Jump to content

ന്യൂനമർദ്ദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Low-pressure area എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സമുദ്രനിരപ്പിനോട് ചേർന്ന ഈർപ്പമുള്ള വായു ചൂടുപിടിച്ചു് പെട്ടെന്നു് മുകളിലേയ്ക്കുയരുന്നതിന്റെ ഫലമായി നിരപ്പിനോട് ചേർന്ന താഴെയുള്ള വായുവിന്റെ അളവ് ആനുപാതികമായി കുറയുന്നു. ചൂടുള്ള വായു മുകളിലേയ്ക്ക് ഉയരുന്നതോടെ താഴെ കുറഞ്ഞ മർദ്ദമുള്ള ഒരു സ്ഥലം അഥവാ ന്യൂനമർദ്ദം രൂപപ്പെടുന്നു. ഇതോടെ ചുറ്റുമുള്ള താരതമ്യേന മർദ്ദം കൂടിയ പ്രദേശങ്ങളിൽ നിന്നുള്ള വായു മർദ്ദം കുറയുന്ന ഭാഗത്തേയ്ക്ക് വന്നു് നിറയും. ഈ പുതിയ വായുവും കടലുമായുള്ള സമ്പർക്കത്തിൽ ഈർപ്പം വർദ്ധിക്കുകയും വീണ്ടും ചൂടുകൂടി മുകളിലേയ്ക്ക് ഉയരുകയും ചെയ്യുന്നു. ഇങ്ങനെ ചൂടുകൂടി മുകളിലേയ്ക്ക് ഉയരുന്ന ഈർപ്പമുള്ള വായു പിന്നീട് തണുത്ത് വലിയ മേഘങ്ങളായി മാറുന്നു. വായുവിന്റെ ചലനം കാരണം ന്യൂനമർദ്ദമേഖലയിലേയ്ക്ക് കാറ്റ് വീശുകയും മേഘങ്ങൾ മുകളിലേയ്ക്ക് ഉയരുകയും ചെയ്യുന്ന പ്രവൃത്തി തുടർന്നു കൊണ്ടിരിക്കും. ഈ പ്രവർത്തി കൂടുതൽ നേരം തുടർന്നാൽ ചുഴലിക്കാറ്റായി രൂപാന്തരപ്പെടും. ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ സമീപ പ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുന്നു. ന്യൂനമർദ്ദത്തിന്റെ ശക്തിയനുസരിച്ച് അതേറിയും കുറഞ്ഞും ഇരിക്കും. ലോകത്തിന്റെ പല ഭാഗത്തും ലക്ഷകണക്കിന് വർഷങ്ങളായി നടക്കുന്ന പ്രതിഭാസമാണിത്.

ന്യൂനമർദ്ദ സ്ഥലങ്ങൾ

[തിരുത്തുക]

ചില സ്ഥലങ്ങളിൽ ചുറ്റുമുള്ള പ്രദേശങ്ങളെക്കാളും അന്തരീക്ഷമർദ്ദം സമുദ്രനിരപ്പിലുള്ള അന്തരീക്ഷമർദ്ദത്തേക്കൾ കുറഞ്ഞിരിക്കും. ഈ സ്ഥലങ്ങളെ ന്യൂനമർദ്ദ സ്ഥലങ്ങൾ എന്നു പറയുന്നു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ഉണ്ടാകുന്ന ന്യൂനമർദ്ദങ്ങൾ വായു പ്രവാഹങ്ങൾക്കും (ഉദാ:ചുഴലിക്കാറ്റ്) മഴയ്ക്കും കാരണമാവാറുണ്ട്. മധ്യയൂറോപ്പിനു മുകളിൽ ന്യൂനമർദ്ദം രൂപപ്പെടുന്ന സാഹചര്യത്തിൽ കനത്ത തണുപ്പും മഞ്ഞുവീഴ്ചയും ഉണ്ടാകുന്നു.

"https://ml.wikipedia.org/w/index.php?title=ന്യൂനമർദ്ദം&oldid=3929632" എന്ന താളിൽനിന്ന് ശേഖരിച്ചത്