Jump to content

ഭാരതീയ ജ്യോതിശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Indian astronomy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൂനയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആന്റ് ആസ്ട്രോഫിസിക്സ് മൈതാനത്ത് സ്ഥാപിച്ചിരിക്കുന്ന ആര്യഭടന്റെ പ്രതിമ.

ഇന്ത്യയിൽ നിന്നും ലഭിച്ചിട്ടുള്ള ഏറ്റവും പഴയ ജ്യോതിശാസ്ത്രഗ്രന്ഥം ലഗധമുനി രചിച്ച വേദാംഗജ്യോതിഷം ആണ്. ലഗധമുനി ജീവിച്ചിരുന്നത് ക്രി.മു. 8-9 നൂറ്റാണ്ടുകളിലായിരിക്കാമെന്നാണ് ചരിത്രകാരന്മാർ കണക്കാക്കുന്നത്.[1] എന്നാൽ ഇതിനും മുമ്പുതന്നെ ഇന്ത്യയിൽ ജ്യോതിശാസ്ത്ര പഠനം തുടങ്ങിയിരിക്കാം. വേദങ്ങൾ, ബ്രാഹ്മണങ്ങൾ, ഉപനിഷത്തുകൾ എന്നിവയിൽ ആകാശത്തെയും നക്ഷത്രങ്ങളെയും കുറിച്ചുള്ള ചില വിവരങ്ങൾ ഉണ്ട്. അഥർവ്വവേദത്തിൽ 27 നക്ഷത്രങ്ങളെ കുറിച്ചും അവയുടെ ഉദയാസ്തമയത്തെ കുറിച്ചും പറയുന്നുണ്ട്. തൈത്തിരീയ സംഹിതയിൽ 12 ചന്ദ്രമാസങ്ങളെ കുറിച്ചും അധികം വരുന്ന 11 ദിവസങ്ങളെ കുറിച്ചും പറയുന്നുണ്ട്.

ആര്യഭടൻ, ബ്രഹ്മഗുപ്തൻ, വരാഹമിഹിരൻ എന്നിവർ ജീവിച്ചിരുന്ന 5,6 നൂറ്റാണ്ടുകളാണ് ഭാരതീയ ജ്യോതിശാസ്ത്രത്തിന്റെ പുഷ്കലകാലമെന്നു പറയാം. ഇവർക്കു ശേഷം 16-17 നൂറ്റാണ്ടുകളിൽ കേരളത്തിലാണ് ശ്രദ്ധേയമായ അന്വേഷണങ്ങൾ നടന്നിട്ടുള്ളത്.

ചരിത്രം

[തിരുത്തുക]

ജ്യോതിശാസ്ത്രത്തെ കുറിച്ചുള്ള ഏറ്റവും പഴയ വിവരണങ്ങൾ ലഭ്യമായിരിക്കുന്നത് വേദങ്ങളിൽ നിന്നു തന്നെയാണ്.[2] കാർത്തിക, പുണർതം തുടങ്ങിയ നക്ഷത്രങ്ങളെ കുറിച്ചുള്ള പരാമർശങ്ങളും സൂര്യ ചന്ദ്രന്മാരെ കുറിച്ചുള്ള സ്തോത്രങ്ങളും ഋഗ്വേദത്തിൽ കാണാം. അഥർവ വേദത്തിൽ 27 നക്ഷത്രങ്ങളെ കുറിച്ചും പ്രദിപാദിക്കുന്നുണ്ട്..[1] ഹോമകുണ്ഡം നിർമ്മിക്കുക മുതലായ മതപരമായ ചടങ്ങുകൾക്കു വേണ്ടിയാണ് ആദ്യകാല ജ്യോതിശാസ്ത്രം വികസിച്ചത്. ഭാരതത്തിൽ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ള ഏറ്റവും പുരാതനമായ ജ്യോതിഷ ഗ്രന്ഥം ലഗധമുനി രചിച്ച വേദാംഗജ്യോതിഷം ആണ്. മൈത്രായന ഉപനിഷത്തിൽ ഗ്രഹങ്ങളെ കുറിച്ച് വ്യക്തമായ സൂചനയുണ്ട്.[1]

1871-72ലെ ഹിന്ദു കലണ്ടറിലെ ഒരു പേജ്.

ജൈനരും ജ്യോതിശാസ്ത്രത്തിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. മതപരമായ ചടങ്ങുകൾക്ക് സ്ഥലവും മറ്റും നിർണ്ണയിക്കുന്നതിനു വേണ്ടിയയിരുന്നു ഇത്. സൂര്യപ്രജ്ഞപ്തി എന്ന പ്രാകൃതഭാഷയിലെഴുതിയ ഒരു കൃതിയണ് ഇതുമായി ബന്ധപ്പെട്ടു കിട്ടിയിട്ടുള്ളത്.

പിന്നീട് ഭാരതീയ ജ്യോതിശാസ്ത്രം സജ്ജീവമാകുന്നത് ഗ്രീക്ക്-റോമൻ ജ്യോതിശാസ്ത്രം സ്വാധീനം ചെലുത്തുന്നതോടെയാണ്. നക്ഷത്രങ്ങളെ ആധാരമാക്കിയുള്ള ഭാരതീയ ജ്യോതിശാസ്ത്രത്തെ സൗരരാശികളെ ആധാരമാക്കിയുള്ള പാശ്ചാത്യ രീതിയുമായി സംയോജിപ്പിക്കുന്നതിന്റെ തുടക്കം ഇവിടെ നിന്നായിരുന്നു. ഇതോടെ ഭാരതത്തിൽ സിദ്ധാന്തജ്യോതിശാസ്ത്രത്തിന് ആരംഭം കുറിച്ചു.[1] പുതിയ സാങ്കേതികപദങ്ങളും മറ്റുമുൾക്കൊള്ളുന്ന ഒരു ശാസ്ത്രസാഹിത്യശാഖയായി ഇത് വളർന്നു. ആര്യഭടൻ, വരാഹമിഹിരൻ, ഭാസ്കരൻ, തുടങ്ങിയ പ്രസിദ്ധർ ഇതിലേക്ക് നിരവധി സംഭാവനകളർപ്പിച്ചു. സൂര്യസിദ്ധാന്തം, ബ്രഹ്മസ്ഫുടസിദ്ധാന്തം, സിദ്ധാന്ത ശിരോമണി എന്നിവയാണ് പ്രമുഖസിദ്ധാന്തങ്ങൾ.

കലണ്ടർ

[തിരുത്തുക]

മതപരമായ ചടങ്ങുകളുടെ ആവശ്യത്തിനായും ഋതുഭേദങ്ങളെ അടിസ്ഥാനമാക്കിയുമാണ് ഭാരതീയ കലണ്ടറുകൾ ഉണ്ടാക്കിയത്.[3] മാർച്ച് മദ്ധ്യം മുതൽ മെയ് മദ്ധ്യം വരെ വസന്തം. മെയ് മദ്ധ്യം മുതൽ ജൂലൈ മദ്ധ്യം വരെ ഗ്രീഷ്മം. ജൂലൈ മദ്ധ്യം മുതൽ സപ്റ്റംബർ മദ്ധ്യം വരെ വർഷം. സപ്റ്റംബർ മദ്ധ്യം മുതൽ നവംബർ മദ്ധ്യം വരെ ശരത്. നവംബർ മദ്ധ്യം മുതൽ ജനുവരി മദ്ധ്യം വരെ ഹേമന്തം. ജനുവരി മദ്ധ്യം മുതൽ മാരച്ച് മദ്ധ്യം വരെ ശിശിരം.[3] ഇന്നനെയാണ് ആറു ഋതുക്കളായി ഒരു വർഷത്തെ ഭാഗിച്ചത്.

ബി.സി. 3102ൽ തുടങ്ങിയതെന്നു വിശ്വസിക്കുന്ന കലിവർഷത്തെ അടിസ്ഥാനമാക്കിയുള്ള ഹിന്ദുകലണ്ടർ, പന്ത്രണ്ടാം നൂറ്റാണ്ടിൽ തുടങ്ങിയ വിക്രമസംവത് കലണ്ടർ, ഇന്ത്യയുടെ ദേശീയ കലണ്ടർ ആയ ശകവർഷ കലണ്ടർ, ബി.സി 3076ൽ തുടങ്ങിയതെന്നു വിശ്വസിക്കുന്ന സപ്തർഷി കലണ്ടർ[4] എന്നിവയാണ് ഇന്ത്യയിലെ പ്രധാന കലണ്ടറുകൾ.

വേദാംഗജ്യോതിഷത്തിൽ വർഷം ആരംഭിക്കുന്നത് ദക്ഷിണായനന്ത ദിനം മുതലാണ്.[5]

ജ്യോതിശാസ്ത്രജ്ഞർ

[തിരുത്തുക]
പേര് കാലം സംഭാവനകൾ
ലഗധൻ ബി.സി. പതിനൊന്നാം നൂറ്റാണ്ട്[1] ഭാരതത്തിലെ ആദ്യത്തെ ജ്യോതിശാസ്ത്ര ഗ്രന്ഥമെന്ന് കരുതുന്ന വേദാംഗജ്യോതിഷം എന്ന കൃതി രചിച്ചത് ലഗധൻ ആണ്. ജ്യോതിശാസ്ത്ര ഗണനം, കലണ്ടർ നിർമ്മാണം, നേരിട്ടുള്ള നിരീക്ഷണത്തിൽ പാലിക്കേണ്ട നിയമങ്ങൾ എന്നിവയെല്ലാം ഇതിൽ ചർച്ച ചെയ്യുന്നുണ്ട്.[6] ജ്യോതിഷവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വേദാംഗജ്യോതിഷം കാലഗണനയിലും നിർണ്ണായകമായ വിശദാംശങ്ങൾ നൽകുന്നുണ്ട്. സൗരവർഷം, ചാന്ദ്രവർഷം എന്നിവയെ കുറിച്ചും ഇവ തമ്മിലുള്ള വ്യത്യാസം പരിഹരിക്കുന്നതിനുള്ള അധിമാസത്തെ കുറിച്ചും ഇതിൽ വിശദീകരിക്കുന്നുണ്ട്.[7] ഋതുക്കളെയും യുഗങ്ങളെയും കുറിച്ചും ഇതിൽ വിശദീകരിക്കുന്നുണ്ട്. ജ്ഞാനരാശി കൊണ്ട് ജ്ഞേയരാശിയെ അറിയുക എന്നതായിരുന്നു ലഗധന്റെ രീതി. ഇത് പിന്നീട് ഗണിത ജ്യോതിശാസ്ത്രത്തിലെ ഒരു അവിഭാജ്യഘടകമായി മാറി.
ആര്യഭടൻ ഏ.ഡി.476-550 ആര്യഭടീയം, ആര്യഭടസിദ്ധാന്തം എന്നീ കൃതികളുടെ കർത്താവാണ് ആര്യഭടൻ. രാത്രി പന്ത്രണ്ടു മണിക്ക് ദിവസം തുടങ്ങിയിരുന്നതായി കണക്കാക്കിയിരുന്ന ചില ആദ്യകാല ജ്യോതിശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു ആര്യഭടൻ.[8] ഭൂമി സ്വന്തം അച്ചുതണ്ടിൽ സ്വയം കറങ്ങുന്നുണ്ടെന്നും അതുകൊണ്ടാണ് നക്ഷത്രങ്ങൾ പടിഞ്ഞാറോട്ട് സഞ്ചരിക്കുന്നതായി തോന്നുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.[8] ചന്ദ്രൻ പ്രകാശിക്കുന്നത് അതിന്റെ സ്വന്തം പ്രകാശത്താലല്ല എന്നും സൂര്യപ്രകാശം തട്ടി പ്രതിഫലിക്കുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.[8] ആര്യഭടന്റെ സിദ്ധാന്തങ്ങൾക്ക് പിന്നീട് പിന്തുടർച്ച കാണുന്നത് ദക്ഷിണേന്ത്യയിലാണ്.[2]
ബ്രഹ്മഗുപ്തൻ ഏ.ഡി.598–668 ബ്രഹ്മഗുപ്തന്റെ പ്രധാനകൃതിയായ ബ്രഹ്മസ്ഫുട സിദ്ധാന്തം ഭാരതീയ ഗണിതവും ജ്യോതിശാസ്ത്രവും കൈകാര്യം ചെയ്യുന്നു. ബ്രഹ്മഗുസ്ഫുടസിദ്ധാന്തത്തിൽ അദ്ദേഹം ആര്യഭടനെ വിമർശിക്കുന്നുണ്ടെങ്കിലും പിൽക്കാലത്തെഴുതിയ ഖണ്ഡഖാദ്യകത്തിൽ ആര്യഭടനെ ആദരപൂർവ്വം സ്മരിക്കുകയാണ് ചെയ്യുന്നത്.[9] ഗ്രഹങ്ങളുടെ ദൃഗ്ഭ്രംശത്തെ കുറിച്ചും ഗ്രഹണത്തെ കുറിച്ചും ബ്രഹ്മഗുപ്തൻ വിശദാശങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.[2]
വരാഹമിഹിരൻ ഏ.ഡി. 505 ഭാരതീയ ജ്യോതിശാസ്ത്രത്തിനും ഗണിതശാസ്ത്രത്തിനും പുറമെ ഗ്രീക്ക്, ഈജിപ്ഷ്യൻ, റോമൻ ജ്യോതിശാസ്ത്രസിദ്ധാന്തങ്ങളെ കുറിച്ചും വരാഹമിഹിരന് അറിയാമായിരുന്നു.[10] പഞ്ചസിദ്ധാന്തിക, ബൃഹത്ജാതക, ലഘുജാതക,വിവാഹപടല, മഹായാത്ര, ബൃഹൽസംഹിത എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാനകൃതികൾ. കാലം സൂര്യചന്ദ്രന്മാരെ ആശ്രയിക്കുന്നതായും ചില പ്രത്യേക സാഹചര്യങ്ങളിൽ സന്ധ്യാനക്ഷത്രം പ്രഭാതത്തിൽ ഉദിക്കുന്നതായും പഞ്ചസിദ്ധാന്തികയിൽ പറയുന്നുണ്ട്.[9]
ഭാസ്കരൻ I ഏ.ഡ്. 629 മഹാഭാസ്കരീയം, ലഘുഭാസ്കരീയം, ആര്യഭടീയഭാഷ്യം എന്നിവയാണ് പ്രധാന കൃതികൾ.[11] ഭാസ്കരൻ ഒന്നാമന്റെ പാരമ്പര്യം പിന്തുടർന്നത് പിന്നീട് വടേശ്വരൻ ആയിരുന്നു.
ലല്ലൻ എട്ടാം നൂറ്റാണ്ട് ശിഷ്യധീവൃദ്ധിതന്ത്രം എന്ന കൃതിയുടെ കർത്താവ്.[12] ഈ കൃതി ഗ്രഹാദ്ധ്യായം, ഗോളാദ്ധ്യായം എന്നീ രണ്ടു ഭാഗങ്ങളായാണ് രചിച്ചിരിക്കുന്നത്. ഗ്രഹാദ്ധ്യായത്തിൽ (അദ്ധ്യായം ഒന്നു മുതൽ പതിമൂന്നു വരെ) ഗ്രഹങ്ങൾ, ഭൂമിയുടെ ദൈനിക ചലനം, ഗ്രഹണം, ഗ്രഹങ്ങളുടെ ഉദയാസ്തമയങ്ങൾ, ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ, ഗ്രഹങ്ങളുടെയും ജ്യോതിർഗോളങ്ങളുടെയും സംയോഗം, സൂര്യചന്ദ്രന്മാർ എന്നിവയെല്ലാം ചർച്ച ചെയ്യുന്നു.[12] ഗോളാദ്ധ്യായത്തിൽ(അദ്ധ്യായം 14മുതൽ 22വരെ) ഗ്രഹചലനങ്ങളെ പറ്റിയുള്ള ഗ്രാഫിക്കൽ വിശദീകരണം, ജ്യോതിശ്ശാസ്ത്ര ഉപകരണങ്ങൾ, ഗോളശാസ്ത്രം, ന്യൂനതയുള്ള സിദ്ധാന്തങ്ങളുടെ തിരുത്തലുകൾ എന്നിവ കാണാം.[12] ഇദ്ദേഹത്തിന്റെ പാരമ്പര്യം പിന്തുടർന്നവർ വടേശ്വരൻ, ശ്രീപതി, ഭാസ്കരൻ രണ്ടാമൻ എന്നിവരായിരുന്നു.[12] ഇദ്ദേഗത്തിന്റെ മറ്റൊരു കൃതിയായിരുന്നു സിദ്ധാന്തതിലകം.[12]
ഭാസ്കരൻ രണ്ടാമൻ ഏ.ഡി.1114‌ സിദ്ധാന്തശിരോമണി, കർണ്ണകുതൂഹലം എന്നീ കൃതികളുടെ കർത്താവ്. ഗ്രഹനില, ഗ്രഹങ്ങളുടെ സംയോഗം, ഗ്രഹണം, ഖഗോളശാസ്ത്രം, ഗണിതം, ഭൂമിശാസ്ത്രം എന്നിവയിൽ ഇദ്ദേഹം പഠനങ്ങൾ നടത്തി. ഉജ്ജയിനിയിലെ നിരീക്ഷണകേന്ദ്രത്തിലെ ഉപകരണങ്ങളായിരുന്നു ഇദ്ദേഹം തന്റെ പഠനങ്ങൾക്കായി ഉപയോഗിച്ചത്.[13]
ശ്രീപതി ഏ.ഡി. 1045 ബ്രഹ്മഗുപ്തന്റെ പാരമ്പര്യം പിന്തുടർന്ന ഭാരതീയ ജ്യോതിശാസ്ത്രജ്ഞനാണ് ശ്രീപതി. 20 അദ്ധ്യായങ്ങളുള്ള സിദ്ധാന്തശേഖരം അദ്ദേഹം രചിച്ചതാണ്.[2][14]
മഹേന്ദ്ര സൂരി ഏ.ഡി. പതിനാലാം നൂറ്റാണ്ട് മഹേന്ദ്രസൂരി രചിച്ച പ്രസിദ്ധമായ കൃതിയാണ് യന്ത്രരാജ. ആസ്ട്രോ ലാബിനെ കുറിച്ച് സംസ്കൃതത്തിലുള്ള ഈ കൃതി രചിച്ചത് ഏ.ഡി. 1370ൽ ഫിറോസ്ഷാ തുഗ്ലക്കിന്റെ ഭരണകാലത്താണ്.[15] 182 ശ്ലോകങ്ങളുള്ള ഈ കൃതിയിൽ അടിസ്ഥാന സൂത്രവാക്യങ്ങളും ഗ്രാഫുകളും അടങ്ങിയിട്ടുണ്ട്.[15] എന്നാൽ വിശദാംശങ്ങളോ തെളിവുകളോ രേഖപ്പെടുത്തിയിട്ടില്ല. 32 നക്ഷത്രങ്ങളുടെ സ്ഥാനങ്ങൾ അദ്ദേഹം നിർണ്ണയിച്ചിരുന്നു.[15] പിൽക്കാല ജ്യോതിശാസ്ത്രജ്ഞനായ പത്മനാഭന്റെ യന്ത്രരാജ്യ അധികാരം, യന്ത്രകിരണാവലി എന്നീ കൃതികളിൽ മഹേന്ദ്രസൂരിയുടെ സ്വാധീനം കാണാം.[15]
നീലകണ്ഠ സോമയാജി ഏ.ഡി. 1444–1544 ആര്യഭടീയഭാഷ്യം, തന്ത്രസംഗ്രഹം, ഗ്രഹണനിർണയം, ഗോളസാരം, സിദ്ധാന്തദർപ്പണം, സുന്ദരരാജ പ്രശ്‌നോത്തരം, ഗ്രഹപരീക്ഷാകർമം എന്നിവയാണ് നീലകണ്ഠ സോമയാജിയുടെ പ്രസിദ്ധ കൃതികൾ. തന്ത്രസംഗ്രഹത്തിൽ ബുധൻ, ശുക്രൻ, എന്നീ ഗ്രഹങ്ങളുടെ സ്ഥാന വളരെ കൃത്യമായി അദ്ദേഹം നിർണ്ണയിച്ചു. ഇത് പതിനേഴാം നൂറ്റാണ്ടിലെ കെപ്ലറുടെ പട്ടികയെക്കാൾ കൃത്യതയുള്ളതായിരുന്നു.[16] ആര്യഭടീയഭാഷ്യത്തിൽ ആര്യഭടന്റെ സൗരകേന്ദ്ര സിദ്ധാന്തം വിപുലപ്പെടുത്തി. പതിനാറാം നൂറ്റാണ്ടിൽ ടൈക്കോ ബ്രാഹെ രൂപപ്പെടുത്തിയ സൗരയൂഥമാതൃകയെക്കാൾ ഗണിതശാസ്ത്രപരമായി കൂടുതൽ മെച്ചപ്പെട്ടതായിരുന്നു സോമയാജിയുടെ സൗരയൂഥമാതൃക.[17]
അച്യുതപ്പിഷാരടി ഏ.ഡി. 1550–1621 ഗോളദീപിക, ഉപരാഗക്രിയാക്രമം, കരണോത്തമം എന്നീ കൃതികൾ ഇദ്ദേഹം രചിച്ചതാണ്. ഗ്രഹണങ്ങളെ കുറിച്ചും അതിൽ സൂര്യ-ചന്ദ്രന്മാക്കുള്ള പങ്കിനെ കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.[18] ഗ്രഹസ്ഫുടഗണനവും ഛായാദിഗ്രഹണവും പ്രദിപാതിക്കുന്ന കൃതിയാണ് ഉപരാഗക്രിയാക്രമം.

ഉപകരണങ്ങൾ

[തിരുത്തുക]
ജയ്‌പൂരിലെ ജന്തർ മന്തർ.
ദൽഹിയിലെ ജന്തർമന്തർ.

തറയിൽ നിന്ന് ലംബമായി നിർത്തിയിരുന്ന ഒരു കുറ്റിയായിരുന്നു ഏറ്റവും ലളിതമായ ജ്യോതിശാസ്ത്ര ഉപകരണം. ശങ്കു എന്നറിയപ്പെടുന്ന ഈ ഉപകരണം ഉപയോഗിച്ച് ദിശയും അക്ഷാംശവും സമയവും നിർണ്ണയിച്ചു പോന്നു.[19] സൂര്യന്റെ ദിനഗതിയും അയനഗതിയും അനുസരിച്ച് ശങ്കു എന്ന കുറ്റിയുടെ നിഴൽ (ശങ്കുച്ഛായ) അതിനുകീഴിലുള്ള, ദിവസവും സമയവും അടയാളപ്പെടുത്തിയ പലകയിൽ (ശങ്കുതലം) പതിയ്ക്കുന്നു. വെയിലുള്ള സമയങ്ങളിൽ കൃത്യമായി സമയം അറിയാൻ ഈ സംവിധാനം ഉപകരിക്കുന്നു. വരാഹമിഹിരൻ, ആര്യഭട്ടൻ, ഭാസ്കരൻ, ഭ്രഹ്മഗുപ്തൻ തുടങ്ങിയവരുടെ കൃതികളിൽ ഇതിനെ കുറിച്ചുള്ള വിവരണങ്ങൾ കാണാം.[20] ഭാസ്കരൻ രണ്ടാമന്റെ (എ.ഡി.1114–1185) കാലത്ത് യാസ്തിയന്ത്രം എന്ന ഒരു ഉപകരണം ഉപയോഗത്തിലുണ്ടായിരുന്നു.[19] V ആകൃതിയിൽ രണ്ടു വടികൾ പ്രത്യേക കോണളവിൽ വച്ചുകെട്ടിയുണ്ടാക്കുന്ന ഒരുപകരണമായിരുന്നു ഇത്. [19] ഗഡിയന്ത്രം എന്ന ജലം ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഒരുപകരണവും ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞർ ഉപയോഗിച്ചിരുന്നു.[19]

ഗോളാകൃതിയിലുള്ള ഒരിനം ആസ്ട്രോലാബും (ഗോളയന്ത്രം) ആദ്യകാല ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞർ ഉപയോഗിച്ചിരുന്നു. ആര്യഭട്ടന്റെ കൃതികളിൽ ഇതിനെ കുറിച്ചുള്ള സൂചനകളുണ്ട്.[21] ഏ.ഡി.1380നും 1460നും ഇടയിൽ പരമേശ്വരൻ ഗോളയന്ത്രങ്ങളും ഗ്ലോബുകളും ഉപയോഗിച്ചുകൊണ്ടുള്ള ഗോളദീപിക എന്ന ഒരു നിരീക്ഷണ ഉപകരണം നിർമ്മിച്ചിരുന്നു.[21] ഗണിതജ്ഞനും ജ്യോതിശാസ്ത്രജ്ഞനുമായിരുന്ന ഭാസ്കരൻ രണ്ടാമൻ കണ്ടുപിടിച്ച ഉപകരണമാണ് ഫലകയന്ത്രം.[19] ഒരു ദീർഘചതുരാകൃതിയിലുള്ള പലകയും അതിലൊരു ദണ്ഡും ചേർന്നതായിരുന്നു ഫലകയന്ത്രം. ഇത് സൂര്യന്റെ സ്ഥാനം കണക്കാക്കി സമയം നിർണ്ണയിക്കുന്നതിനു വേണ്ടി ഉപയോഗിച്ചു.[19] സൂര്യന്റെ ദിഗംശകോടി (azimuth)കണ്ടുപിടിക്കുന്നതിനു വേണ്ടി കപാലയന്ത്രം എന്ന ഒരുപകരണവും ഉപയോഗിച്ചിരുന്നു.[19] കർത്താരിയന്ത്രം, ആസ്ട്രോലാബ് എന്നിവയും ഇന്ത്യയിൽ ഉപയോഗിച്ചിരുന്ന ജ്യോതിശാസ്ത്ര ഉപകരണങ്ങളായിരുന്നു.[19]

പ്രമാണം:Islamic Celestial Globe 01.jpg
മുഹമ്മദ് സാലിഹ് താഹ്താവി നിർമ്മിച്ച സെലസ്റ്റ്യൽ ഗ്ലോബ്[22][23]

ജയ്‌പൂർ രാജാവായിരുന്ന ജയ്സിങ് രണ്ടാമൻ(എ.ഡി.1688–1743) അഞ്ച് നിരീക്ഷണ നിലയങ്ങൾ സ്ഥാപിച്ചു. ഇതിൽ മഥുര നിലയം കാലത്തെ അതിജീവിച്ചില്ല. മറ്റുള്ളവ ഡൽഹി, ജയ്പൂർ, ഉജ്ജയിനി, ബനാറസ് എന്നിവിടങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഹിന്ദു, ഇസ്ലാമിക ജ്യോതിശാസ്ത്രകൃതികളെ അവലംബിച്ചുള്ള വൻനിർമ്മിതികളാണ് ഇവിടങ്ങളിലുള്ളത്. സമ്രാട്‌യന്ത്രം എന്നറിയപ്പെടുന്ന ഭീമൻ സൂര്യഘടികാരം ഇവയിലൊന്നാണ്. ഇതുപയോഗിച്ച് പ്രാദേശിക സമയം, ഖഗോളവസ്തുക്കളുടെ ഡെക്ലിനേഷൻ എന്നിവ നിർണ്ണയിച്ചിരുന്നു.[19]

ലോഹീയവിദ്യ, എൻജിനീയറിങ് എന്നിവ വളർച്ച പ്രാപിച്ചതിനെ തുടർന്ന് മുഗൾഭരണ കാലത്ത് സെലസ്റ്റിയൽ ഗ്ലോബ് പോലുള്ള ഉപകരണങ്ങൾ നിർമ്മിച്ചു തുടങ്ങി. ഇവ ആധുനിക സാങ്കേതിക കിടപിടിക്കുന്ന തരത്തിൽ, ഏച്ചുകൂട്ടലുകളോ തുന്നലുകളോ ഇല്ലാത്തവയായിരുന്നു. 1980കളിൽ ലാഹോറിൽ നിന്നും കാശ്മീരിൽ നിന്നും ഇത്തരത്തിലുള്ള ഗ്ലോബുകൾ കണ്ടെടുത്തു. ഇവയിൽ ഏറ്റവും പഴക്കമുള്ളത് കാശ്മീരിൽ നിന്നും കണ്ടെടുത്തതിനാണ്. അലി കാശ്മീരി ഇബ്‌ൻ ലുക്മാൻ ഉണ്ടാക്കിയയ ഇതിന്റെ നിർമ്മാണം ഏ.ഡി 1590ലാണ് എന്നു കരുതുന്നു. മുഹമ്മദ് സാലിഹ് താഹ്താവി 1660ൽ നിർമ്മിച്ചതെന്നു കണക്കാക്കിയിട്ടുള്ള മറ്റൊരു ഗ്ലോബ് കണ്ടെത്തിയത് ലാഹോറിൽ നിന്നാണ്. അറബിയിലും സംസ്കൃതത്തിലും ഉള്ള എഴുത്തുകൾ ഇതിൽ കാണാം. ആകെ കണ്ടെത്തിയ 21 ഗ്ലോബുകളിൽ ഏറ്റവും അവസാനം നിർമ്മിച്ചതെന്നു കരുതുന്നത് കണ്ടെത്തിയത് ലാഹോറിൽ നിന്നാണ്. ഇത് നിർമ്മിച്ചത് 1842ൽ ലാലാ ബാൽഹുമൽ ലാഹുരി എന്ന ലോഹവിദ്യാ വിദഗ്ദ്ധനാണ്.[24]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 ജ്യോതിഷവും ജ്യോതിശാസ്ത്രവും (കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, . 2002 ഫെബ്രുവരി) പ്രൊഫ. കെ. പാപ്പുട്ടി
  2. 2.0 2.1 2.2 2.3 Sarma (2008), Astronomy in India
  3. 3.0 3.1 J.A.B. van Buitenen (2008)
  4. See A. Cunningham (1883), A Book of Indian Eras.
  5. Bryant (2001), 253
  6. Subbaarayappa (1989)
  7. Tripathi (2008)
  8. 8.0 8.1 8.2 Hayashi (2008), Aryabhata I
  9. 9.0 9.1 ശാസ്ത്രചരിത്രം ജീവചരിത്രങ്ങളിലൂടെ-1993 (കേരള ശാസ്ത്രസാഹിത്യ പരിഷത്ത്)
  10. Varāhamihira. Encyclopædia Britannica (2008)
  11. Hayashi (2008), Bhaskara I
  12. 12.0 12.1 12.2 12.3 12.4 Sarma (2008), Lalla
  13. Hayashi (2008), Bhaskara II
  14. Hayashi (2008), Shripati
  15. 15.0 15.1 15.2 15.3 Ōhashi (1997)
  16. Joseph, 408
  17. Ramasubramanian etc. (1994)
  18. Sarma (2008), Acyuta Pisarati
  19. 19.0 19.1 19.2 19.3 19.4 19.5 19.6 19.7 19.8 Ōhashi (2008), Astronomical Instruments in India
  20. Abraham (2008)
  21. 21.0 21.1 Sarma (2008), Armillary Spheres in India
  22. Savage-Smith, Emilie (1985), Islamicate Celestial Globes: Their History, Construction, and Use, Smithsonian Institution Press, Washington, D.C.
  23. Kazi, Najma (24 November 2007). "Seeking Seamless Scientific Wonders: Review of Emilie Savage-Smith's Work". FSTC Limited. Retrieved 2008-02-01.
  24. Savage-Smith (1985)
"https://ml.wikipedia.org/w/index.php?title=ഭാരതീയ_ജ്യോതിശാസ്ത്രം&oldid=3518942" എന്ന താളിൽനിന്ന് ശേഖരിച്ചത്