Jump to content

ഹെസിക്കാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hesychasm എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹെസിക്കാസിയ സാധനയിൽ പ്രകാശം, ദൈവജ്ഞാനത്തിന്റെ വാഹനവും രൂപകവുമാണ്. താബോർ മലയിലെ രൂപാന്തരീകരണത്തിൽ ദൈവതേജസ്സണിഞ്ഞ യേശു - പത്തൊൻപതാം നൂറ്റാണ്ടിലെ റഷ്യൻ ചിത്രകാരൻ അലക്സാണ്ടർ ഇവാനോവിന്റെ ഭാവനയിൽ

പൗരസ്ത്യക്രിസ്തീയതയിലെ സന്യാസപാരമ്പര്യവുമായി ബന്ധപ്പെട്ട ഒരു ദൈവാനുഭവമാർഗ്ഗമാണ് ഹെസിക്കാസം. നിശ്ചലത, വിശ്രാന്തി, ശാന്തി, നിശ്ശബ്ദത എന്നൊക്കെ അർത്ഥമുള്ള 'ഹെസിക്കിയ' എന്ന ഗ്രീക്കു പദത്തിൽ നിന്നാണ് ഹെസിക്കാസം എന്ന പേരുണ്ടായത്. "നീ പ്രാർത്ഥിക്കുമ്പോൾ നിന്റെ മുറിയിൽ കടന്ന് കതകടച്ച് രഹസ്യമായി നിന്റെ പിതാവിനോടു പ്രാർത്ഥിക്കുക" എന്ന മത്തായിയുടെ സുവിശേഷത്തിലെ (മത്തായി 6:6) നിർദ്ദേശം അനുസ്മരിക്കുന്ന ഹെസിക്കാസിയ ആത്മീയത, ഇന്ദ്രിയനിഗ്രഹണത്തോടെ ഉള്ളിറങ്ങിയുള്ള അവിരാമമായ പ്രാർത്ഥന വഴി, അനുഭവാധിഷ്ഠിതമായ ദൈവജ്ഞാനത്തിനു ശ്രമിക്കുന്നു. ആത്മമനഃശരീരങ്ങൾ പൂർണ്ണമായി മുഴുകുന്ന ഈ ആത്മീയസാധനയ്ക്ക് 'ശുദ്ധപ്രാർത്ഥന', 'യേശുപ്രാർത്ഥന' (Jesus Prayer) എന്നീ പേരുകളുമുണ്ട്. ഹെസിക്കാസിയദൈവാനുഭവത്തിന് ആവശ്യമായ ഏകാഗ്രതയുടെ പ്രാപ്തിക്കായി പിൽക്കാലങ്ങളിൽ യേശുസ്മരണയോടെയുള്ള ശ്വാസോച്ഛ്വാസം, ശ്രദ്ധയെ ശരീരമദ്ധ്യത്തിൽ ഉറപ്പിക്കൽ തുടങ്ങിയ ശാരീരികനിഷ്ടകളും നിർദ്ദേശിക്കപ്പെട്ടു.

ശാരീരികാഭ്യാസങ്ങളെ ആശ്രയിച്ചുള്ള ദൈവദർശനശ്രമമായി ഹെസിക്കാസത്തെ കണ്ട വിമർശകർ അതിന്റെ പ്രയോക്താക്കളെ "പൊക്കിളിൽ ആത്മാവുള്ളവർ" എന്നു വിളിച്ചു.[1] പാശ്ചാത്യ സ്കൊളാസ്റ്റിസിസത്തിന്റെ കടന്നുകയറ്റത്തിനെതിരെയുള്ള ഗ്രീക്ക് ദൈവശാസ്ത്രദേശീയതയുടെ പ്രതിരോധം എന്നും ഹെസിക്കാസം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[2]

ദൈവാനുഭവം

[തിരുത്തുക]
പുരോഗതിയുടെ ഉന്നതശൃഗത്തിൽ എത്തിച്ചേർന്ന സാധകർ ധരിച്ചിരുന്ന മാർപ്പട്ട(Schema)

ഈ പ്രസ്ഥാനത്തിന്റെ തുടക്കം, പതിനൊന്നാം നൂറ്റാണ്ടിൽ കോൺസ്റ്റാന്റിനോപ്പിളിൽ ജീവിച്ചിരുന്ന 'നവദൈവവിജ്ഞാനി' ശിമയോനുമായി (Simeon the New Theologian) ബന്ധപ്പെട്ടിരിക്കുന്നു. അഭ്യാസസിദ്ധമായ അറിവിനേയും ദാർശനികജ്ഞാനത്തേയും മുക്തിമാർഗ്ഗത്തിലെ തടസ്സങ്ങളായി കണ്ട താപസനായിരുന്നു ശിമയോൻ. ധ്യാനമാർഗ്ഗത്തിലൂടെയുള്ള വ്യക്തിപരമായ ദൈവാനുഭവത്തിനു കല്പിച്ച പ്രാധാന്യമായിരുന്നു അദ്ദേഹത്തിന്റെ ചിന്തയുടെ പ്രത്യേകത. പതിനാലാം നൂറ്റാണ്ടിൽ ഈ സാധന, ഗ്രീസിൽ, പൗരസ്ത്യസഭയുടെ ആത്മീയതയുടേയും സന്യാസപാരമ്പര്യത്തിന്റേയും പ്രഭവസ്ഥാനങ്ങളിൽ ഒന്നായ ആഥോസ് മലയിലെ സന്യാസികൾക്കിടയിൽ വ്യാപകമായി. അവിടെ സന്യാസികൾ, ദൈവാനുഭവത്തിന്റെ ആനന്ദനിർവൃതിക്കായി അഭ്യാസങ്ങളിൽ മുഴുകി.

ഹെസിക്കാസിയ ആത്മീയതയിൽ, നിശ്ചലതയേയും ഇന്ദ്രിയനിഗ്രഹത്തേയും സംബന്ധിച്ച ആശയങ്ങൾക്കൊപ്പം, ദൈവജ്ഞാനത്തിന്റെ രൂപകവും വാഹനവും എന്ന നിലയിൽ പ്രകാശത്തിനു കല്പിക്കുന്ന പ്രാധാന്യവും പ്രധാനമാണ്.[3] ശ്വാസം നിയന്ത്രിച്ചും ദൃഷ്ടിയെ നാഭിയിലുറപ്പിച്ചും നേടുന്ന ഏകാഗ്രതയിൽ ദൈവാരൂപി സാധകന്റെ ആത്മാവിൽ പ്രവേശിക്കുമെന്നും അപ്പോൾ അയാളെ പൊതിയുന്ന വെളിച്ചം, താബോർ മലയിലെ രൂപാന്തരീകരണവേളയിൽ യേശുവിനെ പൊതിഞ്ഞ ദൈവതേജസ്സു[4] തന്നെയെന്നും അവർ വിശ്വസിച്ചു. ഈ തേജസ്സിനെ അവർ സൃഷ്ടിക്കു പിന്നിലുള്ള ദൈവിക ഊർജ്ജവും പാപപ്പൊറുതിയിലേക്കും ആനന്ദത്തിലേക്കും ശാന്തിയിലേക്കും വഴിതുറക്കുന്ന ദൈവകൃപയും ആയി കരുതി.[5]

ഏകാഗ്രതയുടേയും മന:നിശ്ചലതയുടേയും പ്രാപ്തിക്കായി ഹെസിക്കാസിയ സാധകർ വിവിധതരം പ്രാത്ഥനാവചനങ്ങൾ ആവർത്തിച്ച് ഉരുവിടുക പതിവാണ്. "കർത്താവായ യേശുവേ, ദാവീദിന്റെ പുത്രാ, എന്നിൽ കനിയേണമേ" എന്ന 'യേശുപ്രാർത്ഥന' (Jesus Prayer) അതിനുദാഹരണമാണ്.

പതിനെട്ടാം നൂറ്റാണ്ടിൽ ആഥോസ് മലയിൽ സമാഹരിക്കപ്പെട്ട ഓർത്തഡോക്സ് ലിഖിതസഞ്ചയമായ 'ഫിലോക്കാളിയ' ഹെസിക്കാസിയ സാധനയെ സംബന്ധിച്ച നവദൈവവിജ്ഞാനി ശിമയോന്റേയും(Simeon the New Theologion) പലാമാ സന്യാസിയുടേയും മറ്റും പ്രബോധനങ്ങൾ അടങ്ങുന്നു. നിലവിലുള്ള പൗരസ്ത്യസഭകളിൽ ഏറ്റവും വലുതായ റഷ്യൻ ഓർത്തഡോക്സ് സഭയിൽ ഹെസിക്കാസത്തിന് ഏറെ പ്രചാരമുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിൽ അജ്ഞാതനായ ഒരു എഴുത്തുകാരൻ സൃഷ്ടിച്ച ഒരു തീർത്ഥാടകന്റെ വഴി (The Way of A Pilgrim) എന്ന കൃതി ഈ പ്രാർത്ഥനാപാരമ്പര്യത്തിലെ ആധുനിക ക്ലാസ്സിക്ക് ആണ്. പ്രാർത്ഥനച്ചരടേന്തി യേശുപ്രാർത്ഥനയും 'ഫിലോക്കാളിയ' പഠനവുമായി റഷ്യയാകെ ചുറ്റിക്കറങ്ങുന്ന ഒരു തീർഥാടകനാന്റെ കഥയാണത്.[6]

തർക്കം

[തിരുത്തുക]
ഹെസിക്കാസിയ സാധനയുടെ പ്രമുഖവക്താവായിരുന്ന ആഥോസ് മലയിലെ സന്യാസി ഗ്രിഗറി പലാമ

പതിനാലാം നൂറ്റാണ്ടിൽ ഹെസിക്കാസം പൗരസ്ത്യസഭയുടെ ചരിത്രത്തിലെ തീവ്രസംവാദങ്ങളിലൊന്നിന്റെ വിഷയമായി. അക്കാലത്ത് ആഥോസ് മലയിലെ സന്യാസിയായിരുന്ന് പിന്നീട് തെസലോനിക്കയിലെ മെത്രാനായിത്തീർന്ന ഗ്രിഗറി പലാമാ ഈ തർക്കത്തിൽ ഹെസിക്കാസത്തെ പിന്തുണച്ചപ്പോൾ തെക്കൻ ഇറ്റലിയിൽ ബൈസാന്തിയൻ നിയന്ത്രണത്തിലിരുന്ന കലാബ്രിയയിലെ ബാർലാം എന്ന ഓർത്തഡോക്സ് സന്യാസി അതിന്റെ വിമർശകനായി. ഓർത്തഡോക്സ് സഭാസന്യാസിയായിരുന്നെങ്കിലും പാശ്ചാത്യക്രിസ്തീയതയുമായി പരിചയമുള്ളവനും പൗരസ്ത്യ, പാശ്ചാത്യസഭകളുടെ ഐക്യത്തിനായി പരിശ്രമിച്ചിരുന്നവനുമായിരുന്നു ബാർലാം.[5]

മനുഷ്യാവസ്ഥയുടെ പരിമിതിക്ക് ദൈവികസത്തയുടെ ദർശനം അസാദ്ധ്യമായതിനാൽ, ആത്മീയാഭ്യാസങ്ങൾ ദൈവികത്രിത്വത്തിന്റെ ഭാഗമായ പരിശുദ്ധാത്മാവിന്റെ ദർശനത്തിനുപകരിക്കും എന്നു കരുതുന്നതു ശരിയല്ലെന്നു ബർലാം വാദിച്ചു. ദൈവത്തിന്റെ പരമസത്ത മനുഷ്യജ്ഞാനത്തിന്റെ ഗ്രഹണത്തിനപ്പുറമാണെന്ന വ്യാജദിയൊനുസ്യോസിന്റെ മതം, ബർലാം ഇതിനു തെളിവായി അവതരിപ്പിച്ചു. സാധനയിൽ ലഭിക്കുന്ന വെളിച്ചത്തെ ദൈവാനുഭവമായി കരുതുന്നത്, സൃഷ്ടിയെ സ്രഷ്ടാവായി തെറ്റിദ്ധരിക്കുന്നതിനൊപ്പമാണെന്നു ബർലാം കുറ്റപ്പെടുത്തി. വഴിപിഴച്ച യോഗധ്യാനങ്ങളെക്കുറിച്ചും, പ്രജ്ഞവിട്ട ദൈവാന്വേഷണത്തെക്കുറിച്ചും വേദസാക്ഷി മാക്സിമസിനെപ്പോലുള്ള മുൻകാലമനീഷികൾ മുന്നറിയിപ്പു തന്നിരുന്ന കാര്യവും അദ്ദേഹം ഹെസിക്കാസിയരെ ഓർമ്മിപ്പിച്ചു.[3]

ഇതിനു മറുപടി പറഞ്ഞ പലാമ സന്യാസി, ബർലാമിനെ കേവലം ഒരു യുക്തിവാദിയായും പൗരസ്ത്യക്രിസ്തീയതയെ പാശ്ചാത്യദൃഷ്ടിയിലൂടെ വീക്ഷിക്കുന്നവനുമായി ചിത്രീകരിച്ചു. ഹെസിക്കാസത്തെ ന്യായീകരിക്കുന്ന അറുപതോളം കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്.[2] ഹെസിക്കാസിയസാധനയിലെ 'വെളിച്ചം' മനുഷ്യജ്ഞാനത്തിനപ്രാപ്യമായ ദൈവികസത്തയല്ലെന്നും ദൈവവ്യാപാരവും ദൈവപ്രാധിനിധ്യവും മാത്രമാണെന്നുമുള്ള വിശദീകരണവും ഹെസിക്കാസിയർ മുന്നോട്ടു വച്ചു. ഈ സംവാദത്തിൽ പാശ്ചാത്യസഭ ബർലാമിന്റെ പക്ഷം ചേർന്നപ്പോൾ, ആദ്യം രണ്ടു ചേരിയായി നിന്ന പൗരസ്ത്യസഭ ഒടുവിൽ ഹെസിക്കാസിയരെ സമ്പൂർണ്ണമായി പിന്തുണച്ചു. ഇക്കാര്യത്തിൽ പൗരസ്ത്യസഭയുടെ തീരുമാനം രൂപപ്പെട്ടത് നാലു സൂനഹദോസുകളിലാണ്. 1341-ൽ ചേർന്ന ആദ്യസൂനഹദോസും തുടർന്നു നടന്ന രണ്ടാമത്തെ സൂനഹദോസും ഹെസിക്കാസത്തെ പിന്തുണച്ചപ്പോൾ, മൂന്നാമതൊരു സൂനഹദോസ് അതിനെ എതിർത്തു. എന്നാൽ 1351-ൽ ചേർന്ന നാലാമത്തെ സൂനഹദോസ് ഹെസിക്കാസത്തിന് അസന്ദിഗ്ദ്ധമായ അംഗീകാരം നൽകി.[5]

ഹെസിക്കാസത്തിന്റെ അന്തിമമായ അംഗീകാരത്തെ തുടർന്ന് എതിർപക്ഷത്തിന്റെ മുഖ്യവക്താവായിരുന്ന ബർലാമിനെ ഓർത്തഡോക്സ് സഭ അഭിശപ്തനായി പ്രഖ്യാപിച്ചു. പൗരസ്ത്യസഭ വലിയനോയമ്പുകാലത്തെ ആരാധനയിൽ എടുത്തുപറഞ്ഞു ശപിക്കുന്നവരുടെ പട്ടികയിൽ അവസാനത്തെ പേരായി അദ്ദേഹം. തുടർന്ന് ലത്തീൻ ക്രിസ്തീയതയിലേക്കു പരിവർത്തിതനായ ബർലാം, അക്കാലത്ത് മാർപ്പാപ്പായുടെ ആസ്ഥാനമായിരുന്ന അവിഞ്ഞോണിലാണ് അവസാനനാളുകൾ ചെലവഴിച്ചത്.[൧] പലാമാ സന്യാസിയാവട്ടെ, മരിച്ചു പത്തു വർഷത്തിനുള്ളിൽ വിശുദ്ധപദവിയിലേയ്ക്കുയർത്തപ്പെട്ടു.[3]

വിലയിരുത്തൽ

[തിരുത്തുക]
യേശുപ്രാർത്ഥനയിൽ ഉപയോഗിക്കുന്ന പ്രാർത്ഥനച്ചരട് (Prayer Rope)

ബൈസാന്തിയലോകത്ത് സാമ്രാജ്യത്തിന്റെ അധഃപതനത്തിന്റേയും രാജനൈതികസംവിധാനങ്ങളുടെ ജീർണ്ണതയുടേയും പശ്ചാത്തലത്തിലാണ് സന്യാസിമാരായ ബർലാമും ഗ്രിഗറി പലാമായും ദൈവത്തിന്റെ നേരനുഭവത്തിനുള്ള സാദ്ധ്യതയെക്കുറിച്ച് തർക്കിച്ചത്. പ്ലേഗുബാധ മൂലമുള്ള കറുത്തമരണവും ഇസ്ലാമികമുന്നേറ്റത്തിന്റെ സമ്മർദ്ദവും ഓർത്തഡോക്സ് ലോകം അപ്പോൾ നേരിട്ടിരുന്ന മറ്റു ഭീഷണികളായിരുന്നു. നിരാശാജനകമായ ഈ ഭൗതികസാഹചര്യങ്ങളിൽ, ഹെസിക്കാസം മുന്നോട്ടു വച്ച ദൈവാനുഭവസാദ്ധ്യത ബർലാമിന്റെ ദൈവശാസ്ത്രയുക്തിയെ പരാജയപ്പെടുത്തിയതിൽ അത്ഭുതമില്ല. ഈ വിജയത്തെ തുടർന്ന് കാലക്രമേണ ഓർത്തഡോക്സ് പാരമ്പര്യത്തിൽ രൂഢമൂലമായിത്തീർന്ന ഹെസിക്കാസത്തിന്റെ ധ്യാനസാധനയും യേശുപ്രാർത്ഥനയും എണ്ണമറ്റ മനുഷ്യർക്ക് ആത്മീയപോഷണവും ആശ്വാസവുമായി തുടർന്നു.[3]

പാശ്ചാത്യദൈവശാസ്ത്രത്തിന്റെ കൂടി ആശ്രയത്തിൽ ഹെസിക്കാസത്തിനെതിരെ ബർലാം സന്യാസി നടത്തിയ വാദങ്ങൾ പാശ്ചാത്യമേൽക്കോയ്മ ഇഷ്ടപ്പെടാതിരുന്ന പൗരസ്ത്യക്രിസ്തീയതക്ക് അസ്വീകാര്യമായി. പാശ്ചാത്യസ്കൊളാസ്റ്റിക് ദൈവശാസ്ത്രത്തിന്റെ വ്യാപനത്തിനെതിരെ ബൈസാന്തിയൻ സഭ തീർത്ത പ്രതിരോധം കൂടിയായിരുന്നു ഹെസിക്കാസം.[2]

ഹെസിക്കാസിയസാധന, ബുദ്ധമതം മുതൽ സൂഫി ഇസ്ലാം വരെയുള്ള പൗരസ്ത്യപാരമ്പര്യങ്ങളിലെ പ്രാർത്ഥനാമുറകളെ അനുസ്മരിപ്പിക്കുന്നു. യേശുപ്രാർത്ഥനയ്ക്ക് ഹിന്ദുമതത്തിലെ പ്രാർത്ഥനാസൂക്തങ്ങളുമായി സാമ്യമുണ്ട്. ഇരുപാരമ്പര്യങ്ങളിലും സാധകർ ലക്ഷ്യമാക്കുന്നത് ഇന്ദ്രിയനിഗ്രഹവും ഏകാഗ്രതയും വഴി ലഭിക്കുന്ന നിശ്ചലതയും, ദൈവാനുഭവത്തിന്റെ തേജസ്സുമാണ്. ഹെസിക്കാസം അതിന്റെ സാമഗ്രികൾ ഭാരതീയയോഗികളിലും സൂഫി ഇസ്ലാമിലും നിന്നു കൈക്കൊണ്ടതാണെന്നു കരുതുന്നവരുണ്ട്. എന്നാൽ ഇവയ്ക്കിടയിൽ കടപ്പാടിന്റെ സഞ്ചാരം എതിർദിശയിലായിരുന്നു എന്നും വാദമുണ്ട്.[7]

ക്രിസ്തീയതയും ഇസ്ലാമും തമ്മിലുള്ള മത്സരത്തിന്റെ ദീർഘചരിത്രത്തിനിടെ ആ മതങ്ങളിലെ മിസ്റ്റിക് പാരമ്പര്യങ്ങൾ നൂറ്റാണ്ടുകളിലൂടെ പങ്കുവച്ച ആത്മീയമാർഗ്ഗങ്ങളേയും ലക്ഷ്യങ്ങളേയും ഹെസിക്കാസം പ്രതിഫലിപ്പിക്കുന്നു. വിശ്വാസാചാരങ്ങളിൽ പരമ്പരാഗതമായി നിലനിൽക്കുന്ന വ്യതിരിക്തത ഉപേക്ഷിക്കാതെ തന്നെ, മതങ്ങൾക്കിടയിൽ സാഹോദര്യത്തിന്റെ ആന്തരികതയെ ആശ്രയിക്കുന്ന സംവാദത്തിന്റെ സാദ്ധ്യതകൾ ഇതുയർത്തുന്നതായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[8]

കുറിപ്പുകൾ

[തിരുത്തുക]

^ പ്രവാസിയായിരിക്കെ ബർലാമാണ്, പ്രമുഖ ഇറ്റാലിയൻ കവിയും യൂറോപ്യൻ നവോത്ഥാനത്തിന്റെ പ്രാരംഭകനുമായ പെട്രാർക്കിനെ ഗ്രീക്ക് ഭാഷ പഠിപ്പിച്ചത്.[3][2]

അവലംബം

[തിരുത്തുക]
  1. ഹെസിക്കാസം, ബ്രിട്ടാണിക്ക വിജ്ഞാനകോശത്തിലെ ലേഖനം
  2. 2.0 2.1 2.2 2.3 ഹെസിക്കാസം, കത്തോലിക്കാ വിജ്ഞാനകോശത്തിലെ ലേഖനം
  3. 3.0 3.1 3.2 3.3 3.4 "ഡയർമെയ്ഡ് മക്കല്ലക്ക്, "ക്രിസ്റ്റ്യാനിറ്റി: ദ ഫസ്റ്റ് ത്രീ തൗസണ്ട് ഇയേഴ്സ്" (പുറങ്ങൾ 487-91)
  4. മത്തായിയുടെ സുവിശേഷം 17:1–9, മർക്കോസിന്റെ സുവിശേഷം 9:2-8, ലൂക്കായുടെ സുവിശേഷം 9:28–36
  5. 5.0 5.1 5.2 കെന്നത്ത് സ്കോട്ട് ലട്ടൂറെറ്റ്, "എ ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി" (പുറങ്ങൾ 570-71)
  6. The Way of a Pilgrim: a Russian Orthodox Hermit's Path, Hermitary, Resources and Reflections on Hermits and Solitude
  7. "Identity and Difference in the Spiritual Life: Hesychasts, Yogis, and Sufis Athen Dialogues E-Journal". Archived from the original on 2018-02-05. Retrieved 2013-04-21.
  8. ജെയിംസ് കുറ്റ്സിഞ്ഞർ സമ്പാദനം നിർവഹിച്ച "Paths to the Heart: Sufism and the Christian East" എന്ന സമാഹാരത്തിന്റെ സമീക്ഷ, വേൾഡ് വിസ്ഡം.കോമിൽ
"https://ml.wikipedia.org/w/index.php?title=ഹെസിക്കാസം&oldid=4022919" എന്ന താളിൽനിന്ന് ശേഖരിച്ചത്