Jump to content

ലാർജ്‌ മഗല്ലനിക് ക്ലൗഡ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Large Magellanic Cloud എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വലിയ മഗല്ലനിക് മേഘം
The Large Magellanic Cloud
നിരീക്ഷണ വിവരം
നക്ഷത്രരാശിമേശ, സ്രാവ്
റൈറ്റ്‌ അസൻഷൻ05h 23m 34.5s
ഡെക്ലിനേഷൻ−69° 45′ 22″
ദൂരം157 kly (48.5 kpc)
Apparent dimensions (V)10.75° × 9.17°
ദൃശ്യകാന്തിമാനം (V)0.9
ഇതും കാണുക: താരാപഥം, List of galaxies

വലിയ മഗല്ലനിക് മേഘം(ലാർജ്‌ മെഗല്ലനിക് ക്ലൗഡ്‌) ക്ഷീരപഥത്തിന്റെ ഉപതാരാപഥം ആയ ഒരു ക്രമരഹിത താരാപഥം ആണ്. ഇത് ഏകദേശം 160,000 പ്രകാശവർഷം ദൂരെ സ്ഥിതി ചെയ്യുന്നു. ഇത് ഭൂമിയിൽ നിന്ന് മൂന്നാമത്തെ അടുത്ത താരാപഥം ആണ്. ഇതിനു ഏകദേശം 10 ബില്യൻ സൗരപിണ്ഡം ഉണ്ടെന്നു കരുതുന്നു (ക്ഷീരപഥത്തിന്റെ 1/100 പിണ്ഡം). 14,000 പ്രകാശവർഷം വ്യാസം ഉള്ള ഈ ക്രമരഹിത താരാപഥം ലോക്കൽ ഗ്രൂപ്പിൽ നാലാമത്തെ വലിയ താരാപഥം ആണ്.

ഖഗോളത്തിന്റെ ദക്ഷിണാർധഭാഗത്ത്‌ മേശ നക്ഷത്രരാശിയുടെയും സ്രാവ് നക്ഷത്രരാശിയുടെയും അടുത്തതായി ഒരു നേരിയ മേഘം പോലെ ഇതിനെ കാണാം.

ചരിത്രം

[തിരുത്തുക]

എ.ഡി.964-ൽ പേർഷ്യൻ ജ്യോതിശാസ്ത്രജ്ഞൻ ആയ അൽ-സൂഫി ആണ് ആദ്യമായി വലിയ മഗല്ലനിക് മേഘത്തെപറ്റി സൂചിപ്പിച്ചത്. പിന്നീട് അമേരിഗോ വെസ്പൂചി എന്നാ നാവികനും ഇതിനെ പറ്റി സൂചിപ്പിച്ചു. എന്നാൽ ഈ താരാപഥത്തെപറ്റി യൂറോപ്യന്മാർക്ക് പരിചയപ്പെടുത്തിയത് ഫെർഡിനാൻഡ്‌ മഗല്ലൻ ആയിരുന്നു. അദ്ദേഹത്തിന്റെ 1519 ലെ പര്യടനത്തിൽ തെക്കൻ ആകാശത്ത്‌ രാത്രിയിൽ കണ്ട പുതിയ രണ്ടു മേഘസദൃശ്യ രൂപങ്ങളെ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അതിനാൽ ഇവ അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്നു.

ആകാരം, സവിശേഷതകൾ

[തിരുത്തുക]

ഇത് ഒരു ക്രമരഹിത താരാപഥം ആയാണ് കണക്കാക്കിയിരുന്നതെങ്കിലും പുതിയ പഠനങ്ങൾ ഇതിന്റെ മദ്ധ്യത്തിലായി ഒരു ദണ്ഡ് ആകൃതി ഉള്ളതായി തെളിയിച്ചിട്ടുണ്ട്. വലിയ മഗല്ലനിക് മേഘം ഒരു ബാർഡ് സർപ്പിളഗാലക്സി ആയിരുന്നിരിക്കാം എന്ന് കരുതപ്പെടുന്നു. ക്ഷീരപഥത്തിന്റെയും ചെറിയ മഗല്ലനിക് മേഘത്തിൻറെയും ആകർഷണത്തിൽ ഇതിന്റെ രൂപം നഷ്ടപ്പെട്ടതായിരിക്കാം.

വളരെ അധികം വാതകങ്ങളും പൊടിപടലങ്ങളും ഉൾക്കൊള്ളുന്ന ഈ താരാപഥം വളരെ വേഗത്തിലുള്ള നക്ഷത്ര രൂപീകരണ പ്രക്രിയ നടക്കുന്ന ഒരു സ്ഥലമാണ്. ലോക്കൽ ഗ്രൂപ്പിലെ ഏറ്റവും സജീവ നക്ഷത്ര രൂപീകരണ മേഖല (നീഹാരിക) ആയ ടാരൻടുല നീഹാരിക വലിയ മഗല്ലനിക് മേഘത്തിലാണ്. അടുത്ത കാലത്ത് നടന്ന പഠനങ്ങൾ 60 ഗോളീയ താരാവ്യൂഹങ്ങൾ, 400 ഗ്രഹ നീഹാരികകൾ, 700 തുറന്ന താരാവ്യൂഹങ്ങൾ എന്നിവ കൂടാതെ നിരവധി ഭീമൻ നക്ഷത്രങ്ങളെയും കണ്ടെത്തി. സമീപകാലത്ത് ഉണ്ടായ സൂപ്പർനോവ, സൂപ്പർനോവ 1987a കണ്ടെത്തിയതും ഈ താരാപഥത്തിലാണ്.

ചെറിയ മഗല്ലനിക് മേഘവും വലിയ മഗല്ലനിക് മേഘവും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് വാതകങ്ങളുടെ ഒരു പാലം ഉണ്ട്. ഇത് രണ്ടു മഗല്ലനിക് മേഘങ്ങളും തമ്മിൽ ഉള്ള സമ്പർക്കത്തെ തെളിയിക്കുന്നു. ഈ മേഖല ഒരു നക്ഷത്രരൂപീകരണ പ്രദേശം ആണ്. രണ്ടു മഗല്ലനിക് മേഘങ്ങൾക്കും പൊതുവിൽ ഒരു ഹൈഡ്രജൻ വാതക പുതപ്പ് ഉണ്ട് എന്നത് രണ്ടു താരാപഥങ്ങളും തമ്മിലുള്ള ഗുരുത്വാകർഷണ ബന്ധം ദീർഘകാലം ആയി നില നിൽക്കുന്ന ഒന്നാണെന്ന് തെളിയിക്കുന്നു.