Jump to content

ഇമേജ് പ്രൊസസ്സിങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Image Processing എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


കമ്പ്യൂട്ടറുപയോഗിച്ച്‌ ഫോട്ടോഗ്രാഫുകൾ പ്രോസസ് ചെയ്യുന്ന രീതിയെയാണ് ഇമേജ് പ്രൊസസ്സിങ്ങ് എന്ന് പറയുന്നത്. ഇമേജ് പ്രൊസസ്സിങ്ങിനു ശേഷം ലഭിക്കുന്ന ഫലം ഒന്നുകിൽ മറ്റൊരു ഇമേജ് ആയിരിക്കാം അല്ലെങ്കിൽ ഇമേജിനെക്കുറിച്ചുള്ള വിശേഷണമായിരിക്കും. ഭൂരിഭാഗം ഇമേജ് പ്രൊസസ്സിങ്ങ് സങ്കേതങ്ങളും ഇമേജിനെ ഒരു ദ്വിമാന മാത്രമായ വിവരമായി കാണുന്നു. ഇമേജ് പ്രൊസസ്സിങ്ങ് പ്രാവർത്തികമാക്കാൻ വലിയ വേഗത്തിൽ ഉള്ള കമ്പൂട്ടർ പ്രൊസസ്സിങ്ങ് സങ്കേതങ്ങളും വലിയ വിവര സംഭരണ ശേഷിയും അത്യാവശ്യമാണ്. ഒരു ചിത്രത്തിൻറെ അടിസ്ഥാന ഘടകങ്ങളായ പിക്സലുകളുടെ മൂല്യമാണ് ചിത്രത്തിൻറെ നിറം, തെളിച്ചം തുടങ്ങിയവ നിശ്ചയിക്കുന്നത്. പൂജ്യം കറുപ്പിനെയും പരമാവധി മൂല്യം (സാധാരണ ഗതിയ്ക്ക് 256) വെളുപ്പിനെയും സൂചിപ്പിക്കുന്നു. കറുപ്പിനും വെളുപ്പിനും ഇടയിലുള്ള മൂല്യങ്ങളുടെ എണ്ണത്തെ ഗ്രേസ്കെയിൽ എന്ന് വിശേഷിപ്പിക്കുന്നു. ആകെ പിക്സലുകളുടെ എണ്ണമാണ് ഒരു ചിത്രത്തിൻറെ റെസോലുഷ്യൻ തീരുമാനിക്കുന്നത്.

ചിത്രങ്ങളെ പകർത്തുവാൻ ഉപയോഗിക്കുന്ന യന്ത്രങ്ങളുടെ പിഴവുകൾ മൂലം പലപ്പോഴും ചിത്രങ്ങളിലെ പിക്സൽ മൂല്യങ്ങളിൽ അപാകത ഉണ്ടാകാറുണ്ട്. ഇവ ഒച്ച അല്ലെങ്കിൽ നോയിസ് എന്ന് അറിയപ്പെടുന്നു. സർവസാധാരണമായി കാണപ്പെടുന്ന ഗൌസ്സ്യൻ ഒച്ച മുതൽ ചിത്രത്തിൽ അങ്ങിങ്ങായ്‌ കുത്തുകൾ ഉള്ള പ്രതീതി ജനിപ്പിക്കുന്ന സാൾട്ട് ആൻഡ്‌ പെപ്പർ ഒച്ച വരെ ഈ ഗണത്തിൽപ്പെടുന്നു. ഒച്ചയെ ഒഴിവാക്കുവാനും ചിത്രനിലവാരം മെച്ചപ്പെടുത്താനും പല തരത്തിലുള്ള അരിപ്പകൾ (ഫിൽറ്റർകൾ) ഉപയോഗിക്കാൻ സാധിക്കും. ഇവയിൽ ചിലത് പിക്സൽ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതും, ചിലത് ആവർത്തി (ഫ്രെക്വെന്സി) മാനത്തിൽ ഉള്ളവയുമാണ്. ഈ അരിപ്പകൾ ഉപയോഗിച്ച് ചിത്രങ്ങളെ പല രീതിയിൽ പ്രോസെസ്സ് ചെയ്യാൻ സാധിക്കും.

നിറങ്ങളെ പ്രതിനിധാനം ചെയ്യാൻ ഓരോ പിക്സലിനും മൂന്ന് വ്യത്യസ്ത മൂല്യങ്ങൾ ആവശ്യമാണ്. പിൽക്കാലത്ത് ചുവപ്പ്, നീല, മഞ്ഞ എന്നീ പ്രാഥമിക നിറങ്ങളുടെ അടിസ്ഥാനത്തിലാണ് ത്രിമാന നിറ മൂല്യങ്ങൾ രേഖപ്പെടുത്തിയിരുന്നത്. ഇന്ന് സയൻ, മജന്ത, കറുപ്പ്, മഞ്ഞ എന്നിവയെയാണ് ത്രിമാന നിറ മൂല്യങ്ങളെ പ്രതിനിധീകരിക്കുവാൻ ഉപയോഗിക്കുന്നത്.

ഇമേജ് പ്രോസെസ്സിങ്ങിലെ മറ്റ് പ്രമുഖ മേഖലകൾ കംപ്രെഷൻ (ചുരുക്കൽ), സെഗ്മെൻറെഷൻ (പിളർക്കൽ), വസ്തുക്കളെ തിരിച്ചറിയൽ എന്നിവയാണ്. കമ്പ്യൂട്ടർ വിഷൻ എന്ന നൂതന സാങ്കേതിക വിദ്യയോടുള്ള സാമ്യത ഇമേജ് പ്രോസെസ്സിങ്ങിനെ കൃത്രിമ ബുദ്ധിയുടെ വികസനത്തിൻറെ നെടുംതൂണുകളിൽ ഒന്നാക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഇമേജ്_പ്രൊസസ്സിങ്ങ്&oldid=2922448" എന്ന താളിൽനിന്ന് ശേഖരിച്ചത്