Jump to content

മാമത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mammuthus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മാമത്ത്
Temporal range: Early Pliocene to Middle Holocene
Columbian mammoth in the George C. Page Museum, Los Angeles
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Mammalia
Order: Proboscidea
Family: Elephantidae
Genus: Mammuthus
Brookes, 1828
Type species
Mammuthus primigenius
(Blumenbach, 1799 [originally Elephas])
Species
മാമോത്ത്

ആനകളിൽ വംശനാശം വന്ന ഒരു വകഭേദത്തിന് പറയുന്ന പേരാണ് മാമത്ത് . ഇതിനെ സാധാരണയായി വളഞ്ഞ കൊമ്പുമായിട്ടാണ് ചിത്രീകരിച്ച് കാണുന്നത്. 1.6 ലക്ഷം വർഷങ്ങൾക്കും 3500 വർഷങ്ങൾക്കും ഇടയിലായി ഇവ ജീവിച്ചിരുന്നു. ഹിമയുഗത്തിനൊടുവിലെന്നോ വംശനാശം വന്നു എന്നു കരുതപ്പെടുന്നു. മാമോത്ത് എന്ന വാക്ക് мамонт എന്ന റഷ്യൻ പദത്തിൽ നിന്ന് ഉത്ഭവിച്ചു. ലോകത്തിലെ ഏറ്റവും പ്രശസ്തമായ അന്യംനിന്നുപോയ ജീവികളിൽ ഒന്നാണ് ഇത്.

പരിണാമചരിത്രം

[തിരുത്തുക]
Mammuthus
Mammuthus

മാമോത്തിന്റെ അവശിഷ്ടങ്ങൾ യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, വടക്കേയമേരിക്ക എന്നിവടങ്ങളിൽ നിന്നാണ് കണ്ടിട്ടുള്ളത്. ഇവ വടക്കേ ആഫ്രിക്കയിൽ ഏതാണ്ട് 48 ലക്ഷം വർഷങ്ങൾക്ക് മുൻപ് ഉണ്ടായിവന്നതാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇതിനുകാരണം ഇവിടെത്തന്നെയാണ് Mammuthus africanavus എന്ന് ജീവിയുടേയും അവശിഷ്ടങ്ങൾ ഛാഡ്, ലിബിയ, മൊറോക്കോ ടുനീഷ്യ എന്നിവടങ്ങളിൽ നിന്നും കണ്ടു കിട്ടിയിട്ടുള്ളത് എന്നതാണ്. ദക്ഷിണാഫ്രിക്കയിലും കെനിയയിലും കണ്ടെത്തിയ Mammuthus subplanifrons എന്ന വർഗ്ഗവും നാല്പത് വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന ഭൂമിയിലെ ഏറ്റവും പഴക്കമുള്ള വർഗ്ഗത്തിൽപ്പെട്ടതാണ്.

ആഫ്രിക്കയിലാണ് പൂർവ്വികന്മാർ എന്നെങ്കിലും മാമോത്തുകൾക്ക് ആഫ്രിക്കൻ ആനകളേക്കാൾ കൂടുതൽ അടുപ്പം ഉണ്ടായിരുന്നത് ഇക്കാലത്തെ ഏഷ്യൻ ആനകളുമായാണ്. മാമോത്തുകളുടേയും ഏഷ്യൻ ആനകളുടേയും പൂർവികർ 60-73 ലക്ഷം വർഷങ്ങൾക്ക് മുൻപ് ആഫ്രിക്കൻ ആനകളുടെ പൂർവ്വികരിൽ നിന്നും പിരിയുകയാണുണ്ടായത്. ഏഷ്യൻ ആനകളും മാമോത്തുകളും പിന്നീട് അഞ്ച് ലക്ഷം വർഷങ്ങളോളം കഴിഞ്ഞ് (55-63 ലക്ഷം വർഷങ്ങൾ മുൻപ്) തമ്മിൽ വേർപിരിഞ്ഞു.

പിന്നീട് ആഫ്രിക്കൻ മാമോത്ത് വടക്കേ യൂറോപ്പിലേക്ക് പാലാ‍യനം ചെയ്തു പുതിയ വർഗ്ഗങ്ങൾ ഉണ്ടാക്കി (ഉദാ: ദക്ഷിണ മാമോത്ത് - Mammuthus meridionalis). ഇവർ പിന്നീട് യൂറോപ്പിലും ഏഷ്യയിലും മുഴുവൻ പരക്കുകയും, തുടർന്ന് ഇപ്പോൾ മുങ്ങിപ്പോയ ബെറിങ്ങ് ലാൻഡ് ബ്രിഡ്ജ് കടന്ന് വടക്കേ അമേരിക്കയിൽ എത്തിച്ചേരുകയും ചെയ്തു.

700,000 വർഷങ്ങൾക്ക് മുൻപ്, ചൂടുള്ള കാലാവസ്ഥ മാറി യൂറോപ്പിലുള്ള താഴ്വരകളിലും ഏഷ്യ, വടക്കേ അമേരിക്ക തുടങ്ങിയ ഇടങ്ങളിലും തണുപ്പുള്ള കാലാവസ്ഥയായി. അതേത്തുടർന്ന് അവിടങ്ങൾ‍ അധികം വളക്കൂറില്ലാത്തതും പരന്ന പ്രതലങ്ങൾ നിറഞ്ഞതുമായി മാറി. അതോടെ ദക്ഷിണ മാമോത്ത് അവിടങ്ങളിൽ നിന്നും പിന്മാറി, അവിടെ തണുപ്പ് കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ കഴിവുള്ള സ്റ്റെപ്പി മാമോത്ത് (Steppe mammoth - Mammuthus trogontherii) പകരം വന്നു. അതിനുശേഷം രോമാവൃതമായ ശരീരമുള്ള വൂളി മാമത്ത് (woolly mammoth - Mammuthus primigenius) 150,000 വർഷങ്ങൾക്ക് മുൻപ് ജന്മം കൊണ്ടു. ഹിമയുഗത്തിലെ കടുത്ത തണുപ്പുമായി പൊരുത്തപ്പെടാൻ വൂളി മാമോത്തിന് കൂടുതൽ കഴിവുണ്ടായിരുന്നു.

വൂളി മാമോത്തുകൾ വളരെ സഫലമായ ഒരു വർഗ്ഗമായിരുന്നു; സ്പെയിൻ തൊട്ട് വടക്കേ അമേരിക്ക വരെ അവയുള്ള സ്ഥലങ്ങളിൽ വളരെ ഭീമയായ സംഖ്യയിൽ അവ ഉണ്ടായിരുന്നു. റഷ്യൻ ഗവേഷകൻ സെർജി സിമോവ്, ഹിമയുഗ കാലഘട്ടത്തിൽ സൈബീരിയയുടെ ചില ഭാഗങ്ങളിൽ ഏതാണ് അറുപത് മൃഗങ്ങൾ ഓരോ നൂറ് ചതുരശ്ര അടി മണ്ണിലും ഉണ്ടായിരുന്നതായി കണക്ക് കൂട്ടുന്നു - ഇത് ഇന്നത്തെ ആഫ്രിക്കൻ ആനകളുടേതിന് തുല്യമാണ്.

വംശനാശം

[തിരുത്തുക]

ഹിമയുഗത്തിന്റെ അന്ത്യത്തോടെ മാമോത്തുകൾ മിക്കവാറും അന്യം നിന്നിരുന്നു. ഈ വംശനാശത്തിന് ഒരു പൂർണ്ണ വിശദീകരണം ഇനിയും ലഭ്യമല്ല. എന്നിരുന്നാലും വ്രാങ്കൽ ദ്വീപസമൂഹങ്ങളിൽ (Wrangel Island) കാണപ്പെട്ടിരുന്ന കുള്ളൻ മാമോത്തുകൾക്ക് 1700 മുതൽ 1500 BC കാലയളവിലാണ് വംശനാശം സംഭവിച്ചത് എന്നതിന് തെളിവുകൾ ഉണ്ട്.

മാമോത്തുകളുടെ വംശനാശം, കാലാവസ്ഥാ പരിണാമങ്ങൾ കൊണ്ടാണൊ അതോ മനുഷ്യന്റെ വേട്ടയാടൽ കൊണ്ടാണോ എന്നത് ഇന്നും വിവാദ വിഷയമായി തുടരുന്നു. മറ്റൊരു സിദ്ധാന്തം ഇവയുടെ വംശനാശം ഒരു പകർച്ചവ്യാധി കാരണമായിരുന്നു എന്ന് വിശദീകരിക്കുന്നു.

American Institute of Biological Sciences (Bioscience, April 2006, Vol. 56 No. 4, pp. 292-298) ജീവനുള്ള ആനകളിൽ നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ഉരുത്തിരിഞ്ഞ പുതിയ വിവരങ്ങൾക്കനുസരിച്ച് മനുഷ്യന്റെ വേട്ടയാടൽ മാമോത്തുകളുടെ വംശനാശത്തിന് പ്രധാന കാരണമായിരുന്നില്ലെങ്കിലും അത് ഒരു സുപ്രധാന ഘടകം തന്നെയായിരുന്നു എന്ന് സ്ഥിരീകരിക്കുന്നു. ഹോമോ ഇറക്റ്റസുകൾ മോമോത്ത് മാംസം 1.8 മില്യൺ വർഷങ്ങൾക്ക് മുമ്പ് തന്നെ ഉപയോഗിച്ചിരുന്നു എന്നറിയപ്പെടുന്നു.

അതേ സമയം American Institute of Biological Sciences അതിന്റെ പഠനങ്ങളിൽ ചത്തുവീണതും തുടർന്ന് മറ്റ് ആനകളാൽ ചവുട്ടിഞെരിക്കപ്പെട്ടതുമായ ആനയുടെ എല്ലുകളിൽ അറുക്കലിനോട് സാമ്യമുള്ള അടയാളങ്ങൾ കാണപ്പെട്ടതായി രേഖപെടുത്തുന്നു. ഇത് മുൻ കാലങ്ങളിൽ പുരാണവസ്തുശാസ്ത്രജ്ഞന്മാരാൽ വേട്ടയാടപ്പെട്ടവയായി തെറ്റിദ്ധരിക്കപ്പെട്ടിരുന്നു.

റഷ്യയിലെ വ്രാങ്കൽ ദ്വീപസമൂഹങ്ങളിലെ (Wrangel Island) കുള്ളൻ മാമോത്തുകളുടെ നിലനിൽപ്പിന് കാരണം ആ ദ്വീപുകൾ വളരെ അപ്രാപ്യവും നവീന ശിലായുഗത്തിന്റെ ആ‍രംഭത്തിൽ തന്നെ ആൾതാമസമില്ലാതായി തീർന്നതും ആയിരുന്നു. 1820 കളിൽ അമേരിക്കൻ സമുദ്രയാത്രികർ കണ്ടുപിടിക്കുന്നത് വരെ ഈ ദ്വീപ് ആധുനിക ലോകത്തിന് അജ്ഞമായിരുന്നു. സമാന തരത്തിലുള്ള രൂപ പരിണാമം അല്പം നേരത്തെ തന്നെ കാലിഫോർണിയയുടെ അടുത്തുള്ള ചാനൽ ദ്വീപുകളിലുള്ള മാമോത്തുകൾക്ക് സംഭവിച്ചിരുന്നു. എന്നാൽ ഈ മൃഗങ്ങൾ അമേരിക്കയിലെ നവീന ശിലായുഗവാസികളാൽ കൊല്ലപെട്ടിരിക്കാനാണ് കൂടുതൽ സാദ്ധ്യത.

2006, ഓഗസ്റ്റ് 14 ന് ഒരു പറ്റം ഗവേഷകർ വളരെ മുമ്പെ അന്യം നിന്ന് പോയ രോമകുപ്പായക്കാരായ മാമോത്തുകളുടെ ഒരു സങ്കരയിനത്തെ വംശനാശത്തിൽ നിന്നും തിരിച്ച് കൊണ്ട് വരാനുള്ള സാധ്യതകൾ ഉണ്ടെന്ന് പ്രഖ്യാപിച്ചു. ആൺ മാമോത്തുകളുടെ മരവിപ്പിച്ച് സൂക്ഷിച്ചിരിക്കുന്ന ബീജങ്ങൾ ഏഷ്യൻ ആനകളുടെ അണ്ഡങ്ങളിൽ നിക്ഷേപിക്കാനാവുമെന്നും അത് വഴി ഒരു മാമോത്ത്-ആന സങ്കരയിനത്തേ ജനിപ്പിക്കാനാവുമെന്നും അവർ വിശദീകരിക്കുന്നു.[1] Archived 2006-09-25 at the Wayback Machine.

മാമോത്തുകളും നിഗൂഢജന്തുശാസ്ത്രവും

[തിരുത്തുക]

വളരെ വിരളമായി, മാമോത്തുകൾക്ക് വംശനാശം സംഭവിച്ചിട്ടില്ലെന്നും ചെറിയ ഒറ്റപ്പെട്ട കൂട്ടങ്ങളായി വിശാലവും ഒഴിഞ്ഞുകിടക്കുന്നതുമായ വടക്കേ അർദ്ധഗോളത്തിലെ tundra എന്നയിടത്ത് കാണപ്പെടാൻ സാധ്യത ഉണ്ടെന്നുമുള്ള വാദങ്ങൾ ഉയരാറുണ്ട്. ബെങ്ക് ജോറേന്റെ (1962) അഭിപ്രായത്തിൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, അലാസ്കയിൽ ഒളിച്ചിരിക്കുന്ന മാമോത്തുകളെക്കുറിച്ച് കിംവദന്തികളുണ്ടായിരുന്നു. 1899 ഒക്ടോബറിൽ ഹെന്രി ടൂക്ക്മാൻ എന്നൊരാളെക്കുറിച്ചുള്ള ഒരു കഥയിൽ, ഇദ്ദേഹം ഒരു മാമോത്തിനെ അലാസ്കയിൽ വച്ച് കൊന്നുവെന്നും പിന്നീടിതിനെ വാഷിങ്ടൻ ഡി.സിയിലുള്ള സ്മിത്സോണിയൻ ഇൻസ്റ്റിറ്റ്യൂഷൻ ദാനം ചെയ്തുവെന്നും കേട്ടുകേൾവിയുണ്ടായി. പക്ഷേ ഈ വാർത്തകളെ മ്യൂസിയം അധികൃതർ നിഷേധിച്ചതോടെ ഈ കഥ വെറും പൊള്ളയാണെന്ന് തെളിഞ്ഞു.[1] Sjögren (1962) വിശ്വസിക്കുന്നത് ഈ കിംവദന്തി തുടങ്ങിയത് അമേരിക്കൻ ജീവശാത്രജ്ഞൻ സി.എച്ച്. ടൌൺസെന്റ് അലാസ്കയിൽ യാത്ര ചെയ്തപ്പോഴാണെന്നാണ്. ഈ സമയത്ത് അദ്ദേഹം എസ്കിമോകൾ മാമോത്തിന്റെ കൊമ്പുകൾ വിൽക്കുന്നത് കണ്ടുവെന്നും അപ്പോൾ അദ്ദേഹം അവരോട് ഇപ്പോഴും മാമോത്തുകൾ ജീവനോടെയുണ്ടോ എന്ന് ചോദിച്ചുവെന്നും അവരെ മാമോത്തിന്റെ‍ ചിത്രങ്ങൾ കാണിക്കുകയും ചെയ്തു എന്ന് കരുതുന്നു.

പത്തൊൻപതാം നൂറ്റാണ്ടിൽ "വലിയ രോമം നിറഞ്ഞ കാടൻ ജന്തുക്കൾ" എന്ന വർഗ്ഗത്തെക്കുറിച്ചുള്ള പല വിവരങ്ങൾ റഷ്യൻ അധികാരികൾക്ക് സൈബീരിയൻ ആദിവാസികൾ നൽകിയെങ്കിലും അതിന് യാതൊരു വിധ ശാസ്ത്രീയമായ തെളിവുകളും ലഭിക്കുകയുണ്ടായില്ല. വ്ലഡിവോസ്റ്റോക്ക് എന്നയിടത്ത് ജോലി ചെയ്തുകൊണ്ടിരുന്ന ഒരു ഫ്രെഞ്ച് അധികാരി എം. ഗാല്ലൊൺ 1946-ൽ വച്ച് ആയിരത്തിത്തൊള്ളായിരത്തി ഇരുപതിൽ താൻ ഒരു റഷ്യൻ തുകൽ കടത്തുകാരനെ കണ്ടുവെന്നും, അയാൾ ജീവനുള്ള, അസാമാന്യവലിപ്പമുള്ള, രോമം‍ നിറഞ്ഞ "ആന"കളെ en:taiga എന്ന പ്രദേശത്തിന്റെ വളരെയകത്തായി കണ്ടുവെന്നും പറഞ്ഞതായി അവകാശപ്പെട്ടു. ഈ തുകൽ‍ ശേഖരിക്കുന്നയാൾ മാമോത്തിനെക്കുറിച്ച് അതിനുമുമ്പ് കേട്ടിട്ടുകൂടെയില്ല എന്നും, ഇയാൾ മാമോത്തിനെ കാട്ടുജീവിയായിട്ടാണ് മനസ്സിലാക്കിയതെന്നും ഗാലോൺ കൂട്ടിച്ചേർത്തു (ഏതാണ്ട് ഈ സമയത്ത് തന്നെയാണ് മാമോത്തുകൾ ടുണ്ട്രയിലും മഞ്ഞിലും ജീവനോടെയുള്ളതായി സ്ജോഗ്രേൻ അവകാശപ്പെട്ടത്(1962)). സോവിയറ്റ് വായുസേനയും രണ്ടാം ലോകമഹായുദ്ധത്തിന്റെ ഇടയ്ക്ക് ഇവയെ കണ്ടുവെന്ന് അവകാശപ്പെട്ടുവെങ്കിലും പിന്നീടൊരിക്കലും അവർക്ക് ഇതിനെക്കാണാനായില്ല.

വലിപ്പം

[തിരുത്തുക]

ഇന്നത്തെ ആനകളേക്കാൾ വളരെയധികം വലിപ്പം കൂടുതലാണ് മാമോത്തുകൾക്ക് എന്നൊരു തെറ്റിദ്ധാരണ നിലവിലുണ്ട്. അതിനാലാണ് മാമോത്ത് എന്നത് “വളരെ വലിയ” എന്നയർത്ഥത്തിൽ ഇംഗ്ലീഷ് ഭാഷയിൽ ഒരു പ്രയോഗമായിത്തന്നെ മാറിയത്. മാമോത്തുകൾ നമുക്കറിവുള്ളത്തിൽ വച്ച് ഏറ്റവും വലിപ്പമുള്ള വർഗ്ഗം തന്നെയാണ്. കാലിഫോർണിയയിലെ ഇമ്പീരിയൽ മോമോത്തിന് 4.9 മീറ്റർ (16 അടി) വരെ പൊക്കം തോളിനെ ഭാഗത്ത് ഉണ്ടായിരുന്നു. മാമോത്തുകളിലെ ഏറ്റവും വലിയ ഇനമായ സോങ്വ മാമോത്തുകൾക്കാവട്ടെ (Songhua River Mammoth - Mammuthus sungari) 9.1 മീ(30 അടി) നീളവും, 5.3 മീ(17 അടി) ഉയരവും ഉണ്ടായിരുന്നു. മാമോത്തുകൾക്ക് സാധാരണയഅയി ഉദ്ദേശം 6-8 ടൺ ഭാരവുമുണ്ടായിരുന്നതായി കണക്കാക്കുന്നു.[2]. എങ്കിലും മാമോത്തുകളിലെ പല വർഗ്ഗങ്ങൾക്കും ഇക്കാലത്തെ ഏഷ്യൻ ആനകളുടെ വലിപ്പം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പോരാഞ്ഞ് കുള്ളൻ മാമോത്ത് എന്നൊരിനം ചെറിയ മാമോത്ത് സൈബീരിയയുടെ കിഴക്കൻ തീരമായ റാങ്കൽ ദ്വീപുകളിലും‍ കാലിഫോണിയൻ ചാനൽ ദ്വീപുകളിലും (M. exilis) മെഡിറ്ററേനിയൻ ദ്വീപുകളിലും ഉണ്ടായിന്നതിന്റെ അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്.

സമരസപ്പെടുത്തൽ

[തിരുത്തുക]

തണുത്ത കാലാവസ്ഥയ്ക്കനുയോജ്യമാവാൻ മാമോത്തുകൾക്ക് പല മാറ്റങ്ങളും സംഭവിച്ചിരുന്നു. 50 സെന്റിമീറ്റർ (20 ഇഞ്ച്) വരെ നീളമുള്ള രോമങ്ങൾ വരെ മാമോത്തുകൾക്കുണ്ടായിരുന്നു, വോളീ മാമോത്തുകൾക്ക് ഈ പേരു വന്നതുതന്നെ ഇങ്ങനെയാണ്. ഇന്നത്തെക്കാലത്തെ ആനകളുള്ളതിനേക്കാൾ വളരെ ചെറിയ ചെവികളാണ് മമോത്തുകൾക്ക് ഉണ്ടായിരുന്നത്; ഇന്ന് വരെ കണ്ട് കിട്ടിയിട്ടുള്ള മാമോത്ത് അവശിഷ്ടങ്ങളിൽ വച്ച് ഏറ്റവും വലിയ ചെവിയുള്ളതിന് ചെവിയുടെ വലിപ്പം ഒരു അടി (30 സെന്റിമീറ്റർ) മാത്രമാണ് നീളം. ആഫ്രിക്കൻ ആനകൾക്ക് ആറടി (1.8 മീറ്റർ) വരെ നീളം ചെവിക്ക് ഉണ്ടാകാറുണ്ട്. ചെവിയുടെ ദ്വാരത്തിനു ചുറ്റുമായി രോമം നിറഞ്ഞ ത്വക്ക് തണുപ്പിനെ പ്രതിരോധിക്കാൻ മാമോത്തുകൾക്കുണ്ടായിരുന്നു.

ശിഖരങ്ങളുള്ള കട്ടിയുള്ള ടുണ്ട്ര ചെടികൾ കഴിക്കുവാനായി മാമോത്തുകളുടെ പല്ലുകൾ അവയുടെ തന്നെ ദക്ഷിണദിക്കിലുള്ള ബന്ധുക്കളേക്കാൾ‍ അനുയോജ്യമായിരുന്നു. മാമോത്തുകളുടെ ത്വക്കിന് ഇന്നുള്ള ആനകളുടെ ത്വക്കിന്റെ അത്ര തന്നെ കനമേ ഉണ്ടായിരുന്നുള്ളൂ, പക്ഷേ ആനകളുടെ ത്വക്കിലിലാത്ത അസംഖ്യം sebaceous gland മാമോത്തുകളുടെ തൊലിയിൽ ഉണ്ടായിരുന്നു. ഇത് വഴുവഴുപ്പുള്ള കൊഴുപ്പ് രോമങ്ങളിലേക്ക് സ്രവിപ്പിച്ച് തണുപ്പിന്റെ പ്രതിരോധിക്കാനുള്ള ശേഷി കൂട്ടിയിരുന്നു. 8 സെന്റിമീറ്റർ (3 ഇഞ്ച്) വരെ കനത്തിൽ ഇവയ്ക്ക് കൊഴുപ്പിന്റെ അട്ടി ത്വക്കിന്റെ അടിയിൽ ഇണ്ടായിരുന്നത് തിമിംഗിലങ്ങളുടെ ബ്ലബ്ബർ പോലെ പ്രവർത്തിച്ച് ഇവയ്ക്ക് ചൂട് നൽകിക്കൊണ്ടിരുന്നു.

വളരെ നീളം കൂടിയ കൊമ്പുകളാണ് മാമോത്തുകൾക്ക് ഉണ്ടായിരുന്നത് - 16 അടി(5 മീറ്റർ) വരെ നീളത്തിൽ - ഇവയ്ക്ക് ആനകൾക്കുണ്ടായിരുന്നതിനേക്കാൾ വളവുമുണ്ടായിരുന്നു. ഈ കൊമ്പുകൾ പരിതഃസ്ഥിതിയുമായി ഇണങ്ങിജീവിക്കാനായി അങ്ങനെയായതാണോ എന്ന് മനസ്സിലാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല, പക്ഷേ ഈ കൊമ്പുകൾ, മഞ്ഞ് നീക്കം ചെയ്ത് അതിന്റെ അടിയിൽ മൂടിക്കിടക്കുന്ന ചെടികൾ ഭക്ഷണമാക്കാൻ ഇവയെ സഹായിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന് ചിലർ വിശ്വസിക്കുന്നു.

സൂക്ഷിച്ചുവയ്ക്കപ്പെട്ടിട്ടുള്ള അവശിഷ്ടങ്ങൾ, ജനിതകമായ തെളിവുകൾ

[തിരുത്തുക]
സെന്റ് പീറ്റേർസ്ബർഗിലുള്ള‍ ജന്തുശാസ്ത്ര പ്രദർശനാലയത്തിൽ സൂക്ഷിച്ച് വച്ചിട്ടുള്ള, ബെറെസോവ്ക നദിയിൽ നിന്ന് കിട്ടിയ ഒരു മാമോത്തിന്റെ അവശിഷ്ടം
സ്വിറ്റ്സർലാന്റിലെ ലുസേർണിൽ സൂക്ഷിച്ച് വച്ചിട്ടുള്ള ഒരു കുട്ടി മാമോത്തിന്റെ അവശിഷ്ടങ്ങൾ
Section through the ivory tooth of a mammoth

സൈബീരിയയുടെ വടക്ക് ഭാഗത്ത് നിന്ന് വോള്ളി മാമോത്തുകളുടെ മരവിച്ച അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്. എന്തെങ്കിലും ദ്രാവകത്തിലോ, ചതുപ്പ് പോലെ ഉറപ്പില്ലാത്ത പ്രതലങ്ങളിലോ, ചെളിയിലോ, പിന്നീട് ഹിമമായി മാറിയ വെള്ളത്തിലോ കൂട്ടമായി ചുരുങ്ങിയ കാലയളവിൽ മൂടപ്പെട്ടില്ലെങ്കിൽ ഇങ്ങനെ ഇവയുടെ അവശിഷ്ടങ്ങൾ കിട്ടാനുള്ള സാധ്യത വളരെ കുറവാണ്.

ഇത് പല രീതിയിൽ സംഭവിച്ചിരിക്കാം. ചതുപ്പിലോ ചുഴികണലിലോ അകപ്പെട്ട് പട്ടിണിമൂലമോ സൂര്യതാപം മൂലമോ അവിടെത്തന്നെ മുങ്ങിപ്പോയത് കൊണ്ടോ അവർക്ക് മരണം സംഭവിച്ചിരിക്കാം. എന്നാൽ ചില അവശിഷ്ടങ്ങളുടെ വയറ്റിലെ ദഹിക്കാത്ത ഭക്ഷണവും ചിലതിന്റെ വായിലെ ചെടികൾ കണ്ടെടുത്തതും കാണുമ്പോൾ ഇവ പട്ടിണിമൂലമോ അനങ്ങാൻ പറ്റാതെ എവിടെയെങ്കിലും അകപ്പെട്ടതുമൂലമോ (exposure) മരണപ്പെട്ടതാവാൻ സാധ്യത ഇല്ലെന്നാണ് മനസ്സിലാക്കേണ്ടത്. വയറ്റിൽ ദഹിക്കാതെ കിടക്കുന്ന ചെടികളുടെ കാലഘട്ടം കണക്കാക്കുമ്പോൾ ഇവ ശർത്കാലത്തേതാണെന്ന് കാണാം, പൂവുകളുണ്ടാവുന്ന വസന്തകാ‍ലത്തിലേതാണെങ്കിൽ അതിന്റെ തെളിവുകൾ കണ്ടേനേ.

ഇവിടെ കണ്ടത്: [2] E. W. Pfizenmayer, പതൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബെറസോവ്ക മാമോത്തുകളുടെ അവശിഷ്ടങ്ങൾ കണ്ടെടുക്കുകയും അവയെ പഠിക്കുകയും ചെയ്ത ശാസ്ത്രജ്ഞരിലൊരാളാണ്. തന്റെ പുസ്തകമായ, സൈബീരിയൻ മനുഷ്യനും മാമോത്തും എന്നതിൽ മാമോത്തുകളെക്കുറിച്ച് ഇങ്ങനെ പറയുകയുന്നു:

"ഇവയുടെ മരണം വളരെ പെട്ടെന്ന് സംഭവിച്ചതാണെന്ന് കരുതണം, കാരണം ഇവയുടെ അവശിഷ്ടങ്ങളിൽ പകുതി ചവച്ച ഭക്ഷണം പല്ലുകളുടെ പിറകിന്റേയും നാക്കിന്റേയും ഇടയിൽ നിന്ൻ വളരെ ഭദ്രമായ അവസ്ഥയിൽ കണ്ടെടുക്കുകയുണ്ടായി. ഈ ഭക്ഷണത്തിൽ ഉണ്ടായിരുന്നത് ഇലകളും ചെടികളുമാണ്, ചില ചെടികളിൽ വിത്തുകളും ഉണ്ടായിരുന്നു. ഇതിൽ നിന്ന് ഇവയുടെ പരിതാപകരമായ അവസാനം ശരത്കാലത്തിലാണ് ഉണ്ടായതെന്ന് പറയാൻ കഴിയും."

ഇവ തണുത്തുറഞ്ഞ ഹിമത്തിലെ ചെറിയ കുളങ്ങളിലേക്കോ കുഴികളിലേക്കോ വീണ് അവിടെ ഉറഞ്ഞ് പോയതാകാം. ഒരുപാടെണ്ണെത്തിന്റെ അവശിഷ്ടങ്ങൾ വെള്ളപ്പൊക്കത്തിൽ ഒലിച്ച് പോയതായി കാണുന്നതിൽ നിന്നും ഇവ പുഴകളിലാണ് കൊല്ലപ്പെട്ടിരിക്കാൻ സാധ്യത. സൈബീരിയയിലെ യാകുടിയ എന്നയിടത്ത് ബെറെലെക്ക് പുഴയിൽ നിന്ന് ഒരു സ്ഥലത്ത് നിന്ന് മാത്രം 156 മാമോത്തുകളുടെ 9,000 എല്ലുകളോളം‍ വീണ്ടെടുക്കുകയുണ്ടായി, ഇവ ഇവിടെ വെള്ളപ്പൊക്കത്തിൽ ഒലിച്ച് വന്നതാവാനാണ് സാധ്യത.

ഇന്നു വരെ വീണ്ടെടുത്ത മുപ്പത്തി ഒൻപത് മാമോത്ത് അവശിഷ്ടങ്ങളിൽ ആകെ നാലെണ്ണം മാത്രമേ പൂർണ്ണമായതുള്ളൂ. മിക്കവയുടേയും ശരീരം തണുത്തുറയുന്നതിനുമുൻപ് തന്നെ ദ്രവിച്ചുതുടങ്ങിയതായി കാണാം, പക്ഷേ അവ ഉണങ്ങിപ്പോയത് തണുപ്പിൽ തണുത്തുറഞ്ഞതിനുശേഷമാണ്. ഭക്ഷണമാക്കാൻ പറ്റിയ അവസ്ഥയിലുള്ള മാമോത്തിന്റെ അവശിഷ്ടത്തിനെക്കുറിച്ചുള്ള കഥകൾ പ്രചരിച്ചിരുന്നു പണ്ട്. പക്ഷേ ഇതിനെക്കുറിച്ച് പറയുന്ന മറ്റിടങ്ങളിൽ (ഉദാ: സയൻസ് മാസികയുടെ നൂറ്റി മുപ്പത്തിമൂന്നാമത് ലക്കത്തിൽ‍ [March 17, 1961]:729-735 വില്ല്യം ആർ. ഫർറാണ്ടിന്റെ ലേഖനം) കാണുന്നത് ഈ അവശിഷ്ടങ്ങൾ വളരെയധികം ദ്രവിച്ചിരുന്നു എന്നും അതിനാൽ തന്നെ ഇതിന്റെ ദുർഗന്ധം കാരണം ഈ അവശിഷ്ടങ്ങൾ കണ്ടെടുത്തവരുടെ കൂടെയുണ്ടായിരുന്ന പട്ടികളല്ലാതെ വേറെയാരും ഈ മാംസത്തിൽ യാതൊരു താത്പര്യവും കാണിച്ചിരുന്നില്ല എന്നുമാണ്.

മാമോത്തുകളുടെ മരവിച്ച അവശിഷ്ടങ്ങൾക്കു പുറമേ സൈബീരിയയിൽ വളരെയധികം കൊമ്പുകളും കിട്ടിയിട്ടുണ്ട്. രണ്ടായിരത്തിൽപ്പരം വർഷങ്ങളോളം മാമോത്തുകളുടെ കൊമ്പുകൾ കച്ചവടം ചെയ്യപ്പെട്ടിരുന്നു. ഇവ അന്നും ഇന്നും വളരെ വിലയുള്ള ഒരു ഉത്പന്നമാണ്. Güyük എന്ന പതിമൂന്നാം നൂറ്റാണ്ടിലെ മങ്കോളിയന്മാരുടെ ചക്രവർത്തിയുടെ സിംഹാസനം മാമോത്തിന്റെ കൊമ്പ് കൊണ്ടുണ്ടാക്കിയതായിരുന്നു. ആനക്കൊമ്പ് വ്യാപാരം നിരോധിക്കപ്പെട്ടിരിക്കുന്നതിനാൽ മാമോത്ത് കൊമ്പിന് ഇന്ന് വളരെയധികം ആവശ്യക്കാരുണ്ട്.

ഇന്ത്യൻ ആനകളും ആഫ്രിക്കൻ ആനകളും ഇണ ചേർന്ന് ഇതുവരെ കുട്ടികളൊന്നും ഉണ്ടായതായി അറിവില്ല. എന്നാൽ മാമോത്തുകൾ ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഇവ ഇന്ത്യൻ ആനകളുമായി വിജയകരമായി ഇണചേരുമായിരുന്നു എന്ന് സൈദ്ധാന്തീകരിക്കപ്പെട്ടിട്ടുണ്ട് .

മാമോത്തുകളുടെ അവശിഷ്ടങ്ങളിൽ നിന്നെടുത്ത ജീനുകൾ ഏഷ്യൻ ആനകളുടേതുമായി ഇടചേർത്ത് മാമോത്തിനെപ്പോലെ ഭീമാകാരമായ ഒരു ജീവിയെ സൃഷ്ടിച്ചെടുക്കാമെന്നൊരു സിദ്ധാന്തം അതിനാൽത്തന്നെ രൂപമെടുത്തിട്ടുണ്ട്. മാമോത്ത് അവശിഷ്ടങ്ങളുടെ പ്രത്യുത്പാദന അവയവങ്ങളിൽ നിന്ന് ബീജങ്ങൾ എടുക്കാൻ പറ്റുമെന്ന് ശാ‍സ്ത്രജ്ഞർ വിശ്വസിക്കുന്നു. എന്നാൽ ഇത് ശ്രമിക്കാൻ മാത്രം ജനിതകമായ ഒന്നും മാമോത്ത് അവശിഷ്ടങ്ങളിൽ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ല. എങ്കിലും Mammuthus primagenius-ന്റെ മുഴുവൻ mitochondrial genome sequence നിർണ്ണയിക്കപ്പെട്ടിട്ടുണ്ട്(J. Krause et al, Nature 439,724-727, 9 Feb 2006). ഇതിന്റെ വിശകലനം കാണിക്കുന്നത് മാമോത്ത്, ആഫ്രിക്കൻ ആന, ഏഷ്യൻ ആന എന്നിങ്ങനെ ഈ വർഗ്ഗം അകന്ന് പോകുന്നത് നടന്നത് വളരെ ചെറിയ കാലയളവിലാണെന്നും മാമോത്തുകൾ ഏഷ്യൻ ആനകളുമായി കൂടുതൽ ബന്ധം പുലർത്തിയിരുന്നു എന്നുമാണ്.

സഫ്ഫോക്കിലെ ഇപ്സ്വിച്ച് കാഴ്ചബ്മാംഗ്ലാവിലുള്ള ഒരു മാമോത്ത് മാതൃക

2005 ഡിസംബറിൽ ജർമ്മൻ, ബ്രിട്ടീഷ്, അമേരിക്കൻ എന്നിവടങ്ങളിലെ ഗവേഷകർ അടങ്ങിയ ഒരു കൂട്ടം മാമോത്തിന്റെ പൂർണ്ണമായ mitochondrial DNA ഉണ്ടാക്കുന്നതിൽ വിജയിക്കുകയും ഇത് മാമോത്തുകൾക്ക് ഏഷ്യൻ ആനകളുമായുള്ള പരിണാമബന്ധം തെളിയിക്കാൻ സഹായിക്കുകയും ചെയ്തു. അറുപത് ലക്ഷം വർഷം മുൻപ് ആഫ്രിക്കൻ ആനകൾ വോള്ളി മാമോത്തുകളുമായി അകലുകയായിരുന്നു. ഏതാണ്ട് ഇതേ സമയത്താണ് ഇതേപോലുള്ള ഒരു പിരിയൽ ചിമ്പാൻസികളും മനുഷ്യരുമായി നടന്നതും.

2006 ജൂലൈ ആറിന്, ശാസ്ത്രജ്ഞർ ഏറ്റവും പുതിയ ജനിതക സാങ്കേതികവിദ്യയുപയോഗിച്ച്, സൈബീരിയയിൽ നാൽപ്പത്തി മൂവായിരം വർഷം മുൻപ് ജനിച്ച ഒരു മാമോത്തിൽ നിന്നെടുത്ത Mc1r എന്ന പേരുള്ള ഒരു ജീനിൽ നിന്ന് മാമോത്തുകൾക്ക് ഇരുണ്ട ബ്രൌണോ സ്വർണ്ണനിറമോ ഉള്ള രോമങ്ങളോ ആണുള്ളതെന്ന് കണ്ടുപിടിക്കുകയുണ്ടായി (Rompler H et al. Science. 2006 Jul 7;313(5783):62). [3]

പേരിന്റെ ഉത്ഭവം

[തിരുത്തുക]

"മാമോത്ത്" എന്ന നാമം ടാടാർ ഭാഷയിൽ നിന്ന് റഷ്യൻ ഭാഷ വഴി വന്നതാണ്. ഇതിന്റെ ഉറവിടം ടാടാർ വാക്കുകളായ മാമ്മ, എർത്ത് എന്നിവ ചേർന്നുണ്ടായതാണ്. ഈ പേരു വരാൻ കാരണം മാമോത്തുകൾ ഭൂമിക്കടിയിൽ തുരങ്കങ്ങളുണ്ടാക്കിയാണ് ജീവിച്ചിരുന്നതെന്ൻ വളരെക്കാലം നിലവിലുണ്ടായിരുന്ന വിശ്വാസത്തിൽ നിന്നാണ്. പതിനേഴാം നൂറ്റാണ്ടിലെ സഞ്ചാരി എബെർഹാർഡ് സ്ബ്രാന്റ് ഇഡസ്, സൈബീരിയയിലെ എവെങ്ക്, യാകുട് ഒസ്റ്റ്യാക് എന്നീ ഗോത്രവർഗ്ഗങ്ങൾ വിശ്വസിച്ചിരുന്നത് ഇങ്ങനെയാണെന്ന് രേഖപ്പെടുത്തുകയുണ്ടായി: "തുടർച്ചയായി, അല്ലെങ്കിൽ കടുത്ത തണുപ്പ് വരുമ്പോഴെങ്കിലും ഇവ ഭൂമിക്കടിയിലാണ് വസിച്ചിരുന്നത്, അവിടെ അവർ മുന്നോട്ടും പിന്നോടും നടക്കുമായിരുന്നു. വായുവുമായുള്ള സമ്പർക്കം ഒന്നുമാത്രം മതി ഇവരെ കൊല്ലാൻ, അതു കൊണ്ടാണ് ജീവനോടെ ഇവരെ പുറത്ത് കാണാത്തത്."

ഐതിഹ്യം

[തിരുത്തുക]

ബ്രിട്ടീഷ് കൊളമ്പിയയിലെ കാസ്ക സമുദായത്തിന്റെ ഒരു പുരാണ ഐതിഹ്യത്തിൽ മാമോത്തുകളുടെ പരാമർശമുണ്ട് en:The Bladder Headed Boy. ഈ കഥയിൽ ഒരു കുട്ടി, ഒരു മാമോത്തിന്റെ കൊല്ലുകയും അതോടെ ഈ സമുദായത്തിന്റെ ആദ്യ തലവനാകുകയും ചെയ്തു എന്നും പറയുന്നു. ഈ കഥയിൽ മാമോത്തിന്റെ വിവരണം ഏറെക്കുറേ കൃത്യമാണ്: "ഭൂമിയിൽ വിഹരിച്ചിരുന്ന രോമം നിറഞ്ഞ വലിയ ക്രൂരജന്തു". പക്ഷേ ഈ ജീവി മാസം മോഷ്ടിക്കുകയും മനുഷ്യരെ കൊന്ന് തിന്നുകയും ചെയ്യുന്നതായി പറയുന്നുണ്ട്, അതുകൊണ്ട് തന്നെ ഈ കഥയിലെ ജീവി ഒന്നിലധികം മൃഗങ്ങൾ ചേർന്ന ഒരു സങ്കരയിനത്തിന്റെ സങ്കൽപ്പമാകാനാണ് സാധ്യത.

പുറമേയ്ക്കുള്ള കൊളുത്തുകൾ

[തിരുത്തുക]

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Lister, Adrian; Bahn, Paul. Mammoths. London: MacMillan, 1994 (ISBN 0-02-572985-3).
  • Martin, Paul S. Twilight of the mammoths: Ice Age extinctions and the rewilding of America. Berkeley: University of California Press, 2005 (ISBN 0-520-23141-4).
  • Stone, Richard. Mammonths: The resurrection of an Ice Age giant. London: Fourth Estate, 2001 (ISBN 1-84115-518-7)

സൂചികകൾ

[തിരുത്തുക]
  1. "http://www2.tpl.lib.wa.us/v2/NWROOM/MORGAN/Tukeman.htm". Archived from the original on 2008-02-20. Retrieved 2006-10-20. {{cite web}}: External link in |title= (help)
  2. "http://rbcm1.rbcm.gov.bc.ca/hhistory/mammoth/mammothstory.html". Archived from the original on 2004-07-08. Retrieved 2006-10-20. {{cite web}}: External link in |title= (help)
"https://ml.wikipedia.org/w/index.php?title=മാമത്ത്&oldid=4117071" എന്ന താളിൽനിന്ന് ശേഖരിച്ചത്