക്കയിൽ താമസമാക്കിയിരുന്ന വിമതരേയും ചില അധോലോകസംഘടനകളേയും സി.ഐ.എ പരിശീലിപ്പിച്ചു.[6] 1961 ൽ ബേ ഓഫ് പിഗ്സ്‌ ആക്രമണം എന്ന സൈനിക നീക്കത്തിലൂടെ കാസ്ട്രോയെ പുറത്താക്കാൻ ശ്രമിച്ചുവെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. ക്യൂബയുടെ നേരെ അമേരിക്ക നടത്തുന്ന ആക്രമണങ്ങൾ എന്തു വിലകൊടുത്തും ചെറുക്കുമെന്ന് റഷ്യൻ പ്രസിഡന്റ് ക്രൂഷ്ചേവ് വ്യക്തമാക്കി.

തുടക്കം

[തിരുത്തുക]
യു-2 വിമാനത്തിൽ നിന്നെടുത്ത ക്യൂബയിലെ സോവിയറ്റ് മിസൈലുകളുടെ ചിത്രം

ഇരുപക്ഷത്തുനിന്നുമുള്ള പ്രകോപനപരമായ അനേകം രാഷ്ട്രീയനീക്കങ്ങൾക്കും കാസ്ട്രോയുടെ ഭരണത്തെ അട്ടിമറിക്കാനായി അമേരിക്ക സംഘടിപ്പിച്ച "ബേ ഓഫ് പിഗ്സ്‌ ആക്രമണത്തിന്റെ" പരാജയത്തിനും ശേഷം, ഭാവി അമേരിക്കൻ ആക്രമണങ്ങളെ തടയാനായി ക്യൂബയിൽ സോവിയറ്റ് ആണവ മിസൈലുകൾ സ്ഥാപിക്കുകയെന്ന ആശയം 1962 മേയ് മാസത്തിൽ സോവിയറ്റ് നേതാവ് നികിത ക്രൂഷ്ച്ചേവ് കാസ്ട്രോയുടെ പരിഗണനക്കു വച്ചു. ക്യൂബക്കെതിരേയുള്ള അമേരിക്കൻ ആക്രമണം തടയുക എന്നതായിരുന്നു പ്രധാനമായി പറഞ്ഞിരുന്നതെങ്കിലും അമേരിക്കയുടെ സുപ്രധാന നഗരങ്ങളിലേക്കു ലക്ഷ്യം വെക്കാവുന്ന ദൂരത്തിൽ മിസ്സൈലുകൾ സ്ഥാപിക്കുക എന്നതായിരുന്നു റഷ്യയുടെ പ്രധാന അജണ്ട. 1960 കളിൽ റഷ്യയുടെ കൈവശമുണ്ടായിരുന്ന ആണവമിസ്സൈലുകൾ വിശ്വാസ്യതയുടെ കാര്യത്തിലും, സൂക്ഷ്മതയുടെ കാര്യത്തിലും പിന്നോക്കം നിൽക്കുന്നവയായിരുന്നു.[7] ശീതയുദ്ധത്തിന്റെ തുടക്കത്തിൽ അമേരിക്കയിലെ പ്രധാന നഗരങ്ങളെ ലക്ഷ്യം വെക്കാവുന്ന തരത്തിൽ മിസ്സൈലുകൾ സ്ഥാപിക്കാൻ റഷ്യക്കു മാർഗ്ഗങ്ങളില്ലായിരുന്നു. റഷ്യയിൽ നിലവിൽ സ്ഥാപിച്ചിരുന്ന മിസ്സൈലുകൾ അലാസ്ക നഗരത്തെ തകർക്കുമായിരുന്നെങ്കിലും, അമേരിക്കയുടെ മറ്റു പ്രദേശങ്ങളിലേക്കെത്തിച്ചേരാനുള്ള കഴിവ് അത്തരം മിസ്സൈലുകൾ കൈവരിച്ചിരുന്നില്ല. എന്നാൽ ക്യൂബൻ തീരങ്ങളിൽ സ്ഥാപിക്കുന്ന മിസ്സൈലുകൾ അമേരിക്കയുടെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലേക്കും കൃത്യമായി അയക്കുവാൻ കഴിയും എന്നുള്ള കാരണത്താലാണ് ക്യൂബയിൽ ഈ മിസ്സൈൽ വിന്യാസം നടത്താൻ റഷ്യയെ പ്രേരിപ്പിച്ചത് എന്ന് വിദഗ്ദ്ധർ പറയുന്നു.[8] 1962 ൽ റഷ്യയുടെ സുപ്രധാന നഗരങ്ങളെ ലക്ഷ്യം വെച്ച് അമേരിക്ക തുർക്കിയുടേയും, ഇറ്റലിയുടേയും തീരങ്ങളിൽ ജൂപ്പിറ്റർ എന്ന ആണവമിസ്സൈലുകൾ സ്ഥാപിച്ചിരുന്നു.[9] ഈ ആണവഭീഷണിക്കു പകരം എന്ന നിലയിൽ കൂടിയാണ് ക്യൂബയിൽ മിസ്സൈലുകൾ സ്ഥാപിക്കാൻ ക്രൂഷ്ചേവ് തീരുമാനിച്ചത്. ഇതു കൂടാതെ അമേരിക്കൻ/ബ്രിട്ടൻ/ഫ്രഞ്ച് കോളനിയായിരുന്ന പാശ്ചാത്യ ജർമ്മനിയെ കമ്മ്യൂണിസത്തിന്റെ അധികാരപരിധിയിൽ കൊണ്ടുവരുവാൻ ക്രൂഷ്ചേവ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി, ശീതയുദ്ധത്തിന്റെ പ്രധാന ഭാഗമായി റഷ്യ കണ്ടിരുന്നത് പാശ്ചാത്യ ജർമ്മനിയായിരുന്നു. മാത്രവുമല്ല, പാശ്ചാത്യ ജർമ്മനിയിലുള്ള യൂറോപ്യൻ ആധിപത്യം കിഴക്കൻ ജർമ്മനിക്ക് ഒരു ഭീഷണിയായേക്കുമെന്നും ക്രൂഷ്ചേവ് കരുതിയിരുന്നു.[10]

ഓപ്പറേഷൻ അനാദിർ

[തിരുത്തുക]

ജൂലൈ മാസത്തിൽ ക്രൂഷ്ചേവും കാസ്ട്രോയുമായി നടന്ന രഹസ്യകൂടിക്കാഴ്ചയിൽ, ക്യൂബയിൽ മിസൈൽ താവളങ്ങൾ നിർമ്മിക്കാൻ തീരുമാനമാവുകയും താമസിയാതെ നിർമ്മാണം തുടങ്ങുകയും ചെയ്തു. 1962 ജൂലൈ-സെപ്തംബർ കാലത്തേക്ക് 40000 ഓളം വരുന്ന റഷ്യൻ സൈനികർ ഓപ്പറേഷൻ അനാദിർ എന്നറിയപ്പെടുന്ന ഈ പദ്ധതിക്കു വേണ്ടി സജ്ജരായി. വളരെ രഹസ്യമായാണ് ഈ സായുധ സേനയെ റഷ്യ ക്യൂബൻ തീരങ്ങളിൽ ഇറക്കിയത്. ആർമി ജനറൽ ഇസ്സ പ്ലിയേവ് ആയിരുന്നു ഈ സംഘത്തെ നയിച്ചിരുന്നത്.[11]

1962 ആഗസ്റ്റ് മാസത്തിൽ ക്യൂബയിൽ നടക്കുന്ന ഈ നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് അമേരിക്കൻ ഇന്റലിജൻസ് വിഭാഗത്തിന് തെളിവുകൾ ലഭിച്ചിരുന്നു. ക്യൂബയിൽ കണ്ട റഷ്യൻ നിർമ്മിത മിഗ്-21 വിമാനങ്ങളും, ചില ബോംബർ വിമാനങ്ങളും അമേരിക്കയുടെ സംശയങ്ങൾക്ക് ആക്കം കൂട്ടി. 1962 ഒക്ടോബർ 14-ആം തിയതി ചാര ദൗത്യവുമായി ക്യൂബക്കു മേൽ പറന്നു കൊണ്ടിരുന്ന യു-2 വിമാനത്തിലെ വൈമാനികനായ ഹൈസർക്ക കിട്ടിയ അപ്രതീക്ഷിത ചിത്രങ്ങളാണ് ഈ മിസ്സൈൽ തറകളുടേത്. ഒക്ടോബർ 14 രാവിലെ 7.43 നാണ് ഈ സുപ്രധാന ചിത്രങ്ങൾ യു-2 വിമാനത്തിന്റെ ക്യാമറകളിൽ പതിഞ്ഞത്. എ മിൽക്ക് റൺ എന്നാണ് ഈ ദൗത്യത്തെ ഹൈസർ പിന്നീട് വിശേഷിപ്പിച്ചത്. അന്നേ ദിവസം തന്നെ ഫിലിമുകൾ സി.ഐ.എയുടെ ഫോട്ടോഗ്രാഫിക് ഇന്റർപ്രെട്ടേഷൻ സെന്ററിലേക്ക കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിലേക്കായി അയച്ചു. എസ്.എസ്-4 മിസ്സൈലുകളുടെ ബാറ്ററികളുടേയും, II-28 ബോംബറുകളുടേയും ചിത്രങ്ങളായിരുന്നു അവ. സാൻ ക്രിസ്റ്റോബാനിൽ നിന്നും, സാൻ ജൂലിയാനിൽ നിന്നുമാണ് യഥാക്രമം അമേരിക്കക്ക് ഈ ചിത്രങ്ങൾ ലഭിച്ചത്.[12]

തുർക്കിയിലും, ഇറ്റലിയിലും അമേരിക്ക സ്ഥാപിച്ചിരിക്കുന്ന മിസ്സൈലുകളെ പ്രതിരോധിക്കാനായിരിക്കാം ക്യൂബയിൽ റഷ്യ പണിതുകൊണ്ടിരിക്കുന്ന ഈ മിസ്സൈൽ തറകളെന്ന് സി.ഐ.എ മേധാവിയായിരുന്ന ജോൺ.മക്ഓൺ സംശയിച്ചു. ഒക്ടോബർ 15-ന് ഈ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടതോടെ 13 ദിവസം ദീർഘിച്ച മിസൈൽ പ്രതിസന്ധിക്കു തുടക്കമായി.[13]

ഉപരോധം

[തിരുത്തുക]

ഭരണനേതൃത്വവുമായി കൂടിയാലോചിച്ചശേഷം കെന്നഡി ക്യൂബക്കുമേൽ ഉപരോധം ഏർപ്പെടുത്താൻ തീരുമാനിച്ചു.[14] ക്യൂബയെ ആക്രമിക്കുവാൻ അമേരിക്കക്കു ഉദ്ദേശമില്ലായിരുന്നു, മാത്രവുമല്ല ഒരു ഉപരോധം ഒരിക്കലും റഷ്യയെ പ്രകോപിതരാക്കിയേക്കില്ല എന്നും കെന്നഡി ഭരണകൂടം കരുതിയിരുന്നു. ഒക്ടോബർ 22 ന് വൈകുന്നേരം ദേശീയ ടെലിവിഷനിലൂടെ അമേരിക്കയെ ലക്ഷ്യമാക്കി ക്യൂബയിൽ സ്ഥാപിച്ചിരിക്കുന്ന മിസൈലുകളെക്കുറിച്ച് കെന്നഡി രാഷ്ട്രത്തെ അറിയിച്ചു.[15] ഈ സംപ്രേഷണം കഴിഞ്ഞ് വൈകാതെ തന്നെ യു.എസ്.എസ് ന്യൂപോർട്ട് ന്യൂസ് എന്ന യുദ്ധക്കപ്പലിന്റെ അകമ്പടിയോടെ ഒരു വ്യൂഹം ക്യൂബയുടെ തീരത്തെ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. ക്യൂബയ്ക്കു നേർക്കുള്ള ഏതു ഭീഷണിയും നേരിടാൻ തങ്ങൾ സജ്ജമാണെന്ന് ഫിദൽ കാസ്ട്രോ പ്രഖ്യാപിച്ചു.

ലോകരാഷ്ട്രങ്ങളിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ഈ വിഷയത്തിൽ ലഭിച്ചുകൊണ്ടിരുന്നത്. കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ചൈന ക്യൂബക്ക് പിന്തുണയുമായി രംഗത്തെത്തിയപ്പോൾ ഫ്രാൻസ് പോലുള്ള രാജ്യങ്ങൾ അമേരിക്കൻ നിലപാടിനോടാണ് പിന്തുണ പ്രഖ്യാപിച്ചത്. ഈ ഉപരോധം ഒരു യുദ്ധത്തിലേക്ക് ഇരു രാജ്യങ്ങളേയും കൊണ്ടുചെന്നെത്തിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് ക്രൂഷ്ചേവ് കെന്നഡിക്കയച്ച് ഒരു ടെലിഗ്രാം സന്ദേശത്തിൽ മുന്നറിയിപ്പു നൽകുകയുണ്ടായി.[16]

മുഖാമുഖം

[തിരുത്തുക]
കെന്നഡിയും സോവിയറ്റ് വിദേശമന്ത്രി ആന്ദ്രേ ഗ്രോമിക്കോയും വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ ചർച്ചയിൽ

ക്യൂബയ്ക്കെതിരെ നാവിക, വ്യോമാക്രമണങ്ങൾ തുടങ്ങുന്ന കാര്യം ആദ്യം പരിഗണിച്ചെങ്കിലും ഒടുവിൽ നാവിക ഉപരോധം ഏർപ്പെടുത്താനാണ് കെന്നഡി ഭരണകൂടം തീരുമാനിച്ചത്. നിയമപരവും മറ്റുമായ പരിഗണനകൾ വച്ചുള്ള സംസർഗ്ഗവിലക്ക് (quarantine) മാത്രമാണ് അതെന്ന വിശദീകരണവും ഉണ്ടായി.[17] ക്യൂബയിൽ ആക്രമണായുധങ്ങൾ എത്തിക്കാൻ അനുവദിക്കയില്ലെന്നും, നിർമ്മാണം പൂർത്തിയായതോ നിർമ്മാണത്തിലിരിക്കുന്നതയോ ആയ എല്ലാ മിസൈൽ താവളങ്ങളും പൊളിച്ചുമാറ്റണമെന്നും ആയുധങ്ങൾ സോവിയറ്റു യൂണിയനിലേക്കു തിരികെ കൊണ്ടുപോകണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾക്ക് സോവിയറ്റു നേതൃത്വം വഴങ്ങുമെന്നതിൽ നേരിയ പ്രതീക്ഷ മാത്രമുണ്ടായിരുന്ന കെന്നഡി ഭരണം യുദ്ധത്തിനുള്ള സാദ്ധ്യത മുന്നിൽ കണ്ടു.

ദേശാന്തരമേഖലയിൽ സമുദ്രാകാശങ്ങളിലൂടെയുള്ള ന്യായമായ യാത്രാവകാശത്തിന്റെ തടയൽ മനുഷ്യരാശിയെ ആണവയുദ്ധത്തിന്റെ വിളുമ്പിലെത്തിക്കുന്ന ആക്രമണനടപടിയാണെന്ന്, ഒക്ടോബർ 24-ന് കെന്നഡിക്കെഴുതിയ കത്തിൽ ക്രൂഷ്ചേവ് കുറ്റപ്പെടുത്തി. എങ്കിലും രഹസ്യമായുള്ള പിൻപുറചർച്ചകളിൽ ഇരുവരും പ്രതിസന്ധിക്കു പരിഹാരം അന്വേഷിച്ചു. ചർച്ചകൾ പുരോഗമിക്കുമ്പോൾ, സോവിയറ്റു കപ്പലുകൾ ഉപരോധം ഭേദിക്കാൻ ശ്രമിച്ചതു സംഘർഷം വർദ്ധിപ്പിച്ചു. ഉപരോധഭേദനത്തിനു ശ്രമിക്കുന്ന കപ്പലുകൾക്കു നേരേ മുന്നറിയിപ്പിനു ശേഷം നിറയൊഴിക്കാൻ അമേരിക്കൻ നാവികസേനക്കു നിർദ്ദേശം നൽകപ്പെട്ടു. ഒക്ടോബർ 27-ന് സോവിയറ്റ് മിസൈൽ സംഘം ഒരു അമേരിക്കൻ യു-2 വിമാനം വെടിവച്ചു വീഴ്ത്തിയതും സംഘർഷം വർദ്ധിപ്പിച്ചു. എങ്കിലും ഇരുപക്ഷവും ചർച്ചകൾ തുടർന്നു.

ഒത്തുതീർപ്പ്

[തിരുത്തുക]

1962 ഒക്ടോബർ 28-ന് ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ ഊതാണ്ടിന്റെ മദ്ധ്യസ്ഥതയിൽ കെന്നഡിയും ക്രൂഷ്ചേവും ഒത്തുതീർപ്പിൽ എത്തിയതോടെ പ്രതിസന്ധിക്ക് അന്ത്യമായി. ക്യൂബയിൽ സ്ഥാപിച്ചിരുന്ന എല്ലാ ആക്രമണായുധങ്ങളും ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ നീക്കി റഷ്യയിലേക്കു കൊണ്ടു പോകാൻ സോവിയറ്റു യൂണിയനും ക്യൂബയെ ഒരിക്കലും ആക്രമിക്കുകയില്ലെന്ന് അമേരിക്കയും സമ്മതിച്ചു. തുർക്കിയിലും ഇറ്റലിയിലും സ്ഥാപിച്ചിരുന്ന അതിന്റെ മദ്ധ്യദൂരമിസൈലുകൾ മാറ്റാനുള്ള അമേരിക്കയുടെ സമ്മതം ഒത്തുതീർപ്പിന്റെ രഹസ്യഭാഗമായിരുന്നു.[18][19]

ഭാവിയിൽ ഉണ്ടായേക്കാവുന്ന ഇതുപോലെയുള്ള പ്രതിസന്ധികളിൽ ആശയവിനിമയം എളുപ്പമാകാനായി മോസ്കോയ്ക്കും വാഷിങ്ടണും ഇടയിലുള്ള ടെലഫോൺ ഹോട്ടലൈന്റെ സ്ഥാപനം ഈ പ്രതിസന്ധിയുടെ പാർശ്വഫലങ്ങളിൽ ഒന്നായിരുന്നു.

നുറുങ്ങകൾ

[തിരുത്തുക]
  • 1962-ൽ ഇന്ത്യയും ചൈനയും തമ്മിൽ നടന്ന അതിർത്തിയുദ്ധവും ക്യൂബൻ മിസൈൽ പ്രതിസന്ധിയും, ഒരുമിച്ച് അരങ്ങേറിയ സംഭവങ്ങളായിരുന്നു. ഉത്തരാതിർത്തിയിലെ ചൈനയുടെ സൈനികനീക്കത്തെ സംബന്ധിച്ച് ജവഹർലാൽ നെഹ്രു ഇന്ത്യൻ ജനതയെ അഭിസംബോധന ചെയ്തു പ്രസംഗിച്ചതും മിസൈൻ പ്രതിസന്ധിയെക്കുറിച്ച് കെന്നഡി അമേരിക്കൻ ജനതയെ അഭിസംബോധന ചെയ്തതും ഒരേ ദിവസം, 1962 ഒക്ടോബർ 22-ന് ആയിരുന്നു.[20]

അവലംബം

[തിരുത്തുക]
  • പ്രിസ്സില്ല, റോബർട്ട്സ് (2012). ക്യൂബൻ മിസ്സൈൽ ക്രൈസിസ് - എസ്സൻഷ്യൽ റഫറൻസ് ഗൈഡ്. എ.ബി.സി. ISBN 978-1610690652.


  1. നോം, ചോംസ്കി. "മിസ്സൈൽ പ്രതിസന്ധി". ദ ഗാർഡിയൻ.
  2. ഗ്രഹാം അല്ലീസൺ, വിദേശകാര്യമന്ത്രാലയം, ദ ക്യൂബൻ മിസ്സൈൽ ക്രൈസിസ്സ് അറ്റ് 50
  3. ജോൺ ലീ, ആൻഡേഴ്സൺ (1997). ചെ ഗുവേര - എ റെവല്യൂഷണറി ലൈഫ്. ഗ്രോ പ്രസ്സ്. p. 545. ISBN 978-0802116000. മിസ്സൈലുകൾ തങ്ങളുടെ നിയന്ത്രണത്തിലായിരുന്നെങ്കിൽ അമേരിക്കക്കെതിരേ പ്രയോഗിക്കാൻ ഞങ്ങൾ മടിക്കില്ലായിരുന്നു - ചെ ഗുവേര
  4. ക്യൂബൻ മിസൈൽ ക്രൈസിസ് - പ്രിസ്സില്ല ഭാഗം XI ക്യൂബയുടെ രാഷ്ട്രീയ പശ്ചാത്തലം
  5. "ഇവല്യൂഷൻ ഓഫ് സി.ഐ.എസ് ആന്റി കാസ്ട്രോ പോളിസീസ്" (PDF). സി.ഐ.എ. Archived from the original (PDF) on 2013-02-16. Retrieved 2013-05-06. ഫിദലിന്റെ രാഷ്ട്രീയജീവിതം തുടക്കം മുതൽ സി.ഐ.എ നിരീക്ഷിക്കുന്നുണ്ടായിരുന്നു
  6. "ദ ബേ ഓഫ് പിഗ്സ്". ജോൺ എഫ്. കെന്നഡി ലൈബ്രറി. Retrieved 04-മെയ്-2013. {{cite news}}: Check date values in: |accessdate= (help)
  7. അല്ലിസൺ, ഗ്രഹാം, ഫിലിപ്പ് സെലിക്കോ (1999). എസ്സൻസ് ഓഫ് ഡിസിഷൻ: എക്സ്പ്ലെയിനിംഗ് ദ ക്യൂബൻ മിസ്സൈൽ ക്രൈസിസ്. ന്യൂയോർക്ക്: അഡ്ഡിസൺ വെസ്ലെ ലോംഗ്മാൻ. p. 92. ISBN 0-321-01349-2.{{cite book}}: CS1 maint: multiple names: authors list (link)
  8. അല്ലിസൺ, ഗ്രഹാം, ഫിലിപ്പ് സെലിക്കോ (1999). എസ്സൻസ് ഓഫ് ഡിസിഷൻ: എക്സ്പ്ലെയിനിംഗ് ദ ക്യൂബൻ മിസ്സൈൽ ക്രൈസിസ്. ന്യൂയോർക്ക്: അഡ്ഡിസൺ വെസ്ലെ ലോംഗ്മാൻ. p. 94-95. ISBN 0-321-01349-2.{{cite book}}: CS1 maint: multiple names: authors list (link)
  9. ജോൺ.ടി., കോറൽ (ആഗസ്റ്റ് 2005). "എയർ പവർ ആന്റ് ദ ക്യൂബൻ മിസ്സൈൽ ക്രൈസിസ്". എയർഫോഴ്സ് മാഗസിൻ. {{cite news}}: Check date values in: |date= (help)
  10. അല്ലിസൺ, ഗ്രഹാം, ഫിലിപ്പ് സെലിക്കോ (1999). എസ്സൻസ് ഓഫ് ഡിസിഷൻ: എക്സ്പ്ലെയിനിംഗ് ദ ക്യൂബൻ മിസ്സൈൽ ക്രൈസിസ്. ന്യൂയോർക്ക്: അഡ്ഡിസൺ വെസ്ലെ ലോംഗ്മാൻ. p. 105. ISBN 0-321-01349-2.{{cite book}}: CS1 maint: multiple names: authors list (link)
  11. സെർഗി, ഇസായേവ്. "എയർ ഫൈറ്റർ റെജിമെന്റ് ഇൻ ക്യൂബ". റഷ്യൻ വ്യോമസേന. ഓപ്പറേഷൻ അനാദിർ
  12. ജോൺ.ടി., കോറൽ (ആഗസ്റ്റ് 2005). "എയർ പവർ ആന്റ് ക്യൂബൻ മിസ്സൈൽ ക്രൈസിസ്". എയർ ഫോഴ്സ് മാഗസിൻ. {{cite news}}: Check date values in: |date= (help)
  13. "ക്യൂബൻ മിസ്സൈൽ ക്രൈസിസ്". സ്പാർട്ടക്കസ് എഡ്യുക്കേഷണൽ.
  14. "പ്രസിഡന്റ് കെന്നഡി ഓൺ ക്യൂബൻ മിസൈൽ ക്രൈസിസ്". ഹിസ്റ്ററി പ്ലേസസ്. 22-ഒക്ടോബർ-1962. Retrieved 19-മെയ്-2013. {{cite news}}: Check date values in: |accessdate= and |date= (help)
  15. "ക്യൂബൻ മിസൈൽ ക്രൈസിസ്". യുണൈറ്റഡ് പ്രസ്സ് ഇന്റർനാഷണൽ. 1962. Retrieved 19-മെയ്-2013. {{cite news}}: Check date values in: |accessdate= (help)
  16. "ദ ക്യൂബൻ മിസൈൽ ക്രൈസിസ്". റൂട്ടേഴ്സ് നെവാർക്ക്. Archived from the original on 2007-01-11. Retrieved 19-മെയ്-2013. {{cite news}}: Check date values in: |accessdate= (help)
  17. Cuban Missile Crisis, Sheppard Software
  18. Cuban Missile Crisis, John F. Kennedy Residential Library and Museum
  19. Walter Pincus, Cuban Missile Crisis Still a Teachable Moment 2012 ഒക്ടോബർ 23-ന് വാഷിങ്ടൻ പോസ്റ്റ് ദിനപത്രം പ്രസിദ്ധീകരിച്ച ലേഖനം
  20. വൈ.ഡി. ഗുണ്ടേവിയ, ഔട്ട്സൈഡ് ദ ആർക്കൈവ്സ്, പ്രസാധനം: സംഗം ബുക്ക്സ്, ഹൈദരാബാദ് (പുറങ്ങൾ 218-19)