Jump to content

ഗിൽഗമെഷ് ഇതിഹാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gilgamesh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗിൽഗമെഷ്

പുരാതന മെസൊപ്പൊട്ടേമിയയിലെ ഇതിഹാസകാവ്യവും ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യരചനകളിൽ ഒന്നുമാണ് ഗിൽഗമെഷ് ഇതിഹാസം. പുരാതനകാലത്തെ രാജവീരനായിരുന്ന ഗിൽഗമെഷിനെക്കുറിച്ചുള്ള ഒരു പറ്റം സുമേറിയൻ കഥകളും കവിതകളുമായി ആദ്യം രൂപമെടുത്ത ഇത്, വളരെക്കാലത്തിനുശേഷം അക്കേദിയൻ ഭാഷയിൽ കൂടുതൽ ദൈർഘ്യമുള്ള കാവ്യമായി സമാഹരിക്കപ്പെടുകയാണുണ്ടായതെന്ന് പണ്ഡിതന്മാർ കരുതുന്നു; ഈ കാവ്യത്തിന്റെ ഇന്ന് ലഭ്യമായ ഭാഷ്യങ്ങളിൽ ഏറ്റവും തികവുള്ളത്, ക്രിസ്തുവിനു മുൻപ് 7-ആം നൂറ്റാണ്ടിൽ അസീറിയയിൽ രാജാവായിരുന്ന അഷെർബാനെപാലിന്റെ ഗ്രന്ഥാലയത്തിൽ നിന്നുകിട്ടിയ 12 കളിമൺഫലകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നതാണ്. മൂലകഥയ്ക്ക്, 'ആഴം കണ്ടവൻ' എന്നും 'എല്ലാ രാജാക്കന്മാരേയും അതിലംഘിച്ചവൻ' എന്നും പേരുണ്ടായിരുന്നു. ഗിൽഗമെഷ്, ക്രിസ്തുവിനുമുൻപ് 27-ആം നൂറ്റാണ്ടിൽ സുമേറിയാ ഭരിച്ച ആദ്യരാജവംശകാലത്തിന്റെ രണ്ടാം ഘട്ടത്തിനൊടുവിലെ ഒരു ഭരണാധികാരിയായിരുന്നിരിക്കാം.[1]

കഥയുടെ കേന്ദ്രമായിരിക്കുന്നത് ഗിൽഗമെഷും അയാളുടെ സുഹൃത്തും പകുതി കാടനുമായ എൻ‌കിടുവും തമ്മിലുള്ള ബന്ധമാണ്. എൻകിടു, ഗിൽഗമെഷിന്റെ സാഹസികസം‌രംഭങ്ങളിൽ പങ്കുചേരുന്നു. എൻകിടുവിന്റെ മരണത്തെ തുടർന്ന് ഗിൽഗമെഷിനുണ്ടാകുന്ന നഷ്ടബോധത്തിന് കഥയിൽ ഏറെ പ്രാധാന്യമുണ്ട്. അവർ ഒരുമയിൽ മനുഷ്യത്വം കണ്ടെത്തുന്നതിനെക്കുറിച്ചാണ് കഥ. അമർത്ത്യതയും കഥയിലെ ഒരു പ്രധാന പ്രമേയമാണ്. എൻകിടുവിന്റെ മരണത്തിനുശേഷം, അമർത്യതക്കുവേണ്ടിയുള്ള ഗിൽഗമെഷിന്റെ അന്വേഷണം കാവ്യത്തിൽ വിസ്തരിക്കുന്നുണ്ട്.

ചരിത്രം

[തിരുത്തുക]

രണ്ടായിരത്തിലേറെ വർഷത്തിനിടെ രൂപപ്പെട്ട വ്യതിരിക്തവും മൗലികവുമായ ഒട്ടേറെ സ്രോതസ്സുകൾ ഈ കാവ്യത്തിനുണ്ടെങ്കിലും ഏറ്റവും പഴയതും ഏറ്റവും ഒടുവിലത്തേതുമായ ഭാഷ്യങ്ങളാണ് പരിഭാഷകളിൽ കഥയെ കൂട്ടിയിണക്കാൻ ആശ്രയിക്കാവുന്ന രൂപത്തിലുള്ളത്. അതിനാൽ പുരാതനമായ സുമേറിയൻ ഭാഷ്യത്തേയും, സാമാന്യഭാഷ്യം എന്ന് ഇപ്പോൾ അറിയപ്പെടുന്ന പിൽക്കാലത്തെ അക്കേദിയൻ ഭാഷ്യത്തേയുമാണ് പണ്ഡിതന്മാർ സാധാരണ ആശ്രയിക്കാറുള്ളത്. മിക്കവാറും ആധുനിക പരിഭാഷകൾ 'സാമാന്യഭാഷ്യത്തെ' ആശ്രയിച്ചുള്ളവയാണ്. അക്കേദിയൻ ഫലകങ്ങളിലെ കഥയിലുള്ള വിടവുകൾ നികത്താൻ മാത്രം പഴയ സുമേറിയൻ ഭാഷ്യത്തെ ആശ്രയിക്കുകയാണ് പതിവ്. പുതിയ കണ്ടെത്തലുകളെ ആശ്രയിച്ചുള്ള പരിഷ്കരിച്ച ഭാഷ്യങ്ങൾ കഴിഞ്ഞ ദശകങ്ങളിൽ ഇടക്കിടെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നുവെന്നതു പരിഗണിക്കുമ്പോൾ, ഈ ഇതിഹാസത്തിന്റെ പൂർണ്ണരൂപം ഇനിയും ലഭ്യമായിട്ടില്ലെന്നും വരാം.


ഇതിഹാസത്തിന്റെ സുമേറിയൻ ഭാഷ്യങ്ങളിൽ ഏറ്റവും പഴയവയ്ക്ക് ക്രിസ്തുവിന് 2150-2000 വർഷം മുൻപ് നിലനിന്നിരുന്ന ഊരിലെ മൂന്നാം രാജവംശത്തോളം പഴക്കമുണ്ട്. അക്കേദിയൻ ഭാഷ്യങ്ങളിൽ പഴക്കം കൂടിയവ ക്രിസ്തവിന് മുൻപ് രണ്ടാം സഹ്രാബ്ദത്തിന്റെ ആരംഭകാലത്തേതാണ്. നിനവേയിൽ അഷർബാനിപാലിന്റെ ഗ്രന്ഥശേഖരത്തിലെ നിന്നു കണ്ടുകിട്ടിയ 12 ഫലകങ്ങളടങ്ങിയ അക്കേദിയൻ സാമാന്യഭാഷ്യമാകട്ടെ, ക്രിസ്തുവിന് മുൻപ് 1300-നും 1000-ത്തിനും ഇടയ്ക്കെങ്ങോ സിൻ-ലിക്ക്-ഉന്നിന്നി സംശോധന ചെയ്തതാണ്.

ഗിൽഗമെഷ് ഇതിഹാസത്തിന്റെ അക്കേദിയൻ ഭാഷ്യത്തിന്റെ പ്രസിദ്ധമായ പ്രളയകഥ ഉൾക്കൊള്ളുന്ന പതിനൊന്നാം ഫലകം

ഗിൽഗമെഷ് ഇതിഹാസത്തിന്റെ ആദ്യത്തെ ആധുനിക പരിഭാഷ, അസീറിയൻ വിദഗ്ദ്ധൻ ജോർജ്ജ് സ്മിത്ത് 1880-ൽ നടത്തിയതാണ്.[2] ഇംഗ്ലീഷിലേക്ക് അടുത്ത കാലത്ത് നടന്ന പരിഭാഷകളിൽ ഒന്ന് അമേരിക്കൻ നോവലിസ്റ്റ് ജോൺ ഗാർഡ്‌നറുടേയും ജോൺ മെയറുടേയും സഹായത്തോടെ നടത്തി 1984-ൽ പ്രസിദ്ധീകരിച്ചതാണ്. 2001-ൽ നോർട്ടൻ ക്രിട്ടിക്കൽ സംശോധനാ പരമ്പരയുടെ ഭാഗമായി ബെഞ്ചമിൻ ഫോസ്റ്റർ പ്രസിദ്ധീകരിച്ച ഭാഷ്യത്തിൽ, അക്കേദിയൻ സാമാന്യഭാഷ്യത്തിലെ പല വിടവുകളും പൂർവരേഖകളെ ആശ്രയിച്ച് നികത്തിയിട്ടുണ്ട്. സാമാന്യഭാഷ്യത്തിന്റെ പരിഭാഷകളിൽ ഏറ്റവും വിശ്വസനീയമായി കരുതപ്പെടുന്നത് ആൻഡ്രൂ ജോർജ്ജ് രണ്ടുവാല്യങ്ങളായി പ്രസിദ്ധീകരിച്ച പതിപ്പാണ്. ആ ഭാഷ്യത്തിലെ വിവരങ്ങളുടെ ഏറ്റവും സമഗ്രമായ പരിഗണന ഉൾക്കൊള്ളുന്ന ഇത്, കഥയുടെ പുരാവിജ്ഞാനീയ സ്രോതസ്സുകളെ വിശദമായി ചർച്ച ചെയ്യുകയും ഫലകങ്ങൾ തിരിച്ചുള്ള വ്യാഖ്യാനം നൽകുകയും ചെയ്യുന്നു. ഈ പരിഭാഷ 2003-ൽ സാധാരണവായനക്കാരെ ഉദ്ദേശിച്ച് പെൻഗ്വിൻ പതിപ്പായും പ്രസിദ്ധീകരിച്ചു. 2004-ൽ സ്റ്റീഫൻ മിച്ചൽ സ്വന്തം വ്യാഖ്യാങ്ങളോടെ പ്രസിദ്ധീകരിച്ച "പുതിയ ഇംഗ്ലീഷ് പതിപ്പ്" ഏറെ വിവാദപരമായി.


ക്രിസ്തുവിനു 2600 വർഷം മുൻപുള്ള കിഷിലെ എന്മെബാരഗെസിയുടെ പേര് രേഖപ്പെടുത്തിയിട്ടുള്ള രണ്ട് കളിമൺ ഭരണികൾ ആധുനിക കാലത്ത് കണ്ടുകിട്ടിയെന്നത്, ഗിൽഗാമെഷ് ചരിത്രപുരുഷനായിരുന്നുവെന്ന വിശ്വാസത്തിന് ആക്കം കൂട്ടുന്നു. ഇതിഹാസത്തിൽ ഗിൽഗാമെഷിന്റെ രണ്ട് ശത്രുക്കളിൽ ഒരാളുടെ പിതാവായി എന്മെബാരഗെസി പ്രത്യക്ഷപ്പെടുന്നുണ്ട്.[3]

സാമാന്യഭാഷ്യം

[തിരുത്തുക]

ഈ ഭാഷ്യത്തിന്റെ 12 ഫലകങ്ങൾ നിനവേയിൽ അഷർബാനിപാലിന്റെ ഗ്രന്ഥശേഖരത്തിൽ സൂക്ഷിച്ചിരുന്നത്, ആസ്റ്റൻ ഹെന്‌റി ലെയാർഡ് 1849-ൽ കണ്ടെത്തി. സാഹിത്യരചനകളിൽ മാത്രം ഉപയോഗിച്ചിരുന്നതും അക്കേദിയൻ ഭാഷയുടെ രൂപഭേദങ്ങളിൽ ഒന്നും ആയിരുന്ന സാമാന്യബാബിലോണിയൻ ഉപഭാഷയിൽ ക്രിസ്തുവർഷാരംഭത്തിന് മുൻപ് പത്തും പതിമൂന്നും നൂറ്റാണ്ടുകൾക്കിടയിലാണ് അത് എഴുതപ്പെട്ടത്. പൂർവകഥകളെ ആശ്രയിച്ച് അതിന്റെ രചന നടത്തിയ് "സിൻ ലിക്ക് ഉന്നിന്നി" എന്നയാളാണെന്ന് അതിൽ തന്നെ സൂചനയുണ്ട്.


സാമാന്യഅക്കാദിയൻ ഭാഷ്യത്തെ പഴയ സുമേറിയൻ ഭാഷ്യങ്ങളിൽ നിന്ന് വ്യവച്ഛേദിക്കാൻ "ആഴങ്ങൾ കണ്ടവൻ" എന്ന അതിന്റെ ആമുഖവാക്യം(incipit) സഹായകമാണ്. പഴയഭാഷ്യങ്ങളുടെ തുടക്കം "എല്ലാ രാജാക്കന്മാരേയും അതിലംഘിച്ച്" എന്നായിരുന്നു. ആഴങ്ങൾ എന്ന് അർത്ഥമുള്ള അക്കേദിയൻ വാക്ക് ഉപയോഗിച്ചിരിക്കുന്നത് "അറിയപ്പെടാത്ത രഹസ്യങ്ങൾ" എന്ന അർത്ഥത്തിലാകാം. അമർത്ത്യതതേടിയുള്ള തന്റെ സാഹസികയാത്രക്കോടുവിൽ ഗിൽഗമെഷ് കൊണ്ടുവന്ന പ്രത്യേകമായ അറിവിനെയാണ് അത് സൂചിപ്പിക്കുന്നതെന്ന് അൻഡ്രൂ ജോർജ്ജ് കരുതുന്നു: എല്ലാ അറിവിന്റേയും ഉറവിടമായ എൻകിയുടെ ദൈവലോകത്തെക്കറിച്ചുള്ള അറിവാണ് അയാൾ കൊണ്ടുവന്നത്. ദൈവങ്ങളെ ആരാധിക്കേണ്ടതെങ്ങനെ, മനുഷ്യജീവികൾക്ക് മരണം വിധിച്ചിരിക്കുന്നതെന്തുകൊണ്ട്, നല്ല രാജാവിന്റെ ലക്ഷണങ്ങൾ എന്തൊക്കെ, ഏതാണ് നല്ല ജീവിതം, നന്നായി ജീവിക്കുന്നതെങ്ങനെ എന്നീ സമസ്യകൾക്കുള്ള സമാധാനമാണ് ഗിൽഗാമിഷ് കണ്ടത്തിയ അറിവിന്റെ ഉള്ളടക്കം എന്നാണ് പൊതുവേ വ്യാഖ്യാതാക്കൾ കരുതുന്നത്. കാവ്യത്തിന്റെ അവസാനഭാഗത്ത്, ബാബുലോണിയൻ പ്രളയകഥകളിലെ നായകനായ ഉട്ട്-നാപിഷ്ട്ടിം ഗിൽഗമെഷിനോട് തന്റെ കഥ പറയുന്നു. 'അത്രഹാസിസ്' എന്ന ബാബിലോണിയൻ ഇതിഹാസത്തിലെ കഥയുമായി ഈ പ്രളയകഥക്ക് സാമ്യമുണ്ട്.


അക്കേദിയൻ ഭാഷ്യത്തിന്റെ പന്ത്രണ്ടു ഫലകങ്ങളിൽ അവസാനത്തേത് മൂലകഥയോട് പിൽക്കാലത്ത് കൂട്ടിച്ചേർത്തതായിരിക്കാനാണിട. ഈ ഫലകത്തിലുള്ളത് അടുത്തകാലം വരെ ഇതിഹാസത്തിന്റെ ആധുനികഭാഷ്യങ്ങളിൽ ഒഴിവാക്കപ്പെട്ടിരുന്നു. മരിച്ചുപോയ എൻകിടുവിനെ ജീവനോടെ വീണ്ടും കഥയിൽ കൊണ്ടുവരുന്ന ഈ ഭാഗത്തിന് പതിനൊന്നു ഫലകങ്ങളിലെ കെട്ടുറപ്പുള്ള കഥയുമായി കര്യമായ ബന്ധമൊന്നുമില്ല. കഥാചംക്രമണം ആരംഭവരികൾ ആവർത്തനത്തിൽ സമാപിക്കുന്ന വൃത്തരൂപമാണ് പതിനൊന്നു ഫലകങ്ങളിലെ കഥക്ക്. പാതാളലോകത്തുനിന്ന് ചിലവസ്തുക്കൾ വീണ്ടെടുക്കാനായി ഗിൽഗമെഷ് എൻകിടുവിനെ അയക്കുന്നതായി പറയുന്ന ഒരു പഴയ കഥയുടെ തനിപ്പകർപ്പാണ് യഥാത്ഥത്തിൽ 12-അം ഫലകം. ആ യാത്രയിൽ ജീവനാശം വരുന്ന എൻകിടു, ആത്മാവായി വന്ന് പാതാളലോകത്തിന്റെ സ്വഭാവം ഗിൽഗമെഷിന് വിവരിക്കുന്നതായി പറയുന്ന ഈ കഥ, ഏഴാം ഫലകത്തിൽ അധോലോകത്തെക്കുറിച്ച് എൻകിടുവിനുണ്ടാകുന്ന സ്വപ്നം കൂടി കണക്കിലെടുക്കുമ്പോൾ മുഖ്യകഥയിൽ അപ്രസക്തമാണ്.[4]

ഗിൽഗാമെഷ് ഇതിഹാസത്തിലെ എൻകിടു, സിംഹവുമായി മല്ലടിക്കുന്നു

സാമാന്യഭാഷ്യത്തിന്റെ ഫലകം തിരിച്ചുള്ള കഥാസംഗ്രഹം ഏതാണ്ട് ഇപ്രകാരമാണ്:-

1. ഗിൽഗമെഷും എൻകിടുവും

[തിരുത്തുക]

ഊരുക്കിലെ രാജാവ് ഗിൽഗാമിഷിനെക്കുറിച്ചുള്ള ഒരു വിവരണത്തോടയാണ് കഥയുടെ തുടക്കം. മൂന്നിലൊന്നു ദൈവവും ബാക്കി മനുഷ്യനുമായ അദ്ദേഹം ലോകത്തിലെ ഏറ്റവും മഹാനായ രാജാവും എക്കാലത്തേയും രാജദൈവങ്ങളിൽ ഏറ്റവും ശക്തനുമായിരുന്നു. ആമുഖഭാഗം അദ്ദേഹത്തിന്റെ മഹത്ത്വം പാടുകയും ഉരുക്കിന്റെ ഇഷ്ടികമതിലിനെ പുകഴ്ത്തുകയും ചെയ്യുന്നു. എന്നാൽ പ്രജകൾ ഗിൽഗമെഷിന്റെ ഭരണത്തിൽ സന്തുഷ്ടരായിരുന്നില്ല. രാജ്യത്തെ ഓരോ നവവധുവിനുമൊപ്പം ആദ്യമായി ശയിക്കാനുള്ള അവകാശം പോലും തനിക്കുണ്ടെന്നു കരുതിയ ഗിൽഗമെഷിന്റെ അധികാരദുർവിനിയോഗത്തിൽ വലഞ്ഞ ജനങ്ങൾ സൃഷ്ടിയുടെ ദൈവമായ അരുരുവിനോട് പരാതി പറഞ്ഞു. 'അരുരു' ഇതിന് പരിഹാരം കണ്ടത്, ശക്തിയിൽ ഗിൽഗമെഷിനൊപ്പമായ എൻകിടു എന്ന കാടൻ മനുഷ്യനെ കളിമണ്ണിൽ നിന്ന് സൃഷ്ടിച്ചുകൊണ്ടാണ്. എൻകിടു ഇടയന്മാരെ ഉപദ്രവിക്കുവാനും നീരുറവകളിൽ വന്യമൃഗങ്ങളോടൊത്തു തുള്ളിച്ചാടാനും തുടങ്ങി. ഇതുകണ്ട ഒരു വേട്ടക്കാരൻ ഗിൽഗാമിഷിനോട് പരാതി പറയുന്നു. എൻകിടുവിനെ മെരുക്കാൻ ഷാംഹാത്ത് എന്ന അമ്പലവേശ്യയെ അയക്കുകയാണ് ഗിൽഗമെഷ് ചെയ്തത്. ഷാംഹാത്തുമായി ആറു രാപ്പകലുകൾ തുടർച്ചയായി രമിച്ചതോടെ എൻകിടു കാടത്തം മാറി സംസ്കൃതനായി. അതുവരെ അയാളോട് ചങ്ങാത്തം കാട്ടിയിരുന്ന വന്യമൃഗങ്ങൾ അയാളെ ഉപേക്ഷിക്കുകയും ചെയ്തു. ഊരുക്കിൽ ചെന്ന് അവിടത്തെ സാമൂഹ്യജീവിതത്തിൽ പങ്കുപറ്റാൻ ഷാംഹാത്ത് എൻകിടുവിനെ പ്രേരിപ്പിച്ചു. അതേസമയം തന്നെ ഗിൽഗമെഷിന് ചില വിചിത്ര സ്വപ്നങ്ങൾ ഉണ്ടാകാൻ തുടങ്ങി. അവയുടെ അർത്ഥം വ്യാഖ്യാനിച്ച ഗിൽഗമെഷിന്റെ അമ്മ, ശക്തനായ ഒരു സുഹൃത്തിന്റെ വരവിനെയാണ് ആ സ്വപ്നങ്ങൾ സൂചിപ്പിക്കുന്നതെന്ന് അറിയിച്ചു.

2. സൗഹൃദത്തിന്റെ തുടക്കം

[തിരുത്തുക]

ഒരു വിവാഹാവസരത്തിൽ എൻകിടുവും ഷാംഹാത്തും ഊരുക്കിലെത്തി. നവവധുവിനൊത്ത് ശയിക്കാനെത്തിയ ഗിൽഗമെഷ് ശക്തനായ എൻകിടു മണവറവാതിൽ തടഞ്ഞുനിൽക്കുന്നതു കണ്ടു. ഗിൽഗമെഷിന്റെ അതിക്രമം ഇഷ്ടപ്പെടാതിരുന്ന എൻകിടുവും അയാളുമായി തുടർന്നു നടന്ന ഘോരയുദ്ധത്തിൽ ജയിച്ചത് ഗിൽഗമെഷാണെങ്കിലും അതിനൊടുവിൽ അവർ ആലിംഗനം ചെയ്ത് സുഹൃത്തുക്കളായി. എൻകിടുവിന്റെ എതിർപ്പിനെ അംഗീകരിച്ച ഗിൽഗമെഷ് ധൈര്യത്തേയും കുലീനതയേയും പോലെ തന്നെ ദയയേയും വിനയത്തേയും വിലമതിക്കാൻ പഠിച്ചു. സൗഹൃദം ആ സുഹൃത്തുക്കളെ മാറ്റി മറിച്ചു. അവർ പരസ്പരം അനുകരിക്കാനും കാലക്രമേണ, സഹോദരങ്ങളെപ്പോലെ പെരുമാറാനും തുടങ്ങി.

3. ദേവദാരുവനം

[തിരുത്തുക]
ഗിൽഗാമെഷിന്റെ മാതാവ് നിൻസുൻദേവി, നവ സുമേറിയൻ കാലത്തെ ഒരു ചുവർചിത്രീകരണത്തിന്റെ അവശിഷ്ടം

കാലക്രമേണ ഊരുക്കിലെ ശാന്തജീവിതത്തിൽ വിരസത തോന്നിയ ഗിൽഗമെഷ്, ദേവദാരുവനത്തിൽ പോയി അതിന്റെ കാവൽക്കാരൻ ഹംബബാ എന്ന രാക്ഷസനെ കൊന്നും വലിയ ദേവദാരുക്കൾ വെട്ടിയെടുത്തും തനിക്കായി ഒരിക്കലും മങ്ങാത്ത പെരുമ നേടാൻ തീരുമാനിച്ചു. തന്റെ യശസ്സു വർദ്ധിപ്പിക്കുകയെന്നതിനൊപ്പം ദേവതാരുത്തടിയിൽ ദൈവങ്ങൾക്കുവേണ്ടി ഒരു കവാടം നിർമ്മിക്കുകയെന്ന ലക്ഷ്യവും ഗിൽഗമെഷിനുണ്ടായിരുന്നു. 'അനുന്നാക്കി' ദേവന്റെ വിശുദ്ധഭൂമിയാണ് ദേവദാരുവനമെന്നും അവിടെ മർത്ത്യാന്മാക്കൾ കടന്നുചെല്ലുന്നത് ശരിയല്ലെന്നും അറിയാമായിരുന്ന എൻകിടുവിന്റെ എതിർപ്പിനെ ഗിൽഗമെഷ് വകവച്ചില്ല. രാജസഭയിലെ അംഗങ്ങളും ഗിൽഗമെഷിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവരും പരാജയപ്പെട്ടു. ഒടുവിൽ എൻകിടുവിന് വഴങ്ങുകയല്ലാതെ വഴിയില്ലെന്നു വന്നു. പുറപ്പെടുന്നതിനുമുൻപ്, ഗിൽഗമെഷ് അയാളുടെ അമ്മയോട് യാത്രപറഞ്ഞു. മനസ്സില്ലാതെ മകനെ യാത്രയയച്ച അമ്മ അവനെ കാത്തുകൊള്ളാൻ സൂര്യദേവനായ ഷാമാഷിനോട് അപേക്ഷിച്ചു. എൻകിടുവിനെ അവർ രണ്ടാം പുത്രനായി സ്വീകരിക്കുകയും ചെയ്തു.

4. വനത്തിലേക്കുള്ള യാത്ര

[തിരുത്തുക]

ഗിൽഗമെഷും എൻകിടുവും ദേവദാരു വനത്തിലേക്ക് തിരിച്ചു. വഴിയ്ക്ക് ഗിൽഗമെഷിന് അഞ്ചു ദുസ്വപ്നങ്ങളുണ്ടായി. ഓരോ സ്വപ്നത്തേയും ശുഭസൂചകമാം വിധം വ്യാഖ്യാനിക്കുകയാണ് എൻകിടു ചെയ്തത്. ദേവദാരു വനത്തിനടുത്തെത്തിയ എൻകിടു ഭയപരവശനായെങ്കിലും ഗിൽഗമെഷ് അയാളെ പ്രോത്സാഹിപ്പിച്ചു. നാലാം ഫലകം കേടുവന്ന അവസ്ഥയിലായതുകൊണ്ട്, സ്വപ്നങ്ങളുടെ വിസ്തരിച്ചുള്ള പുനർനിർമ്മിതി ബുദ്ധിമുട്ടാണ്.

5. ഹംബബയുടെ വധം

[തിരുത്തുക]

വനത്തിലെത്തിയ സുഹൃത്തുക്കളെ ദേവദാരുക്കളുടെ കാവൽക്കാരനായ സത്വം, ഹംഹബായുടെ ഭീകരരൂപം നേരിട്ടു. ഇത്തവണ ഭയന്നത് ഗിൽഗമെഷ് ആയിരുന്നു. എൻകിടുവിന്റെ പ്രോത്സാഹനത്തിൽ ധൈര്യം കൈവരിച്ച അയാൾ പൊരുതാൻ തുടങ്ങി. ഹംഹബായുടേയും ഗിൽഗമെഷിന്റേയും പോര് സിറിയയിലെ മലകളെ ലെബനോനിൽ നിന്ന് വേർപെടുത്തി.


സൂര്യദേവൻ ഷാമാഷിന്റെ സഹായം ഗിൽഗമെഷിനും എൻകിടുവിനും കിട്ടി. അവസാനം ഷാമാഷ് തന്റെ പതിമൂന്നു വായുക്കളെ അവരുടെ സഹായത്തിനയച്ചതോടെ ഹംബബാ പരാജയപ്പെട്ടു. സത്വം തന്റെ ജീവൻ രക്ഷിക്കണമെന്ന് കെഞ്ചിയപ്പോൾ ഗിൽഗമെഷിന് ദയതോന്നി. എന്നാൽ സത്വത്തെ കൊല്ലാൻ എൻകിടു അയാളോടാവശ്യപ്പെട്ടു. ‍ഒടുവിൽ ഗിൽഗമെഷ് ഹംഹബയെ കൊന്നു. പിന്നെ അവർ ഒരു കൂറ്റൻ ദേവദാരു മുറിച്ച് ദേവന്മാർക്കായി ഒരു കവാടം നിർമ്മിച്ചു. അതിനെ യൂഫ്രട്ടീസ് നദിയിൽ ഒഴുക്കി അവർ ഊരുക്കിൽ മടങ്ങിയെത്തി.

6. ഇഷ്ടാർ, സ്വർഗ്ഗവൃഷഭം

[തിരുത്തുക]

ഗിൽഗമെഷിന്റെ യുദ്ധവീര്യം ആകാശദേവൻ അനുവിന്റെ മകളും യുദ്ധത്തിന്റേയും പ്രേമത്തിന്റേയും ദേവതയുമായ ഇഷ്ടാറിന് അയാളിൽ പ്രേമമുളവാക്കി. എന്നാൽ ദുമുസിയെപ്പോലുള്ള പഴയ കാമുകന്മാരോട് മോശമായി പെരുമാറിയിട്ടുള്ള അവളുടെ പ്രേമാഭ്യർത്ഥന ഗിൽഗമെഷ് നിരസിച്ചു. ക്രൂദ്ധയായ ഇഷ്ടാർ, ഗിൽഗമെഷിനെ ശിക്ഷിക്കാനായി സ്വർഗ്ഗവൃഷഭത്തെ തനിക്ക് വിട്ടുതരാൻ പിതാവിനോടാവശ്യപ്പെട്ടു. ഈ ആവശ്യം പിതാവ് നിരസിച്ചപ്പോൾ, പരേതാത്മാക്കളെയെല്ലാം ഉയിർപ്പിക്കുമെന്ന് ഇഷ്ടാർ ഭീഷണിപ്പെടുത്തിയതിനാൽ ഒടുവിൽ അനു വഴങ്ങി. സ്വർഗ്ഗവൃഷഭം ഭൂമിക്ക് പീഡയായിത്തീർന്നു. അത് വരൾച്ചയേയും മറ്റും സൂചിപ്പിക്കുന്നതാകാം. അതിന്റെ വരവിനെ തുടർന്ന് ജലം അപ്രത്യക്ഷമാവുകയും സസ്യങ്ങൾ ഉണങ്ങുകയും ചെയ്തു എന്ന് ഇതിഹാസം പറയുന്നു. ഏതായാലും, ഗിൽഗമെഷും എൻകിടുവും ഇത്തവണ, ദൈവങ്ങളുടെ സഹായമില്ലാതെ തന്നെ സ്വർഗ്ഗവൃഷഭത്തെ കൊന്ന് അതിന്റെ ഹൃദയം സൂര്യദേവൻ ഷമാഷിന് കാഴ്ചവച്ചു. ഇഷ്ടാറിന്റെ കരച്ചിൽ കേട്ട എൻകിടു, വൃഷഭത്തിന്റെ പൃഷ്ടം പറിച്ചെടുത്ത് അവളുടെ മുഖത്തെറിഞ്ഞ് അപമാനിക്കുക കൂടി ചെയ്തു. ഊരുക്ക് നഗരവാസികൾ ഈ വിജയം ആഘോഷിച്ചു. എന്നാൽ താമസിയാതെ എൻകിടുവിനെ ദുസ്വപ്നങ്ങൾ അലട്ടാൻ തുടങ്ങി.

7. എൻകിടുവിന്റെ അന്ത്യം

[തിരുത്തുക]

ഹംബബായെയും സ്വർഗ്ഗവൃഷഭത്തേയും കൊന്നതിന് ശിക്ഷയായി അതിനുത്തരവാദികളായ രണ്ടുപേരിൽ ഒരാളെങ്കിലും മരിക്കണമെന്ന് ദൈവങ്ങളുടെ സഭയിൽ തീരുമാനമായതായാണ് എൻകിടു സ്വപ്നം കണ്ടത്. ഒടുവിൽ എൻകിടു തന്നെയാണ് മരിക്കേണ്ടതെന്ന് അവർ തീരുമാനിച്ചു. അയാളുടെ ഭാഗം വാദിക്കാൻ സൂര്യദേവൻ ഷമാഷ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തനിക്കു സംഭവിക്കാനിരിക്കുന്നതറിഞ്ഞ് വിഷമിച്ച എൻകിടു സ്വപ്നത്തെക്കുറിച്ച് ഗിൽഗമെഷിനോടു പറഞ്ഞു. എൻകിടു ദൈവങ്ങളെപ്പോലും നിന്ദിക്കാനും അവർക്കുവേണ്ടി തങ്ങൾ നിർമ്മിച്ച ദേവതാരു വാതിലിനെ ശപിക്കാനും തുടങ്ങി. ഗിൽഗമെഷ്, ഷമാസിന്റെ ക്ഷേത്രത്തിൽ പോയി എൻകിടുവിനുവേണ്ടി പ്രാർത്ഥിച്ചു. താൻ മനുഷ്യരുടെ ഇടയിലേക്ക് വരാൻ അവസരമൊരുക്കിയ വേട്ടക്കാരനേയും അമ്പലവേശ്യ ഷാംഹാത്തിനേയും എൻകിടു ശപിച്ചു. സ്വർഗ്ഗത്തിൽ നിന്ന് എൻകിടുവിനോടു സംസാരിച്ച ഷമാഷ്, ഗിൽഗാമെഷിന് അയാളോടുള്ള സ്നേഹത്തെക്കുറിച്ച് ഓർമ്മിപ്പിച്ചു. അയാളുടെ മരണം ഗിൽഗാമെഷിനെ കഠിനമായി വേദനിപ്പിക്കുമെന്നും ഷമാഷ് എൻകിടുവിനോടു പറഞ്ഞു. ഇതുകേട്ട എൻകിടു തന്റെ ശാപത്തെക്കുറിച്ച് പശ്ചാത്തപിക്കുകയും ഷാംഹാത്തിനെ അനുഗ്രഹിക്കുകയും ചെയ്തു. ക്രമേണ രോഗാവസ്ഥയി, തനിക്കു കാണാറായ പരേതരുടെ ദാരുണലോകത്തെ വിവരിച്ചുകൊണ്ട് എൻകിടു മരിച്ചു. ധൂളിയുടെ ലോകമെന്ന് അയാൾ വിശേഷിപ്പിച്ച ആ ലോകത്തിൽ, പരേതാത്മാക്കൾ പക്ഷികളെപ്പോലെ തൂവലുകൾ ധരിച്ചിരിക്കുന്നതായും മണ്ണുതിന്ന് ഇരുട്ടിൽ കഴിയുന്നതായുമാണ് എൻകിടു കണ്ടത്.

8. ഗിൽഗമെഷിന്റെ ദുഃഖം

[തിരുത്തുക]

സുഹൃത്തിന്റെ മരണത്തിൽ ഗിൽഗമെഷ് വിലപിച്ചു. പരേതരുടെ ലോകത്തിലും തനിക്ക് എൻകിടുവിന്റെ സാമീപ്യം ലഭിക്കാനായി അയാൾ ദൈവങ്ങൾക്ക് കാഴ്ചകൾ അർപ്പിച്ചു. പ്രജകളോടെല്ലാം എൻകിടുവിനെക്കുറിച്ച് വിലപിക്കാൻ അയാൾ ആവശ്യപ്പെട്ടു. എൻകിടുവിന്റെ പ്രതിമകൾ നിർമ്മിക്കാനും അയാൾ ഉത്തരവിട്ടു. ദുഃഖാർത്തനായ ഗിൽഗമെഷ്, എൻകിടുവിന്റെ മൃതശരീരത്തെ വിട്ടുകൊടുക്കാൻ വിസമ്മതിക്കുകപോലും ചെയ്തു. ആറുദിനരാത്രങ്ങൾ കഴിഞ്ഞ് ശവശരീരം പുഴുക്കൾ തിന്നാൽ തുടങ്ങിയപ്പോഴാണ് അതിനെ സംസ്കാരത്തിന് വിട്ടുകൊടുക്കാൻ ഗിൽഗമെഷ് സമ്മതിച്ചത്.

9. അമർത്ത്യത തേടി

[തിരുത്തുക]

സുഹൃത്തിനെ നഷ്ടപ്പെട്ടതിലുള്ള ദുഃഖം മാത്രമായിരുന്നില്ല ഗിൽഗെമിഷിന്. എൻകിടുവിന്റെ മരണം, തന്റെ തന്നെ മർത്ത്യാവസ്ഥയെക്കുറിച്ചുള്ള ബോധവും അയാളിൽ ഉണർത്തി. അമർത്ത്യത കൈവരിക്കാനുള്ള അന്വേഷണമായി അയാൾ പിന്നെ. പുരാതനകാലത്തെ മഹാപ്രളയത്തെ അതിജീവിക്കുകയും ദേവന്മാരിൽ നിന്ന് അമർത്യതയുടെ വരം സമ്പാദിക്കുകയും ചെയ്തവരായ ഉട്ട്-നാപിസ്തുമിനേയും അയാളുടെ ഭാര്യയേയും അവർ ജീവിക്കുന്ന അതിദൂരദേശത്തെത്തി സന്ദർശിക്കാൻ ഗിൽഗമെഷ് തീരുമാനിച്ചു. ബൈബിളിലെ പ്രളയകഥയിലെ മുഖ്യകഥാപാത്രമായ നോഹക്ക് സമാനമായി സുമേറിയൻ പുരാണങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വീരനാണ് ഉട്ട്-നാപിസ്തും. പ്രായമേശാത്ത അയാളും പത്നിയും ഡിൽമൻ എന്നു പേരായ സുന്ദരദേശത്താണ് ജീവിക്കുന്നത്. അവിടേക്കുള്ള വഴിയിൽ പൂർവദിക്കിലേക്കു യാത്രചെയ്ത ഗിൽഗമെഷ്, നദികളും കടലുകളും കടന്ന് ലോകത്തിന്റെ അതിർത്തിയോടടുത്തുള്ള മലയിടുക്കിലെത്തി. അവിടെ തന്നെ നേരിട്ട സത്വങ്ങളേയും, സിംഹങ്ങളേയും കരടികളേയും മറ്റും അയാൾ കൊന്നു. താമസിയാതെ ഗിൽഗമെഷ് ലോകത്തിന്റെ വിളുമ്പിലെ മാസുപർവതത്തിന്റെ ഇരട്ടശിഖരത്തിലെത്തി. മറുലോകത്തുനിന്ന് സൂര്യൻ ഉദിച്ചുപൊങ്ങുന്നത് അവിടെയായിരുന്നു. അവിടെയുണ്ടായിരുന്ന കവാടത്തിന്റെ കാവൽക്കാർ രണ്ടു ഭീമൻ തേളുകളായിരുന്നു. താൻ ആരാണെന്നും തന്റെ അവസ്ഥയുമെല്ലാം ഗിൽഗമെഷ് വിവരിച്ചപ്പോൾ അയാളെ കവാടം കടന്നുപോകാൻ തേളുകൾ അനുവദിച്ചു. എല്ലാ രാത്രിയും സൂര്യൻ യാത്രചെയ്യുന്ന ഇരുണ്ട തുരങ്കത്തിൽ കൂടി, പകൽ തന്റെ ഒപ്പമെത്തുന്നതിനു മുൻപ് അയാൾ കടന്നുപോയി. വടക്കൻ കാറ്റിന്റേയും ഹിമത്തിന്റേയും പീഡനം സഹിച്ച് തുരങ്കത്തിന്റെ അറ്റത്തെത്തിയ ഗിൽഗമെഷ് പ്രവേശിച്ചത് പ്രഭയിൽ കുളിച്ചുനിന്ന ഒരു സുന്ദരദേശത്താണ്. അവിടെ മരങ്ങളുടെ ഇലകളത്രയും രത്നങ്ങളായിരുന്നു.

10. മരണക്കടൽ

[തിരുത്തുക]

അവിടെ കടലോരത്ത് ഗിൽഗമെഷ് മദ്യശാല നടത്തുന്ന സിദുരിയെന്ന ദേവതയെ കണ്ടു. ഗിൽഗമെഷിന്റെ വേഷഭാവങ്ങൾ കണ്ട് അയാൾ ഒരു കൊലയാളിയാണെന്നാണ് അവൾ ആദ്യം കരുതിയത്. എന്നാൽ അയാളുടെ കഥ കേട്ട അവൾ കൂടുതൽ അനുകമ്പ കാട്ടിയെങ്കിലും ഉദ്യമത്തിൽ നിന്ന് പിന്തിരിയാൻ ഉപദേശിച്ചു: തിന്നു കുടിച്ച് ആനന്ദിക്കുകയും വിവാഹം കഴിച്ച് സന്താനങ്ങൾക്ക് ജന്മം കൊടുക്കുകയും, മക്കളുടെ കുഞ്ഞിക്കൈകൾ പിടിച്ച് സന്തോഷിക്കുകയും മറ്റുമാണ് മനുഷ്യന് കയ്യെത്തിപ്പിടിക്കാവുന്ന സുഖങ്ങൾ എന്നും ദൈവങ്ങൾ അമർത്ത്യത തങ്ങൾക്ക് മാത്രമായി കരുതിയിരിക്കുന്നു എന്നുമൊക്കെ ഗിൽഗമെഷിനോട് അവൾ പറഞ്ഞെങ്കിലും ഫലിച്ചില്ല. ഒടുവിൽ അവൾ ഗിൽഗമെഷിനെ കടത്തുകാരൻ ഉർഷാനബിയുടെ അടുത്തേക്കയച്ചു. ഉർഷാനബി അപ്പോൾ ശിലാരാക്ഷസന്മാർക്കൊപ്പമായിരുന്നു. ശിലാരാക്ഷസന്മാരെ ശത്രുക്കളായി തെറ്റിദ്ധരിച്ച ഗിൽഗമെഷ് അവരെ കൊന്നു. പിന്നീട് ഗിൽഗമെഷിന്റെ കഥയും യാത്രയുടെ ലക്ഷ്യവും കേട്ട ഉർഷാനബി, ഉട്ട്-നാപിസ്തുമിന്റെ അടുത്തേക്ക് ഗിൽഗമെഷിനെ മരണക്കടൽ കടത്തി കൊണ്ടുപോകാൻ കഴിയുമായിരുന്നവർ ശിലാരാക്ഷസന്മാർ മാത്രമായിരുന്നു എന്ന് വെളിപ്പെടുത്തി. മരണനദിയിലെ ജലത്തിന്റെ സ്പർശം പോലും അപായകരമാണ്. അതിനുമേൽ കൈപായിക്കുന്നതുപോലും മരണം വിളിച്ചുവരുത്താം. 120 മരങ്ങൾ പിഴുത് അത്രയും തുഴക്കോലുകളുണ്ടാക്കി ഓരോ ഊന്നിനും പുതിയ കോൽ ഉപയോഗിച്ചാൽ ഒരുപക്ഷേ അപായം കൂടാതെ കടൽ കടക്കാനായേക്കാമെന്നും ഉർഷാനബി നിർദ്ദേശിച്ചു. ആ യാത്രയിൽ പായ്‌മരമായി ഉപയോഗിക്കേണ്ടത് ഉടുവസ്ത്രമാണ്. ഈ ഉപായം അവലംബിച്ച് ഒടുവിൽ ഉർഷാനബിയോടൊപ്പം ഗിൽഗമെഷ്, ഉട്ട്-നാപിസ്തുമിന്റെ ദ്വീപായ ദിൽമനിലെത്തി. വഞ്ചിയിൽ ഉർഷാനബിക്കൊപ്പം മറ്റൊരാളെ കണ്ട ഉട്ട്-നാപിസ്തും അത് ആരെന്ന് അന്വേഷിച്ച പ്പോൾ ഗിൽഗമെഷ് സ്വന്തം കഥ പറഞ്ഞു. എന്നാൽ ഗിൽഗമെഷിനെ സഹായിക്കാൻ ഉട്ട്-നാപിസ്തും വിസമ്മതിച്ചു. മർത്ത്യാവസ്ഥയിൽ നിന്ന് മോചനം നേടാനുള്ള ശ്രമം പാഴ്വേലയാണെന്നും അത് ജീവിതത്തെ കൂടുതൽ ദുരിതപൂർണ്ണമാക്കുകയേയുള്ളു എന്നുമാണ് ഉട്ട്-നാപിസ്തും വാദിച്ചത്.

11. നിഷേധിക്കപ്പെട്ട അമർത്ത്യത

[തിരുത്തുക]

പ്രളയകഥ

[തിരുത്തുക]

തനിക്ക് നിഷേധിക്കപ്പെടുന്ന അമർത്ത്യത മറ്റൊരു മനുഷ്യനായ ഉട്ട്-നാപിസ്തുമിന് കൈവന്നതെങ്ങനെയെന്ന് ഗിൽഗമെഷ് അന്വേഷിച്ചപ്പോൾ ഉട്ട്-നാപിസ്തും തന്റെ കഥ പറഞ്ഞു. 'അത്രഹാസിസ്' എന്ന ബാബിലോണിയൻ ഇതിഹാസത്തെ ആശ്രയിച്ചെഴുതിയ ഈ കഥക്ക് ബൈബിളിലെ പ്രളയകഥയുമായി ഒട്ടേറെ സമാനതകളുണ്ട്.


പണ്ട്, മനുഷ്യരുടെ ശബ്ദകോലാഹലം കേട്ടു പൊറുതിമുട്ടിയ ദൈവങ്ങൾ മനുഷ്യകുലത്തെയൊന്നാകെ പ്രളയത്തിൽ മുക്കി നശിപ്പിക്കാൻ തീരുമാനിച്ചു. ദൈവസഭയിലെ ഈ രഹസ്യനിശ്ചയം ഈയ ദേവൻ ഉട്ട്-നാപിസ്തുമിനെ മുൻകൂട്ടി അറിയിച്ചു. ദേവൻ ഉപദേശിച്ചതുനുസരിച്ച് ഉട്ട്-നാപിസ്തും ഒരു വലിയ വഞ്ചി ഉണ്ടാക്കി സ്വന്തം കുടുംബത്തോടും, എല്ലാ ജീവജാലങ്ങളിലും നിന്ന് ഓരോ ജോഡിയോടുമൊപ്പം അതിൽ പ്രവേശിച്ചു. ഏഴുദിനരാത്രങ്ങൾ നീണ്ടു നിന്ന പ്രളയവർഷം അവസാനിച്ചപ്പോൾ ഭൂമി സമുദ്രമായി മാറിയിരുന്നു. വെള്ളം ഇറങ്ങിയപ്പോൾ വഞ്ചി നിമുഷ് പർവതത്തിനു മുകളിൽ ഉറച്ചു. ഉട്ട്-നാപിസ്തും വഞ്ചിയുടെ കിളിവാതിൽ തുറന്ന് ഒരു പ്രാവിനെ വെളിയിൽ വിട്ടു. കരകാണാതെ അത് തിരിച്ചു വന്നു. പിന്നെ അയാൾ ഒരു കുരുവിയെ അയച്ചു. അതും മടങ്ങി വന്നു. ഒടുവിൽ അയാൾ ഒരു കാക്കയെ അയച്ചു. കര കാണാനായതുകൊണ്ട് അത് മടങ്ങി വന്നില്ല. അപ്പോൾ ഉട്ട്-നാപിസ്തും എല്ലാ ജീവജാലങ്ങളേയും വഞ്ചിയിൽ നിന്ന് ഇറക്കി വിട്ടു. വഞ്ചിയിൽ നിന്നിറങ്ങിയ ഉട്ട്-നാപിസ്തും അതേസ്ഥാനത്ത് ദൈവങ്ങൾക്ക് ബലിയർപ്പിച്ചു. ബലിയുടെ ഗന്ധം മണത്ത ദേവന്മാർ കൂട്ടമായി ഈച്ചകളെപ്പോലി ഓടിയെത്തി. അവരിൽ ചിലർ, ഉട്ട്-നാപിസ്തുമും മറ്റും പ്രളയത്തെ അതിജീവിച്ചതറിഞ്ഞ് ആദ്യം രോഷാകുലരായെങ്കിലും ഈയദേവൻ ഇടപെട്ട് അവരെ ശാന്തരാക്കി. എൻലിൽ ദേവൻ ഉട്ട്-നാപിസ്തുമിനും പത്നിക്കും അപ്പോൾ അമർത്ത്യതയുടെ വരം നൽകി.

നിദ്ര, യൗവനലത

[തിരുത്തുക]

പ്രളയകഥയിലെ വീരനായ തന്നെപ്പോലെ അമർത്ത്യത അവകാശപ്പെട്ടവനാണെന്ന് തെളിയിക്കാൻ ഏഴു രാവും പകലും ഉണർന്നിരിക്കാൻ ഉട്ട്-നാപിസ്തും ഗിൽഗമെഷിനെ വെല്ലുവിളിച്ചു. എന്നാൽ അയാൾ പറഞ്ഞു നിർത്തിയപ്പോൾ തന്നെ ഗിൽഗമെഷ് ഉറങ്ങിപ്പോയിരുന്നു. ഉറങ്ങുന്ന ഗിൽഗമെഷിനെ തന്റെ പത്നിയുടെ മുൻപിൽ വച്ച് ഉട്ട്-നാപിസ്തും പരിഹസിച്ചു. ഉണർന്നു കഴിയുമ്പോൾ പരാജയം അയാളെ ബോദ്ധ്യപ്പെടുത്താനായി, ഓരോ ദിവസവും ഓരോ അപ്പം ചുട്ട് അയാൾക്കു മുന്നിൽ വയ്ക്കാൻ ഉട്ട്-നാപിസ്തും ഭാര്യയോട് ആവശ്യപ്പെട്ടു. ഉറക്കമുണർന്ന ഗിൽഗമെഷിനെ ഉട്ട്-നാപിസ്തും ശകാരിച്ചു മടക്കി അയച്ചു. മടങ്ങിപ്പോകുന്ന അയാൾക്കൊപ്പം ഉട്ട്-നാപിസ്തും ഉർഷാനബിയേയും ബഹിഷ്കരിച്ച് അയച്ചു. ഗിൽഗമെഷിനെ മരണക്കടൽ കടത്തി കൊണ്ടുവന്നതിനുള്ള ശിക്ഷയായിരുന്നു ഉർഷാനബിക്ക് കിട്ടിയത്. എന്നാൽ ഇത്ര കഷ്ടപ്പാടുകൾ സഹിച്ച് വന്നെത്തിയ ഗിൽഗമെഷിനോട് കരുണകാട്ടാൻ ഉട്ട്-നാപിസ്തുമിന്റെ പത്നി അയാളോടാവശ്യപ്പെട്ടു. കടലിന്റെ അടിത്തട്ടിൽ വളരുന്ന യൗവനത്തിന്റെ ലതയുടെ കാര്യം അപ്പോൾ ഉട്ട്-നാപിസ്തും ഗിൽഗമെഷിനോടു പറഞ്ഞു. കാലിൽ കല്ലുകൾ കെട്ടി കടലിനടിയിൽ ഇറങ്ങിച്ചെന്ന് ഗിൽഗമെഷ് യൗവനത്തിന്റെ ലത പറിച്ചെടുത്തു. എന്നാൽ ലതയുടെ ശക്തിയിൽ വിശ്വാസം പോരാതിരുന്നതിനാൽ അയാൾ അത് ഉടനെ ഭക്ഷിച്ചില്ല. ഊരുക്കിലെത്തുമ്പോൾ അവിടെയുള്ള ഏതെങ്കിലും വൃദ്ധനിൽ അത് ആദ്യം പരീക്ഷിക്കാനായിരുന്നു അയാൾ തീരുമാനിച്ചത്. എന്നാൽ, വഴിക്ക് ഒരു തടാകത്തിൽ കുളിക്കാനിറങ്ങിയ ഗിൽഗമെഷ് കരയിൽ വച്ച യൗവനലത ഒരു സർപ്പം കൈയ്ക്കലാക്കി ഭക്ഷിച്ചു. അതോടെ സർപ്പം പഴയ തൊലി ഉരിഞ്ഞ് പുതുയൗവനം പ്രാപിച്ചു. അതുകണ്ട് ഗിൽഗമെഷ് ഉർഹാനബിയുടെ മുന്നിൽ കരഞ്ഞു. തന്റെ അവസരമെല്ലാം നഷ്ടപ്പെടുത്തിയ അയാൾ ഊരുക്കിലേക്ക് മടങ്ങി. അകലെ നിന്ന് നഗരത്തിന്റെ മതിലുകൾ കണ്ട അയാൾ അതിന്റെ മഹത്ത്വം ഉർഷാനബിക്ക് വിവരിച്ചുകൊടുക്കുകയും, മനുഷ്യർക്ക് സ്വർഗ്ഗം അപ്രാപ്യമായിരിക്കാമെങ്കിലും സ്വന്തം നഗരം നൽകുന്ന സുഖങ്ങൾ അനുഭവിക്കാനാകുമെന്ന് ആശ്വസിക്കുകയും ചെയ്യുന്നു.

12. അന്തിമഫലകം

[തിരുത്തുക]

ഈ ഫലകത്തിന്റെ ഉള്ളടക്കത്തിന് മുൻഫലകങ്ങളിലെ കഥയുമായി ബന്ധമൊന്നുമില്ല. പിൽക്കാലത്ത് മറ്റൊരെഴുത്തുകാരൻ കൂട്ടിച്ചേർത്തതാണ് അതെന്നാണ് പൊതുവേ കരുതപ്പെടുന്നത്. ഇതിൽ ഗിൽഗമെഷ് താൻ ചില കളിപ്പാട്ടങ്ങൾ പരേതരുടെ ലോകത്ത് മറന്നുപോയതായി പറയുന്നു. അവ വീണ്ടെടുത്തു കൊണ്ടുവരുന്ന ജോലി എൻകിടു ഏറ്റെടുക്കുന്നു. സന്തുഷ്ടനായ ഗിൽഗമെഷ്, പരേതരുടെ ലോകത്തു നിന്ന് തിരിച്ചുവരാൻ സാധിക്കണെമെങ്കിൽ എങ്ങനെയൊക്കെയാണ് പെരുമാറേണ്ടതെന്ന് എൻകിടുവിനെ പഠിപ്പിക്കുന്നു. എന്നാൽ ആ പാഠങ്ങളൊക്കെ മറന്ന എൻകിടു, അരുതാത്തതൊക്കെ ചെയ്യുക മൂലം തിരിച്ചുവരാനാകാതെ പരേതലോകത്ത് പെട്ടുപോകുന്നു. ഗിൽഗമെഷിന്റെ പ്രാർത്ഥനകേട്ട് ഈയ, ഷമാഷ് ദേവന്മാർ അയാളുടെ തിരിച്ചുവരവിൽ സഹായിക്കാൻ തയ്യാറായി. ഭൂമിയിൽ ഷമാഷ് ദേവൻ ഉണ്ടാക്കിയ ഒരു ദ്വാരത്തിലൂടെ ചാടി എൻകിടു രക്ഷപെടുന്നു. ഈ ഫലകം സമാപിക്കുന്നത്, പരേതലോകത്തെ വിശേഷങ്ങളെക്കുറിച്ച് ഗിൽഗമെഷ് എൻകിടുവിനെ ചോദ്യം ചെയ്യുന്നതോടെയാണ്. ആ ലോകത്തെക്കുറിച്ച് എൻകിടു കൊണ്ടുവന്ന വിവരങ്ങൾ ഒട്ടും ആകർഷകമായിരുന്നില്ല. ആർക്കും വിരസത തോന്നുന്ന ഒരു ലോകമാണതെന്നും ശ്രാദ്ധമൂട്ടാൻ മക്കളെ ജനിപ്പിക്കാതെ മരിക്കുന്നവർക്ക് അവിടം തീർത്തും ദുരിതപൂർണ്ണമായിരിക്കുമെന്നും എൻകിടു പറയുന്നു. മക്കൾ എത്രയധികം ഉണ്ടോ അത്രയും നന്ന്.

ഗിൽഗമെഷിന്റെ സ്വാധീനം

[തിരുത്തുക]

മൊസൊപ്പൊട്ടേമിയൻ സംസ്കാരത്തിന്റെ ഏറ്റവും മുന്തിയ സാഹിത്യശില്പമായ ഗിൽഗാമെഷിന്റെ കഥ, ഇസ്രായേൽക്കാർ പിന്നീട് കീഴടക്കിയ പലസ്തീനയിൽ അവർക്കുമുൻപേ കടന്നു ചെന്നിരുന്നു. അനാത്തോളിയായിൽ എത്തിയ അത് ഏഷ്യാമൈനറിലെ അയോണിയൻ യവനർക്കും ലഭ്യമായി. ഗ്രീക്ക് ഇതിഹാസമായ ഇലിയഡിൽ ഗിൽഗമെഷിന്റെ പ്രതിഫലനം കാണുന്നവരുണ്ട്. ഇലിയഡിൽ അക്കിലീസും പട്രോക്ലസും തമ്മിലുള്ള സൗഹൃദത്തിനും എബ്രായബൈബിളിൽ യുവാക്കളായ ദാവീദും ജോനാഥനും തമ്മിലുള്ള സൗഹൃദത്തിനും മാതൃകയായത് ഗിൽഗമെഷ്-എൻകിടുമാരുടെ ദൃഢമൈത്രിയാണെന്ന് പറയപ്പെടുന്നു.[5]


ഗിൽഗാമെഷിലേയും ബൈബിളിലേയും പ്രളയകഥകൾക്ക് ഒട്ടേറെ സമാനതകളുണ്ട്. ബൈബിളിലെ കഥ ഗിൽഗാമെഷ് ഇതിഹാസത്തെ ആശ്രയിച്ചെഴുതിയതിനാലാണ് അവക്കിടയിൽ ഇത്രയേറെ യോജിപ്പ് വന്നതെന്ന് കരുതുന്നവരുണ്ട്. എന്നാൽ യാഥാസ്ഥിതിക ക്രിസ്തീയ നിലപാട് ഈ വാദം തിരസ്കരിക്കുന്നു. രണ്ടുകഥകളും തമ്മിൽ ഒട്ടേറെ വ്യത്യാസങ്ങളും കണ്ടെത്താൻ കഴിയുമെന്നും അവ പരിഗണിക്കുമ്പോൾ ബൈബിൾ കഥയുടെ ഉറവിടം ഗിൽഗമെഷല്ലെന്നും രണ്ടു കഥകളും ഒരു പൊതുപാരമ്പര്യത്തിന്റെ സ്വതന്ത്രവും സമാന്തരവുമായ രൂപങ്ങളാണെന്നും പറയുന്നതാണ് ശരിയെന്നുമാണ് ഈ നിലപാടിന്റെ വിശദീകരണം.[6]


ഗിൽഗമെഷ് ഇതിഹാസം ഇന്ന് പരക്കെ അറിയപ്പെടുന്നു. പരിഭാഷകളിൽ പരക്കെ വായിക്കപ്പെടുന്ന ഈ കാവ്യത്തിലെ നായകൻ ഗിൽഗമെഷ് ഇപ്പോൾ, സാമാന്യസംസ്കൃതിയിൽ ബിംബപദവി കൈവരിച്ചിരിക്കുന്നു.

അവലംബം

[തിരുത്തുക]
  1. Gilgamesh (translated from the Sin-Leq-Unninnt version) by John Gardner and John Maier w/ assistance from Robert Henshaw ISBN 0-394-74089-0(pbk) p.4
  2. Smith, George (1872-12-03). "പ്രളയത്തിന്റെ കൽദായ കഥ=Sacred-Texts.com" (HTML). {{cite web}}: Check date values in: |date= (help)
  3. Dalley, Stephanie, Myths from Mesopotamia, Oxford University Press, 1989
  4. "MythHome: Gilgamesh the 12th Tablet". Archived from the original on 2017-02-13. Retrieved 2009-09-09.
  5. Gilgamesh Epic - MSN Encarta [1] Archived 2009-08-20 at the Wayback Machine.
  6. Catholic Encyclopedia - Noah [2]
"https://ml.wikipedia.org/w/index.php?title=ഗിൽഗമെഷ്_ഇതിഹാസം&oldid=3943359" എന്ന താളിൽനിന്ന് ശേഖരിച്ചത്