Jump to content

അന്തരാദായതോത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Internal rate of return എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു നിക്ഷേപത്തിൽ നിന്നും പല വർഷങ്ങളിലായി ലഭിക്കുന്ന സഞ്ചിത ആദായത്തിന്റെ ഫലത്തിൽ ലഭിക്കുന്ന തോതാണ് അന്തരാദായതോത്. തത്‌കാല മൂല്യം പദ്ധതിയുടെ ഇപ്പോഴത്തെ മൂല്യം സൂചിപ്പിക്കുമ്പോൾ, അന്തരാദായ തോത്‌ ഫലത്തിൽ ലഭ്യമാകുന്ന ആദായത്തിന്റെ നിരക്കിനെ സൂചിപ്പിക്കുന്നു. ഒരു രൂപയുടെ ഇന്നത്തെ മതിപ്പിനെക്കാളും ഒരു വർഷത്തിനപ്പുറമുള്ള മതിപ്പ്‌ കുറവായിരിക്കുമെന്നതിനാൽ വരും വർഷങ്ങളിലെ ആദായത്തിനെ തോതിനെ ഇന്നത്തെ അതേ തോതിൽ എടുക്കുവാൻ സാധിക്കുന്നതല്ല. അതിനാലാണ്‌ ഒരു നിക്ഷേപത്തിന്റെ മൊത്തം ആദായത്തെയും ഫലത്തിൽ ലഭിക്കുന്ന ആദായത്തിന്റെ തോതായി മാറ്റുന്നത്‌. ഒരു നിക്ഷേപം നല്ലതെന്നു പറയുന്നത്‌, അതിനെ അന്തരാദായ തോത്‌, അതേ നിക്ഷേപത്തിന്റെ ഇതര സാധ്യതകളിൽ നിന്നും ലഭിക്കുന്ന ആദായത്തിന്റെ തോതിനെക്കാളും കൂടുതലായിരിക്കുമ്പോഴാണ്‌.

ഏതെങ്കിലും ഒരു പ്രത്യേക മൂലധന നിക്ഷേപ പദ്ധതി വേണ്ടതാണോ അല്ലയോ എന്നതു സംബന്ധിച്ച്‌ ആ നിക്ഷേപം വിലയിരുത്തപ്പെടുന്നത്‌ പ്രധാനമായും അന്തരാദായ തോത്‌, തത്‌കാല മൂല്യം എന്നീ രണ്ടു സൂചികകൾ അടിസ്ഥാനമാക്കിയാണ്‌. ഒന്നിലധികം നിക്ഷേപ പദ്ധതികൾ താരതമ്യം ചെയ്ത്‌ ഓരോ പദ്ധതിയുടേയും സാമ്പത്തികമായ മൂല്യനിർണ്ണയം നടത്തി ഏറ്റവും അനുയോജ്യമായത്‌ തിരഞ്ഞെടുക്കുവാൻ ഇത്‌ സഹായിക്കുന്നു. അന്താരാദായ തോത്‌ ഒരു നിക്ഷേപത്തിണ്റ്റെ നിലവാരവും ആദായക്ഷമതയും സൂചിപ്പിക്കുന്നു. ശതമാനമായാണ്‌ അന്തരാദായ തോത്‌ പൊതുവേ പറഞ്ഞുവരുന്നത്‌.

കണക്കാക്കുന്ന രീതി

[തിരുത്തുക]

അന്തരാദായ തോത്‌ നിക്ഷേപിക്കപ്പെട്ട ഓരോ രൂപയിൽ നിന്നും അതിന്റെ നിക്ഷേപ കാലയളവിൽ ലഭിക്കുന്ന ആദായത്തിന്റെ നിരക്കാണ്‌. ഇത്‌ കണക്കാക്കുന്നതിനു മുമ്പായി ഒരു പദ്ധതിയുടെ തത്‌ കാല മൂല്യം കാണുന്നതെങ്ങിനെയെന്ന്‌ നോക്കാം. ഇവിടെ ശ്രദ്ധേയമായൊരു വസ്തുത ആദായം കണക്കിലെടുക്കുമ്പോൾ പണമായി കൈവരുന്ന അറ്റാദായമാണ്‌ കണക്കിലെടുക്കേണ്ടത്‌ എന്നതാണ്‌. ഉദാഹരണമായി താഴെ കൊടുത്തിരിക്കുന്ന പട്ടിക ശ്രദ്ധിക്കുക.

വർഷം തുക
0 -1000
1 250
2 250
3 250
4 250
5 250
250

ഇപ്പോൾ നിക്ഷേപിക്കപ്പെടുന്ന 1000 രൂപയ്ക്ക്‌ ഇനി വരാൻ പോകുന്ന അഞ്ചു വർഷങ്ങളിലായി ലഭിക്കുവാൻ പോകുന്ന വരുമാനമാണ്‌ പട്ടികയിൽ കൊടുത്തിരിക്കുന്നത്‌. അതായത്‌ ഇപ്പോഴത്തെ ആയിരം രൂപയുടെ നിക്ഷേപത്തിന്‌ വരുന്ന 5 വർഷങ്ങൾ കൊണ്ട്‌ 250 രൂപ ലാഭം ലഭിക്കുമെന്നർത്ഥം. ഒറ്റ നോട്ടത്തിൽ ഈ നിക്ഷേപം ഗുണകരമായിരിക്കാമെന്ന്‌ തോന്നാമെങ്കിലും 5 വർഷങ്ങൾ കൊണ്ട്‌ രൂപയ്ക്ക്‌ ഉണ്ടാകാവുന്ന മൂല്യശോഷണം കണക്കിലെടുക്കുമ്പോൾ ഇതേ പട്ടിക തന്നെ ഇപ്രകാരം മാറുന്നു.

നിരക്ക് : 10%

വർഷം തുക തത്കാലഗുണിതം തത് കാല മൂല്യം
0 -1000 1 -1000
1 250 0.9091 227.2727
2 250 0.8264 206.6116
3 250 0.7513 187.8287
4 250 0.6830 170.7534
5 250 0.6209 155.2303
250 -52.3033

നേരത്തെ 250 രൂപ അറ്റാദായമായി കിട്ടിയ അതേ നിക്ഷേപം രൂപയുടെ ഇപ്പോഴത്തെ മൂല്യമനുസരിച്ച്‌ മാറ്റിയെടുക്കുമ്പോൾ 52.30 രൂപയുടെ നഷ്ടത്തിലേക്കു മാറുന്നതായി കാണാം. ഇനി ഇതേ പട്ടിക തന്നെ മൊത്ത വരുമാനം 1250 രൂപയിൽ തന്നെ നിലനിർത്തി ഓരോ വർഷത്തേയും വരുമാനം മാത്രം മാറ്റി നോക്കാം.

നിരക്ക് : 10%

വർഷം തുക തത്കാലഗുണിതം തത് കാല മൂല്യം
0 -1000 1 -1000
1 400 0.9091 363.6363
2 325 0.8264 268.5950
3 275 0.7513 206.6115
4 175 0.6830 119.5273
5 75 0.6209 46.5690
250 4.9394


ഇവിടെ നേരത്തെ 52 രൂപ നഷ്ടമുണ്ടായ സ്ഥാനത്തെ 4.9394 രൂപ ലാഭം വന്നിട്ടുള്ളതായി കാണാം. ഇതിനു കാരണം മൊത്ത വരുമാനത്തിന്റ് സിംഹ ഭാഗവും ആദ്യത്തെ രണ്ടു വർഷങ്ങളിൽ തന്നെ കൈ വന്നതു കൊണ്ടാണ്‌.

അടുത്തതായി 10 ശതമാനമെന്ന നിരക്കിനെ 12% മായി മാറ്റി നോക്കാം

നിരക്ക് : 12%

വർഷം തുക തത്കാലഗുണിതം തത് കാല മൂല്യം
0 -1000 1 -1000
1 400 0.8929 357.1429
2 325 0.7972 259.0880
3 275 0.7118 195.7396
4 175 0.6355 111.2157
5 75 0.5674 42.5570
250 -34.2569

ഇപ്പോൾ‍ നേരത്തെ ധനാത്മകമായ തത്‌ കാല മൂല്യം ലഭിച്ച സ്ഥാനത്ത്‌ ഋണാത്മകമായ തത്‌ കാല മൂല്യം ലഭിച്ചിരിക്കുന്നതായി കാണാം. അതായത്‌ 10-നും 12-നും ഇടയ്ക്കുള്ള ഒരു നിരക്കിൽ ഈ പദ്ധതിയുടെ തത്‌ കാല മൂല്യം കാണുകയാണെങ്കിൽ മൂല്യം 0 മായി ലഭിക്കുന്നതാണ്‌. ഇവിടെയാണ്‌ അന്തരാദായമൂല്യത്തിന്റെ പ്രസക്തി. ഏതു നിരക്കിൽ തത്‌ കാല മൂല്യം കാണുമ്പോൾ അത്‌ 0 മായി ലഭിക്കുന്നുവോ ആ നിരക്കിനെ പദ്ധതിയുടെ അന്തരാദായ മൂല്യം എന്നു പറയുന്നു. നിരക്കിനെ ഇനി 10.245% എന്നു കണക്കാക്കി തത്‌ കാല മൂല്യം കണ്ടു നോക്കുകയാണെങ്കിൽ അത്‌ 0 മായി മാറിയിരിക്കുന്നതായി കാണാം.

നിരക്ക് : 10.245%

വർഷം തുക തത്കാലഗുണിതം തത് കാല മൂല്യം
0 -1000 1 -1000
1 400 0.9071 362.8282
2 325 0.8228 267.4026
3 275 0.7463 205.2372
4 175 0.6770 118.4684
5 75 0.6141 46.0539
250 -0.0097

ഇതിനർത്ഥം ഈ പദ്ധതിയുടെ അന്തരാദായ തോത്‌ 10.245% ആണെന്നാണ്‌. ഈ തോതിനെ ഇതേ തുക മൂലധന നിക്ഷേപം ആവശ്യമുള്ള ഇതര പദ്ധതികളുടെ അന്തരാദായ തോതുമായി താരതമ്യം ചെയ്താണ് പദ്ധതിയുടെ മൂല്യ നിർണ്ണയം നടത്തുന്നത്.

ഏറ്റവും കൂടുതൽ അന്തരാദായതോതും തത് കാല മൂല്യവും നൽകുന്ന നിക്ഷേപ പദ്ധതി സ്വീകാര്യമാണെന്നർത്ഥം. ലാഭം കൂടുംതോറും ഈ രണ്ടു സൂചികകളുടെയും മൂല്യവും വർദ്ധിക്കുമെന്നർത്ഥം.

ഇതും കാണുക

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  1. Bruce J. Feibel. Investment Performance Measurement. New York: Wiley, 2003. ISBN 0-471-26849-6
  2. M. Pattabiraman. CAGR vs. IRR: Understanding investment growth measures freefincal.com

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അന്തരാദായതോത്&oldid=3623056" എന്ന താളിൽനിന്ന് ശേഖരിച്ചത്