ഡേവിഡ് ഒക്റ്റർലോണി
ഡെൽഹിയിലെ ആദ്യത്തെ റെസിഡന്റായിരുന്ന ബ്രിട്ടീഷ് ഭരണകർത്താവും സൈനികനുമാണ് ഡേവിഡ് ഒക്റ്റർലോണി (ഇംഗ്ലീഷ്: David Ochterlony) (ജീവിതകാലം: 1758 ഫെബ്രുവരി 12 - 1825 ജൂലൈ 15). ഇന്ത്യയിലെ ഔദ്യോഗികജീവിതകാലത്ത് തദ്ദേശീയജീവിതരീതികൾ പൂർണ്ണമായി ഉൾക്കൊണ്ട് ജീവിച്ചതിന്റെ പേരിൽ ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നു.
1803-ലെ ഡെൽഹി യുദ്ധത്തിൽ മറാഠരെ തോൽപ്പിച്ച് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഡെൽഹിയുടെ നിയന്ത്രണമേറ്റതിനെത്തുടർന്നാണ് ഡേവിഡ് ഒക്റ്റർലോണി ഡെൽഹിയുടെ റെസിഡന്റായി നിയമിക്കപ്പെട്ടത്. തുടർന്ന് 1806 വരെയും ഒരു ഇടവേളക്കുശേഷം 1818 മുതൽ 1820 വരെയും അദ്ദേഹം ഡെൽഹിയിലെ റെസിഡന്റായിരുന്നു.
ഇന്ത്യൻ ശൈലിയിലുള്ള ജീവിതം
[തിരുത്തുക]ഡെൽഹിയിലെ രാജകീയജീവിതശൈലി ഒക്റ്റർലോണി ഏറെ ഇഷ്ടപ്പെടുകയും അപ്രകാരം ജീവിക്കുകയും ചെയ്തു. ഇന്ത്യൻ ഹുക്ക, നർത്തകികൾ, വസ്ത്രങ്ങൾ എന്നിവയോട് അദ്ദേഹത്തിന് അതീവതാൽപര്യമായിരുന്നു.[1]
ഒക്റ്റർലോണിക്ക് പതിമൂന്ന് ഇന്ത്യൻ ഭാര്യമാരുണ്ടായിരുന്നതായി പറയപ്പെടുന്നു. ഈ ഭാര്യമാർക്കൊപ്പം ആനപ്പുറത്തേറി ചെങ്കോട്ടക്കുചുറ്റും സഞ്ചരിക്കാറുണ്ടായിരുന്നു എന്നതും പ്രചാരം സിദ്ധിച്ച കഥയാണ്.[2] അക്കാലത്തെ ഇന്ത്യയിലെ കമ്പനി ഓഫീസർമാർ കുറേ ഭാര്യമാരടങ്ങിയ അന്തഃപുരം കൊണ്ടുനടക്കുന്നതും പതിവായിരുന്നു. ഒക്റ്റർലോണിയുടെ ഇന്ത്യൻ രീതിയിലേക്കുള്ള വൻമാറ്റത്തെക്കുറിച്ച് ബിഷപ്പ് ഹെബർ വിവരിച്ചിട്ടുമുണ്ട്. എന്നാൽ ഒക്റ്റർലോണിക്ക് ഇത്രമാത്രം ഭാര്യമാരുണ്ടായിരുന്നു എന്നത് ഒരു കെട്ടുകഥയായിരിക്കാൻ സാദ്ധ്യതയുണ്ടെങ്കിലും ഒന്നിൽക്കൂടുതൽ ഭാര്യമാർ അദ്ദേഹത്തിനുണ്ടായിരുന്നു.[3]
ഒക്റ്റർലോണിയുടെ വിൽപ്പത്രത്തിൽ തന്റെ ഇളയ കുട്ടികളുടെ മാതാവ്[4] എന്ന പേരിൽ അദ്ദേഹം ഒരു ഇന്ത്യൻ ഭാര്യ അഥവാ ബീബിയെക്കുറിച്ച് മാത്രമേ പറയുന്നുള്ളൂ. മഹരത്തൻ എന്നറിയപ്പെടുന്ന മുബാരക്കുൽനിസ്സ ബീഗം ആണിത്. ഇവർ ബീഗം ഒക്റ്റർലോണി എന്നും അറിയപ്പെടുന്നു. ഒക്റ്റർലോണിയുടെ രണ്ട് പെൺമക്കൾ ഈ ഭാര്യയിൽ നിന്നുള്ളതാണ്.[3] ഇവർ പൂണെയിൽ നിന്നുള്ള നർത്തകിയായ ബ്രാഹ്മണസ്ത്രീയായിരുന്നു. ഇവർ പിന്നീട് ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു. ഒക്റ്റർലോണിയെ അപേക്ഷിച്ച് വളരെ പ്രായക്കുറവായിരുന്നു ഇവർക്ക്. തീരുമാനങ്ങളും മറ്റും എടുക്കുന്നതിൽ ഇവർക്ക് ഒക്റ്റർലോണിയുടെ മേൽ അധികാരമുണ്ടായിരുന്നു.[4] ഒക്റ്റർലോണിയുടെ പുത്രനായ റോഡ്രിക്ക് പെരിഗ്രൈൻ ഒക്റ്റെർലോണി മറ്റൊരു ഇന്ത്യൻ ഭാര്യയിൽ നിന്നുണ്ടായതാണ്.[3]
അവലംബം
[തിരുത്തുക]കുറിപ്പുകൾ
[തിരുത്തുക]- ൧ ^ വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (in ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. ISBN 9780670999255. Retrieved 2013 ജൂലൈ 4.
{{cite book}}
: Check date values in:|accessdate=
(help)