Jump to content

ജി. ബാലകൃഷ്ണൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(G. Balakrishnan Nair എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രൊഫ. ജി. ബാലകൃഷ്ണൻ നായർ
ജനനം(1923-02-05)ഫെബ്രുവരി 5, 1923
മരണം2011 ഫെബ്രുവരി 4
ദേശീയത ഇന്ത്യ
കലാലയംതിരുവനന്തപുരം സംസ്കൃത കോളേജ്
യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
അറിയപ്പെടുന്നത്ശ്രീനാരായണ കൃതികളുടെയും മറ്റു വേദാന്ത കൃതികളുടേയും വ്യാഖ്യാതാവും ആത്മീയ പ്രഭാഷകനും
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംസംസ്കൃതം
വേദാന്തം
ശ്രീനാരായണ ഗുരു
ഉപനിഷത്ത്
ആത്മീയത
സ്ഥാപനങ്ങൾപാലക്കാട് വിക്റ്റോറിയ കോളേജ്
മഹാത്മാഗാന്ധി കോളേജ്, തിരുവനന്തപുരം
തിരുവനന്തപുരം സംസ്കൃത കോളേജ്
തിരുവനന്തപുരം വുമൺസ് കോളേജ്
സ്വാധീനിച്ചത്വേദാന്തം

വേദാന്ത ആചാര്യനും ഭഗവദ്ഗീതയുടെയും ശ്രീനാരായണ കൃതികളുടെയും വ്യാഖ്യാതാവും ആത്മീയ പ്രഭാഷകനുമായിരുന്നു ജി. ബാലകൃഷ്ണൻ നായർ (1923, ഫെബ്രുവരി 5 - 2011 ഫെബ്രുവരി 4). ശിവഗിരിമഠം മുൻ ആചാര്യനും സംസ്‌കൃതാധ്യാപകനുമായിരുന്നു ഇദ്ദേഹം.

ജീവിതരേഖ

[തിരുത്തുക]

1923 ഫെബ്രുവരി 5-ന് തിരുവനന്തപുരം ജില്ലയിലെ പേരൂർക്കടയിൽ വഴയില കുറുക്കണ്ണാൽ വീട്ടിൽ സർവശ്രീ ഗോവിന്ദപ്പിള്ളയുടെയും ഗൗരിയമ്മയുടെയും മകനായി ജനിച്ചു. സാമ്പത്തിക പരാധീനത മൂലം അദ്ദേഹത്തിന് ഇംഗ്ലീഷ് സ്കൂളിൽ പ്രവേശിക്കുവാൻ സാധിച്ചിരുന്നില്ല. പിന്നീട് പേരൂർക്കടയിൽ ആരംഭിച്ച സംസ്കൃത സ്കൂളിൽ വിദ്യാർഥികളുടെ എണ്ണം തികയ്ക്കാനായി സ്കൂൾ അധികൃതർ ബാലകൃഷ്ണനെ നിർബന്ധിച്ചു ചേർത്തു. സംസ്കൃത പഠനത്തിന് അക്കാലത്ത് പ്രവേശനത്തുക വേണ്ടിയിരുന്നില്ല. പേരൂർക്കട സ്കൂളിൽ ചതുർത്ഥം (നാലാം ക്ലാസ്) വരെയും പഞ്ചമം മുതൽ പാൽക്കുളങ്ങരയിലെ സംസ്കൃത സ്കൂളിലും വിദ്യ അഭ്യസിച്ചു.

തിരുവനന്തപുരം ഗവണ്മെന്റ് സംസ്കൃത കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ ഔപചാരിക വിദ്യാഭ്യാസം നടത്തി. സംസ്കൃത വ്യാകരണണത്തിൽ മഹോപാധ്യായ ബിരുദവും കേരള യൂണിവേഴ്സിറ്റിയിൽ നിന്നും മലയാളത്തിലും, സംസ്കൃതത്തിലും ബിരുദാനന്തര ബിരുദവും ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ നിന്ന് ഹിന്ദിയിൽ ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ലക്ചററായി ജോലിയിൽ പ്രവേശിച്ചു.

ആദ്യകാലങ്ങളിൽ ക‌മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്നു ഇദ്ദേഹം. ദിവസവും നാലും അഞ്ചും മീറ്റിങ്ങുകളിൽ പ്രസംഗിയ്ക്കുകയും ക‌മ്യൂണിസ്റ്റ് സിദ്ധാന്തം ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിയ്ക്കുകയും ചെയ്തു. പട്ടം താണുപിള്ളയുടെ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ ശക്തികേന്ദ്രമായ പാൽക്കുളങ്ങരയിൽ നിന്ന് ക‌മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥിയായി നഗരസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ബാലകൃഷ്ണൻ പരാജയപ്പെട്ടു. ചൈനാ യുദ്ധത്തിന്റേയും അതോടാനുബന്ധിച്ച പ്രത്യയശാസ്ത്രസമരത്തിന്റേയും പേരിൽ 1962 ഓടെ ക‌മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഭിന്നിപ്പുണ്ടായപ്പോൾ പാർട്ടിയിൽ നിന്നു വിട്ടുപോന്നു.

1962 ജൂലൈ മാസം ഒന്നാംതീയതി, ഏഴര വയസ്സുള്ള മകൻ അരവിന്ദൻ ടെറ്റനസ് ബാധിതനായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വച്ച് മരണമടഞ്ഞു.ഏതാണ്ട് അമ്പതു മിനിട്ടോളം ശാന്തനായി ശിവ, ശിവ എന്നുച്ചരിച്ചുകിടന്ന ശേഷമാണ് ആ കുട്ടി മരണമടഞ്ഞത്[1].മകന്റെ മരണത്തോടെ പ്രൊഫസർ.ജീ ബാലകൃഷ്ണൻ നായർ “എന്തായാലും ഇനി യഥാർത്ഥ ശിവനെ, അതായത് ശാസ്ത്രീയമായ ജീവിതസത്യം എന്നൊന്നുണ്ടെങ്കിൽ അതന്വേഷിച്ചു കണ്ടെത്തിയിട്ട് മേൽകാര്യം“[1] എന്നുറച്ച് ആഴത്തിൽ വേദാന്ത കൃതികളുടെ പഠനം ആരംഭിച്ചു.ഇനി മുതൽ ഭൌതികമായ നേട്ടത്തിനുവേണ്ടി മുൻകൈയെടുത്ത് യാതൊന്നും പ്രവർത്തിക്കുകയില്ലെന്നും തീരുമാനിച്ചു.മകനായ അരവിന്ദനെ അദ്ദേഹം ഗുരുവായി സ്വീകരിച്ചു.

പാലക്കാട് വിക്ടോറിയാ കോളേജിലേക്ക് അദ്ദേഹത്തിന് സ്ഥലം മാറ്റം കിട്ടി. അവിടെ കോളേജിനടുത്ത് വിജ്ഞാനരമണീയം എന്ന പേരിൽ രമണമഹർഷിയുടെ സ്മാരകമായി നിർമ്മിച്ച ഒരു ആശ്രമമുണ്ടായിരുന്നു.വിക്റ്റോറിയ കോളേജിലും നല്ലൊരു സംസ്കൃത ഗ്രന്ഥശാല ഉണ്ടായിരുന്നു.അവിടെവച്ച് അദ്ദേഹം പ്രമുഖ വേദാന്ത കൃതികളായ ഭഗവദ്ഗീത, മാണ്ഡൂക്യോപനിഷത്തിന് ഗൌഡപാദാചാര്യർ എഴുതിയിട്ടുള്ള മാണ്ഡൂക്യകാരിക,യോഗവാസിഷ്ഠം, ബ്രഹ്മസൂത്രഭാഷ്യം, ഉപനിഷത്തുകൾ, വിദ്യാരണ്യസ്വാമികളുടെ പഞ്ചദശി, ജീവൻമുക്തിവിവേകം എന്നിവ ആഴത്തിൽ പഠിച്ചു[1]

വിക്ടോറിയ കോളേജിൽ പഠിപ്പിയ്ക്കുന്ന സമയത്ത് പ്രൊഫസർ. എസ് ഗുപ്തൻ നായരുടെ കൂടെയാണ് താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ പ്രോത്സാഹനത്തിൽ കേരളത്തിലെ മിക്ക രാമകൃഷ്ണ മിഷനുകളുമായും ബന്ധമുണ്ടാവുകയും രാമകൃഷ്ണ മിഷൻ പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങൾ പ്രകാശിതമാവുകയും ചെയ്തു.തുടർന്ന് കേരളത്തിലെ പല പ്രമുഖ പ്രസിദ്ധീകരണങ്ങളിലും വേദാന്തവിഷയത്തിൽ അദ്ദേഹത്തിന്റെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. പാലക്കാട് വച്ച് അദ്ദേഹം വേദാന്തഗ്രന്ഥങ്ങൾ വിശദീകരിയ്ക്കുന്ന പ്രഭാഷണങ്ങൾ തുടങ്ങുകയും ബ്രഹ്മയജ്ഞം എന്ന പേരിൽ അത് പിന്നീട് കേരളമാകെ പ്രസിദ്ധമാവുകയും ചെയ്തു

പാലക്കാട് വിക്ടോറിയാ കോളേജിൽ അധ്യാപകനായിരിയ്ക്കുന്ന സമയത്തു തന്നെയാണ് ശ്രീനാരായണഗുരുവിന്റെ കൃതികൾ അദ്ദേഹം ആദ്യം വായിയ്ക്കുന്നത്. സാധാരണക്കാർക്ക് ദുർഗ്രാഹ്യമായ ഗുരുദേവകൃതികൾക്ക് അന്ന് വ്യാഖ്യാനങ്ങൾ വളരെ കുറവായിരുന്നു.ശ്രീ നാരായണഗുരുവിന്റെ ദർശനങ്ങൾ സ്വയം ഉറച്ചുകിട്ടുന്നതിനായി പ്രൊഫസർ.ജീ ബാലകൃഷ്ണൻ നായർ ചില കൃതികൾക്ക് വ്യാഖ്യാനങ്ങളെഴുതുകയും, കേരളത്തിൽ ഗുരുദേവൻ സ്ഥാപിച്ച എല്ലാ ക്ഷേത്രങ്ങളിലും പോയി കുറച്ചുനാൾ താമസിച്ച് പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു.

പാലക്കാട് വിക്ടോറിയ കോളേജ്, തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജ് , യൂണിവേഴ്സിറ്റി കോളേജ് , ഗവണ്മെന്റ് സംസ്കൃത കോളേജ് എന്നിവിടങ്ങളിൽ ലക്ചററും പ്രൊഫസറുമായി ജോലിനോക്കി.1978ൽ ഉദ്യോഗത്തിൽ നിന്നും വിരമിച്ചു.

ഉദ്യോഗത്തിലിരിയ്ക്കുമ്പോൾ തന്നെ വേദാന്തത്തിൽ അഗാധമായ അറിവു നേടിയ അദ്ദേഹം, വിരമിച്ച ശേഷം 1980ൽ വർക്കല ശിവഗിരി സന്യാസമഠത്തിലെ മുഖ്യ ആചാര്യനായി സ്ഥാനമേറ്റു. 1980 മുതൽ 1990 വരെ പത്തുകൊല്ലം അദ്ദേഹം അവിടെ മുഖ്യാചാര്യനായി ഉണ്ടായിരുന്നു[2]. അവിടെ വച്ച് ഒരുകൊല്ലം ഒരു കൃതി എന്ന നിലയിൽ പത്തുകൊല്ലം കൊണ്ട് പത്ത് വാള്യങ്ങളിലായി ശ്രീനാരായണ ഗുരുവിന്റെ സമ്പൂർണ്ണ കൃതികൾക്കും വ്യാഖ്യാനമെഴുതി പ്രസിദ്ധീകരിച്ചു.

ചെന്തിട്ട തിയോസഫിക്കൽ സൊസൈറ്റിയിൽ വളരെക്കാലം ഗീതാ പ്രഭാഷണവും യോഗവാസിഷ്ഠ പ്രഭാഷണവും നടത്തിയിരുന്നു. ശാസ്തമംഗലം ശ്രീരാമകൃഷ്ണാശ്രമത്തിലും ഏറെനാൾ അദ്ദേഹത്തിന്റെ വേദാന്ത പ്രഭാഷണം നടന്നു[3]

ഏതെങ്കിലും രീതിയിലുള്ളാ മതാചാരങ്ങളോടോ, ആശ്രമങ്ങളുമായോ പ്രസ്ഥാനങ്ങളുമായോ അദ്ദേഹത്തിനു ഒരു ബന്ധവുമുണ്ടായിരുന്നില്ല. ശ്രീനാരായണ ഗുരുവിനെപ്പോലെ തന്നെ എല്ലാ മതങ്ങൾക്കും അതീതനായിത്തന്നെ അദ്ദേഹം അവസാനം വരേയും ജീവിച്ചു.അതേയവസരത്തിൽ എല്ലാ‍വരോടും യാതൊരു ദ്വേഷ്വവുമില്ലാതെ സഹകരിയ്ക്കുകയും ചെയ്തു.[4] വേദാന്തം സത്യജ്ഞാനത്തിനുള്ള ചിന്താരീതിയെന്ന നിലയിൽ ഒരു ഉപാധിയാണെന്നും അതിനു ഒരു മതത്തോടും യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വീണ്ടും വീണ്ടും ശ്രീനാരായണഗുരുവിനെ ഉദ്ധരിച്ച് പറയുമായിരുന്നു.[5]

2010 അവസാനത്തോടു കൂടി ശാരീരികമായി തികച്ചും അവശനാകുന്നതു വരെ സ്ഥിരമായി വേദാന്ത വിഷയത്തിൽ കൊല്ലത്തും തിരുവനന്തപുരത്തും മറ്റുമായി പ്രഭാഷണങ്ങൾ നടത്തിവന്നു.വേദാന്തവിഷയത്തിൽ സംശയങ്ങളുണ്ടാകുന്നവർക്ക് അദ്ദേഹത്തെ എപ്പോഴും ചെന്നുകാണുവാനും സാധിച്ചിരുന്നു.പ്രധാന ശിഷ്യയും ആയൂർവേദ ഡോക്ടറുമായ ഡോ.സരളയുടെ കൊല്ലത്തുള്ള വീട്ടിൽ മാസത്തിൽ കുറച്ചുനാൾ തങ്ങി ചികിത്സ കൊള്ളുകയും ആ സമയത്ത് കൊല്ലത്ത് പ്രഭാഷണം നടത്തുകയും ചെയ്യുമായിരുന്നു.അത്തരത്തിൽ ചികിത്സയിലിരിയ്ക്കുമ്പോൾ 2011 ഫെബ്രുവരി നാലാം തീയതി ദേഹവിയോഗമുണ്ടായി[3].

സ്വകാര്യജീവിതം

[തിരുത്തുക]

ബാലകൃഷ്ണൻ നായർ സംസ്കൃതകോളേജിൽ പഠിച്ച സഹപാഠിയായ സരസ്വതിയമ്മയെ പ്രണയിച്ചു വിവാഹം കഴിച്ചു. 1990-ൽ ഭാര്യ സരസ്വതിയമ്മ അന്തരിച്ചു. ഡോ. ഗോപാലകൃഷ്ണൻ നായർ (ആയുർവേദ കോളേജ് റിട്ട. പ്രൊഫസർ), വൈദ്യുതി ബോർഡിൽ നിന്ന് വിരമിച്ച ബാലചന്ദ്രൻ നായർ, ഡോ. സതി എന്നിവർ മക്കളാണ്.

പ്രധാനകൃതികൾ

[തിരുത്തുക]
  • ശ്രീനാരായണ ഗുരുദേവ കൃതികൾ- സമ്പൂർണ്ണ വ്യാഖ്യാനം.
  • ശ്രീമദ് ഭഗവത് ഗീത ശിവാരവിന്ദം മഹാഭാഷ്യം
  • വേദാന്ത ദർശനം ഉപനിഷദ് സ്വാധ്യായം (മൂന്നു ഭാഗങ്ങൾ)
  • ഭാഷ്യ പ്രദീപം- ബ്രഹ്മസൂത്ര ഭാഷ്യാനുവാദം
  • വാസിഷ്ഠ സുധ- യോഗ വാസിഷ്ഠ സാരം
  • ഭാഗവത ഹൃദയം
  • രണ്ട് വിദ്യാരണ്യ കൃതികൾ-പഞ്ചദശി, ജീവന്മുക്തി വിവേകം
  • രണ്ട് മലയാള മാമറകൾ - ഹരിനാമകീർത്തനം, ജ്ഞാനപ്പാന
  • പ്രൌഢാനുഭൂതി പ്രകരണ പ്രകാശിക.
  • ശ്രീ നാരായണ ഗുരുദേവ കൃതികൾ സമ്പൂർണ്ണ വ്യാഖ്യാനം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

പുരസ്കാരങ്ങൾ

[തിരുത്തുക]
  • ശ്രീനാരായണ സാംസ്‌കാരികസംഘം അവാർഡ്
  • ജീവന്മുക്തി വിവേകത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ്
  • ശ്രീനാരായണ സാംസ്‌കാരിക സമിതി അവാർഡ്
  • ശിവഗിരിമഠം അവാർഡ്
  • ഗീതാപുരസ്‌കാരം
  • വിശ്വസംസ്കൃതപ്രതിഷ്ഠാനം - പണ്ഡിതരത്നം പുരസ്കാരം .
  • സിദ്ധിനാഥനന്ദ സ്മാരക പുരസ്‌കാരം
  • രാമാശ്രമം പുരസ്‌കാരം
  • വേദാന്തരത്നം ബഹുമതി
  • കേരള വ്യാസൻ
  • കേരള സാഹിത്യഅക്കാദമി പുരസ്കാരം (സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം) ( 2010)
  • അദ്ധ്യാപകശ്രേഷ്ഠനുള്ള ഗുപ്തൻ നായർ പുരസ്‌കാരം[6] (2011)

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 The Hindu/Philosopher and guide
  2. മാതൃഭൂമി ഓൺലൈൻ/പ്രൊഫ.ജി.ബാലകൃഷ്ണൻ നായർ അതുല്യവ്യക്തിത്വം[പ്രവർത്തിക്കാത്ത കണ്ണി]
  3. 3.0 3.1 "മാതൃഭൂമി ഓൺലൈൻ/പ്രൊഫ.ജി.ബാലകൃഷ്ണൻ നായർ അന്തരിച്ചു". Archived from the original on 2011-03-12. Retrieved 2012-01-16.
  4. http://sreyas.in/category/acharya/g-balakrishnan-nair
  5. http://www.youtube.com/watch?v=3q1vB29zt7U
  6. Guptan Nair award for teacher

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജി._ബാലകൃഷ്ണൻ_നായർ&oldid=3756713" എന്ന താളിൽനിന്ന് ശേഖരിച്ചത്