ഇന്ത്യൻ ജ്യോതിശാസ്ത്രനിരീക്ഷണകേന്ദ്രം, ഹാൻലെ
ഇന്ത്യൻ ജ്യോതിശാസ്ത്രനിരീക്ഷണകേന്ദ്രം Indian Astronomical Observatory | |||||||
---|---|---|---|---|---|---|---|
സ്ഥാപനം | ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് | ||||||
സ്ഥലം | ഹാൻലെ, ഇന്ത്യ | ||||||
സ്ഥാനം | |||||||
ഉന്നതി | 4,500 m (14,764 ft) | ||||||
നിലവിൽ വന്നത് | 2001 | ||||||
വെബ്സൈറ്റ് ഇന്ത്യൻ ജ്യോതിശാസ്ത്രനിരീക്ഷണകേന്ദ്രം | |||||||
|
ലോകത്ത് സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വാനനിരീക്ഷണകേന്ദ്രമാണ് ലഡാക്കിലെ ഹാൻലെയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ ജ്യോതിശാസ്ത്ര നിരീക്ഷണകേന്ദ്രം[1]. സമുദ്രനിരപ്പിൽ നിന്ന് 4500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രം ലേയിൽ നിന്ന് 260-കിലോമീറ്റർ അകലെയായി സിന്ധൂനദിയുടെ ഒരു ചെറിയ പോഷകനദിയായ ഹാൻലെ നദിയുടെ തീരത്തുള്ള ഹാൻലെ എന്നു തന്നെ പേരുള്ള ഒരു ഗ്രാമപ്രദേശത്താണ്. ഭൂമിയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒപ്റ്റിക്കൽ ദൂരദർശിനിയും ഇൻഫ്രാറെഡ് ദൂരദർശിനിയും ഇവിടെയാണ്[1]. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് ആണ് ഈ കേന്ദ്രം ഇവിടെ സ്ഥാപിച്ച് ഗവേഷണപ്രവർത്തനങ്ങൾ നടത്തുന്നത്. 2001-ലാണ് ദർപ്പണത്തിന് 2 മീറ്റർ വ്യാസമുള്ള ഒരു ദൂരദർശിനിയുടെ സ്ഥാപനം പൂർത്തിയാക്കി ഈ കേന്ദ്രത്തിന്റെ പ്രവർത്തനമാരംഭിച്ചത്.
പ്രത്യേകതകൾ
[തിരുത്തുക]സമുദ്രനിരപ്പിൽ നിന്നും ഏറെ ഉയരത്തിൽ ഒറ്റപ്പെട്ടു കിടക്കുന്നതും ജനവാസം വളരെ കുറഞ്ഞതുമായ ഈ ഇടം ഒരു വാനനിരീക്ഷണകേന്ദ്രത്തിന് ഏറ്റവും യോജിച്ചതാണ്. ഉന്നതിയും, അന്തരീക്ഷത്തിന്റെ സുതാര്യതയും വ്യക്തമായ നിരീക്ഷണഫലങ്ങൾ നൽകുന്നതിന് സഹായിക്കുന്നു. ജനവാസം കുറവായതിനാൽ രാത്രിയിലെ ആകാശം പ്രകാശമലിനീകരണത്തിൽ നിന്നും മുക്തമാണ്. ഇതു കൂടാതെ ലഡാക്ക് പ്രദേശം ഹിമാലയത്തിന്റെ മഴ-നിഴലിൽ (rain-shadow) സ്ഥിതി ചെയ്യുന്നതിനാൽ ഇവിടം വളരെ വരണ്ടതുമാണ്.
നിർമ്മാണം
[തിരുത്തുക]1990-ലാണ് വലിയ ഒരു പ്രകാശിക ദൂരദർശിനി സ്ഥാപിക്കുന്നതിന് സമുദ്രനിരപ്പിൽ നിന്ന് വളരെ ഉയരത്തിലുള്ള ഒരു സ്ഥലം കണ്ടെത്തുന്നതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് തീരുമാനമെടുത്തത്. ജ്യോതിശാസ്ത്രപഠനങ്ങൾക്കായി ഒരു 4 മീറ്റർ ദൂരദർശിനി സ്ഥാപിക്കുന്നതിനായിരുന്നു പദ്ധതി. വിവിധ പഠനങ്ങളിലൂടെ കേദാർനാഥ്, കല്പ, കാജ, ഡൽഹൗസി, ഹാൻലെ, ത്സോ മൊറിറി എന്നിങ്ങനെ സമുദ്രനിരപ്പിന് 14000 അടിയിലും ഉയരത്തിലുള്ള ആറു സ്ഥലങ്ങളാണ് ഇതിനായി തെരഞ്ഞെടുക്കപ്പെട്ടത്. 1993-ൽ ഐ.ഐ.എ-യിൽ നിന്നും ആറു സംഘങ്ങൾ ഈ സ്ഥലങ്ങൾ സന്ദർശിക്കുകയും ഹാൻലെ അന്തിമമായി തെരഞ്ഞെടുക്കുകയും ചെയ്തു. ഇതോടൊപ്പം ഇവിടത്തെ ഏറ്റവും ഉയരമുള്ള മലയായ ഡിഗ്പ-രറ്റ്സ റി (4517 മീറ്റർ), മൗണ്ട് സരസ്വതി എന്ന് പുനർനാമകരണം നടത്തി.
പ്രധാന ദൂരദർശിനി സ്ഥാപിക്കുന്നതിനു മുൻപ് ഒരു വർഷം ഒരു ചെറിയ ദൂരദർശിനി സ്ഥാപിച്ച് വർഷം മുഴുവനുമുള്ള അന്തരീക്ഷത്തിന്റെ സുതാര്യതയും, മറ്റു ഉപകരണങ്ങൾ ഉപയോഗിച്ച് കാലാവസ്ഥയെക്കുറിച്ചും പഠനങ്ങൾ നടത്തിയിരുന്നു.
4 അല്ലെങ്കിൽ 6.5 മീറ്റർ വ്യാസമുള്ള ദൂരദർശിനി സ്ഥാപിക്കുന്നതിനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ആദ്യഘട്ടമായി ഒരു ചെറിയ ദൂരദർശിനി സ്ഥാപിക്കാൻ പിന്നീട് തീരുമാനിച്ചു. അങ്ങനെ 1997-ൽ ഒരു 2 മീറ്റർ ദൂരദർശിനി സ്ഥാപിക്കുന്നതിന് സാമ്പത്തികാനുമതി നൽകി. പെട്ടെന്നു തന്നെ സ്ഥലമെടുപ്പ് നടത്തി പണിയും ആരംഭിച്ചു. 2001-ൽ മൗണ്ട് സരസ്വതിക്കു മുകളിൽ ദൂരദർശിനിയുടെ സ്ഥാപനം പൂർത്തിയാക്കി കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിച്ചു.
സൗകര്യങ്ങൾ
[തിരുത്തുക]മൗണ്ട് സരസ്വതി കുന്നിനു മുകളിലാണ് ദൂരദർശിനി സ്ഥാപിച്ചിരിക്കുന്നത്. ജീവനക്കാർക്കുള്ള താമസസ്ഥലം, അതിഥിമന്ദിരം, എന്നിവക്കു പുറമേ ഹൈ ആൾട്ടിറ്റ്യൂഡ് ഗാമാ റേ (HAGAR) സൗകര്യം എന്നിവ മൗണ്ട് സരസ്വതി കുന്നിന്റെ അടിവാരത്ത് സ്ഥിതി ചെയ്യുന്നു. വയർലെസ് ഇന്റർനെറ്റ് സൗകര്യമുള്ള ഇവിടത്തെ പ്രധാനപ്പെട്ട വാർത്താവിനിമയോപാധിയാണ് ഇത്.
വൈദ്യുതിക്കായി ഡീസൽ ജനിത്രങ്ങളും, സൗരോർജ്ജഫലകങ്ങളുമാണ് ഉപയോഗപ്പെടുത്തുന്നത്. വാർത്താവിനിമയത്തിനായി ഒരു ഉപഗ്രഹബന്ധവും സ്ഥാപിച്ചിട്ടുണ്ട്.
അമേരിക്കയിലെ വാഷിങ്ടൺ സർവ്വകലാശാലയുമായി സഹകരിച്ചു കൊണ്ട് ഒരു 0.5 മീറ്റർ ഫോട്ടോ മെട്രി ടെലിസ്കോപ്പും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇതിനുപുറമേ ഒരു 0.3 മീറ്റർ ഡിഫറൻഷ്യൽ മോണിട്ടർ, സ്വയം പ്രവർത്തക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എന്നിവയും ഇവിടത്തെ സവിശേഷതകളാണ്.
ദൂരദർശിനി
[തിരുത്തുക]ഹിമാലയൻ ചന്ദ്ര എന്ന രണ്ടുമീറ്റർ ദർപ്പണവ്യാസമുള്ള പ്രകാശിക (optical), ഇൻഫ്രാറെഡ് ദൂരദർശിനിയാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. പ്രശസ്ത ജ്യോതിശാസ്ത്രജ്ഞൻ സുബ്രഹ്മണ്യം ചന്ദ്രശേഖറുടെ ബഹുമാനാർത്ഥമാണ് ഹിമാലയൻ ചന്ദ്ര എന്ന് ഈ ദൂരദർശിനിക്ക് പേരിട്ടിരിക്കുന്നത്.
ദൂരദർശിനിയുടെ കവചത്തിന്റേയും അതിന്റെ മകുടത്തിന്റെ അടപ്പിന്റേയും (shutter) ഘടന സാമാന്യരീതിയിൽ നിന്നും വ്യത്യസ്തമാണ്. മിക്കാവാറും ദൂരദർശിനിയുടെ മകുടങ്ങൾ കോൺക്രീറ്റ് കൊണ്ടാണ് നിർമ്മിക്കാറുള്ളത്. എന്നാൽ ഇവിടത്തേത് ലോഹനിർമ്മിതമാണ്. ദൂരദർശിനിക്കകത്ത് സാധാരണതാപനില പെട്ടെന്ന് കൈവരിക്കുന്നതിന് ഈ ലോഹകവചം സഹായിക്കുന്നു.
ഈ കേന്ദ്രത്തിന്റെ നിർമ്മാണച്ചെലവിന്റെ പകുതിയോളം ദൂരദർശിനിയും അതിന്റെ അനുബന്ധോപകരണങ്ങളും നിർമ്മിക്കുന്നതിനാണ് ഉപയോഗിച്ചിട്ടുള്ളത്. അരിസോണയിലെ ഇ.ഒ.എസ്. ടെക്നോളജീസ് എന്ന സ്ഥാപനമാണ് ഈ ദൂരദർശിനിയുടെ നിർമ്മാതാക്കൾ.
വൈദ്യുതകാന്തികവർണ്ണരാജിയിലെ ദൃശ്യപ്രകാശം, ഇൻഫ്രാറെഡ് എന്നീ മേഖലകളെ നിരീക്ഷിക്കുന്നതിന് മൂന്നു വ്യത്യസ്ത സംവേദനോപകരണങ്ങളാണ് ഈ ദൂരദർശിനിയിൽ സജ്ജീകരിച്ചിരിക്കുന്നത്.
- ഒപ്റ്റിക്കൽ ചാർജ് കപ്പിൾഡ് ഡിവൈസ് ഇമേജർ- ദൃശ്യപ്രകാശം ഉപയോഗിച്ചുള്ള ചിത്രങ്ങൾ എടുക്കുന്നു.
- ഹാൻലെ ഫെയിന്റ് ഒബ്ജക്റ്റ് സ്പെക്ട്രോസ്കോപ്പിക്ക് ക്യാമറ (HFOSC) - ഇത് ഒരു പ്രകാശിക ഛായാഗ്രാഹിയും, സ്പെക്ട്രോഗ്രാഫ് ചേർന്ന ഉപകരണമാണ്. ഇതാണ് ഈ കേന്ദ്രത്തിലെ പ്രധാന ഉപകരണം.
- നിയർ ഇൻഫ്രാറെഡ് ഇമേജർ - ഇൻഫ്രാറെഡ് പരിധിയിൽ വരുന്ന തരംഗങ്ങൾ ഉപയോഗിച്ച് ചിത്രങ്ങൾ എടുക്കുന്നു.
ഈ ദൂരദർശിനിയിലൂടെ ലഭിക്കുന്ന ചിത്രങ്ങൾ ശേഖരിച്ച് ഉപഗ്രഹബന്ധം വഴി ബംഗളൂരുവിലെത്തിച്ചാണ് വിശദമായ പഠനങ്ങൾ നടത്തുന്നത്. ദൂരദർശിനിയുടേയും മറ്റുപകരണങ്ങളുടെ നിയന്ത്രണം ബംഗളൂരുവിന് മൂന്നു കിലോമീറ്റർ പുറത്തു സ്ഥിതി ചെയ്യുന്ന ഹോസ്‌കോട്ടെ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ക്രെസ്റ്റ് (സെന്റർ ഫോർ റിസർച്ച് & എജ്യുക്കേഷൻ ഇൻ സയൻസ് ആന്റ് ടെക്നോളജി) എന്ന കേന്ദ്രത്തിൽ നിന്നാണ് നിർവഹിക്കുന്നത്. ഉപഗ്രഹബന്ധം വഴിയാണ് ഈ വിദൂരനിയന്ത്രണം സാധ്യമാകുന്നത്. അത്യാവശ്യഘട്ടങ്ങളിൽ തകരാറുകൾ പരിഹരിക്കുന്നതിനു വേണ്ട ജീവനക്കാർ മാത്രമാണ് ഹാൻലെയിൽ ഉള്ളത്.
പഠനങ്ങൾ
[തിരുത്തുക]സൂപ്പർനോവകളെക്കുറിച്ചും ഗാമാ റേ ബർസ്റ്റ് ഉറവിടങ്ങളെക്കുറിച്ചുമുള്ള പഠനങ്ങൾക്ക് ഈ കേന്ദ്രം സംഭാവനകൾ നൽകിയിട്ടുണ്ട്.
ഹാൻലെ
[തിരുത്തുക]ഹാൻലെ ഒരു ചരിത്രപ്രാധാന്യമുള്ള സ്ഥലമാണ്. 16-ആം നൂറ്റാണ്ടിൽ താഷി നംഗ്യാൽ (Tashi Namgyal) രാജാവ് ഇവിടെ ഒരു കൊട്ടാരം പണിതു. പിൽക്കാലത്ത് ഇത് ഒരു ബുദ്ധവിഹാരമായി മാറി. ആധുനികജീവിതസൗകര്യങ്ങൾ ഒട്ടും തന്നെ എത്തിച്ചേരാത്ത ഈ സ്ഥലത്തെ ജനങ്ങൾ ഏകദേശം പ്രാകൃതജീവിതമാണ് നയിച്ചു പോരുന്നത്.