Jump to content

ചരിത്രം എനിക്കു മാപ്പു നൽകും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(History Will Absolve Me എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മൊൻകാട ബാരക്സ് ആക്രമണവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണവേളയിൽ കോടതിയിൽ ഫിദൽ കാസ്ട്രോ നടത്തിയ നാലു മണിക്കൂർ ദൈർഘ്യമുള്ള പ്രസംഗത്തിന്റെ ഉപസംഹാര വാചകമായിരുന്നു ചരിത്രം എനിക്കു മാപ്പു നൽകും എന്നത്. മൊൻകാട ബാരക്സ് ആക്രമണത്തിൽ പ്രതി ഭാഗത്തിനു വേണ്ടി വാദിച്ചത് ഫിദൽ കാസ്ട്രോ തന്നെയായിരുന്നു. ക്യൂബയിലെ സമാന്തര സൈനിക സംഘടനയായിരുന്നു ജൂലൈ 26 മൂവ്മെന്റിന്റെ നേതൃത്വത്തിൽ മൊൻകാട ബാരക്സ് ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് ഫിദലിനേയും സഹപ്രവർത്തകരേയും പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഈ പ്രസംഗത്തിന്റെ യാതൊരു രേഖയും കോടതിയിൽ സൂക്ഷിച്ചിട്ടില്ലായിരുന്നു, എന്നാൽ പിന്നീട് ഫിദൽ തന്നെ ഇത് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയായിരുന്നു.

മൊൻകാട ബാരക്സ് ആക്രമണ കേസിൽ ഫിദലിനേയും മറ്റു കൂട്ടു പ്രതികളേയും വിവിധ കാലയളവുകളിലേക്ക് കോടതി ശിക്ഷിക്കുകയുണ്ടായി. പിന്നീട് ബാഹ്യസമ്മർദ്ദങ്ങൾ മൂലം ഇവരുടെ ശിക്ഷ റദ്ദാക്കാൻ ഭരണാധികാരിയായിരുന്ന ഫുൾജെൻസിയോ ബാറ്റിസ്റ്റ തയ്യാറാവുകയായിരുന്നു. ജയിൽ മോചിതനായ കാസ്ട്രോയും സഹോദരൻ റൗളും സഹപ്രവർത്തകരും മെക്സിക്കോയിലേക്ക് പലായനം ചെയ്യുകയാണുണ്ടായത്.

മൊൻകാട ബാരക്സ് ആക്രമണം

[തിരുത്തുക]

ക്യൂബയുടെ സ്വാതന്ത്ര്യസമരങ്ങളിലെ നേതൃനിരയിലുണ്ടായിരുന്ന ഗ്വില്ലർമോ മൊൻകാടയുടെ പേരിലുള്ള സൈനിക താവളമാണ് മൊൻകാട ബാരക്സ്.[1] 26 ജൂലൈ 1953 ന് ഫിദൽ കാസ്ട്രോയുടെ നേതൃത്വത്തിലുള്ള ഒരു സംഘം വിമതർ ഈ സൈനിക താവളം ആക്രമിക്കുകയുണ്ടായി. ഈ സംഭവം ആണ് മൊൻകാട ബാരക്സ് ആക്രമണം എന്നറിയപ്പെടുന്നത്. മൊൻകാട ബാരക്സ് ആക്രമണം ക്യൂബൻ വിപ്ലവത്തിന്റെ തുടക്കം ആയി കണക്കാക്കപ്പെടുന്നു. ഈ പ്രത്യേക ദിവസത്തിന്റെ ഓർമ്മയ്ക്കായാണ് ഫിദൽ കാസ്ട്രോ പിന്നീട് രൂപീകരിച്ച സംഘടനയ്ക്ക് 26 ജൂലൈ മൂവ്മെന്റ് എന്ന പേര് നൽകിയത്. ക്യൂബയിലെ ഏകാധിപതിയായിരുന്ന ഫുൾജെൻസിയോ ബാറ്റിസ്റ്റയുടെ പതനത്തിന് തുടക്കം കുറിച്ച സംഭവം കൂടിയായിരുന്നു മൊൻകാട ബാരക്സ് ആക്രമണം.[2]

മൊൻകാട ബാരക്സ് ആക്രമണം ഒരു തികഞ്ഞ പരാജയമായിരുന്നു. സംഭവത്തിനു ശേഷം ജൂലൈ 26 സംഘടനാ പ്രവർത്തകരെല്ലാം തന്നെ പോലീസിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ ഒളിവിൽ പോവുകയായിരുന്നു. എന്നാൽ പിന്നീട് സർക്കാർ ഇവരെയെല്ലാം പിടികൂടുകയാണുണ്ടായത്. തനിക്കും സഹപ്രവർത്തകർക്കും വേണ്ടി കോടതിയിൽ വാദിക്കാൻ അഭിഭാഷകൻ കൂടിയായ ഫിദൽ കാസ്ട്രോ തീരുമാനിച്ചു.

കാസ്ട്രോ എന്ന അഭിഭാഷകൻ

[തിരുത്തുക]

21 സെപ്തംബർ 1953 നാണ് കാസ്ട്രോ ആദ്യമായി പ്രതിഭാഗത്തിനു വേണ്ടി സാന്റിയാഗോ കോടതിയിൽ ഹാജരാവുന്നത്. താനുൾപ്പടെ നൂറോളം വരുന്ന പ്രതികൾക്കു വേണ്ടിയാണ് കാസ്ട്രോ വാദിച്ചത്. ഉത്തരവാദിത്തപ്പെട്ടതെന്നു ജനങ്ങൾ കരുതുന്ന ഒരു ഭരണകൂടം, നിരുത്തരവാദപരവും, ജനദ്രോഹവും ആയ കാര്യങ്ങൾ ചെയ്യുമ്പോൾ അതിനെ ചോദ്യം ചെയ്യുന്ന പൗരന്റെ അവകാശങ്ങളെ ശക്തി ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്ന സർക്കാരിന്റെ നിയമവിരുദ്ധതെയാണ് വിചാരണയിലുടനീളം ഫിദൽ ചൂണ്ടിക്കാണിച്ചത്. ക്യൂബയുടെ സ്വാതന്ത്ര്യസമരത്തിന്റെ മുൻനിര നായകനായിരുന്ന ജോസ് മാർട്ടീനിയായിരുന്നു തങ്ങളുടെ പ്രേരകശക്തിയെന്നായിരുന്നു കോടതിയുടെ ഒരു ചോദ്യത്തിനുത്തരമായി ഫിദൽ പറ‍ഞ്ഞത്.

കാസ്ട്രോയുടെ വാദമുഖങ്ങൾ വളരെ വിജയകരമായിരുന്നു. പ്രതികളിൽ 26 പേർക്കു മാത്രമേ ശിക്ഷ ലഭിച്ചുള്ളു, കൂടാതെ ശിക്ഷ വിധിയിൽ കോടതി വളരെ സൗമ്യത കാട്ടിയിരുന്നു.

കാസ്ട്രോയുടെ പ്രസംഗം

[തിരുത്തുക]

16 ഒക്ടോബർ 1953 നാണ് കാസ്ട്രോയുടെ പ്രശസ്തമായ തന്റെ പ്രസംഗം കോടതിമുറിയിൽ നടത്തിയത്. മൊൻകാട ബാരക്സ് ആക്രമണ കേസിൽ തന്നെ മറ്റൊരു കോടതിയിൽ വിചാരണക്കായി ഹാജരാക്കപ്പെട്ടപ്പോഴാണ് കാസ്ട്രോ ഈ പ്രസംഗം ചെയ്തത്. നാലുമണിക്കൂർ നീണ്ടു നിന്നു ഈ പ്രസംഗം. മൊൻകടാ ബാരക്സ് ആക്രമണത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചും, ഭാവി ക്യൂബയെക്കുറിച്ചുള്ള സങ്കല്പങ്ങളുമാണ് കാസ്ട്രോ ആ പ്രസംഗത്തിലൂടെ പങ്കുവെച്ചത്. ഈ കേസിൽ ഹാജരാവാൻ ഹവാന ബാർ അസ്സോസ്സിയേഷൻ ഒരു മികച്ച അഭിഭാഷകനെ ഏർപ്പാടു ചെയ്തിരുന്നുവെങ്കിലും, അദ്ദേഹത്തിന് തങ്ങളുടെ ലക്ഷ്യങ്ങൾ വിചാരണയിൽ പ്രകടമാക്കാൻ കഴിഞ്ഞേക്കില്ല എന്നുള്ളതുകൊണ്ടാണ് താൻ തന്നെ കോടതിയിൽ ഹാജരാവുന്നതെന്നായിരുന്നു ഫിദൽ പറഞ്ഞത്. വിചാരണയുടെ ആദ്യ രണ്ടു മണിക്കൂറുകളിൽ വാദി ഭാഗം അഭിഭാഷകൻ ഫിദലിനെ ഒരു സാക്ഷി എന്ന നിലയിൽ ചോദ്യം ചെയ്യുകയായിരുന്നു.

ഏകാധിപതിയെപ്പോലെ രാജ്യം ഭരിക്കുന്നത് തികച്ചും ഭരണഘടനാവിരുദ്ധം തന്നെയാണെന്ന് കോടതിക്കു മുമ്പിൽ ഫിദൽ സമർത്ഥിച്ചു. അത്തരം ഭരണഘടനവിരുദ്ധമായ പ്രവർത്തനങ്ങൾക്കെതിരേയാണ് ഞങ്ങൾ പോരാട്ടം നടത്തിയത്, അല്ലാതെ അത് രാജ്യത്തിനെതിരേയുള്ള ഒരു സമരമായിരുന്നില്ല. ഭരണഘട അനുശാസിക്കുന്ന രീതിയിൽ കാര്യങ്ങൾ ചെയ്യേണ്ട ഒരു സർക്കാർ അതിനു വിരുദ്ധമായി തിരിഞ്ഞപ്പോൾ, അതിനെതിരേ സമരം ചെയ്യാതിരിക്കാൻ നിർവ്വാഹമില്ലായിരുന്നു. നിങ്ങളുടെ രാജ്യത്തോടും, മാനവരാശിയോടും, നീതിന്യായ സംവിധാനത്തോടും നിങ്ങളുടെ ഹൃദയത്തിൽ ഒരൽപ്പമെങ്കിലും സ്നേഹമുണ്ടെങ്കിൽ ഞാൻ പറയുന്നത് നിങ്ങൾ ശ്രദ്ധിക്കുക. ഇത് ഒരു തുടക്കം മാത്രമാണെന്ന് നിങ്ങളെ ഞാൻ ഓർമ്മിപ്പിക്കുന്നു. എന്നെ വർഷങ്ങളോളം നിശ്ശബ്ദനാക്കാനും, ഒരു പക്ഷേ ഇല്ലാതാക്കാനും നിങ്ങൾക്ക് കഴിഞ്ഞേക്കും, പക്ഷേ എന്റെ ശബ്ദം ഒരൽപ്പം പോലും പതറില്ല.[3]

വിചാരണക്കുശേഷം

[തിരുത്തുക]

മൊൻകാട ബാരക്സ് ആക്രമണകേസിലെ പ്രതികൾക്ക് വിവിധ കാലയളവുകളിലുള്ള തടവു ശിക്ഷ ലഭിക്കുകയുണ്ടായി. താൻ കോടതിയിൽ ചെയ്ത സുദീർഘമായ പ്രസംഗം ഫിദൽ ജയിലിലായിരിക്കുമ്പോൾ ചരിത്രം എനിക്കു മാപ്പു നൽകും എന്ന പേരിലുള്ള ഒരു ലഘുലേഖയായി പ്രസിദ്ധീകരിക്കുകയുണ്ടായി. ജയിലിൽ നിന്നും പ്രസിദ്ധീകരിച്ച ലഘുലേഖയിൽ അഞ്ച് വിപ്ലവകരമായ തീരുമാനങ്ങളെക്കുറിച്ച് ഫിദൽ പറഞ്ഞിട്ടുണ്ട്. എന്നാൽ കോടതിയിൽ ഫിദൽ നടത്തിയ പ്രസംഗത്തിൽ നിന്നും വേറിട്ടതാണ് ലഘുലേഖ എന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു. കോടതിയിൽ ഫിദലിന്റെ പ്രസംഗം ആരും തന്നെ ശേഖരിച്ചിരുന്നില്ല, മാത്രവുമല്ല പത്രപ്രവർത്തകർ ചുരുക്കെഴുത്തിലൂടെയല്ലായിരുന്നു ഈ പ്രസംഗം എഴുതിയെടുത്തത് മറിച്ച്, കാസ്ട്രോയുടെ വേഗത്തിൽ കേട്ടത് ഉടൻ പകർത്തുകയായിരുന്നു. ചരിത്രം എനിക്കു മാപ്പു നൽകും എന്ന ലഘുലേഖയിൽ മാർക്സിസത്തെക്കുറിച്ചു തന്നെ പരാമർശമില്ലായിരുന്നു എന്നും ഇതേ വിമർശകർ നിരീക്ഷിക്കുന്നു.[4]

ക്യൂബയുടെ സ്വാതന്ത്ര്യസമരനായകൻ കൂടിയായിരുന്ന ജോസ് മാർട്ടിനിയാണ് തങ്ങളുടെ പ്രേരകശക്തി എന്നായിരുന്നു ഫിദൽ കോടതിയിൽ പറഞ്ഞിരുന്നു. ജോസ് മാർട്ടീനിയുടെ ആശയങ്ങൾ അത്രമാത്രം ഫിദലിനെ സ്വാധീനിച്ചിരുന്നു. അതോടൊപ്പം തന്നെ മാർക്സിന്റേയും, ലെനിന്റേയും ആശയങ്ങളും ഫിദലിനെ തുല്യ അളവിൽ സ്വാധീനിച്ചിരുന്നു എന്ന് എഴുത്തുകാരനായ ആർനോൾഡ് ആഗസ്റ്റ് വാദിക്കുന്നു.[5] വിചാരണക്കുശേഷം പുറത്തിറങ്ങിയ ലഘുലേഖയുടെ പതിനായിരക്കണക്കിന് പതിപ്പുകളാണ് വിറ്റഴിഞ്ഞുപോയത്. ക്യൂബയിലെ ജനങ്ങൾക്കിടയിൽ ഈ പ്രസംഗം വരുത്തിയ മാറ്റങ്ങളാണ് ഈ ജനപ്രിയതക്കു കാരണമായി ആഗസ്റ്റ് ചൂണ്ടിക്കാണിക്കുന്നത്.[6]

അവലംബം

[തിരുത്തുക]
  1. "മൊൻകാട ബാരക്സ്". ഗ്രോസ്മോണ്ട്. Archived from the original on 2013-10-09. Retrieved 2013-09-09.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "ക്യൂബ മാർക്സ് 60ത് ആനിവേഴ്സറി ഓഫ് മൊൻകാട ബാരക്സ് അറ്റാക്ക്". ദ ഹിന്ദു. 2013-07-26. Archived from the original on 2013-10-07. Retrieved 2013-09-07.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "ചരിത്രം എനിക്കു മാപ്പു നൽകും - ഫിദലിന്റെ പ്രസംഗം". മാർക്സിസ്റ്റ്.ഓർഗ്. Archived from the original on 2013-11-11. Retrieved 2013-11-13.{{cite web}}: CS1 maint: bot: original URL status unknown (link)
  4. അന്റോണിയോ റാഫേൽ, കാവ (2007). ദ മൊൻകാട അറ്റാക്ക്, ബർത്ത് ഓഫ് ക്യൂബൻ റെവല്യൂഷൻ. സൗത്ത് കരോളിന സർവ്വകലാശാല. p. 238-240. ISBN 978-1570036729.
  5. ആർനോൾഡ്, ആഗസ്റ്റ് (2013). ക്യൂബ ആന്റ് ഇറ്റ്സ് നൈബേഴ്സ്-ഡിമോക്രസി ഇൻ മോഷൻ. സെഡ് ബുക്സ്. ISBN 978-1848138667.
  6. "ഹിസ്റ്ററി വിൽ അബ്സോൾവ് മി - ഫിദൽ കാസ്ട്രോ, സിക്സ്റ്റി ഇയേഴ്സ് ലേറ്റർ". ഗ്ലോബൽ റിസർച്ച്. Archived from the original on 2013-11-11. Retrieved 2013-11-11.{{cite web}}: CS1 maint: bot: original URL status unknown (link)