ബൂളിയൻ ഫങ്ഷൻ പ്രയോഗത്തിൽവരുത്തുന്ന ഭൗതികഉപകരണമാണ് യുക്തികവാടം(ലോജിക് ഗേറ്റ്). ഒന്നോ അതിലധികമോ ലോജിക് നിവേശങ്ങൾക്ക് (ഇൻപുട്ട്) അനുസൃതമായി, ഒരു യുക്തി നിർഗമ (ഔട്ട്പുട്ട്) ഉത്തരം നിർണ്ണയിക്കാൻ കഴിവുള്ളവയാണിവ. ആദ്യകാലങ്ങളിൽ പ്രയോഗത്തിൽവരുത്തിയിരുന്നത് ഡയോഡ്, ട്രാൻസിസ്റ്റർ തുടങ്ങിയവയുടെ സ്വിച്ചായുള്ള സ്വഭാവമുപയോഗിച്ചായിരുന്നു, എന്നാൽ ഈ രീതിയിൽ മാത്രമല്ല, ഇവ വിദ്യുത്കാന്തിക റിലേകളോ, ദ്രാവക വാതക ലോജിക്, യാന്ത്രിക ലോജിക്, തന്മാത്രകൾ ഉപയോഗിച്ചോ നിർണ്ണയിക്കാം. എല്ലാത്തരം ബൂളിയൻ ഫങ്ഷനുകളും ഒന്നിലധികം കവാടങ്ങളെ സന്നിവേശത്താൽ സാധ്യമാക്കാം.
സങ്കീർണ്ണമായ പ്രവൃത്തികൾ ഒരുകൂട്ടം യുക്തികവാടങ്ങൾ ഉപയോഗിച്ച് ചെയ്യുവാൻ സാധിക്കണമെന്നില്ല. എന്നാൽ വളരെയധികം യുക്തികവാടങ്ങൾ ഉപയോഗിച്ച് സാധ്യമാക്കാം. മൾട്ടിപ്ലക്സർ, രെജിസ്റ്റർ, എ.എൽ.യു, കമ്പ്യൂട്ടർ മെമ്മറി തുടങ്ങി ഒരു മൈക്രോപ്രൊസസ്സർ വരെ കവാടങ്ങളുടെ സന്നിവേശത്താൽ ഉണ്ടാക്കാം, ഇവ സങ്കീർണ്ണമായ പ്രവൃത്തികൾ ചെയ്യുവാൻ ഉതകുന്നവയാണ്. ഒരു മൈക്രോപ്രൊസസ്സർ നൂറ് ദശലക്ഷത്തിലധികം കവാടങ്ങൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.