Jump to content

ജന്മവാസന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Instinct എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശരീരത്തിൽ നിന്ന് വെള്ളം കുടഞ്ഞുകളയാനുള്ള നായ്ക്കളുടെ കഴിവ് ഒരു ജന്മവാസനയാണ്.

യാതൊരു പരിശീലനവുമില്ലാതെ സാധാരണ ചുറ്റുപാടിൽ സ്വതസ്സിദ്ധമായ പ്രവർത്തനങ്ങൾക്ക് പ്രേരണ നൽകുന്ന പരമ്പരാസിദ്ധമായ ഘടനാവിശേഷങ്ങളെ സഹജവാസനകൾ അല്ലെങ്കിൽ ജന്മവാസനകൾ എന്ന് വിവക്ഷിക്കുന്നു. മനുഷ്യനുൾപ്പെടെ എല്ലാതരം ജീവികൾക്കും പ്രകൃത്യാ ലഭിക്കുന്നതാണിത്.ഒരു പ്രവൃത്തി ജന്മവാസനയെന്ന് പറയണമെങ്കിൽ അത് പരമ്പരാഗതമായിരിക്കണം; പരിശീലനം കൊണ്ട് ലഭിച്ചതായിരിക്കരുത്; സാധാരണപരിതഃസ്ഥിതികളിൽ മാറ്റങ്ങൾക്ക് വിധേയമാകാത്തതായിരിക്കണം; ഒരു വർഗ്ഗത്തിനു സ്വതസ്സിദ്ധമായി ലഭിച്ചതായിരിക്കണം.

പിറന്നയുടനെ സ്വയം പ്രേരിതമായ ഒരു കഴിവ് എല്ലാ ജീവികളിലും കാണാവുന്നതാണ്. മുട്ടയിൽ നിന്നും വിരിഞ്ഞു പുറത്തിറങ്ങി ഏതാനും നിമിഷങ്ങൾക്കകംതന്നെ ഒരു കോഴിക്കുഞ്ഞിനു ചെറിയ ഭക്ഷണ പദാർത്ഢങ്ങൾ കൊത്തിത്തിന്നുവാൻ കഴിയുന്നു. ആട്ടിൻ കുട്ടിയും, പശുക്കിടാവും, മനുഷ്യശിശുവും മുലകുടിക്കുന്നു. ഈവക പ്രവൃത്തികൾക്കുള്ള ചലനങ്ങൾ ആദ്യം മുതൽക്കുതന്നെ കുറ്റമറ്റതാണ്. ഇത്തരം പ്രവർത്തനങ്ങൾക്കുള്ള ഉദ്ദേശ്യമെന്താണെന്ന് അത്തരം കാര്യങ്ങൾ ചെയ്യുന്ന ജീവികൾക്കറിഞ്ഞുകൂട. തള്ളക്കോഴി ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിക്കുമ്പോൾ കോഴിക്കുഞ്ഞുങ്ങളെല്ലാം ഓടിവന്നു തള്ളയുടെ ചിറകിനുള്ളിൽ ഒളിക്കുന്നു. പ്രാപ്പിടിയനോ, പരുന്തോ മേൽഭാഗത്തുകൂടെ പറക്കുമ്പോഴായിരിക്കാം, തള്ളക്കോഴി ശബ്ദം പുറപ്പെടുവിക്കുന്നത്.തള്ളയുടെ ചിറകിന്നുള്ളിലൊളിച്ചാൽ തങ്ങൾ സുരക്ഷിതരാണ് എന്ന ബോധം കൊണ്ടൊന്നുമല്ല കോഴിക്കുഞ്ഞുങ്ങൾ അങ്ങനെ ചെയ്യുന്നത്.ഇങ്ങനെ ജന്മസിദ്ധമായതും,ലക്ഷ്യബോധമില്ലാത്തതും എന്നാൽ അന്തിമമായി ചില ലക്ഷ്യങ്ങൾ സാധിക്കുന്നതുമായ ഒരുതരം പ്രേരണാശക്തിയാണു ജന്മവാസന.

കങ്കാരുവിന്റെ നവജാതശിശു ഉദരസഞ്ചിയിലേയ്ക്ക് ഇഴഞ്ഞുകയറുന്നത് ജന്മവാസനമൂലമാണ്[1]. ഉറുമ്പ്, തേനീച്ച തുടങ്ങിയ ജീവികളുടെ പ്രവർത്തനങ്ങൾ ഏതാണ്ട് മുഴുവനും തന്നെ ജന്മവാസനകളാൽ നിയന്ത്രിക്കപ്പെടുന്നവയാണ്. അവയൊക്കെ കൂടുകൂട്ടുന്നതും, പട്ടുനൂൽപ്പുഴുക്കൾ നൂൽ നൂൽക്കുന്നതും മറ്റും ജന്മവാസനകൾക്കുള്ള ഉത്തമോദാഹരണങ്ങളാണ്. വവ്വാലുകൾക്ക് കൂരിരുട്ടിൽ പോലും തടസ്സങ്ങളിൽ തട്ടാതെ പറക്കുവാനുള്ള കഴിവ്, ഒരു നായക്ക് വളരെ ദൂരത്തുനിന്ന് തന്നെ അതിക്രമിച്ചുകടക്കാൻ ശ്രമിക്കുന്ന ആളിനെ തിരിച്ചറിയാനുള്ള കഴിവ്, തുടങ്ങിയവ ജന്മവാസനകളാണ്.

അവലംബം

[തിരുത്തുക]
  1. "YouTube video of joey climbing into its mother's pouch".


അവലംബങ്ങൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജന്മവാസന&oldid=2282542" എന്ന താളിൽനിന്ന് ശേഖരിച്ചത്