Jump to content

ഗൊണോറിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gonorrhea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗൊണേറിയ
മറ്റ് പേരുകൾGonorrhoea, gonococcal infection, gonococcal urethritis, the clap
Gonococcal lesion on the skin
ഉച്ചാരണം
  • /ˌɡɒn.əˈɹi.ə/
സ്പെഷ്യാലിറ്റിInfectious disease
ലക്ഷണങ്ങൾNone, burning with urination, vaginal discharge, discharge from the penis, pelvic pain, testicular pain
സങ്കീർണതPelvic inflammatory disease, inflammation of the epididymis, septic arthritis, endocarditis
കാരണങ്ങൾNeisseria gonorrhoeae typically sexually transmitted
ഡയഗ്നോസ്റ്റിക് രീതിTesting the urine, urethra in males, or cervix in females
പ്രതിരോധംCondoms, having sex with only one person who is uninfected, not having sex
TreatmentCeftriaxone by injection and azithromycin by mouth
ആവൃത്തി0.8% (women), 0.6% (men)

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഒരു രോഗമാണ് ഗൊണേറിയ. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ കൂടി രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരും. എന്നാൽ രോഗം ബാധിച്ചാൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ മാസങ്ങൾ വേണമെന്നതിനാൽ മറ്റൊരാളിലേക്ക് രോഗം കൈമാറ്റം ചെയ്യപ്പെടുമെന്നതാണ് ഗുരുതരമായ അവസ്ഥ. [1]

രോഗകാരി

[തിരുത്തുക]

നേസ്സെറിയ ഗൊണേറിയെ (Neisseria Gonorrhoeae) എന്ന ബാക്ടീരിയയാണ് രോഗം പരത്തുന്നത്. ഇത് ചൂടുള്ളതും ഈർപ്പമുള്ളതുമായ ശരീരഭാഗങ്ങളെ ബാധിക്കും. [2]

ഗൊണേറിയ ബാധിക്കുന്ന ശരീരഭാഗങ്ങൾ

[തിരുത്തുക]
  • യൂറിത്ര (മൂത്രം പുറത്തുപോകുന്ന നാളം)
  • കണ്ണുകൾ
  • തൊണ്ട
  • യോനി
  • മലദ്വാരം
  • സ്ത്രീകളിലെ പ്രത്യുത്പാദന അവയവങ്ങൾ (ഫാലോപിയൻ കുഴലുകൾ, സെർവിക്‌സ്, ഗർഭാശയം)

കാരണങ്ങൾ

[തിരുത്തുക]

സുരക്ഷിതമല്ലാത്ത ഏതുതരം ലൈംഗിക ബന്ധത്തിലൂടെയും ഗൊണേറിയ പകരാം. നിരവധി ആളുകളുമായി ലൈംഗിക ബന്ധം പുലർത്തുന്നവർക്കും ഗർഭനിരോധന ഉറകൾ ഉപയോഗിക്കാവർക്കുമാണ് രോഗസാധ്യത കൂടുതൽ. ഒരു പങ്കാളിയുമായുള്ള ലൈംഗിക ബന്ധം, ഗർഭനിരോധന ഉറകളുടെ ശരിയായ ഉപയോഗം എന്നിവയാണ് രോഗപ്രതിരോധ മാർഗ്ഗങ്ങൾ. മയക്കുമരുന്നുകൾ ഉൾപ്പെടെയുള്ള ലഹരികൾ ഉപയോഗിക്കുന്നവർക്കും ഗൊണേറിയ വരാനുള്ള സാധ്യത കൂടുതലാണ്. [3]

ലക്ഷണങ്ങൾ

[തിരുത്തുക]

രോഗബാധയുണ്ടായി സാധാരണ 14 ദിസവത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. എന്നാൽ ചിലരിൽ പ്രത്യേക ലക്ഷണങ്ങൾ കണ്ടെന്നുവരില്ല. ഇവരും രോഗവാഹകരാണ്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ ഇത്തരക്കാരിൽ നിന്നും രോഗം പകരും. [4]

പ്രധാന ലക്ഷണങ്ങൾ:-

[തിരുത്തുക]
  • യോനിയിൽ നിന്നുള്ള സ്രവം (വെള്ളം പോലെ അല്ലെങ്കിൽ കൊഴുത്തത് അല്ലെങ്കിൽ ഇളം പച്ച നിറത്തിൽ).
  • മൂത്രമൊഴിക്കുമ്പോൾ വേദന, നീറ്റൽ.
  • അടിക്കടി മൂത്രമൊഴിക്കാൻ തോന്നുക.
  • ആർത്തവസയത്ത് കൂടുതൽ രക്തസ്രാവം. ഉണ്ടാവുക.
  • തൊണ്ട ചൊറിച്ചിൽ.
  • ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ വേദന.
  • അടിവയറ്റിൽ അനുഭവപ്പെടുത്ത കടുത്ത വേദന.
  • പനി

പുരുഷന്മാരിലെ ലക്ഷണങ്ങൾ

[തിരുത്തുക]

ആഴ്ചകളോളം പുരുഷന്മാരിൽ കാര്യമായ ലക്ഷണങ്ങൾ കണ്ടെന്നുവരില്ല. ചിലരിൽ ലക്ഷണങ്ങൾ ഒരിക്കലും പ്രത്യക്ഷപ്പെടാതെയുമിരിക്കാം. രോഗം വന്ന് ഒരാഴ്ചയ്ക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. മൂത്രമൊഴിക്കുമ്പോൾ അനുഭവപ്പെടുന്ന വേദനയും നീറ്റലുമാണ് ആദ്യ ലക്ഷണങ്ങൾ. ദിവസങ്ങൾ കഴിയുന്നതിന് അനുസരിച്ച് മറ്റ് ലക്ഷണങ്ങളും കാണാനാകും. [5]

പ്രധാന ലക്ഷണങ്ങൾ ഇവയാണ്:-

  • കൂടുതൽ തവണ മൂത്രമൊഴിക്കുക, മൂത്രം പിടിച്ചുനിർത്താൻ കഴിയാതെ വരുക
  • ജനേന്ദ്രിയത്തിൽ നിന്ന് പഴുപ്പ് പോലെ തുള്ളി തുള്ളിയായി വീഴുക. ഇത് വെളുപ്പ്, മഞ്ഞ, ഇളംമഞ്ഞ, പച്ച നിറങ്ങളിലാവാം.
  • ജനനേന്ദ്രിയത്തിന്റെ അറ്റത്ത് വീക്കം അല്ലെങ്കിൽ തടിപ്പ്
  • വൃക്ഷണങ്ങളിൽ വീക്കം അല്ലെങ്കിൽ തടിപ്പ്
  • വിട്ടുമാറാത്ത തൊണ്ട ചൊറിച്ചിൽ

മരുന്ന് കഴിച്ച് ദിവസങ്ങൾ കഴിഞ്ഞാലും അണുബാധ നിലനിൽക്കും. ചില അവസരങ്ങളിൽ ഇത് ശരീരത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. പ്രത്യേകിച്ച് മൂത്രനാളത്തെയും വൃക്ഷണങ്ങളെയുമാണ് ഇത് ബാധിക്കുക. വേദന മലദ്വാരത്തിലേക്ക് വ്യാപിക്കുകയും ചെയ്യും.

സ്ത്രീകളിലെ ലക്ഷണങ്ങൾ

[തിരുത്തുക]

സ്ത്രീകളിലും പലപ്പോഴും പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാകില്ല. മറ്റ് സാധാരണ അണുബാധയുടെ ലക്ഷണങ്ങൾ ആയതിനാൽ പലപ്പോഴും തിരിച്ചറിയാനും പ്രയാസമായിരിക്കും. യോനിയിൽ യീസ്റ്റ്- ബാക്ടീരിയ എന്നി മൂലമുണ്ടാകുന്ന അണുബാധയുടെ ലക്ഷണങ്ങൾക്ക് സമാനമാണ് ഗൊണേറിയയുടെ ലക്ഷണങ്ങളും. [6]

പരിശോധന

[തിരുത്തുക]

വിവിധ മാർഗ്ഗങ്ങളിലൂടെ ഗൊണേറിയ സ്ഥിരീകരിക്കാൻ കഴിയും. അണുബാധയുള്ള ഭാഗത്തെ സ്രവം പരിശോധിച്ചും രക്തപരിശോധനയിലൂടെയും ഗൊണേറിയ കണ്ടെത്താനാകും. വളരെ വേഗത്തിൽ ചെയ്യാവുന്ന പരിശോധനയാണിത്. ഡോക്ടർക്കും ലാബിലും ഈ പരിശോധന ചെയ്യാനാകും. അണുബാധയുള്ള സ്ഥലത്തെ സ്രവം ശേഖരിച്ച് പ്രത്യേക രീതിയൽ സൂക്ഷിക്കുന്നതാണ് രണ്ടാമത്തെ രീതി. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഗൊണേറിയ ബാക്ടീരിയുടെ സാന്നിധ്യം കണ്ടെത്താനായാൽ രോഗം സ്ഥിരീകരിക്കാം. പ്രാഥമിക ഫലം 24 മണിക്കൂറിനുള്ളിൽ ലഭിക്കുമെങ്കിലും അന്തിമ ഫലത്തിനായി മൂന്ന് ദിവസം വരെ കാത്തിരിക്കേണ്ടിവരും. [7]

സങ്കീർണ്ണതകൾ

[തിരുത്തുക]

സ്ത്രീകളിലാണ് ഗൊണേറിയ കൂടുതൽ അപകടകാരിയാകുന്നത്. ശരിയായി ചികിത്സിച്ചില്ലെങ്കിൽ അണുബാധ ഗർഭാശയം, ഫാലോപിയൻ കുഴലുകൾ, അണ്ഡാശയങ്ങൾ എന്നിവയെ ബാധിക്കും. പെൽവിക് ഇൻഫ്‌ളമേറ്ററി ഡിസീസ് (PID) എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ഇതുമൂലം അസഹനീയമായ വേദന ഉണ്ടാവും. മാത്രമല്ല പ്രത്യുത്പാദന ആരോഗ്യം നഷ്ടമാവുകയും ചെയ്യും. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന മറ്റ് രോഗങ്ങളും പിഐഡിക്ക് കാരാണമാകാറുണ്ട്. ഗൊണേറിയ ബാധിച്ച അമ്മയ്ക്ക് ജനിക്കുന്ന കുഞ്ഞിന് അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. [8]

മൂത്രനാളത്തിൽ ഉണ്ടാകുന്ന വ്രണങ്ങളാണ് പ്രധാനമായും പുരുഷന്മാരിൽ കൂടുതലായി കണ്ടുവരുന്നത്. ലീംഗത്തിന്റെ ഉൾഭാഗത്ത് കടുത്ത വേദനയും അനുഭവപ്പെടും. ഇതുവഴി ലൈംഗിക ആരോഗ്യം നശിക്കും. അണുബാധ രക്തത്തിലെത്തിയാൽ സ്ത്രീകളിലും പുരുഷന്മാരിലും സന്ധിവാതം, ഹൃദയ വാൽവ് തകരാറ്, തലച്ചോറിലെയും സുഷ്മ്‌ന നാഡിയിലെയും സ്തരങ്ങൾക്ക് വീക്കം എന്നിവ ഉണ്ടാകാം. അപൂർവ്വമായാണ് ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകുന്നതെങ്കിലും ഇവ അതീവ ഗുരുതരമാണ്.

ചികിത്സ

[തിരുത്തുക]

ആന്റിബയോട്ടിക്കുകൾ കൊണ്ട് മിക്ക ഗൊണേറിയയും ചികിത്സിച്ച് ഭേദമാക്കാൻ കഴിയും. ഇതിനുള്ള ചികിത്സ സർക്കാർ ആശുപത്രികളിൽ സൗജന്യമായി ലഭ്യമാണ്. [9]

സ്വയം ചികിത്സ

[തിരുത്തുക]

വീട്ടിൽ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ചോ മെഡിക്കൽ സ്‌റ്റോറുകളിൽ നിന്ന് മരുന്ന് വാങ്ങിയോ ഗൊണേറിയ ചികിത്സിക്കാൻ ശ്രമിക്കരുത്. എന്തെങ്കിലും സംശയം തോന്നിയാൽ ഉടൻ ഡോക്ടറുടെ സഹായം തേടുക.

ആന്റിബയോട്ടിക്കുകൾ

[തിരുത്തുക]

സെഫ്ട്രിയാക്‌സോൺ, അസിത്രോമൈസിൻ എന്നിവയാണ് ഗൊണേറിയ ചികിത്സിക്കാൻ ഉപയോഗിക്കുന്ന പ്രധാന ആന്റിബയോട്ടിക്കുകൾ. ഇതിൽ ആദ്യത്തേത് ഇൻജക്ഷനാണ്. മരുന്ന് ഉപയോഗിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ വ്യത്യാസം അറിയാൻ കഴിയും. ചികിത്സയുടെ ഭാഗമായി രോഗിയുടെ പങ്കാളികളെ കണ്ടെത്തി അവർക്ക് കൂടി ചികിത്സ ലഭ്യമാക്കണം. രോഗവ്യാപനം തടയാൻ ഇതിലൂടെ കഴിയും. ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാൻ കഴിയുന്ന ഗൊണേറിയ കണ്ടുവരുന്നുണ്ട്. ഇത് ചികിത്സ പലപ്പോഴും സങ്കീർണ്ണമാക്കുന്നു. ഇത്തർക്കാർക്ക് ഏഴുദിവസം തുടർച്ചയായി ആന്റിബയോട്ടിക്ക് നൽകും. ചിലപ്പോൾ ഒന്നിലധികം മരുന്നുകൾ ഒരുമിച്ച് നൽകേണ്ടിയും വരാറുണ്ട്. തുടർ ചികിത്സയിൽ ദിവസം ഒന്നോ രണ്ടോ തവണ ആന്റിബയോട്ടിക്ക് കഴിച്ചാൽ മതിയാകും. അസിത്രോമൈസിനും ഡോക്‌സിസൈക്ലിനുമാണ് പ്രധാനമായും തുടർ ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. ഗൊണേറിയയ്ക്ക് എതിരെ പ്രതിരോധ കുത്തിവയ്പ്പ് വികസിപ്പിക്കാനുള്ള ഗവേഷണം നടന്നുകൊണ്ടിരിക്കുകയാണ്. [10]

പ്രതിരോധം

[തിരുത്തുക]

ഗൊണേറിയ ഉൾപ്പെടെയുള്ള ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഏത് രോഗവും പ്രതിരോധിക്കാനുള്ള മാർഗ്ഗം ലൈംഗിക ബന്ധങ്ങളിൽ സുരക്ഷ ഉറപ്പാക്കുക എന്നതാണ്. ഗർഭനിരോധന ഉറകൾ ശീലമാക്കുക. പതിവായി പരിശോധനകൾ നടത്തി രോഗബാധയില്ലെന്ന് ഉറപ്പുവരുത്തുക. നിങ്ങളുടെ പങ്കാളിയെയും പരിശോധനകൾക്ക് പ്രേരിപ്പിക്കുക. പങ്കാളിയിൽ ഗൊണേറിയയുടെയോ മറ്റോ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടാൻ ആവശ്യപ്പെടുക. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ വന്നിട്ടുള്ളവർക്ക് വീണ്ടും രോഗബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ഒന്നിലധികം ആളുകളുമായും പുതിയ പങ്കാളിയുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് രോഗ സാധ്യത വർദ്ധിപ്പിക്കുമെന്ന് ഓർക്കുക. [11]

അവലംബം

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഗൊണോറിയ&oldid=3299898" എന്ന താളിൽനിന്ന് ശേഖരിച്ചത്