ഗെറിറ്റ് ഡൗ
ഡച്ച് ചിത്രകാരനായിരുന്നു ഡൗ ഗെറിറ്റ് (1613 ഏപ്രിൽ 7 – 1675 ഫെബ്രുവരി 9). ലീഡനിൽ ജനിച്ച ഡൗ അവിടെത്തന്നെയാണ് പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചത്. 1628-ൽ റെംബ്രാൻഡിന്റെ ശിഷ്യനായി. ആദ്യകാലത്ത് വരച്ച അന്ന ആൻഡ് ദ് ബ്ലൈന്റ് റ്റോബിറ്റ് എന്ന ചിത്രം റെംബ്രാൻഡിന്റെ സഹായത്തോടെ പൂർത്തിയാക്കിയതാണെന്നു കരുതപ്പെടുന്നു. റംബ്രാൻഡ് ആംസ്റ്റർഡാമിലേക്കു പോയശേഷം ഡൗ സ്വന്തമായൊരു ശൈലി രൂപപ്പെടുത്തി. ചിത്രങ്ങൾ ചെറിയ തോതിലാണെങ്കിലും ഏറെ സൂക്ഷ്മതയോടെ വരയ്ക്കുന്നതിൽ ഇദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. പ്രവർത്തന സാഹചര്യത്തേയും ഉപകരണങ്ങളേയും സംബന്ധിച്ച് നിർബന്ധ ബുദ്ധിക്കാരനായിരുന്നു ഡൗ. തന്മൂലം എല്ലാം ഒത്തിണങ്ങുന്ന സാഹചര്യത്തിൽ മാത്രമേ മികച്ച കലാസൃഷ്ടിക്ക് ഒരുമ്പെട്ടി രുന്നുള്ളൂ.
ഡൗവിന്റെ ചിത്രങ്ങൾ
[തിരുത്തുക]ഡൗവിന്റെ ചില ചിത്രങ്ങൾ മാഗ്നിഫൈയിങ് ഗ്ലാസ്സിന്റെ സഹായത്തോടെ രചിച്ചവയാണ്. അനേക വിഷയങ്ങളെക്കുറിച്ച് ചിത്രങ്ങൾ വരച്ചുവെങ്കിലും ഭവനങ്ങളുടെ ഉൾഭാഗം ചിത്രീകരിക്കുന്നതിലാണ് ഡൗ കൂടുതൽ വൈദഗ്ദ്ധ്യം കാട്ടിയത്. കൃത്രിമ വെളിച്ച ത്തിൽ തിളങ്ങുന്ന ഗൃഹോപകരണങ്ങൾ അതിസൂക്ഷ്മമായി വരച്ചിരുന്നു.
1648-ൽ മറ്റൊരു ചിത്രകാരനായ ജാൻസ്റ്റിനുമായി ചേർന്ന് ലീഡ നിൽ ഗിൻഡ് ഒഫ് സെയ്ന്റ് ലൂക്കിനു രൂപംനൽകി. സ്റ്റിനിനെ അപേക്ഷിച്ച് ഡൗ കൂടുതൽ ധനവും പ്രശസ്തിയും നേടി. റെംബ്രാൻഡിന്റെ ചിത്രങ്ങളേക്കാൾ കൂടിയ വിലയ്ക്കാണ് ഡൗവിന്റെ ചിത്രങ്ങൾ വിറ്റഴിഞ്ഞിരുന്നത്. ഇംപ്രഷനിസം അരങ്ങേറിയതോടെയാണ് ഈ ചിത്രങ്ങൾക്കു വിലയിടിവു സംഭവിച്ചത്. സ്വന്തം വർക്ക്ഷോപ്പിൽ ഡൗ അനേകം ശിഷ്യന്മാർക്ക് പരിശീലനം നൽകിയിരുന്നു.
അവലംബം
[തിരുത്തുക]- http://www.nationalgallery.org.uk/artists/gerrit-dou
- http://www.getty.edu/art/gettyguide/artMakerDetails?maker=173
- http://arthistorynewsreport.blogspot.in/2012/03/gerrit-dou-16131675-painter-of-dutch.html
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡൌ, ഗെറിറ്റ് (1613 - 75) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |