ഫെർഡിനാന്റ് മഗല്ലൻ
ഫെർഡിനാന്റ് മഗല്ലൻ | |
---|---|
ജനനം | വസന്തകാലം, 1480 |
മരണം | 1521 ഏപ്രിൽ 27 |
മറ്റ് പേരുകൾ | pt: Fernão de Magalhães es: ഹെർനാണ്ടോ ഡ മഗല്ലനാസ് |
അറിയപ്പെടുന്നത് | ഭൂമി ചുറ്റിയുള്ള ആദ്യത്തെ കപ്പൽ യാത്രയുടെ കപ്പിത്താനായിരുന്നു; മഗല്ലൻ കടലിടുക്ക് കണ്ടെത്തി. |
ഒരു പോർച്ചുഗീസ് സഞ്ചാരിയായിരുന്നു ഫെർഡിനാന്റ് മഗല്ലൻ (ജനനം: വസന്തകാലം 1480 – മരണം: ഏപ്രിൽ 27, 1521). പോർച്ചുഗലിലെ സബ്രോസ ജില്ലയിൽ ജനിച്ച അദ്ദേഹം ആ രാഷ്ട്രത്തിന്റെ പല നാവിക സംരംഭങ്ങളിലും പങ്കെടുത്തെങ്കിലും ഒടുവിൽ സർക്കാരിന്റെ അപ്രീതിയ്ക്കു പാത്രീഭവിച്ചു. തുടർന്ന് സ്പെയിനിലെ സർക്കാരിന്റെ ആശ്രയം തേടിയ അദ്ദേഹം പതിനെട്ടു വയസ്സു മാത്രമുണ്ടായിരുന്ന ചാൾസ് ഒന്നാമൻ രാജാവിനെ, പടിഞ്ഞാറോട്ടു സഞ്ചരിച്ച് ഏഷ്യയിലേക്ക് ജലമാർഗ്ഗം കണ്ടെത്താനുള്ള പര്യവേഷണത്തെ പിന്തുണക്കാൻ സമ്മതിപ്പിച്ചു.[1] വിഷമം പിടിച്ച ആ യാത്രയിൽ മഗല്ലന്റെ പര്യവേഷകസംഘം, തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിനു കുറുകേ തെക്കൻ അറ്റ്ലാന്റിക്കിൽ നിന്ന് ശാന്തസമുദ്രത്തിലേക്കുള്ള മഗല്ലൻ കടൽപ്പാത കണ്ടെത്തി. എന്നാൽ ഫിലിപ്പീൻസിലെ സീബു ദ്വീപിന്റെ ഭരണാധികാരി മാക്ടാൻ ദ്വീപിലെ ശത്രുവിനെതിരെ നടത്തിയ യുദ്ധത്തിൽ പങ്കെടുത്ത മഗല്ലൻ കൊല്ലപ്പെട്ടു.
മഗല്ലനിക് പെൻഗ്വിനിന് ഈ പേര് ലഭിച്ചത് ഇദ്ദേഹത്തിൽ നിന്നാണ്. മഗല്ലന്റെ മേഘപടലങ്ങൾ (സമീപത്തുള്ള ചെറിയ ഗാലക്സികളാണിവ എന്ന് പിന്നീട് തിരിച്ചറിയപ്പെട്ടു), ചന്ദ്രനിലെയും ചൊവ്വയിലെയും ഇദ്ദേഹത്തിന്റെ പേരിലറിയപ്പെടുന്ന ക്രേറ്ററുകൾ [2] എന്നിവ കണ്ടെത്തിയ ആദ്യ യൂറോപ്യനാണ് ഇദ്ദേഹം. [3]
ആദ്യകാലജീവിതം
[തിരുത്തുക]റൂയി ദ മഗല്ലനും അൽഡാ ദ മെസ്ക്വിറ്റായും ആയിരുന്നു മഗല്ലന്റെ മാതാപിതാക്കൾ. പത്താമത്തെ വയസ്സിൽ മാതാപിതാക്കളെ നഷ്ടപ്പെട്ടതിനെ തുടർന്ന് അദ്ദേഹം പോർച്ചുഗലിലെ ലിയോനോർ രാജ്ഞിയുടെ കൊട്ടാരത്തിലെ പരിചാരകനായി ചേർന്നു.
1505-ൽ ഇൻഡ്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയിയായി നിയമിക്കപ്പെട്ട ഫ്രാൻസിസ്കോ അൽമീഡയെ അനുഗമിച്ച 22 കപ്പലുകളുടെ വ്യൂഹത്തിൽ 25 വയസ്സുള്ള മഗല്ലൻ ചേർന്നു. ഗോവയിലും കൊച്ചിയിലും കൊല്ലത്തുമായി അദ്ദേഹം എട്ടു വർഷം ഇൻഡ്യയിൽ ചെലവിട്ടു. 1506-ലെ കണ്ണൂർ യുദ്ധവും 1509-ലെ ഡിയൂ യുദ്ധവും ഉൾപ്പെടെയുള്ള സൈനികസംരംഭങ്ങളിലും മഗല്ലൻ പങ്കെടുത്തു. കണ്ണൂർ യുദ്ധത്തിൽ അദ്ദേഹത്തിനു പരിക്കേറ്റിരുന്നു.[4] പിന്നീട് ഡിയഗോ ലോപസ് സെക്വീരായുടെ നേതൃത്വത്തിൽ മലാക്കയിലേക്കു പോയ ആദ്യത്തെ പോർച്ചുഗീസ് ദൗത്യസംഘത്തിലും മഗല്ലൻ ചേർന്നു. അദ്ദേഹത്തിന്റെ സുഹൃത്തും, ഒരുപക്ഷേ ബന്ധുവുമായിരുന്ന ഫ്രാൻസെസ്കോ സെരാവോയും ആ ദൗത്യത്തിൽ ഉണ്ടായിരുന്നു.[5]മലാക്കയിലെത്തിയ ആ ദൗത്യസംഘം ഒരു ഗൂഢാലോചനയ്ക്ക് ഇരയായതിനെ തുടർന്ന് ദൗത്യം ഉപേക്ഷിച്ചു. ഗൂഢാലോചനയെക്കുറിച്ച് സംഘനേതാവിനു മുന്നറിയിപ്പു നൽകുന്നതിലും കരയിൽ ഇറങ്ങിക്കഴിഞ്ഞിരുന്ന അദ്ദേഹത്തെ അപകടം കൂടാതെ രക്ഷപ്പെടുത്തുന്നതിലും മഗല്ലൻ നിർണ്ണായകമായ പങ്കു വഹിച്ചു. [6] ഇത് അദ്ദേഹത്തിനു ബഹുമതികളും ജോലിക്കയറ്റവും നേടിക്കൊടുത്തു.
1511-ൽ അൽഫോൻസോ അൽബുക്കർക്ക് ഗവർണ്ണറായിരിക്കെ മഗല്ലനും സെരാവോയും മലാക്ക കീഴടക്കുന്നതിൽ പങ്കെടുത്തു. ആ യുദ്ധത്തിനു ശേഷം അവർ വഴിപിരിഞ്ഞു: ഉദ്യോഗക്കയറ്റവും കൊള്ളമുതലും എല്ലാം മഗല്ലന്റെ നില ഉയർത്തി. താൻ വേലക്കാരനായെടുത്ത് മാമ്മോദീസ മുക്കിയ മലാക്കയിലെ എൻറീക്കിനൊപ്പം 1512-ൽ അദ്ദേഹം പോർച്ചുഗലിലേയ്ക്കു മടങ്ങി. സുഗന്ധദ്വീപുകൾ കണ്ടെത്താൻ പോയ ആദ്യത്തെ പര്യവേഷകസംഘത്തിൽ അംഗമായി പോയ സെരാവോ മൊളൂക്കാസ് ദ്വീപിൽ തങ്ങി. അവിടെ അംബോയിനാ വംശത്തിൽ പെട്ട ഒരു നാട്ടുകാരിയെ വിവാഹം ചെയ്ത സെരാവോ പിന്നീട് ടെർനാറ്റേയിലെ സുൽത്താന്റെ സൈനികോപദേഷ്ടാവായി. സുഗന്ധവ്യഞ്ജനങ്ങൾ വിളയുന്ന കിഴക്കൻ നാടുകളെക്കുറിച്ച് മഗല്ലന് വിലയേറിയ അറിവുകൾ ലഭിച്ചത് സെരാവോയുടെ കത്തുകളിൽ നിന്നാണ്.[7][8]
ഇതിനിടെ ചില ദൗർഭാഗ്യങ്ങളും മഗല്ലനെ അലട്ടി. അസെമ്മൂറിലെ യുദ്ധത്തിലേറ്റ മുറിവ് അദ്ദേഹത്തിനു സ്ഥിരമായ മുടന്തു നൽകി. അനുമതിയില്ലാതെ അവധിയെടുത്ത മഗല്ലൻ പോർച്ചുഗീസ് അധികാരികളുടെ അപ്രീതിക്കു പാത്രമായി. മൂറുകളുമായി നിയമാനുസൃതമല്ലാത്ത കച്ചവടത്തിൽ ഏർപ്പെട്ടു എന്ന ആരോപണവും അദ്ദേഹത്തിന്റെ മേൽ ഉന്നയിക്കപ്പെട്ടു. ആ ആരോപണം കള്ളമാണെന്നു തെളിഞ്ഞെങ്കിലും 1514 മേയ് മാസത്തിനു ശേഷം കാര്യമായ ഒരുദ്യോഗവാഗ്ദാനവും അദ്ദേഹത്തിനു ലഭിച്ചില്ല. 1515 അവസാനം ഒരു പോർച്ചുഗീസ് കപ്പലിലെ നാവികനായി നിയമനം കിട്ടിയെങ്കിലും മഗല്ലൻ അതു സ്വീകരിച്ചില്ല. 1517-ൽ, സുഗന്ധദ്വീപുകളിലേയ്ക്കുള്ള ഒരു പര്യവേഷണയാത്രയെ സഹായിക്കാനുള്ള തന്റെ അഭ്യർത്ഥന നിരസിച്ച മാനുവേൽ ഒന്നാമൻ രാജാവുമായുള്ള കലഹത്തെ തുടർന്ന് മഗല്ലൻ പോർച്ചുഗൽ വിട്ടു സ്പെയിനിലേയ്ക്കു പോയി. സ്പെയിനിലെ സെവില്ലിൽ തന്റെ നാട്ടുകാരൻ ഡിയഗോ ബാർബോസയുടെ സൗഹൃദം നേടിയ മഗല്ലൻ അദ്ദേഹത്തിന്റെ മകൾ ബിയാട്രിസ് ബാർബോസയെ വിവാഹം കഴിച്ചു. അവർക്കു രണ്ടു മക്കൾ ജനിച്ചെങ്കിലും രണ്ടുപേരും ശൈശവത്തിലേ മരിച്ചു.
ഇതിനിടെ ഭൂമിശാസ്ത്രവിദഗ്ദ്ധൻ റൂയി ഫലേറിയയോടു ചേർന്ന് ഏറ്റവും പുതിയ ഭൂപടങ്ങൾ പഠിച്ച് അറ്റ്ലാന്റിക്കിൽ നിന്ന് തെക്കൻ ശാന്തസമുദ്രത്തിലേയ്ക്കു ഒരു വഴി കണ്ടെത്താൻ അദ്ദേഹം ശ്രമിച്ചു. സ്പെയിനിനും പോർച്ചുഗലിനും ഇടയ്ക്ക് ആഗോളതലത്തിൽ കോളനീകരണാവകാശം പകുത്തുനൽകുന്ന ടോർഡെസില്ലായിലെ ഉടമ്പടിയുടെ തീർപ്പനുസരിച്ച് മൊളൂക്കാസ് ദ്വീപുകൾ സ്പെയിനിന് അവകാശപ്പെട്ടതാണെന്നു സ്ഥാപിക്കുകയായിരുന്നു ഈ പഠനങ്ങളുടെ മറ്റൊരു ലക്ഷ്യം.
സാഹസയാത്ര
[തിരുത്തുക]തുടക്കം
[തിരുത്തുക]ഏറെ ധനശേഷിയില്ലാതിരുന്ന സ്പെയിനിലെ യുവരാജാവായ ചാൾസ് ഒന്നാമൻ മഗല്ലന്റെ അഭ്യർത്ഥനയെ മാനിച്ച് അദ്ദേഹത്തിന്റെ സാഹസയാത്രയ്ക്കായി പഴകിത്തുരുമ്പിച്ച അഞ്ചു കപ്പലുകൾ അനുവദിച്ചു. കപ്പലുകളുടെ അവസ്ഥ അറിയാമായിരുന്നതു കൊണ്ട്, പരിചയസമ്പന്നരായ നാവികർ മഗല്ലന്റെ സംരംഭത്തിൽ പങ്കുചേരുവാൻ തയ്യാറായില്ല. ഒടുവിൽ കടൽത്തീരത്ത് തൊഴിലില്ലാതെ അലഞ്ഞുതിരിഞ്ഞിരുന്നവരെ ചേർത്താണ് മഗല്ലൻ 280 പേരടങ്ങുന്ന തന്റെ യാത്രാസംഘം രൂപപ്പെടുത്തിയത്. 1519 സെപ്തംബർ 20-ആം തീയതി കപ്പലുകൾ ഗ്വാഡലൂക്വിവർ നദീമുഖത്തുള്ള സാൻ ലൂക്കാർ തുറമുഖത്തു നിന്ന് യാത്രതിരിച്ചു. വടക്കൻ അറ്റ്ലാന്റിക്കിൽ നിന്ന് ശീതകാലമാകുന്നതിനു മുൻപ് തിരിച്ച് തെക്കൻ അറ്റ്ലാന്റിക്കിൽ ചൂടുകാലത്ത് എത്തിച്ചേരുവാൻ കഴിഞ്ഞെങ്കിലും 1520 മാർച്ച് ആയപ്പോൾ ദക്ഷിണസമുദ്രത്തിലെ ശീതകാലം തുടങ്ങി. അതോടെ കപ്പലുകൾ നങ്കൂരമിട്ട ശേഷം അഞ്ചു തണുത്ത മാസങ്ങൾ അവർക്ക് തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്തുള്ള പറ്റഗോണിയയിൽ കഴിയേണ്ടി വന്നു.
മഗല്ലൻ കടല്പാത
[തിരുത്തുക]കഷ്ടപ്പാടുകൾ സഹിക്കാവുന്നതിലധികമായപ്പോൾ യാത്രാസംഘത്തിലെ അഞ്ചുകപ്പലുകളിൽ മൂന്നിലേയും നാവികർ കലാപമുയർത്തി. അതോടെ യാത്ര പുനരാരംഭിക്കാൻ മഗല്ലന് തന്റെ സംഘത്തോടു തന്നെ യുദ്ധം പ്രഖ്യാപിക്കേണ്ടി വന്നു. ഒരു കപ്പൽ അദ്ദേഹത്തെ വെട്ടിച്ച് രക്ഷപ്പെട്ട് സ്പെയിനിലേയ്ക്കു തിരികെ പോയി. മറ്റൊരു കപ്പൽ ഒരു പവിഴപ്പുറ്റിൽ ഇടിച്ചു തകർന്നു. അവശേഷിച്ച 3 കപ്പലുകളുമായി 1520 ആഗസ്റ്റ് മാസം മഗല്ലൻ യാത്ര പുനരാരംഭിച്ചു. തെക്കേ അമേരിക്ക മുറിച്ച് ശാന്തസമുദ്രത്തിലേക്കു ഒരു ഭൂഖണ്ഡാന്തര ജലമാർഗ്ഗം കണ്ടെത്താനായി അവരുടെ ശ്രമം. നവംബർ 28--നു ആ ശ്രമം വിജയിച്ചു. അങ്ങനെ അവർ "മഗല്ലൻ കടലിടുക്ക്" എന്നറിയപ്പെട്ട ജലമാർഗ്ഗത്തിൽ പ്രവേശിച്ചു. അറ്റ്ലാന്റിക്കിനെ ശാന്തസമുദ്രവുമായി കൂട്ടിയിണക്കുന്ന 280 മൈൽ ദൈർഘ്യമുള്ള ആ പാത തരണം ചെയ്യാൻ അവർ 38 ദിവസമെടുത്തു.
മരണം, ശേഷം
[തിരുത്തുക]പിന്നെ അവർ ശാന്തസമുദ്രത്തിൽ അന്തമില്ലാത്തതെന്നു തോന്നിക്കുന്ന യാത്ര തുടങ്ങി. [൧] അടുത്ത 98 ദിവസങ്ങളിൽ ആകെ കണ്ടത് രണ്ടു ചെറിയ ദ്വീപുകൾ മാത്രമായിരുന്നു. കപ്പലിൽ ഇല്ലായ്മകൾ പെരുകുകയും നാവികരെ സ്കർവി രോഗം വലയ്ക്കുകയും ചെയ്തു. ഇടയ്ക്ക് ഗുവാം ദ്വീപ് കണ്ടെങ്കിലും ദ്വീപുവാസികളുടെ ശത്രുത മൂലം അവിടെ ഇറങ്ങിയില്ല. 1521 ഏപ്രിൽ 7-ന് അവർ ഫിലിപ്പീൻസിലെ സീബു ദ്വീപിൽ ഇറങ്ങി. കപ്പലിലെ ദൗർലഭ്യങ്ങൾ നീക്കാൻ വേണ്ട വിഭവങ്ങൾ അവിടുന്ന് സമാഹരിക്കേണ്ടിയിരുന്നു. പ്രതിഫലമായി, സമീപത്തുള്ള മാക്ടാൻ ദ്വീപിലെ ശത്രുവുമായുള്ള യുദ്ധത്തിൽ സീബു ദ്വീപിലെ രാജാവിനെ സഹായിക്കാൻ മഗല്ലൻ സമ്മതിച്ചു. എന്നാൽ മാക്ടാനിലെ യുദ്ധത്തിൽ അതിരുകടന്ന ആത്മവിശ്വാസത്തോടെ, ആവശ്യത്തിനു മുൻകരുതലുകളില്ലാതെ പങ്കെടുത്ത മഗല്ലൻ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ മൃതദേഹം പോലും കണ്ടുകിട്ടിയില്ല.
അവശേഷിച്ച നാവികർ രണ്ടു കപ്പലുകൾക്കു മാത്രമേ തികയുമായിരുന്നുള്ളൂ. ഒരു കൂട്ടർ, അമേരിക്കയിലെ സ്വർണ്ണം തേടിയാവാം ശാന്തസമുദ്രത്തിൽ വന്ന വഴിയേ തിരികെപോയി. വിക്ടോറിയ എന്ന കപ്പലിന്റെ ചുമതല ഏറ്റെടുത്ത ഹുവാൻ സെബാസ്റ്റിൻ ദെൽ കാനോ അതിനെ സുഗന്ധദ്വീപുകൾ(spice islands) കടത്തി ഇൻഡ്യൻ മഹാസമുദ്രത്തിലും ശുഭപ്രതീക്ഷാമുനമ്പ് ചുറ്റി ആഫ്രിക്കയുടെ പശ്ചിമതീരത്തും എത്തിച്ചു. കേപ്പ് വെർദേ ദ്വീപിലെത്തിയ കപ്പലിലെ നാവികരിൽ പകുതിപേരെ അവിടെയുണ്ടായിരുന്ന പോർച്ചുഗീസുകാർ ബന്ധനത്തിലാക്കി. 22 പേർ എങ്ങനെയോ രക്ഷപ്പെട്ടുപോയി. 1522 സെപ്തംബർ 8-ന് മൂന്നോളം വർഷങ്ങൾക്കു ശേഷം വിക്ടോറിയ സ്പെയിനിലെ സെവിൽ തുറമുഖത്ത് മടങ്ങിയെത്തി. യാത്ര തുടങ്ങിയപ്പോൾ ഉണ്ടായിരുന്ന 280 പേരിൽ 18 പേർ മാത്രമാണ് ആ കപ്പലിൽ അപ്പോൾ ഉണ്ടായിരുന്നത്.
വിലയിരുത്തൽ
[തിരുത്തുക]ചരിത്രത്തിലെ ഏറ്റവും സാഹസികവും, ഭൂമിശാസ്ത്രപരമായ അറിവിനെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രയോജനകരവുമായ പര്യവേഷണങ്ങളിൽ ഒന്നിനാണ് മഗല്ലൻ നേതൃത്വം കൊടുത്തത്. അദ്ദേഹം ഭൂമിയ്ക്കു ചുറ്റും സഞ്ചരിച്ചു എന്നു പറയുക വയ്യ. എന്നാൽ യൂറോപ്പിൽ നിന്നു പടിഞ്ഞാറോട്ടു സഞ്ചരിച്ച് ഏഷ്യയിലെത്തുകയെന്ന കൊളംബസ്സിന്റെ പഴയ സ്വപ്നം സാക്ഷാത്കരിച്ചത് മഗല്ലനായിരുന്നു.[1]
മഗല്ലന്റെ നേട്ടത്തിന്റെ മഹത്ത്വം ഉടനെയെങ്ങും ശ്രദ്ധിക്കപ്പെട്ടില്ല. ലോകം ചുറ്റി മടങ്ങിയെത്തിയവൻ എന്ന ബഹുമതിയാകട്ടെ 'വിക്ടോറിയ'-യുടെ കപ്പിത്തൻ ഹുവാൻ സെബാസ്റ്റിൻ ദെൽ കാനോയ്ക്ക് ലഭിച്ചു. വർഷങ്ങൾക്കുശേഷം മാഗല്ലന്റെ കപ്പലിന്റെ നാൾവഴിപ്പുസ്തകം (log book) കണ്ടു കിട്ടിയതോടെയാണ്, പര്യവേഷണത്തിന്റെ നേതാവെന്ന നിലയിൽ അദ്ദേഹം നൽകിയ സംഭാവന തിരിച്ചറിയപ്പെട്ടതും അംഗീകരിക്കപ്പെട്ടതും.
നുറുങ്ങുകൾ
[തിരുത്തുക]ദക്ഷിണാർദ്ധഗോളത്തിൽ നിന്നു കാണാവുന്ന കുള്ളൻ താരാപഥങ്ങളായ മാഗല്ലനിക മേഘങ്ങൾക്കും(Magellanic clouds), തെക്കേ അമേരിക്കയിലെ മാഗല്ലനിക പെൻഗ്വിനുകൾക്കും (Magellanic Penguins) ഫെർഡിനാന്റ് മഗല്ലന്റെ പേരാണ്.
കുറിപ്പുകൾ
[തിരുത്തുക]൧ ^ അറ്റ്ലാന്റിക്കിനേക്കാൾ പ്രശാന്തമായിക്കാണപ്പെട്ട ശാന്തസമുദ്രത്തിന് ആ പേരു (പസിഫിക്) നൽകിയത് മഗല്ലനാണ്.[9]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 ദ റിഫോർമേഷൻ, ദ സ്റ്റോറി ഓഫ് സിവിലിസേഷൻ ആറാം ഭാഗം, വിൽ ഡുറാന്റ് (പുറങ്ങൾ 865-66)
- ↑ From the Gazetteer of Planetary Nomenclature, maintained by the USGS, in cooperation with IAU: Magelhaens on Moon, Magelhaens A on Moon, and Magelhaens on Mars. Accessed 2012-08-27.
- ↑ Hogan 2008
- ↑ James A. Patrick, "Renaissance and Reformation", p. 787, Marshall Cavendish, 2007, ISBN 0-7614-7650-4
- ↑ William J. Bernstein, "A Splendid Exchange: How Trade Shaped the World", p.183-185, Grove Press, 2009, ISBN 0-8021-4416-0
- ↑ Zweig, Stefan, "Conqueror of the Seas - The Story of Magellan", p.44-45, READ BOOKS, 2007, ISBN 1-4067-6006-4
- ↑ Zweig, Stefan, "Conqueror of the Seas - The Story of Magellan", p.51, READ BOOKS, 2007,ഏ ISBN 1-4067-6006-4
- ↑ R. A. Donkin, "Between east and west: the Moluccas and the traffic in spices up to the arrival of Europeans", p.29, Volume 248 of Memoirs of the American Philosophical Society, DIANE Publishing, 2003 ISBN 0-87169-248-1
- ↑ ജവഹർലാൽ നെഹ്രു, വിശ്വചരിത്രാവലോകനം(Glimpses of World History)(പുറങ്ങൾ 242-43)
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]പ്രാഥമിക സ്രോതസ്സുകൾ
[തിരുത്തുക]- Pigafetta, Antonio (1906), Magellan's Voyage around the World, Arthur A. Clark
{{citation}}
: Invalid|ref=harv
(help) (orig. Primer viaje en torno del globo Retrieved on 2009-04-08) - Maximilianus Transylvanus, De Moluccis insulis, 1523, 1542
- Nowell, Charles E. ed. (1962), Magellan's Voyage around the World: Three Contemporary Accounts, Evanston: NU Press
{{citation}}
:|first=
has generic name (help) - The First Voyage Round the World, by Magellan, full text, English translation by Lord Stanley of Alderley, London: Hakluyt, [1874] – six contemporary accounts of his voyage
- Oliveira, Fernando (1550–1560), The Voyage of Ferdinand Magellan, National Historical Institute (published 2002), ISBN 978-971-538-163-5, English translation by Peter Schreurs from the original Portuguese manuscript in the University Library of Leiden, The Netherlands.
ദ്വിതീയ സ്രോതസ്സുകൾ
[തിരുത്തുക]- Bergreen, Laurence (2003), Over the Edge of the World: Magellan's Terrifying Circumnavigation of the Globe, William Morrow, ISBN 978-0-06-621173-2, ISBN 0-06-093638-X
{{citation}}
: Check|isbn=
value: invalid character (help); Unknown parameter|laysummary=
ignored (help); Unknown parameter|month=
ignored (help) - Guillemard, Francis Henry Hill (1890), The life of Ferdinand Magellan, and the first circumnavigation of the globe, 1480–1521, G. Philip, retrieved 8 April 2009
- Hildebrand, Arthur Sturges (1924), Magellan, New York: Harcourt, Brace & Co, ISBN 978-1-4179-1413-5 (reprint)
{{citation}}
: Check|isbn=
value: invalid character (help) - Joyner, Tim (1992), Magellan, Camden, Me.: International Marine Publishing, ISBN 978-0-07-033128-0
- Nunn, George E. (1932), The Columbus and Magellan Concepts of South American Geography
- Parr, Charles M. (1953), So Noble a Captain: The Life and Times of Ferdinand Magellan, New York: Crowell, ISBN 0-8371-8521-1, ISBN 0-8371-8521-1
{{citation}}
: Check|isbn=
value: invalid character (help) - Parry, J. H. (1979), The Discovery of South America, New York: Taplinger
{{citation}}
: Unknown parameter|authorliYnk=
ignored (help) - Parry, J. H. (1981), The Discovery of the Sea, Berkeley: University of California Press, ISBN 978-0-520-04236-0
- Parry, J. H. (1970), The Spanish Seaborne Empire, New York: Knopf, ISBN 978-0-520-07140-7
- Pérez-Mallaína, Pablo E. (1998), Spain's Men of the Sea: Daily Life on the Indies Fleets in the Sixteenth Century, trans. Carla Rahn Phillips, Baltimore: Johns Hopkins University Press, ISBN 978-0-8018-5746-1
{{citation}}
: Unknown parameter|laysummary=
ignored (help) - Roditi, Edouard (1972), Magellan of the Pacific, London: Faber & Faber, ISBN 0-571-08945-3
- Schurz, William L. (1922), "The Spanish Lake", Hispanic American Historical Review, 5 (2), Duke University Press: 181–194, doi:10.2307/2506024, JSTOR 2506024.
{{citation}}
: Unknown parameter|month=
ignored (help) - Thatcher, Oliver J. ed. (1907), "Vol. V: 9th to 16th Centuries", The Library of Original Sources, University Research Extension Co, pp. 41–57, archived from the original on 2014-08-24, retrieved 8 April 2009
{{citation}}
:|first=
has generic name (help) - Wilford, John Noble (2000), The Mapmakers, New York: Knopf, ISBN 0-375-70850-2
{{citation}}
: Unknown parameter|laysummary=
ignored (help) - Zweig, Stefan (2007), Conqueror of the Seas – The Story of Magellan, Read Books, ISBN 1-4067-6006-4
ഓൺലൈൻ സ്രോതസ്സുകൾ
[തിരുത്തുക]- Swenson, Tait M. (2005), "First Circumnavigation of the Globe by Magellan 1519–1522", The Web Chronology project (published November 2005), retrieved 14 March 2006.
{{citation}}
: Unknown parameter|separator=
ignored (help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Magellan's untimely demise on Cebu in the Philippines from History House.
- Lists of crew members :