Jump to content

അകാരണഭീതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Herpetophobia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു വസ്തുവിനോടോ ആളിനോടോ സ്ഥലത്തോടോ സന്ദർഭത്തോടോ ഒരാൾക്ക് തോന്നുന്ന അടിസ്ഥാനരഹിതമായ ഭയമാണ് അകാരണഭീതി (ഇംഗീഷിൽ ഫോബിയ എന്നുപറയുന്നു). മാനസിക രോഗങ്ങളിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്നത് അകാരണഭീതിയാണ്. മനുഷ്യരിൽ 25 ശതമാനം ആളുകളിലും എന്തെങ്കിലും തരം ഫോബിയ കാണപ്പെടുന്നു. സാധാരണ ഉള്ള ഭയത്തെ ഒരിക്കലും ഫോബിയ എന്നു വിളിക്കാനാവില്ല. എന്നാൽ പ്രതീക്ഷിക്കാതെ ഒരു സാഹചര്യത്തിൽപ്പെടുകയോ പെട്ടെന്നു് ഒരു വസ്തുവിനെ കാണുകയോ ചെയ്യുമ്പോൾ സംഭവിക്കുന്ന യുക്തിരഹിതമായ തീവ്ര ഭയമാണ് ഫോബിയ.

അപകടകരമായ അവസ്ഥകളിൽ നിന്നും രക്ഷിക്കുവാനുള്ള ശരീരത്തിന്റെ സ്വാഭാവികപ്രവർത്തനമാണ്‌ ഭയം. എന്നാൽ ഫോബിയ എന്നു വിളിക്കുന്ന അമിതഭയം മൂലം അപകടാവസ്ഥയിൽ ശരീരം തളരുകയും സ്വാഭാവികപ്രവർത്തനമായ ഭയത്തെ ഉൾക്കൊള്ളാനാകാതെ വരുകയും ചെയ്യുന്നു. നൂറുകണക്കിനു തരം ഫോബിയകൾ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇവയെല്ലാം അഗോറ ഫോബിയ, സോഷ്യൽ ഫോബിയ, സ്‌പെസിഫിക് ഫോബിയ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിൽ ഉൾപ്പെടുന്നു.

ഫോബിയ ലഘുമനോരോഗങ്ങളിൽ (Neurotic Reaction types) ഒന്നാണ്.[1] ഒബ്സസിവ് കമ്പൽസീവ് (Obsessive compulsive) മനോരോഗത്തോടു ചേർത്ത് ഇതിനെ വർഗീകരിക്കാൻ ചില വിദഗ്ദ്ധർ ശ്രമിച്ചു.[2] ബ്യൂലർ (1916) തുടങ്ങിയ ഫ്രഞ്ചു മനോരോഗവിദഗ്ദ്ധന്മാർ ഇതിനെ ആശങ്കാമനോരോഗം (Anxiety) ആയി വ്യവഹരിച്ചു.[3] മേൽപറഞ്ഞ രോഗമുള്ളവർക്കും ഒന്നോ രണ്ടോ തരം അകാരണഭീതി കൂടി ഉണ്ടാവുക സാധാരണമായതിനാൽ ഈ വർഗീകരണത്തിന്റെ അടിസ്ഥാനം മനസ്സിലാക്കാൻ കഴിയും. പക്ഷേ അകാരണഭീതി മാത്രമുള്ള ധാരാളം രോഗികളുണ്ട് എന്നത് ഒരു വസ്തുതയാകയാൽ അതു വേർതിരിച്ചു പഠിക്കേണ്ടതുണ്ട്.

ചരിത്രം

[തിരുത്തുക]

ആധുനിക മനശ്ശാസ്ത്രജ്ഞന്മാരുടെ ശ്രദ്ധയെ അകാരണഭീതിയിലേക്ക് ആദ്യമായി ആകർഷിച്ചത് 1871-ൽ വെസ്റ്റ്ഫാൽ പ്രസിദ്ധീകരിച്ച ഒരു ലേഖനമാണ്. വെസ്റ്റ്ഫാലിനു ശേഷം പലരും വിവിധതരം അകാരണഭീതികൾക്കു വിശദീകരണവും പേരും നൽകിയിട്ടുണ്ട്. സ്റ്റാൻലി ഹാൾ 1914-ൽ 136 തരം അകാരണഭീതികളെപ്പറ്റി പരാമർശിച്ചു. അഗോറഫോബിയ (Agoraphobia) - വിസ്താരമേറിയ വെളിംപ്രദേശത്തെപ്പറ്റിയുള്ള ഭയം,[4] ക്ളൌസ്ട്രോഫോബിയ-(claustrophobia) ഇടുങ്ങിയതും ഇരുളടഞ്ഞതുമായ സ്ഥലങ്ങളെപ്പറ്റിയുള്ള ഭീതി,[5] അക്രോഫോബിയ (Acrophobia) - ഉയരത്തിലേക്കു കയറുവാനുള്ള ഭയം,[6] മിസോഫോബിയ (Mysophobia) - മാലിന്യഭീതി,[7] സൂഫോബിയ (Zoophobia)- മൃഗങ്ങളെപ്പറ്റിയുള്ള ഭയം,[8] പൈറോഫോബിയ (Pyrophobia)- അഗ്നിഭീതി എന്നിവയെല്ലാം ഹാളിന്റെ വർഗീകരണത്തിലുൾപ്പെടുന്നു.[9]

ഫ്രോയിഡ് ഈ രോഗത്തെ ആങ്സൈറ്റി ഹിസ്റ്റീരിയ (Anxiety hysteria) എന്നു വിളിച്ചു.[10] ശിശുക്കളുടെ അകാരണഭീതിയെപ്പറ്റിയുള്ള പഠനവും അപഗ്രഥനവും പ്രൌഢവയസ്ക്കരിലെ അകാരണഭയത്തിന്റെ പശ്ചാത്തലത്തിലേക്കു വെളിച്ചം വീശുമെന്ന് അദ്ദേഹം വാദിച്ചു.

ഫ്രോയിഡിന്റെ വിശകലനം

[തിരുത്തുക]

കുതിരയെക്കുറിച്ച് ഹാൻസ് എന്ന ബാലനുണ്ടായ അകാരണഭീതിയെ ഫ്രോയിഡ് വിശകലനം ചെയ്തു. ഹാൻസ് സ്വന്തം അമ്മയിൽ അനുരക്തനായിരുന്നെന്നും തന്മൂലം എതിരാളിയായ അച്ഛനോട് വെറുപ്പു പുലർത്തിയിരുന്നെന്നും അദ്ദേഹം പറയുന്നു. അമ്മയുടെ മേലുള്ള ആഗ്രഹം അച്ഛനുമായുള്ള സ്നേഹബന്ധത്തിൽ സംഘട്ടനമുണ്ടാക്കി. ഈ സംഘട്ടനം അവനിൽ ഉളവാക്കിയ ആക്രമണാസക്തി, അച്ഛൻ അവന്റെ ലിംഗം ഛേദിച്ചുകളയുമോ എന്നൊരു ഭയം ജനിപ്പിച്ചു. അമ്മയോടുള്ള സ്നേഹവും അച്ഛനോടുള്ള വെറുപ്പും അബോധമനസ്സിലേക്കു താഴ്ന്നിറങ്ങി (Repression)യതോടുകൂടി അച്ഛനോടു തോന്നിയിരുന്ന വെറുപ്പും ഭയവും മുമ്പ് കുതിരയോടുതോന്നിയിരുന്ന ഭയത്തിലേക്ക് (തന്റെ ലിംഗം കുതിര കടിച്ചെടുത്തുകളയുമെന്ന് അവൻ നേരത്തെ ഭയപ്പെട്ടിരുന്നു.) ആദേശം ചെയ്യപ്പെട്ടു.[11] ഒരാളോടോ, ഒരു വസ്തുവിനോടോ തോന്നുന്ന വികാരം മറ്റൊരാളിലോ വസ്തുവിലോ ആരോപിക്കുന്ന മനസ്സിന്റെ പ്രതിരോധ (Defence mechanism) തന്ത്രമനുസരിച്ച് കുതിരയോടുള്ള അകാരണഭീതി പ്രബലമായിത്തീർന്നു.[12] ഈ അകാരണഭീതി ഉണ്ടായതിന് മാനസികാദേശം (Displace -ment), പശ്ചാദ്ഗമനം (Regression)വിപര്യയം (Reversal ഞല്ലൃമെഹ) എന്നീ മൂന്നു മാനസിക പ്രതിരോധതന്ത്രങ്ങൾ അവന്റെ ഉപബോധമനസ്സിൽ പ്രവർത്തിച്ചതായി ഫ്രോയിഡ് കരുതുന്നു.[13][14]

ഉപബോധമനസ്സിലേക്ക് പൂഴ്ത്തപ്പെടുന്ന അസന്തുഷ്ടവും അപ്രകാശിതവുമായ ആശകളും അഭിനിവേശങ്ങളും ബോധമനസ്സിലേക്ക് കടന്നുവരുവാൻ മാനസികാദേശം എന്ന പ്രതിരോധപ്രക്രിയയിലൂടെ അഹന്ത (ലഴീ) നടത്തുന്ന ശ്രമമാണ് എല്ലാ അകാരണഭീതിയുടെയും പിന്നിൽ വർത്തിക്കുന്നതെന്ന് ഫ്രോയിഡ് പ്രസ്താവിക്കുന്നു. ഇവ സാധാരണ പെരുമാറ്റത്തെ തടയുകയോ അമിതമായി നിയന്ത്രിക്കുകയോ ചെയ്യുന്നു. പ്രൌഢവയസ്കരുടെ അകാരണഭീതിയുടെ പിന്നിലെ അസന്തുഷ്ടമായ ആശകൾ പലപ്പോഴും അക്രമപരവും ലൈംഗികവുമാകാം. പക്ഷേ അവിടെ ലൈംഗികതയ്ക്ക് മുഖ്യസ്ഥാനമുണ്ട്. അവ മിക്കവാറും ബാല്യകാലത്തെ ആഗ്രഹങ്ങളുടെ പരിഷ്കരിച്ച പതിപ്പായിരിക്കാം. വസ്തുതകളെ വളച്ചൊടിച്ച് അഹന്തയ്ക്കു സംതൃപ്തി നൽകി ബോധമനസ്സിൽ പ്രവേശിക്കുന്നതിന് മാനസികാദേശ പ്രതിരോധം വളരെയേറെ പ്രയോജനകരമാണെങ്കിലും പശ്ചാദ്ഗമനം, വിപര്യയം, സാത്മീകരണം (Identification) എന്നീ മാനസികപ്രതിരോധതന്ത്രങ്ങൾ വസ്തുതകളെ വളച്ചൊടിക്കുകയും വികൃതമാക്കുകയും ചെയ്യുന്നു. ഉപബോധമനസ്സിൽ ആണ്ടുപോയ ഒരുവന്റെ അസംതൃപ്തമായ അഭിലാഷങ്ങൾ ബോധമനസ്സിലേക്ക് കടന്നുവരുവാനുള്ള ഒരു കുറുക്കുവഴിയാണ് അകാരണഭീതി എന്നു പറയാം.[15]

സ്വപ്നഭയം

[തിരുത്തുക]

സ്വപ്നംപോലെ അകാരണഭീതിയുടെ പ്രകൃതവും പ്രതിജനഭിന്നമായിരിക്കും. ആവർത്തിക്കപ്പെടുന്ന ചില സ്വപ്നങ്ങൾക്കു പ്രത്യേകം ചില അർത്ഥമുള്ളതുപോലെ വിവിധതരം അകാരണഭീതികൾക്കും അബോധപൂർവമായ ചില സാമാന്യാർഥങ്ങൾ രോഗികൾ കല്പിക്കാറുണ്ടെന്ന് മാനസികാപഗ്രഥനവിദഗ്ദ്ധന്മാർ (Psychoanalysts) മനസ്സിലാക്കി. അഗോറാഫോബിയാ ഉള്ള ആളിന് അയാൾ ഭയപ്പെടുന്ന വീഥികൾ ലൈംഗികകർമങ്ങൾക്ക് സൌകര്യം ലഭിക്കുന്ന സ്ഥലങ്ങളായി അബോധധാരണകൾ ഉണ്ടായിരിക്കും. പാലം കടക്കാൻ ഭയപ്പെടുന്ന വനിത പ്രസവിക്കാൻ ഭയപ്പെടുന്നു. പൊതുനിരത്തിലോ മറ്റെവിടെയെങ്കിലുമോ വീണുപോകുമെന്ന് ഭീതി തോന്നുന്ന സ്ത്രീ 'ലൈംഗികമായ വീഴ്ചയെ' ആലങ്കാരികഭാഷയിൽ പ്രകടിപ്പിക്കുകയാണ്. ക്ളൌസ്ട്രോഫോബിയയുള്ളവർക്ക് ജീവനോടുകൂടി കുഴിച്ചുമൂടപ്പെടുമോ എന്ന് അബോധഭയമുണ്ടായിരിക്കാം.

ഒറ്റയ്ക്ക് ഇരിക്കാൻ ഭയമുള്ളവർ അത്തരം സന്ദർഭത്തിൽ സ്വയംഭോഗം ചെയ്യാൻ പ്രേരിതരായി പോകുമെന്ന് ഭയപ്പെടുന്നുണ്ടാവാം. ഭ്രാന്തുവരുമോ എന്ന അകാരണഭീതി ഉള്ളവർ സ്വയംഭോഗത്തെയോ ലിംഗഛേദനത്തെയോ ആഗ്രഹിക്കുന്നവരായിരിക്കാം. ചിലന്തിയെ ഭയപ്പെടുന്നത് സ്ത്രീയുടെ ലൈംഗികാവയവങ്ങളോടുള്ള ഭയം നിമിത്തമാകാം. ചിത്രശലഭങ്ങൾ സുന്ദരികളായ സ്ത്രീകളെ പ്രതിനിധാനം ചെയ്യുന്നു. ചെറിയ ചീവീടുകളും ഇഴജന്തുക്കളും ചെറിയ കുട്ടികളുടെ ലിംഗത്തെ പ്രതിനിധാനം ചെയ്യുന്നു.

പൊതുവേ ഈ അബോധപ്രേരണകൾ ശിക്ഷയുടെയും (punishment) പ്രലോഭനങ്ങളുടെയും (Temptation) രൂപത്തിലായിരിക്കും ഒരുവന് അനുഭവപ്പെടുന്നത്. വിവിധതരം അകാരണഭീതികൾ ഒരുവനിൽ ഉടലെടുക്കുന്നത് മിക്കപ്പോഴും അയാളുടെ മുൻകാലചരിത്രത്തെയും വിവിധ വസ്തുക്കളോടും സന്ദർഭങ്ങളോടുമുള്ള മനോഭാവത്തെയും ആശ്രയിച്ചായിരിക്കും.[16]

ശിശുക്കളിൽ

[തിരുത്തുക]

ശിശുക്കൾക്കു പല കാര്യങ്ങളെയും പറ്റി നിരാസ്പദഭീതി ഉണ്ടാകാം. കൂടുതൽ അറിവും അനുഭവങ്ങളും ഉണ്ടാകുന്തോറും ഭയം ക്രമേണ ഇല്ലാതാകുന്നു. ഭയപ്പെടേണ്ടതും ഭയപ്പെടേണ്ടാത്തതുമായ വസ്തുക്കളെയും സന്ദർഭങ്ങളെയും പറ്റി അവർ മനസ്സിലാക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു. ഈ വസ്തുതയുടെ പശ്ചാത്തലത്തിൽ ശിശുസഹജമായ ഭയം സ്വാഭാവികമാണെന്നും അത് ഒരു പ്രൌഢവയസ്കനിൽ കണ്ടാൽ അസ്വാഭാവികമാണെന്നും തന്മൂലം ലഘുമനോരോഗമാണെന്നും കണക്കാക്കാം. അകാരണഭീതിയുള്ള ആളിന് ഭയജനകമായ വസ്തുവോ, സന്ദർഭമോ, വ്യക്തിയോ, സാധാരണഗതിയിൽ ഭയഹേതുകമല്ലെന്ന് അറിയാമെങ്കിലും അയാൾക്ക് അവയെ ഭയപ്പെടാതിരിക്കാൻ കഴിയുകയില്ല. ഈ വൈരുദ്ധ്യം മനസ്സിലാക്കിയിട്ടുണ്ടെങ്കിലും അപകടശങ്കയ്ക്കടിപ്പെട്ടുപോകുന്ന അയാൾ സ്വന്തം അകാരണഭീതിയെ ന്യായീകരിക്കാൻ ശ്രമിക്കാറുണ്ട്.

അവലംബം

[തിരുത്തുക]
  1. http://www.springerlink.com/content/kunk0m2124325055/[പ്രവർത്തിക്കാത്ത കണ്ണി] Analytical treatment of a neurotic reaction. A study in symbolism
  2. http://kidshealth.org/kid/feeling/emotion/ocd.html obsessive-compulsive disorder (OCD).
  3. http://www.medicinenet.com/anxiety/article.htm Generalized Anxiety Disorder (GAD)
  4. http://pages.infinit.net/drnayman/agorapho.htm Archived 2010-02-25 at the Wayback Machine. WHAT IS AGORAPHOBIA
  5. http://www.epigee.org/mental_health/claustrophobia.html Claustrophobia
  6. http://phobias.about.com/od/introductiontophobias/a/acrophobiaprof.htm Archived 2011-07-07 at the Wayback Machine. Acrophobia
  7. http://www.epigee.org/mental_health/mysophobia.html Mysophobia
  8. http://www.wisegeek.com/what-is-zoophobia.htm What is Zoophobia?
  9. http://www.wrongdiagnosis.com/p/pyrophobia/intro.htm Pyrophobia
  10. http://www.wisegeek.com/what-is-anxiety-hysteria.htm What is Anxiety Hysteria?
  11. http://changingminds.org/explanations/behaviors/coping/repression.htm Repression
  12. http://psychology.about.com/od/theoriesofpersonality/ss/defensemech.htm Archived 2009-11-14 at the Wayback Machine. Defense Mechanisms
  13. http://www.investopedia.com/terms/r/regression.asp Regression
  14. http://www.investopedia.com/terms/r/reversal.asp Reversal
  15. http://www.teachpsychoanalysis.com/Articles_on_Teaching_.aspx[പ്രവർത്തിക്കാത്ത കണ്ണി] ARTICLES ON TEACHING PSYCHOANALYSIS TO COLLEGE STUDENTS
  16. [1][പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അകാരണഭീതി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അകാരണഭീതി&oldid=4145240" എന്ന താളിൽനിന്ന് ശേഖരിച്ചത്