ഇച്ച അബ്ദുൽ ഖാദർ മസ്താൻ
ഇച്ച പച്ചയിൽ കച്ചോടം ചെയ്യന്നീലാ
മെച്ച സ്വർഗത്തിൽ ആശ്ചര്യം കൂറുന്നില്ലാ
അച്ചരൂപ നരകത്തെ പേടിയില്ലാ
ഉച്ചനേരം ലിഖാ എന്നിൽ കാട്ടിടല്ലാഹ്
ഇരുപതാം നൂറ്റാണ്ടിൽ വടക്കൻ കേരളത്തിൽ ജീവിച്ചിരുന്ന സൂഫി വര്യനും ,ആധ്യാത്മിക കവിയും ദാർശനികനും ആണ് ഇച്ച മസ്താൻ എന്നപേരിൽ പ്രസിദ്ധനായ ഇച്ച അബ്ദുൽ ഖാദർ മസ്താൻ(1871 - 1933). ജ്ഞാനാംശങ്ങളും സ്വകീയഭാവനകളും കാൽപനിക രീതിയിൽ ആത്മീയ ചിന്തകളും തനതുശൈലിയിൽ ഇടകലർത്തിയുള്ള രചന വൈഭവം കാരണമായി നിരൂപകരാൽ കേരളത്തിലെ ഉമർ ഖയ്യാം എന്ന വിശേഷണത്തിനർഹനായിട്ടുണ്ട്. നിരവധി ഖണ്ഡകാവ്യങ്ങളും ഗീതങ്ങളും അടങ്ങിയ രചനകളിൽ പലതും മാപ്പിളപ്പാട്ടായി ഇപ്പോഴും പ്രചാരത്തിലുണ്ട്.
ജീവിതരേഖ
[തിരുത്തുക]ഞാൻ ചൂടുംപൂ നല്ല മുല്ലപ്പൂവാ, നീ ചൂടും പൂവിന്റെ പേർ കേൾക്കട്ടെ,
പാൽ നിറമോലും നൽമുഹ്യദ്ദീൻ, പാരിൽ മികവഴി പരിമളപ്പൂ,
ഖോജാമ്പർ ചൂടിയ വെൺമുല്ലപ്പൂ, കോവർ കോർത്തിട്ട കോർമപ്പൂ..
1871ൽ ബ്രിട്ടീഷ് ഇന്ത്യയിലെ മലബാർ ജില്ലയിൽ പെട്ട കണ്ണൂർ സിറ്റി ജുമാമസ്ജിദിടുത്തുള്ള വെളുത്തകണ്ടി തറവാട്ടിൽ ജനിച്ചു. പാരമ്പര്യമായി ചെമ്പുപാത്രം വിളക്കിച്ചേർത്ത് വിൽപ്പന നടത്തുന്നവരായിരുന്നു അദ്ദേഹത്തിൻറെ കുടുംബം. പ്രാഥമിക പഠനങ്ങൾക്ക് ശേഷം പരമ്പരാഗത കച്ചവടമായ പിച്ചള വിൽപ്പനയിൽ ഇദ്ദേഹം വ്യാപൃതനായി. കച്ചവട യാത്രകൾക്കിടയിലാണ് ഖാദിറിന് സൂഫിസത്തോടു പ്രതിപത്തി ഉണ്ടാകുന്നതും ആധ്യാത്മിക മേഖലകളിലേക്ക് കടന്നു ചെല്ലുന്നതും.
അധിക സൂഫി വര്യന്മാരുടെയും ജീവചരിത്രത്തിൽ സംഭവിക്കുന്ന നിഗൂഢമായ വഴിത്തിരിവുകൾ തന്നെയാണ് അബ്ദുൽ ഖാദിറിൻറെ ജീവിത രേഖയിലും ദർശിക്കാനാവുന്നത്. കച്ചവടത്തിനിടെ അബ്ദുൽ ഖാദിറിന് അറബിയിലും,ചെന്തമിഴിയിലും എഴുതിയ ഏതാനും ചെമ്പോല തകിടുകൾ ലഭിക്കുന്നു. ഓലയിലെ അക്ഷര കൂട്ടങ്ങളിൽ കൗതുകം പൂണ്ട അബ്ദുൽ ഖാദിർ അത് വിളക്കാതെ കൈയ്യിൽ തന്നെ സൂക്ഷിച്ച് കച്ചവട യാത്രക്കിടെ അത് വായിക്കാൻ അറിയുന്നവരെ തേടിയലഞ്ഞു. നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ ഇദ്ദേഹം ഒരു സൂഫിയുമായി സന്ധിക്കുകയും സൂഫി സന്യാസി ചെമ്പോലയിൽ ആലേഖനം ചെയ്തിരിക്കുന്നത് അല്ലഫൽ അലിഫ് കാവ്യ ശകലങ്ങളാണെന്ന് വ്യക്തമാക്കുകയും അവ വായിച്ചു കേൾപ്പിക്കുകയും, അല്ലഫൽ അലിഫ് കാവ്യം രചിച്ച ശൈഖ് ഉമറുലൽ ഖാഹിരിയുടെ കായൽപട്ടണത്തുള്ള സമാധി മണ്ഡപം സന്ദർശിക്കാൻ അബ്ദുൽ ഖാദിറിനെ പ്രേരിപ്പിക്കുകയും ചെയ്തു. കാവ്യത്തിൻറെ വശ്യതയിലും അനുരാഗത്തിലും താല്പര്യം ജനിച്ച അബ്ദുൽ ഖാദിർ ഉടനെ കായൽപട്ടണത്തിലേക്ക് യാത്രയായി. ഖാഹിരിയുടെ ശിഷ്യന്മാരായിരുന്നു അവിടെ അബ്ദുൽ ഖാദിറിനെ കാത്തിരുന്നത്. ദൈവിക തീരുമാനം എന്നർത്ഥം വരുന്ന ‘ഇച്ച’ എന്ന് വിളീച്ചു് ഖാദറിനെ അവർ സ്വീകരിക്കുകയും ആത്മീയ ശിക്ഷണത്തിലേക്ക് സ്വാഗതം ചെയ്യുകയുമുണ്ടായി. അല്ലഫൽ അലിഫിൽ വിസ്മൃതി പൂണ്ട ഖാദിർ വിസ്സമ്മതിച്ചില്ല. സൂഫി ഗുരുക്കന്മാരിലൂടെ ഖുർആൻ,കർമ്മശാസ്ത്രം,ഹദീസ് എന്നിവയിൽ കൂടുതൽ അവഗാഹം നേടുകയും തുടർന്ന് ശൈഖ് മുഹമ്മദ് മൗല ബുഖാരി അടക്കമുള്ള സൂഫി സന്യാസികളിൽ നിന്നും ഖാദിരിയ്യ ത്വരീഖത്ത് സ്വീകരിക്കുകയും ആധ്യാത്മിക സോപാനങ്ങൾ കീഴടക്കാൻ ആരംഭിക്കുകയും ചെയ്തു.[1]
തമിഴ്, ചെന്തമിഴ്,അറബി,പേര്ഷ്യൻ, ഉറുദു, സംസ്കൃതം തുടങ്ങി എട്ടോളം ഭാഷകളിലും ഇക്കാലയളവിൽ നിപുണത നേടിയിരുന്നു. സൂഫിസത്തിലെ പടവുകൾ ഓരോന്നായി കടന്ന അബ്ദുൽ ഖാദിർ ഉന്നത ഘട്ടങ്ങളിൽ അനുഭവപ്പെടാറുള്ള ഉന്മാദ ലഹരിക്ക് പാത്രമായി. സൂഫികൾ ഫന എന്ന് വിശേഷിപ്പിക്കുന്ന ഈ മാനസികാവസ്ഥയിൽ എത്തിയതിനെ തുടർന്നാണ് ആത്മീയ ലഹരി ബാധിച്ചവൻ, ആത്മീയോന്മാദായകൻ എന്നീ അർത്ഥങ്ങൾ വരുന്ന മസ്താൻ എന്ന വിളിപ്പേര് ലഭിക്കുന്നത്.
രചനകൾ
[തിരുത്തുക]ഹു എന്ന താമരയിൽ
ഹാഹി ധ്വനിത്ത തിരി
ലെങ്കീത്തൊന്നിന്റെ ശിവനാ
ഹാ ഹി ഹുദം അലിഫിൽ
ഖുദ്‌റത്ത് ലാമലിഫിൽ
ഒട്ടിപ്പടുത്ത ബദനാ
ഒന്നായ നാലു നില
ഒരുമിച്ചെടുത്തവരിൽ
ഒന്നായ തന്റെ തനിമ.
ഓങ്കാര ചക്രമലർ
ഹു ഹു കുളമ്പടികൾ
ഒന്നൊന്നിനുള്ള ധനമാ.
ഈയൊരു കാലയളവിലാണ് ഇച്ച മസ്താൻറെ സാഹിത്യ വൈഭവം അണപൊട്ടിയൊഴുകുന്നത്. മലയാളം,തമിഴ്, ചെന്തമിഴ്,അറബി, പേർഷ്യൻ, ഉറുദു,സംസ്കൃതം ഭാഷകളിൽ ചിന്തോത്പകമായ വരികൾ ബഹിർഗമിച്ചു. കാവ്യ ശിൽപങ്ങൾ പിറന്നു. പൂക്കളും,മരങ്ങളും,പക്ഷികളുമൊക്കെ വിഷയങ്ങളായ പ്രകൃതി കവിതകൾ “പൂപ്പേച്ചലുകൾ” എന്നറിയപ്പെട്ടപ്പോൾ, ദാർശനിക തലങ്ങളറിയാൻ അറബിയിലെയും,പേർഷ്യനിലെയും ആത്മജ്ഞാനഗ്രന്ഥങ്ങളിലേക്കോ സൂഫിഗുരുക്കളിലേക്കോ ചെന്നെത്തേണ്ടി വരുന്ന, ആന്തരികാർത്ഥം വിസ്മയിപ്പിക്കും വിധമായിരുന്ന ക്ഷിപ്രഗ്രാഹ്യങ്ങളല്ലാത്ത കാവ്യങ്ങൾ പിൽകാലത്ത് “വിരുത്തങ്ങൾ” (ആത്മാവിൽ നിന്നു കവിഞ്ഞിറങ്ങുന്നവ) എന്ന് വിശേഷിപ്പിക്കപ്പെട്ടു. ഹിന്ദുസ്ഥാനിയിലെ ദർബാറി, സിന്ധുഭൈരവി രാഗങ്ങളിൽ ആലപിക്കാവുന്ന വേദാന്തത്തിലെ പൊരുളുകളെ സൂഫിഭാഷയിൽ കാട്ടിത്തരുന്ന ഏകദേശം പന്ത്രണ്ടായിരത്തോളം വിരുത്തങ്ങൾ ഇച്ചയാൽ രചയിതമായിട്ടുണ്ട് എന്നാണ് കണക്ക്. ഇവയിൽ പലതും ചരിത്ര ഗവേഷകനായ ഒ.അബു മുൻകൈ എടുത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.[2]
ഒറ്റയിട്ട വരികളിലൂടെ വലിയ വലിയ ദർശനങ്ങളെ അവതരിപ്പിക്കുന്ന, ഗഹനമായ അർഥങ്ങളുൾകൊള്ളുന്ന, സൃഷ്ടികർത്താവിലുള്ള വിലയവും പ്രവാചക കീർത്തനങ്ങളും, മുഹ്യുദ്ദീൻ ശൈഖ്, ശൈഖ് മുഹമ്മദ്മൗല ബുഖാരി തുടങ്ങിയ ആത്മീയ ഗുരുക്കന്മാരെ പ്രകീർത്തിച്ചുള്ള കീർത്തനങ്ങളും അടങ്ങിയതാണ് പല വിരുത്തങ്ങളും.
- “അലിഫെന്ന മാണിക്ക്യം ലാമായമീമിൽ അകമീയമായ് അഹമ്മദായി ആലമില്ല”
- “ബിസ്മില്ലഹി……….ബാക്ക് പുള്ളിയും വള്ളിയും കേളു മദീന”
“മുത്തിൽ തെളിഞ്ഞവരെ
മകനാരെടോ അറിയോ ?
മുഹ്‌യിദ്ദീനെണ്ടതറിയോ”
ആത്മീയ പടവുകൾ താണ്ടുമ്പോഴും കച്ചവടം ചെയ്തു തന്നെയായിരുന്നു ഇച്ച മസ്താൻ ജീവിത ചെലവ് കണ്ടെത്തിയിരുന്നത്. ശ്രീനാരായണ ഗുരു അടക്കമുള്ളവരുടെ സഹൃദം പുലർത്തിയിരുന്ന ഈ ജ്ഞാനിവര്യൻ 1933ൽ അന്തരിച്ചു.
ബ്രിട്ടീഷ് ഇന്ത്യ സർക്കാർ പ്രസിദ്ധീകരിച്ച ഇന്ത്യൻ ആൻറി ക്വിറ്ററിയിൽ ഇച്ച മസ്താൻറെ പത്തു വിരുത്തങ്ങൾ ഇടം പിടിച്ചതും, 1980ൽ തൃശൂരിലെ ജോസഫ് കൊളത്താടൻ ഇറാഖിലെ ബസറ സർവ്വകലാശാലയിൽ ഇച്ചയെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചതും ശ്രദ്ധേയമാണ്. ഗായകരായ ഷഹബാസ് അമൻ, സമീർ ബിൻസി,ഇമാം മജ്‌ബൂർ,സംഗീത സംവിധായകരായ ചന്ദ് പാഷ, ബാബുരാജ് എന്നിവർ ഇച്ചയുടെ വിരുത്തങ്ങൾ ആസ്വാദകർക്ക് മുൻപിലേക്കെത്തിച്ചവരിൽ പ്രധാനികളാണ്. [3] [4]
അധിക വായനയ്ക്ക്
[തിരുത്തുക]- ഇച്ചയുടെ വിരുത്തങ്ങൾ - ഒ. അബു, ആമിന ബുക്സ്റ്റാൾ, തൃശൂർ