ഡാനിയൽ ഡീഫോ
ഡാനിയൽ ഡീഫോ | |
---|---|
ജനനം | c.1659–1661 |
മരണം | 24 April 1731 |
തൊഴിൽ | Writer, Journalist, Merchant |
Genre | Adventure |
ഇംഗ്ലീഷ് സാഹിത്യകാരനായ ഡാനിയൽ ഡീഫോ 1660-ൽ ലണ്ടനിൽ ജനിച്ചു. ലണ്ടനിലെ ചാൾസ് മോർട്ടൻസ് അക്കാഡമിയിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. മേരി ടഫ്ലിയെ വിവാഹം കഴിച്ചു; ഏഴു കുട്ടികളുടെ പിതാവായി. കുറേക്കാലം ഹോസിയറി നിർമാതാവും കച്ചവടക്കാരനുമായി ഇദ്ദേഹം ജോലി ചെയ്തു
ജീവിത രേഖ
[തിരുത്തുക]1692-ൽ നിർധനനായി. അതിനുശേഷം റ്റിൽബെറിയിലെ ഒരു ഓടു നിർമ്മാണശാലയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. അവിടെയും പരാജയമായിരുന്നു ഫലം. ദ് ഷോർട്ടസ്റ്റ് വേ വിത് ഡിസെന്റേഴ്സ് രചിച്ചതിന്റെ പേരിൽ 1703-04 കാലത്ത് ജയിൽവാസമനുഭവിക്കേണ്ടിവന്നു. തുടർന്ന് ഏഴുവർഷക്കാലം റോബർട്ട് ഹാർലി പ്രഭുവിനുവേണ്ടി രാഷ്ട്രീയ വിഷയങ്ങൾ കൈകാര്യം ചെയ്തു. ഇക്കാലത്തു തന്നെ ദ് റെവ്യു ഒഫ് ദി അഫയേഴ്സ് ഒഫ് ഫ്രാൻസ് ആൻഡ് ഒഫ് ആൾ യൂറോപ്പ് എന്ന ആനുകാലികത്തിന്റെ എഡിറ്ററായും പ്രവർത്തിച്ചു. ദ് മാനുഫാക്ചറർ എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്റർ, ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഡിഫോയുടെ കാഥാകൃതികൾ
[തിരുത്തുക]- ദ് ലൈഫ് ആൻഡ് സ്ട്രെയ്ഞ്ച് സർപ്രൈസിംഗ് അഡ്വെഞ്ചേഴ്സ് ഒഫ് റോബിൻസൺ ക്രൂസോ (1719)
- മെമ്മൊയേഴ്സ് ഒഫ് എ കവലിയർ (1720)
- ദ് ഫോർച്യൂൺസ് ആൻഡ് മിസ്ഫോർച്യൂൺസ് ഒഫ് ദ് ഫെയ്മസ് മോൾ ഫ്ളാൻഡേഴ്സ് (1722)
- ദ് ഹിസ്റ്ററി ആൻഡ് റിമാർക്കബിൾ ലൈഫ് ഒഫ് ദ് ട്രൂലി ഓണറബിൾ കേണൽ ജാക് (1722)
- എ ന്യൂ വോയേജ് റൌൺഡ് ദ് വേൾഡ് (1724)
എന്നിവയാണ് ഡാനിയൽ ഡീഫോയുടെ കഥാകൃതികളിൽ പ്രധാനം. ഇക്കൂട്ടത്തിൽ റോബിൻസൺ ക്രൂസോയാണ് ഏറ്റവും കൂടുതൽ പ്രചാരം നേടിയത്. ഡാനിയൽ ഡീഫോ കാലത്തെ അതിജീവിച്ചത് ഈ കൃതിയിലൂടെയാണെന്നു നിസ്സംശയം പറയാം.
റോബിൻസൺ ക്രൂസോ എന്നകൃതി
[തിരുത്തുക]സഞ്ചാരസാഹിത്യം, കുറ്റവാളികളുടെ സാഹസിക കഥകൾ, സാമൂഹികശാസ്ത്രാധിഷ്ഠിതമായ നിബന്ധങ്ങൾ തുടങ്ങി അക്കാലത്തു പ്രചാരത്തിലിരുന്ന നിരവധി സാഹിത്യരൂപങ്ങളുടെ സങ്കേതങ്ങൾ ഈ കൃതിയുടെ രചനയിൽ ഇദ്ദേഹം ഉപജീവിക്കുകയുണ്ടായി. താൻ പിറന്നുവീണ മധ്യവർഗ പരിതാവസ്ഥയ്ക്കെതിരെ വിവേകശൂന്യമായി പൊരുതുന്ന ഒരു സാമൂഹികായോഗ്യനാണ് (social misfit) ഇതിലെ നായകൻ. കോളോണിയലിസം, ക്യാപ്പിറ്റലിസം, പ്യൂരിറ്റൻ ആത്മീയത, സാമ്രാജ്യത്വം തുടങ്ങിയ ചരിത്രപ്രതിഭാസങ്ങളുടെയും ചിന്താധാരകളുടെയും അന്തഃസത്ത തന്റെ നായകന്റെ സൃഷ്ടിയിൽ നോവലിസ്റ്റ് ഒളിപ്പിച്ചുവച്ചിരിക്കുന്നതായി നിരൂപകന്മാർ ചൂണ്ടിക്കാണിക്കുന്നു. ക്രൂസോയെപ്പോലെ തന്നെ ഏകാന്തതയിൽ തപ്പിത്തടയാൻ വിധിക്കപ്പെട്ടവളാണ് മോൾ ഫ്ലാൻഡേഴ്സും. അവളുടെ ലൈംഗിക സാഹസികതയും കുറ്റകൃത്യങ്ങളും അവളുടെ ജീവിതത്തെ ദുരിതപൂർണമാക്കിത്തീർക്കുന്നു. ഈ നോവലിന്റെ രചനയിൽ അന്തർധാരയായി വർത്തിക്കുന്ന മനഃശാസ്ത്രപരമായ അപഗ്രഥനരീതി പിൽക്കാലത്ത് ജെയിംസ് ജോയ്സ്, വെർജീനിയ വുൾഫ് എന്നിവരുടെ കൃതികളിൽ പൂർണവളർച്ച പ്രാപിക്കുകയുണ്ടായി. ഡീഫോയുടെ കഥാകൃതികളിൽ ഇതിവൃത്തത്തിന്റെ ദൃഢബദ്ധതകൊണ്ട് ഏറ്റവും ശ്രദ്ധേയമായത് എ ജേണൽ ഒഫ് ദ് പ്ലേഗ് ഇയർ ആണെന്നു പറയാം.
ഡീഫോയുടെ മറ്റുചില കൃതികൾ
[തിരുത്തുക]- ദ് ട്രൂബോൺ ഇംഗ്ലീഷ്മാൻ: എ സറ്റയർ (1701)
- ദ് സ്പാനിഷ് ഡിസന്റ് (1702)
- എ ഹിം റ്റു വിക്റ്ററി (1704)
- എ ഹിം റ്റു പീസ് (1706)
- എ ഹിം റ്റു ദ് മോബ് (1715)
തുടങ്ങിയ നിരവധി കാവ്യഗ്രന്ഥങ്ങൾ ഡാനിയൽ ഡീഫോയുടെ സംഭാവനയായുണ്ട്. ആദ്യകാലകവിതകളിൽ ആക്ഷേപഹാസ്യത്തിനാണ് മൂൻതൂക്കം.
- ആൻ ഇൻക്വയറി ഇന്റു ദി ഒക്കേഷണൽ കൺഫോമിറ്റി ഒഫ് ഡിസന്റേഴ്സ് (1698)
- ദ് ഷോർട്ടസ്റ്റ് വേ വിത് ദ് ഡിസന്റേഴ്സ് (1702)
- ദ് പൊളിറ്റിക്കൽ ഹിസ്റ്ററി ഒഫ് ദ് ഡെവിൾ (1726)
തുടങ്ങിയ ചില ഗദ്യകൃതികളും ഡീഫോ രചിച്ചിട്ടുണ്ട്. 1731 ഏപ്രിൽ 26-ന് ഇദ്ദേഹം അന്തരിച്ചു.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.online-literature.com/defoe/
- http://academic.brooklyn.cuny.edu/english/melani/novel_18c/defoe/index.html
- http://www.luminarium.org/eightlit/defoe/defoebio.htm
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡീഫോ, ഡാനിയൽ (1660 - 1731) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |