മെറീ അന്റോനെറ്റ്
Marie Antoinette of Austria | |
---|---|
Marie Antoinette painted by Vigée-Lebrun c. 1779 | |
Tenure | 10 May 1774 – 21 September 1792 |
ജീവിതപങ്കാളി | Louis XVI of France |
പേര് | |
Maria Antonia Josepha Johanna | |
രാജവംശം | House of Habsburg-Lorraine House of Bourbon |
പിതാവ് | Francis I, Holy Roman Emperor |
മാതാവ് | Empress Maria Theresa |
ശവസംസ്‌ക്കാരം | 21 January 1815 Saint Denis Basilica, France |
മതം | Roman Catholic |
മെറീ അന്റോനെറ്റ് (French: maʁi ɑ̃twanɛt.) ((/ˌæntwəˈnɛt, ˌɒ̃t-/;[1] French: [maʁi ɑ̃twanɛt] ) (നവമ്പർ 1755 – 16 ഒക്റ്റോബർ 1793), ലൂയി പതിനാറാമന്റെ ഭാര്യയും 1774 to 1792വരെ ഫ്രാൻസിന്റെ രാജ്ഞിയും ആയിരുന്നു. മുഴുവൻ പേര് മരിയാ അന്റോണാ ജോസെഫാ ജോഹാനാ. ഫ്രഞ്ചു വിപ്ലവസമയത്ത് ജനരോഷം മെറീ അന്റോനെറ്റിനെതിരെ പതഞ്ഞുപൊന്തി. വിപ്ലവക്കോടതി വധശിക്ഷ വിധിച്ചു. 1793 ഒക്റ്റോബർ 16-ന് ഗില്ലോട്ടിന് ഇരയായി. [2],[3],
ജീവചരിത്രം
[തിരുത്തുക]ജനനം, ബാല്യം
[തിരുത്തുക]ഓസ്ട്രിയൻ-ഹംഗറി സാമ്രാജ്യത്തിലെ ഹാപ്സ്ബുർഗ് രാജവംശത്തിലാണ് മെറീ അന്റോനെറ്റിന്റെ ജനനം. യൂറോപ്പിന്റെ സാമ്രാജ്യ-സാമ്പത്തിക രംഗങ്ങളിൽ അനിഷേധ്യമായ അധികാരശക്തിയുണ്ടായിരുന്ന ചക്രവർത്തി ദമ്പതിമാർ ഫ്രാൻസിസ് ഒന്നാമന്റേയും പത്നി മരിയാ തെരേസയുടേയും പതിനഞ്ചാമത്തെ സന്താനമായി വിയന്നയിൽ ജനിച്ചു. [3] [4]. മെറീ അന്റോനെറ്റിന്റെ ബാല്യകൗമാരദശകൾ പ്രകൃതിമനോഹരമായ ഓസ്റ്റ്രിയൻ ഭൂഭാഗങ്ങളിൽ സമ്പത്സമൃദ്ധിയുടെ മടിത്തട്ടിലായിരുന്നുവെന്ന് ചരിത്രരേഖകൾ പറയുന്നു. [2], [3], [5]. അന്റോനെറ്റിന് പത്തു വയസ്സുള്ളപ്പോൾ പിതാവ് അന്തരിച്ചു. അച്ഛന് തന്നോടുണ്ടായിരുന്ന വാത്സല്യം മരിയ ഒരിക്കലും മറന്നില്ല, അമ്മയോട് എന്നും ഭയം കലർന്ന ബഹുമാനമായിരുന്നു.[6]
വിവാഹം
[തിരുത്തുക]സാമ്രാജ്യത്തിന്റെ ഭരണഭാരം മാതാവ് മരിയാ തെരേസയുടെ ചുമലുകളിലായി. ഫ്രാൻസുമായുള്ള സൈനിക-രാഷ്ട്രീയ ബന്ധുത്വം ശക്തിപ്പെടുത്താനായി മരിയാ തെരേസ പുത്രി മെറീ അന്റോനെറ്റിന്റെ വിവാഹം ഫ്രാൻസിലെ കിരീടാവകാശി, യുവരാജാവ് ലൂയി അഗസ്റ്റുമായി ഉറപ്പിച്ചു. ഫ്രഞ്ചു ചക്രവർത്തി ലൂയി പതിനഞ്ചാമന്റെ പൗത്രനായിരുന്നു ലൂയി അഗസ്റ്റ്. പുത്രിയെ കരുവാക്കി ഫ്രാൻസിനെ സ്വാധീനിക്കാമെന്ന് മരിയ തെരേസ കണക്കുകൂട്ടിയതായി ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.[2] മെറീ അന്റോനെറ്റും ലൂയി അഗസ്റ്റുമായുള്ള വിവാഹം 1770 മേ 16-ന് വെഴ്സായ് കൊട്ടാരത്തിൽ വെച്ചു നടന്നു. യൂറോപ്പിലെ രാജ-പ്രഭു കുടുംബങ്ങളിലെ എണ്ണമറ്റ വ്യക്തികൾ വിവാഹവിരുന്നിൽ പങ്കെടുത്തു.[7] കുറച്ചു ദിവസങ്ങൾക്കുശേഷം വധൂവരന്മാർ പാരിസിലേക്കു പുറപ്പെട്ടു. അവരുടെ വരവു പ്രമാണിച്ച് ലൂയി ചത്വരത്തിൽ ( പിന്നീട് വിപ്ലവ ചത്വരം, ഇന്നത്തെ കൊൺകോഡ് ചത്വരം) അതി ഗംഭീരമായ വെടിക്കെട്ട് ഏർപ്പാടു ചെയ്തിരുന്നു.[3][2] പതിനഞ്ചു വയസ്സുകാരിയായ നവവധുവിന് ഫ്രഞ്ച് രീതികളും അന്തഃപുരങ്ങളിലെ ചിട്ടവട്ടങ്ങളുമായി എളുപ്പത്തിൽ ഇണങ്ങാനായില്ല. ഓസ്ട്രിയയും ഫ്രാൻസും തമ്മിൽ പാരമ്പരാഗതമായുള്ള വൈരം കാരണം മെറീ അന്റോയ്നെറ്റിനെ പ്രഞ്ചു സമൂഹം എന്നും വിദേശിയായി കണ്ടു.[2]. കൊട്ടാരത്തിലെ ഉപജാപങ്ങളും മെറീക്ക് അനുകൂലമായിരുന്നില്ല. സന്താനങ്ങളുണ്ടാവാൻ കാലതാമസം നേരിട്ടതോടെ രാജദമ്പതികളുടെ സ്വകാര്യജീവിതം പരസ്യചർച്ചകൾക്ക് വിഷയമായി.[2],[3],[4], [5]. ചക്രവർത്തി ലൂയി പതിനഞ്ചാമന്റെ മേൽ ഏറെ സ്വാധീനമുണ്ടായിരുന്ന മദാം ഡു ബാറി പല തെറ്റിദ്ധാരണകൾക്കും വഴിതെളിച്ചു. [8]
സിംഹാസനത്തിൽ
[തിരുത്തുക]1774-ൽ ലൂയി പതിനഞ്ചാമൻ വസൂരി ബാധിച്ച് അന്തരിച്ചു. ലൂയി പതിനാറാമനായി ലൂയി അഗസ്റ്റ് സിംഹാസനത്തിലേറി. പത്തൊമ്പതുകാരിയായ മെറീ അന്റോനെറ്റ് ഫ്രാൻസിന്റെ രാജ്ഞിയും. അധികാരത്തിന്റെ ആദ്യ വർഷങ്ങളിൽ രാജദമ്പതികളും ജനതയും തമ്മിൽ വലിയ ഉരസലുകളൊന്നും ഉണ്ടായില്ല. രാജപദവിയുടെ അച്ചടക്കനിയമങ്ങൾ അതേപടി അനുസരിക്കുന്നവളായിരുന്നില്ല മെറീ. ഭാര്യയോടുള്ള ലൂയി പതിനാറാമന്റെ ഉദാസീനഭാവവും ഭർത്താവിന്റെ അസാന്നിധ്യത്തിൽ മെറീ നടത്തിയ വിരുന്നുസത്കാരങ്ങളും അലസമായ ദിനചര്യകളും, വസ്ത്രാഭരണങ്ങളോടുള്ള കൊതിയും ക്രമേണ മേരിക്ക് ദുഷ്പേരു വരുത്തിവെച്ചു.[3] ഒരു കുഞ്ഞിനെ ദത്തെടുക്കാൻ ശ്രമിച്ചതും വലിയ വിനയായി ഭവിച്ചു. ആ കുഞ്ഞ് മുമ്പെങ്ങോ അവിഹിതബന്ധത്തിലൂടെ മെറീ ജന്മം നല്കിയ സന്താനമാണെന്നും, ഇപ്പോൾ കുഞ്ഞിന് നിയമസാധുത വരുത്താൻ ശ്രമിക്കുകയുമാണെന്നുള്ള കിംവദന്തി പരന്നു[3]. ചക്രവർത്തിപദമേറ്റ് ഏതാനും വർഷങ്ങൾക്കുശേഷം രാജദമ്പതികളുടെ ദാമ്പത്യബന്ധം മെച്ചപ്പെട്ടു. 1778 ഡിസമ്പർ 19-ന് ആദ്യത്തെ കുഞ്ഞ് മരിയാ തെരേസ ഷാർലെറ്റ് പിറന്നു. അതിനടുത്ത വർഷങ്ങളിലായി ലൂയി ജോസെഫ്(ജ.1781-മ.1789) ലൂയി ചാൾസ് (പിന്നീട് നാമമാത്രമായെങ്കിലും ലൂയി പതിനേഴാമൻ)(ജ1785-മ1795), സോഫി ബിയാട്രിസ് (ജ.1786-മ.1787) എന്നിവർക്കു ജന്മം നല്കി.
പരിഷ്കാരങ്ങൾ, പാഴ്ച്ചെലവുകൾ
[തിരുത്തുക]രാജ്ഞിയെന്ന നിലക്ക് മെറീ അന്റോയ്നെറ്റ് കൊട്ടാരത്തിനകത്തും പുറത്തും പലേ പരിഷ്കാരങ്ങളും കൊണ്ടുവന്നു. ഫ്രഞ്ചു സംസ്കാരത്തെ താഴ്ത്തിക്കെട്ടാനും വിദേശി(ഓസ്റ്റ്രിയൻ) രീതികൾ ഫ്രഞ്ചുകാരിൽ കെട്ടിച്ചുമത്താനുമുള്ള ശ്രമമായി ഇവയൊക്കെ വ്യാഖ്യാനിക്കപ്പെട്ടു.[2],[3]
വെഴ്സായ് കൊട്ടരവളപ്പിനകത്തെ പെറ്റിറ്റ് ട്രിയാനോൻ എന്ന കൊച്ചുകൊട്ടാരവും ചുറ്റുമുള്ള പുരയിടവും ചക്രവർത്തി പത്നിയുടെ സ്വകാര്യ ആവശ്യങ്ങൾക്കായി ചാർത്തിക്കൊടുത്തു.[9] ഈ കെട്ടിടത്തിന്റെ പുതുക്കിപ്പണിയലിനും മോടിപിടിപ്പിക്കലിനുമായി മേരി സമയവും പണവും ചെലവഴിച്ചു. രാജ്ഞിക്ക് നിയമപ്രകാരം 200,000 ഫ്രാങ്ക് വാർഷിക അലവൻസ് അനുവദിക്കപ്പെട്ടിരുന്നു. ചെലവ് ഇതിനേക്കാളും അനേകമടങ്ങായെന്നും അധികച്ചെലവ് രാജഭണ്ഡാരത്തിൽ നിന്നെടുത്തെന്നും ജനസംസാരമുയർന്നു. [3]. ]
മെറീക്കെതിരെ പൊതുജനാഭിപ്രായം ശക്തിപ്പെടാനുള്ള മറ്റൊരു കാരണം ഒരു വൈര നെക്ലേസ് ആയിരുന്നു. കർദ്ദിനാൾ റോഹനേയും മദാം ലാമോട്ടിനേയും ഇടനിലക്കാരാക്കി, ആഭരണവ്യാപാരിയായ ബൂമറെ കബളിപ്പിച്ച് 3000,000 ഫ്രാങ്ക് വിലവരുന്ന വൈരനെക്ലെസ് കൈവശപ്പെടുത്തിയെന്നതായിരുന്നു മെറീക്കെതിരായുള്ള ആരോപണം. വിചാരണസമയത്ത് മെറീയുടെ നിരപരാധിത്വം വെളിപ്പെട്ടെങ്കിലും, ആ കളങ്കം പൂർണമായും മാഞ്ഞുപോയില്ല.[2],[3], [10]
സാമൂഹ്യ-രാഷ്ട്രീയ അന്തരീക്ഷം, ഫ്രഞ്ചു വിപ്ലവം
[തിരുത്തുക]ജ്ഞാനോദയകാലത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്യൻ സമൂഹത്തിന്റെ ചിന്താഗതികളിൽ വിപ്ലവാത്മകമായ പരിവർത്തനങ്ങൾ ഉണ്ടായി.പതിനെട്ടാം ശതകത്തിന്റെ അവസാനത്തെ രണ്ടു ദശകങ്ങളിൽ ഫ്രാൻസിൽ സാമൂഹ്യവും രാഷ്ട്രീയവുമായ വൻമാറ്റങ്ങൾ സംഭവിച്ചു.[11] സ്വതന്ത്ര്യമാണ് മനഷ്യന്റെ ഏറ്റവും അമൂല്യ സമ്പത്തെന്ന വോൾട്ടയറുടേയും റുസ്സോയുടേയും ചിന്താഗതികളും അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ ഫ്രഞ്ചുപട്ടാളക്കാരുടെ പുത്തൻ ആശയങ്ങളും ജനങ്ങളെ പ്രബുദ്ധരാക്കി. നിരന്തരമായ യുദ്ധക്കെടുതികൾ, കാലാവസ്ഥ മോശമായതു കാരണം തുടർച്ചയായുള്ള വിളവുനാശങ്ങൾ,ഭക്ഷ്യക്ഷാമം ഇവയൊക്കെ സാധാരണജനതയുടെ നിത്യജീവിതം ദുരിതപൂർണമാക്കി.[12]. നികുതി വർധനവ് തങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്നമാണെന്നും പുരോഹിത-കുലീനവർഗങ്ങൾ കാലാകാലമായി നികുതിയുടെ പരിധിക്കുപുറത്താണെന്നുമുള്ള വസ്തുതയും ഈ നില മാറ്റാൻ ശ്രമിച്ച ധനകാര്യോപദേഷ്ടാവിനെ ചക്രവർത്തി പുറത്താക്കിയതും(1787) പൊതുജനത്തെ കുപിതരാക്കി. ലൂയി ചക്രവർത്തിയെ താഴത്തിറക്കാനായി ചാർച്ചയിൽപ്പെട്ട സഹോദരൻ ഒർലീൻസ് പ്രഭു ഗൂഢാലോചന നടത്തി. ഒർലീൻസ് പ്രഭുവിന്റെ ഔദ്യോഗികവസതി പാലേ റോയാൽ പാട്രിയറ്റ് കക്ഷിയുടെ സമ്മേളനസ്ഥലമായി. [13].
1789 മെയ് 5-ന് നൂറ്റിയെഴുപത്തഞ്ചു കൊല്ലത്തെ വിടവിനു ശേഷം പുരോഹിതർ , കുലീനർ, സാധാരണജനത എന്നീ മൂന്നുവർഗങ്ങളുടെ പ്രതിനിധികളടങ്ങുന്ന പൗരസഭ, എസ്റ്റാറ്റ് ജനറാൽ, വെഴ്സായിൽ സമ്മേളിച്ചു. പുരോഹിത-കുലീന പ്രതിനിധികൾ യാതൊരു വിധ ആനുകൂല്യങ്ങളും വിട്ടുകൊടുക്കാൻ തയ്യാറായില്ല. പൊതുജനങ്ങളും വരേണ്യവർഗങ്ങളും തമ്മിലുള്ള വൈരം മൂത്തു. ചക്രവർത്തി തങ്ങൾക്കെതിരെ സായുധാക്രമണം നടത്താൻ ഒരുമ്പെടുകയാണെന്ന വാർത്ത പരന്നതോടെ രോഷാകുലരായ ജനം 1789 ജൂലൈ 14-ന് ബാസ്റ്റീൽ തടവറ ഭേദിച്ച്. അതിനകത്ത് സംഭരിച്ചു വെച്ചിരുന്ന യുദ്ധക്കോപ്പുകൾ കൈക്കലാക്കി. ഭരണപരിഷ്കാരങ്ങൾ നടപ്പിൽ വരുത്താൻ ജനകീയസഭ ചക്രവർത്തിയിൽ നിർബന്ധം ചെലുത്തി. 21 ജൂലൈ 1791-ന് രാജകുടുംബം ഓസ്റ്റ്രിയയിലേക്ക് രക്ഷപ്പെടാൻ ശ്രമം നടത്തിയത് വിഫലമായി.[14] രാജകുടുംബം കൊട്ടാരത്തടങ്ങലിലായി. ഇതിനകം ഫ്രാൻസിൽ മൂന്നു വ്യത്യസ്ത പ്രസ്ഥാനങ്ങൾ രൂപം കൊണ്ടിരുന്നു. രാജഭക്തരുടെ ഫൂയോൺസ് വിഭാഗം, വിപ്ലവപാർട്ടിയുടെ രണ്ടു വിഭാഗങ്ങൾ മിതവാദികളുടെ ഷിറോൻഡിൻസ് ഗ്രൂപ്പും തീവ്രവാദികളുടെ ഷാകോബൈൻസ് ഗ്രൂപ്പും.[2],[15],[16]
1791 ഒക്റ്റോബർ മുതൽ സപ്റ്റമ്പർ വരെ പ്രാബല്യത്തിലിരുന്ന നിയമസഭ 1792 ആഗസ്റ്റിൽ രാജഭരണം അവസാനിപ്പിച്ച്, ഫ്രാൻസിനെ ജനാധിപത്യരാഷ്ട്രമായി പ്രഖ്യാപിച്ചു. ഭരണം ദേശീയസമിതിയുടെ (National Convention ) കൈകളിലായി. കാപെറ്റ് എന്ന പഴയ വംശപ്പേർ നല്കപ്പെട്ട രാജകുടുംബത്തിന്റെ മേൽ ദേശദ്രോഹക്കുറ്റും ചുമത്തപ്പെട്ടു. ലൂയി പതിനാറാമൻ, സഹോദരി എലിസബെത് , പത്നി മേരി അന്റോനെറ്റ്, പുത്രി മരിയാ തെരേസ. പുത്രൻ ലൂയി ചാൾസ്, എന്നിവർ നഗരമധ്യത്തിലുള്ള ടോംപ് (ഇംഗ്ലീഷിൽ ടെംപിൾ) കൽത്തുറുങ്കിലടക്കപ്പെട്ടു. കാരാഗ്രഹത്തിലെ നാളുകളെപ്പറ്റി മരിയാ തെരേസ ഓർമക്കുറിപ്പുകളെഴുതുകയുണ്ടായി.[17]
അവസാന നാളുകൾ
[തിരുത്തുക]1793 ജനവരി 21ന് ലൂയി പതിനാറാമൻ ഗില്ലോട്ടിന് ഇരയായി. ആഗസ്റ്റ് മാസത്തിൽ മെറീ അന്റോനെറ്റ് വധശിക്ഷക്കു വിധിക്കപ്പെട്ടവർക്കുള്ള കൊൺസേർഷ്യൊറി തുറുങ്കിലേക്ക് മാറ്റിത്താമസിക്കപ്പെട്ടു. ഒക്റ്റോബറിൽ മെറീ വിചാരണക്കു വിധേയയായി. വിപ്ലവത്തെ വിരോധിച്ചു, ഓസ്ട്രിയക്ക് അനുകൂലമായി നടപടികളെടുത്തു എന്നൊക്കെ ആയിരുന്നു മെറീയുടെ കുറ്റം. ഇരുപത്തിനാലു മണിക്കൂറിനകം വധശിക്ഷ നടപ്പാക്കണമെന്നായിരുന്നു വിധി. പിറ്റേന്ന് രാവിലെ പതിനൊന്നു മണിക്ക് സൈനികർ മെറീയെ വിപ്ലവചത്വരത്തിലേക്ക് (പഴയ ലുയി പതിനഞ്ചാമൻ ചത്വരം, ഇന്നത്തെ കോൺകോഡ് ചത്വരം) നയിച്ചു. കൈകൾ പിന്നിൽ പിണച്ചുകെട്ടി, എല്ലാവരും കാൺകെ വിളവും വൈക്കോലും കൊണ്ടു പോകാറുള്ള കുതിരവണ്ടിയിലാണ് മെറീയെ കൊണ്ടുപോയത്. സൂര്യോദയത്തിനു മുമ്പ് തന്നെ വധശിക്ഷ കാണാനായി ചത്വരത്തിൽ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. [18]
ലൂയിയുടേയും മേരിയുടേയും ശവമാടങ്ങൾ
[തിരുത്തുക]മാഡലീൻ സെമിത്തെരിയിലെ പേരുവിവരങ്ങളില്ലാത്ത കുഴിമാടത്തിലാണ് ലൂയി പതിനാറാമനെപ്പോലെ മെറീ അന്റോനെറ്റും അടക്കം ചെയ്യപ്പെട്ടത്. പിന്നീട് രാജവാഴ്ച പുനഃസ്ഥാപിക്കപ്പെട്ടപ്പോൾ ലൂയി പതിനെട്ടാമൻ അവശിഷ്ടങ്ങൾ സെന്റ് ഡെനിസ് ബസിലിക്കയിലേക്കു മാറ്റി. സെമിത്തെരിയിൽ സ്മാരകശില സ്ഥാപിക്കപ്പെട്ടു. സ്മാരകശിലയിൽ ഈ വസ്തുതയെ സ്ഥിരീകരിക്കുന്ന ആലേഖനം ഉണ്ട്.
Le roi Louis XVIII a élevé ce monument pour consacrer le lieu où les dépouilles mortelles du roi Louis XVI et de la reine Marie-Antoinette, transférées le 21 janvier 1815 dans la sépulture royale de Saint-Denis, ont reposé pendant 21 ans. Il a été achevé la deuxième année du règne du roi Charles X, l'an de grâce 1826
ലൂയി പതിനാറാമന്റേയും മെറീ അന്റേനെറ്റിന്റേയും ഭൗതികാവശിഷ്ടങ്ങൾ ഈ സ്ഥലത്തുനിന്ന് ഇരുപത്തിയൊന്നു വർഷങ്ങൾക്കു ശേഷം 1815 ജനവരി 21ന് സെന്റ് ഡെനിസ് ബസിലിക്കയിലേക്കു മാറ്റി സ്ഥാപിക്കപ്പെട്ടു. അന്ന് അവരുടെ സ്മരണക്കായി ലൂയി പതിനെട്ടാമൻ ഇവിടെ ഉയർത്തിയ സ്മാരകം. നിർമ്മാണം പൂർത്തിയായത് 1826-ൽ ചാൾസ് പത്താമന്റെ വാഴ്ചക്കാലത്ത്.
കുടുംബാംഗങ്ങളുടെ വിധി
[തിരുത്തുക]എലിസബെത് ( 1754-1794)
[തിരുത്തുക]ഏകാധിപതിയുടെ സഹോദരി എന്ന കുറ്റത്തിന് വിപ്ലവക്കോടതി എലിസബെത്തിന് വധശിക്ഷ വിധിച്ചു. 1794 മേ-10ന് ഗില്ലോട്ടിന് ഇരയായി. [19]
ചാൾസ് ലൂയിസ് (1785-1795)
[തിരുത്തുക]മെറീ അന്റോണെറ്റിനെ കൊൺസേർഷ്യൊറി കൽത്തുറുങ്കിലേക്കു മാറ്റിത്തമസിച്ചപ്പോൾത്തന്നെ പുത്രൻ ലൂയി ചാൾസും ടോംപ്സിലെ മറ്റൊരു തടവറയിലേക്കു ഏകാന്തത്തടവിന് മാറ്റപ്പെട്ടു. അവിടെ സൈമൺ എന്ന ചെരുപ്പുകുത്തുിയുടെ മേൽനോട്ടത്തിലായിരുന്നുവെന്നും അയാൾ ദേഹോപദ്രവമെൽപിക്കുമായിരുന്നെന്നും പറയപ്പെടുന്നു. കുടുംബപ്രശ്നങ്ങളാൽ സൈമൺ ടോംപ് തുറുങ്കു വിട്ടു പോയതിൽപ്പിന്നെ വളരെക്കാലത്തേക്ക് ആരും ലൂയി ചാൾസിന്റെ ജയിലറ സന്ദർശിച്ചതായി പരാമർശമില്ല. ലൂയി ചാൾസ് തികച്ചും മൂകനും നിർവികാരനുമായി കാണപ്പെട്ടെന്ന് റോബേസ്പിയറിൻറെ പതനശേഷം ദേശിയ സമിതിയുടെ പ്രതിനിധിയായി ജയിൽ സന്ദർശിച്ച ഷോൺ ബാപ്റ്റിസ്റ്റ് ഹർമണ്ട് രേഖപ്പെടുത്തുന്നു.[20] 1795 ജൂൺ 8-ന് ലൂയി ചാൾസ് മരിച്ചു.[21]
മരിയാ തെരേസ (1778-1851)
[തിരുത്തുക]ഫ്രഞ്ചു വിപ്ലവത്തെ അതിജീവിച്ച് വീണ്ടും രാജകുടുംബാംഗമാവാൻ മരിയാ തെരേസക്കു കഴിഞ്ഞു. ഓസ്റ്റ്രിയയുമായി രാഷ്ട്രീയത്തടവുകാരെ കൈമാറാനുള്ള വ്യവസ്ഥയനുസരിച്ച് 1796 ജനവരി 9ന് മരിയാ തെരേസ വിയന്നയിലെത്തി. പിന്നീട് അച്ഛന്റെ സഹോദരൻ ആർത്വാ പ്രഭുവിന്റെ പുത്രൻ ലൂയി അന്റോയ്നെ വിവാഹം കഴിച്ചു. ഫ്രാൻസിൽ രാജവാഴ്ച പുനഃസ്ഥാപിക്കപ്പെട്ടപ്പോൾ ആർത്വാ പ്രഭുവിന് ചാൾസ് പത്താമൻ എന്ന പേരിൽ രാജപദവിയേൽക്കാനുള്ള അവസരം ലഭിച്ചു. ലൂയി അന്റോയൻ കിരീടാവകാശിയായി. മരിയാ തെരേസ യുവരാജ്ഞിയും. ചാൾസ് പത്താമന്റെ ഭരണം ആറു വർഷമേ(1824-1830) നീണ്ടു നിന്നുള്ളു. 1830-ലെ ജൂലൈ വിപ്ലവം ചാൾസ് പത്താമനെ സ്ഥാനത്യാഗം ചെയ്യാൻ നിർബന്ധിതനാക്കി. രാജകുടുംബം ബ്രിട്ടനിലേക്ക് രക്ഷപ്പെട്ടു. പീിന്നീട് പ്രാഹയിലേക്ക് താമസം മാറ്റി. ഭർത്താവിന്റെ മരണശേഷം മരിയാ തെരേസ വിയന്നയിൽ വാസമുറപ്പിച്ചു.1851 ഒക്റ്റോബർ 19-ന് ന്യൂമോണിയ ബാധിച്ച് മരണമടഞ്ഞു. സന്താനങ്ങളില്ലായിരുന്നു.[22]
അവലംബം
[തിരുത്തുക]- ↑ Jones, Daniel (2003) [1917], Peter Roach; James Hartmann; Jane Setter (eds.), English Pronouncing Dictionary, Cambridge: Cambridge University Press, ISBN 978-3-12-539683-8
- ↑ 2.0 2.1 2.2 2.3 2.4 2.5 2.6 2.7 2.8 The The Life of Marie Antoinette, Queen of France, by Charles Duke Yonge(1876)
- ↑ 3.00 3.01 3.02 3.03 3.04 3.05 3.06 3.07 3.08 3.09 Marie Antoinette by A.L Fowle 1906
- ↑ 4.0 4.1 Evelyne Lever (2006). Marie Antoinette: The Last Queen of France. ISBN 9780749950842.
- ↑ 5.0 5.1 Fraser, Antonia (2001). Marie Antoinette. Doubleday. ISBN 9780385489485.
- ↑ The Private Life of Marie Antoinette -Memoirs by madam Campan Vol. I page 118-119
- ↑ The Private Life of Marie Antoinette- Memoirs of Madam Campan Vol1 pages 120-128
- ↑ The Private Life of Marie Antoinette- Memoirs of Madam Campan Vol1 pages 115,131
- ↑ "Petit Trianon Official website". Archived from the original on 2012-08-15. Retrieved 2015-04-01.
- ↑ The private Life of Marie Antoinette -Memoirs by Madam Campan,1823, Vol.II page 1-15
- ↑ Marie Antoinette and the downfall of Royalty-Imbert de Saint-Amand 1891
- ↑ Francois Furet (1981). Interpreting the French Revolution. Cambridge University Press. ISBN 9780521280495.
- ↑ Men and Women of French Revolution- J. Mills Witham 1933
- ↑ Royal Memoirs of the French Revolution Journey to Varennes by Madame Royal (1823) page 13-42
- ↑ Marie Antoinette by A.K. Fowle (1906) page 196
- ↑ The French Revolution A History by Thomas Carlyle 1859
- ↑ Royal Memoirs of the French Revolution : What passed in the Temple Prison -Madam Royal (1827) pages 157-279
- ↑ Marie Antoinette by A.W.L Fowle page 236-246
- ↑ Marie Antoinette by A.W.L Fowle page 251-254
- ↑ Royal Memoirs of French Revolution(1823) :Harmand's report pages 288-302
- ↑ Marie Antoinette by A.W.L Fowle page 255-258
- ↑ Marie Antoinette by A.W.L Fowle page 259-263
ചിത്രശാല
[തിരുത്തുക]-
വെഴ്സായ് കൊട്ടാരം
-
വെഴ്സായ് കൊട്ടരം- ഉദ്യാനം
-
വെഴ്സായ് കൊട്ടാരവും പുരയിടവും
-
മേരി അന്റോനെറ്റ് കുഞ്ഞുങ്ങളോടൊപ്പം 1785-86
-
ടോംപ് കൽത്തുറുങ്ക്
-
മേരി അന്റോനെറ്റ് വിപ്ലവക്കോടതിക്കു മുമ്പാകെ
-
എലിസബെത് രാജകുമാരി
-
ചാൾസ് ലൂയിസ് 1792
-
മരിയാ തെരേസ 1796 വിയന്നയിലെത്തിയശേഷം
-
ലൂയിXVI- മേരി അന്റോനെറ്റ് സ്മാരകപ്രതിമകൾ സെന്റ് ഡെനിസ് ബസിലിക്കയിൽ (1830- ശില്പികൾ ഗാൾ, പെറ്റിതോ )
-
വെഴ്സായ് കൊട്ടരത്തിനു മുന്നിൽ 2008- ലൂയിXVI -മേരിഅന്റോനെറ്റ് -വേഷക്കേളികൾ 2006