Jump to content

ക്യൂട്ടെക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cutex എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നഖച്ചായം

അമേരിക്കൻ ഐക്യനാടുകളിലെ സ്റ്റാംഫോർഡ് ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന നോർത്താം വാരൺ കമ്പനി 1911-ൽ നിർമ്മിച്ചെടുത്ത ഉത്പന്നവും വ്യാപാരനാമവുമാണ് ക്യൂട്ടെക്സ് അഥവാ ക്യൂട്ടെക്സ് ബ്രാൻഡ്, ഇൻക്.. നഖച്ചായങ്ങളും, അവ നീക്കം ചെയ്യാനുള്ള സംയുക്തങ്ങളുമാണ് ക്യൂട്ടെക്സ് പ്രധാനമായും നിർമ്മിക്കുന്നത്. ദ്രവരൂപത്തിലുള്ള നഖച്ചായങ്ങൾ ലോകത്തിലാദ്യമായി നിർമ്മിച്ചത് ക്യൂട്ടെക്സ് ആണ്. മുമ്പുണ്ടായിരുന്ന നഖച്ചായങ്ങൾ കുഴമ്പ് രൂപത്തിലോ, കട്ടയായോ, പൊടിയായോ ആയിരുന്നു ലഭിച്ചിരുന്നതെങ്കിൽ, 1917-ൽ ക്യൂട്ടെക്സ്, വാഹനങ്ങൾക്ക് പൂശാനുള്ള ചായങ്ങളുടെ സംയുക്തങ്ങളിൽ നിന്നും, നഖത്തിനു പൂശാനുള്ള ദ്രവരൂപത്തിലുള്ള ചായം നിർമ്മിച്ചെടുത്തു. തുടർന്ന് 1925-ഓടുകൂടി മറ്റ് വിധത്തിലുള്ള നഖച്ചായങ്ങളെല്ലാം ദ്രാവകാവസ്ഥയിലുള്ള നഖച്ചായങ്ങളാൽ ഒഴിവാക്കപ്പെടുകയുണ്ടായി. ഒരു വ്യാപരനാമമാണെങ്കിലും, വർദ്ധിച്ച പ്രചാരം മൂലം നഖച്ചായങ്ങളെ ആകെ കുറിക്കാനും ക്യൂട്ടെക്സ് എന്ന പദം പരക്കെ ഉപയോഗിക്കപ്പെടുന്നു.

ചരിത്രം

[തിരുത്തുക]
1924-ലെ ഒരു ഫ്രഞ്ച് പരസ്യം

1914 മുതൽ നഖങ്ങൾക്ക് നിറം കൊടുക്കാനുള്ള വസ്തുക്കൾ ക്യൂട്ടെക്സ് നിർമ്മിച്ചിരുന്നു. 1917-ൽ ദ്രാവകാവസ്ഥയിലുള്ള നഖച്ചായം ക്യൂട്ടെക്സ് നിർമ്മിച്ചെടുത്തു. 1928-ൽ നഖത്തിൽ നിന്നും ചായം ഒഴിവാക്കാനുള്ള അസറ്റോൺ അധിഷ്ഠിത സംയുക്തം ക്യൂട്ടെക്സ് നിർമ്മിച്ചെടുത്തു. ആർക്കും ഉപയോഗിക്കാവുന്ന സുരക്ഷിതമായ ഈ മാർഗ്ഗം ലഭ്യമായതോടുകൂടി, നഖച്ചായങ്ങളുടെ പ്രചാരം വർദ്ധിച്ചു. നഖച്ചായം എന്നതിന്റെ പര്യായം പോലെ ഇക്കാലത്ത് ക്യൂട്ടെക്സ് എന്ന വ്യാപാരനാമം മാറി.

അസറ്റോണിന്റെ പാർശ്വഫലങ്ങൾ ഒഴിവാക്കാനുള്ള പ്രത്യേകസംയുക്തങ്ങളോടുകൂടിയ ചായം ഒഴിവാക്കാനുള്ള പുതിയ സംയുക്തം 1934-ൽ ക്യൂട്ടെക്സ് പുറത്തിറക്കി. കൂടുതൽ അതാര്യവും തിളക്കമേറിയതുമായ കുഴമ്പ് രൂപത്തിലുള്ള ചായവും ഇതേ വർഷം ക്യൂട്ടെക്സ് പുറത്തിറക്കിയിരുന്നു. ഇത് ക്യൂട്ടെക്സിന്റെ പ്രചാരം വീണ്ടും വർദ്ധിപ്പിച്ചു. 1938-ൽ പോളീഷ് ഫൗണ്ടേഷൻ എന്ന പേരിൽ നഖപരിപാലനത്തിനുള്ള ഉത്പന്നം ക്യൂട്ടെക്സ് പുറത്തിറക്കി. ഇത് നഖച്ചായങ്ങൾ അടർന്ന് പോകാതെ കൂടുതൽ കാലം നിലനിർത്താൻ സഹായമായി.

ആധുനികകാലം

[തിരുത്തുക]

ക്യൂട്ടെക്സിന്റെ ഉടമകളായ നോർത്താം വാരൺ കമ്പനി 1960-ൽ ചീസ്ബ്രോ പോണ്ട്സ് എന്ന കമ്പനി സ്വന്തമാക്കി. ചീസ്ബ്രോ ചെറിയ കമ്പനിയായിരുന്നുവെങ്കിൽ കൂടിയും നൂതനങ്ങളായ ആശയങ്ങളും നിരവധി പേറ്റന്റുകളും സ്വന്തമാക്കാൻ ഇതുവഴി നോർത്താം വാരണ് കഴിഞ്ഞു. 1988-ൽ ജെലാറ്റിൻ ഉൾക്കൊള്ളുന്ന നോക്സ് ജെലാറ്റിൻ പോളീഷ് ഫോർമുല എന്ന പുതിയ രീതി കമ്പനി അവതരിപ്പിച്ചു. ഇത് നഖച്ചായത്തിൽ നൈലോൺ ഫൈബറുകൾ ചേർത്ത് ബലപ്പെടുത്തുന്ന ഒന്നായിരുന്നു. 1992-ൽ പുറത്തിറക്കിയ ഫോർമുല നഖച്ചായങ്ങൾ ഉണങ്ങാൻ സമയമെടുക്കുന്നു എന്ന പരാതി പരിഹരിക്കുന്ന ഒന്നായിരുന്നു. ഈ ചായം കട്ടിയുള്ളതായതിനാൽ രണ്ട് പ്രാവശ്യം നഖത്തിൽ പുരട്ടേണ്ട ആവശ്യവും ഇല്ലായിരുന്നു.

ക്യൂട്ടെക്സ് (യു.എസ്. & പ്യൂർട്ടോ റിക്കോ) 1997-ൽ കാഴ്സൺ പ്രൊഡക്റ്റ്സിനു വിൽക്കപ്പെട്ടു. കാഴ്സൺ പ്രൊഡക്റ്റിസിന്റെ സഹോദരസംരംഭമായിരുന്ന എ.എം. കോസ്മെറ്റിക്സ് ആയിരുന്നു ക്യൂട്ടെക്സ് ബ്രാൻഡ് പരിപാലിച്ചിരുന്നത്. 23% വിപണിപങ്കാളിത്തമുണ്ടായിരുന്നെങ്കിൽ കൂടിയും എ.എം. കോസ്മെറ്റിക്സിന്റെ പരിതാപകരമായ കാര്യനിർവണം മൂലം ബ്രാൻഡ് വാൾമാർട്ടിൽ നിന്നു വരെ നീക്കം ചെയ്യപ്പെട്ടു. 21 മാസങ്ങൾക്ക് ശേഷം കാഴ്സൺ പ്രൊഡക്റ്റ്സ് പാപ്പരായിത്തീരുകയും ക്യൂട്ടെക്സ് നാമം മെഡ്‌റ്റെക്ക് (പിന്നീട് പ്രെസ്റ്റീജ് ബ്രാൻഡ്സ് എന്ന് പേരുമാറ്റി) എന്ന കമ്പനി സ്വന്തമാക്കുകയും ചെയ്തു.

ആദ്യം വിജയകരമായിരുന്നുവെങ്കിലും, പുതിയ കണ്ടുപിടിത്തങ്ങൾ മെഡ്റ്റെക് അവതരിപ്പിച്ചുവെന്നാലും ആത്യന്തികമായി ക്യൂട്ടെക്സിന്റെ വിപണി വീണ്ടെടുക്കാനുള്ള ശ്രമം നെയിൽ സലൂൺ പ്രവണതകൾക്ക് മുമ്പിൽ പരാജയപ്പെട്ടു. തുടർന്ന് 2006 മുതൽ പ്രെസ്റ്റീജ് ബ്രാൻഡ്സ് എന്ന് പേരുമാറ്റിയ മെഡ്റ്റെക് ക്യൂട്ടെക്സ് വിൽക്കാനുള്ള ശ്രമം ആരംഭിക്കുകയും സെപ്റ്റംബർ 2010-ൽ ഇത് ക്യൂട്ടെക്സ് ബ്രാൻഡ്സ് എന്ന ഏകീകൃത രൂപത്തിന്റെ രൂപീകരണത്തിനു കാരണമാവുകയും ചെയ്തു.

2011-ൽ 32% വിൽപ്പന വർദ്ധിച്ചതോടെ നഖച്ചായങ്ങളുടെ പ്രചാരം അധരചായങ്ങളുടെ പ്രചാരത്തെ മറികടന്നു. 2012-ൽ അഡ്വാൻസ്ഡ് റിവൈവൽ എന്ന പേരിൽ 20 വർഷങ്ങൾക്ക് ശേഷമുള്ള ആദ്യ ചായം നീക്കംചെയ്യൽ ഫോർമുലയും ക്യൂട്ടെക്സ് ബ്രാൻഡ്സ് പുറത്തിറക്കിയിരുന്നു. ബയോ-സെറാമിക് ഗ്ലാസ് ഉൾപ്പെടുന്ന ചായം നഖത്തിൽ ചേർന്നിരിക്കുവാൻ സഹായിക്കുന്ന ബേസ്‌വർക്സ് (Baseworx) എന്ന പുതിയ ഉത്പന്നവും ക്യൂട്ടെക്സ് പുറത്തിറക്കിയിട്ടുണ്ട്.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ക്യൂട്ടെക്സ്&oldid=3630044" എന്ന താളിൽനിന്ന് ശേഖരിച്ചത്