ജോൺ മക്ഡൗൾ സ്റ്റുവർട്ട്
ജോൺ മക്ഡൗൾ സ്റ്റുവർട്ട് | |
---|---|
ജനനം | Dysart, Fife, Scotland | 7 സെപ്റ്റംബർ 1815
മരണം | 5 ജൂൺ 1866 London, England | (പ്രായം 50)
തൊഴിൽ | Explorer of Australia, surveyor, grazier |
ഒരു സ്കോട്ടിഷ് പര്യവേക്ഷകനും ഓസ്‌ട്രേലിയയിലെ ഉൾനാടൻ പര്യവേക്ഷകരിലെ ഏറ്റവും വൈദഗ്‌ദ്ധ്യമുള്ളയാളുമായിരുന്നു ജോൺ മക്ഡൗൾ സ്റ്റുവർട്ട് (ജീവിതകാലം: 7 സെപ്റ്റംബർ 1815 - 5 ജൂൺ 1866), പലപ്പോഴും " മക്ഡൗൾ സ്റ്റുവർട്ട്" എന്ന് വിളിക്കപ്പെടുന്നു.
ഓസ്‌ട്രേലിയൻ ഭൂപ്രദേശം തെക്കു ദിക്കിൽ നിന്ന് വടക്കു ദിക്കിലേയ്ക്കു യാത്രചെയ്ത് ഭൂഖണ്ഡത്തിന്റെ മധ്യഭാഗത്തുകൂടി മടങ്ങാനുള്ള ആദ്യത്തെ വിജയകരമായ ഉദ്യമത്തിന് നേതൃത്വം നൽകിയത് ജോൺ മക്ഡൗൾ സ്റ്റുവർട്ടാണ്. രാജ്യത്തിന്റെ പരുക്കൻ ഭൂപ്രകൃതിയോടും കാലാവസ്ഥയോടും മല്ലിട്ട് നടത്തിയ ഈ പര്യവേക്ഷണത്തിൽ അദ്ദേഹം തന്റെ അനുഭവ പരിചയം ഉപയോഗപ്പെടുത്തുകയും സംഘത്തിലെ അംഗങ്ങളോടു കാണിച്ച മുൻകരുതൽ കാരണമായി ഈ പര്യവേക്ഷണത്തിൽ ഒരാളേപ്പോലും അദ്ദേഹത്തിനു നഷ്ടമായിരുന്നില്ല.
സ്റ്റുവർട്ടിന്റെ പര്യവേക്ഷണങ്ങളോടെ ക്രമേണ 1863 ൽ ഒരു വലിയ ഭൂപ്രദേശം സൗത്ത് ഓസ്‌ട്രേലിയ സർക്കാരിന്റെ അധീനതയിലാക്കുവാൻ സാധിച്ചു. ഈ പ്രദേശം നോർത്തേൺ ടെറിട്ടറി എന്നറിയപ്പെട്ടു. 1911 ൽ കോമൺവെൽത്ത് ഓഫ് ഓസ്‌ട്രേലിയ ആ പ്രദേശത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. 1871–72 ൽ ഓസ്ട്രേലിയയുടെ കരമാർഗ്ഗമുള്ള കമ്പിത്തപാൽ ലൈൻ സ്റ്റുവർട്ട് പര്യവേക്ഷണം നടത്തിയ റൂട്ടിലൂടെ നിർമ്മിക്കപ്പെട്ടു. പോർട്ട് അഗസ്റ്റ മുതൽ ഡാർവിൻ വരെയുള്ള പ്രധാന പാതയും അദ്ദേഹത്തിന്റെ റൂട്ടിലാണ് പ്രധാനമായും സ്ഥാപിതമായത്. അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ഈ പാത സ്റ്റുവർട്ട് ഹൈവേ എന്നറിയപ്പെടുന്നു.
ആദ്യകാലം
[തിരുത്തുക]സ്കോട്ട്‌ലൻഡിലെ ഫിഫയിലെ ഡൈസാർട്ടിൽ ജനിച്ച സ്റ്റുവർട്ട് മാതാപിതാക്കളുടെ ഒമ്പത് മക്കളിൽ ഇളയ ആളായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചു വിരമിച്ച ഒരു ആർമി ക്യാപ്റ്റനായിരുന്നു അദ്ദേഹത്തിന്റെ പിതാവ് വില്യം സ്റ്റുവർട്ട്. കൌമാരപ്രായത്തിൽത്തന്നെ സ്റ്റുവർട്ടിന്റെ മാതാപിതാക്കൾ മരണമടയുകയും അദ്ദേഹം ബന്ധുക്കളുടെ സംരക്ഷണയിൽ വളരുകയും ചെയ്തു. തന്റെ 23 ആമത്തെ വയസ്സിൽ ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നതിനുമുമ്പ് അദ്ദേഹം സിവിൽ എഞ്ചിനീയറായി സ്കോട്ടിഷ് നേവൽ ആൻഡ് മിലിട്ടറി അക്കാദമിയിൽ നിന്ന് ബിരുദം നേടിയിരുന്നു. സ്റ്റുവർട്ട് ഏകദേശം 5 '6 "ഉയരവും (168 സെ.മീ) 54 കിലോഗ്രാമിൽ താഴെ ഭാരവുമുള്ള ഒരു കുറിയ മനുഷ്യനായിരുന്നു.