Jump to content

ഹെൻ‌റി ലൂയിസ് വിവിയൻ ദെരൊസിയോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Henry Louis Vivian Derozio എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Henry Louis Vivian Derozio
Bust of Derozio at the Esplanade
Bust of Derozio at the Esplanade
ജനനം(1809-04-18)18 ഏപ്രിൽ 1809
Kolkata, West Bengal, India
മരണം26 ഡിസംബർ 1831(1831-12-26) (പ്രായം 22)
South Park Street Cemetery, Mother Teresa Sarani, Kolkata, India
തൊഴിൽteacher and poet
ദേശീയതIndian
Genreacademic, educator
സാഹിത്യ പ്രസ്ഥാനംBengal Renaissance
ശ്രദ്ധേയമായ രചന(കൾ)To India My Native Land

ഇന്തോ-ആംഗ്ലിയൻ കവിയും അധ്യാപകനുമാണ് ഹെൻ‌റി ലൂയിസ് വിവിയൻ ദെരൊസിയോ. 1809-ൽ ജനിച്ചു. പിതാവ് പോർച്ചുഗീസുകാരനും മാതാവ് ഇന്ത്യക്കാരിയുമാണ്. യൂറോപ്യൻ സംസ്കാരം ഇദ്ദേഹത്തിന്റെ കാവ്യജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തി. ഡ്രമണ്ട്സ് അക്കാദമിയിലായിരുന്നു വിദ്യാഭ്യാസം. സാഹിത്യം, ദർശനം എന്നീ വിഷയങ്ങളിലുള്ള നിരവധി ഗ്രന്ഥങ്ങൾ വായിക്കാൻ ഇക്കാലത്ത് അവസരം ലഭിച്ചു. ഫ്രഞ്ച് വിപ്ലവത്തിന്റെ ഗതിവിഗതികളെക്കുറിച്ച് സൂക്ഷ്മമായി പഠിക്കാനിടയായത് ഇദ്ദേഹത്തിൽ മനുഷ്യവാദത്തിൽ അധിഷ്ഠിതമായ ചിന്തകളുണരുന്നതിനു കാരണമായി.

1826-ൽ ദെരൊസിയോ കൊൽക്കത്തയിലെ ഹിന്ദു കോളജിൽ അധ്യാപകനായി. സാമ്പ്രദായികമായ രീതികളെ ഉല്ലംഘിക്കുന്ന അധ്യാപനശൈലി ഹിന്ദു കോളജിന്റെ ചരിത്രത്തിൽ ഇദ്ദേഹത്തിന് ഒരു ഇതിഹാസപുരുഷന്റെ സ്ഥാനം നേടിക്കൊടുത്തു. ഇദ്ദേഹം മുൻകൈയെടുത്തു സ്ഥാപിച്ച അക്കാദമിക് അസോസിയേഷൻ മനുഷ്യചിന്തയിലെ ആധുനിക പ്രവണതകളെപ്പറ്റി സ്വതന്ത്രമായ ചർച്ചകൾ സംഘടിപ്പിച്ചു. കോളജ് അധികൃതരുടെ അപ്രീതിക്കു പാത്രമായതിനെത്തുടർന്ന് 1831-ൽ ഇദ്ദേഹത്തിന് ഉദ്യോഗത്തിൽ നിന്നു വിരമിക്കേണ്ടിവന്നു. അതിനുശേഷം ദി ഈസ്റ്റ് ഇന്ത്യൻ എന്ന പത്രത്തിന്റെ എഡിറ്ററായി സേവനമനുഷ്ഠിച്ചു. ദി ഇന്ത്യാ ഗസറ്റ്, ദ് കൽക്കട്ടാ ലിറ്റററി ഗസറ്റ്, ദി ഇന്ത്യൻ മാഗസിൻ, ദ് ബംഗാൾ ജേർണൽ തുടങ്ങി നിരവധി ആനുകാലികങ്ങൾക്കുവേണ്ടി ഈടുറ്റ രചനകൾ നല്കുന്നതിനും ദെരൊസിയോയ്ക്കു കഴിഞ്ഞു.

ഇദ്ദേഹത്തിന്റെ കവിതകൾ ഭാവഗീതത്തിന്റെ സൗരഭ്യം വഹിക്കുന്നവയാണ്. ഇന്ദ്രിയപരതയും പ്രകൃതിനിരീക്ഷണവും ദേശാഭിമാനവും അവയിലുടനീളം കാണാം. ഇക്കാര്യത്തിൽ കാല്പനികയുഗത്തിലെ ഇളംതലമുറക്കവികളുടെ സ്വാധീനം പ്രകടമാണ്. പാശ്ചാത്യവും ഭാരതീയവുമായ പുരാണകഥകളുടെ സമഞ്ജസമായ മേളനം ദെരൊസിയോയുടെ കവിതകളെ മനോഹരമാക്കുന്നു. ദ് ഫക്കീർ ഒഫ് ഇംഗീറ: എ മെട്രിക്കൽ ടെയ് ൽ ആൻഡ് അദർ പോയംസ് (1824) എന്ന സമാഹാരത്തിലെ ശീർഷക കവിതയിൽ ഭഗത്പൂരിനു ചുറ്റുമുള്ള പ്രദേശത്തിന്റെ ഹൃദയഹാരിയായ വർണന കാണാം. 'ഫക്കീർ' ആയി മാറിയ മുൻകാല കാമുകന്റെ സഹായത്തോടെ രക്ഷപ്പെടുന്ന നളിനിയെന്ന സതിയുടെ കഥയാണ് ഈ കവിതയിൽ ആഖ്യാനം ചെയ്യുന്നത്.

ദെരൊസിയോയുടെ മിക്ക കവിതകളുടെയും മുഖ്യ ഭാവം വിഷാദമാണ്. ഇക്കാര്യത്തിൽ ഇംഗ്ളീഷ് കവിയായ ബൈറണിന്റെ പ്രകടമായ സ്വാധീനം കാണാം. തന്റെ ജന്മഭൂമിയായ ഭാരതത്തിന്റെ അടിമത്താവസ്ഥ കവിയെ വിഷാദഗ്രസ്തനാക്കി. ദ് ഹാർപ് ഒഫ് ഇന്ത്യ എന്ന കവിതയിൽ ഇത് വ്യക്തമായി കാണാം. ഐറിഷ് കവിയായ തോമസ് മൂറിന്റെ ദ് ഹാർപ് ഒഫ് എറിൽ എന്ന കവിതയുമായി ഈ കവിതയ്ക്കുള്ള സാദൃശ്യം ശ്രദ്ധേയമാണ്. ദ് ഗോൾഡൻ വെയ്സ് എന്ന കവിതയിൽ ദേശാഭിമാനമാണ് മുന്നിട്ടു നില്ക്കുന്നത്. ടു ദ് പ്യൂപ്പിൾസ് ഒഫ് ദ് ഹിന്ദു കോളജ് എന്ന ഗീതകത്തിൽ തന്റെ പ്രതിഭയെ ഉന്മിഷത്താക്കിയ കലാലയത്തോട് കവിക്കുള്ള വൈകാരികാഭിമുഖ്യം പ്രതിഫലിക്കുന്നു. ബൈറണിന്റെ കവിതകളുടെ ചുവടുപിടിച്ചു രചിച്ച 'ഡോൺ ജൂവാനിക്സ്' വിഭാഗത്തിൽപ്പെടുന്ന കവിതകളിൽ ഫലിതത്തിനും ഹാസ്യത്തിനുമാണ് മുൻതൂക്കം.

1831-ൽ ദെരൊസിയോ അന്തരിച്ചു.

അവലംബം

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദെരൊസിയോ, ഹെന്റി (1809 - 31) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.