മിസ് മാർപ്ൾ
പ്രശസ്ത കുറ്റാന്വേഷണകഥാകാരിയായ അഗതാ ക്രിസ്റ്റിയുടെ കുറ്റാന്വേഷണനോവലുകളിലും ചെറുകഥകളിലും ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ഒരു കഥാപാത്രം ആണു് മിസ് മാർപിൾ. മിസ് ജേയ്ൻ മാർപ്ൾ വിവാഹം കഴിക്കാത്ത ഒരു പ്രായം ചെന്ന വ്യക്തിയാണു്. തൻ്റെ ജന്മവാസനയും കൂർമ്മബുദ്ധിയുപയോഗിച്ച് കുറ്റാന്വേഷണം നടത്തി തൻ്റെ സുഹൃത്തുക്കളേയും മറ്റുള്ളവരെയും സഹായിക്കുന്ന ഒരു വ്യക്തിയായിട്ടാണു് അഗത മാർപ്ൾ-നെ അവതരിപ്പിക്കുന്നത്.
ഉറവിടം
[തിരുത്തുക]അഗതയുടെ വളർത്തു വലിയമ്മയുടെ സുഹൃത്തുക്കളായിരുന്ന പല വനിതകളെ ആധാരമാക്കിയാണു് അഗത മിസ് മാർപ്ൾ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നത്. ഈ പേരിൻ്റെ ഉറവിടം ഒരുപക്ഷേ അവർ പലപ്പോഴും യാത്രയ്ക്കിടയിൽ കണ്ടിരുന്ന മാർപ്ൾ റെയിൽവേ സ്റ്റേഷനോ, അവരുടെ സഹോദരി മാഡ്ജിൻ്റെ വീടിനടുത്തുണ്ടായിരുന്ന മാർപ്ൾ ഹാളോ ആയിരിക്കാം.
കഥാപാത്രം
[തിരുത്തുക]പള്ളിമേടയിലെ കൊലപാതകം എന്ന കഥയിലാണു് ജേയ്ൻ മാർപ്ൾ ആദ്യമായി പ്രത്യക്ഷപ്പെടുന്നതു്. ആദ്യകാലങ്ങളിൽ പുറത്തുവന്നിരുന്ന കഥകളിൽ മാർപ്ളിൻ്റെ കഥാപാത്രത്തെ മറ്റുള്ളവർക്കു് അരോചകമാംവിധം പരദൂഷണം പറഞ്ഞുനടക്കുന്ന ആരെയും വിശ്വസിക്കാത്ത ഒരു വയസ്സിത്തള്ളയായാണു് അഗത അവതരിപ്പിച്ചിരുന്നത്. കാലക്രമേണ മാർപ്ൾ കുറേക്കൂടെ ആകർഷകമായ വ്യക്തിത്വവും കനിവുമുള്ള വനിതയായി മാറുന്നുണ്ടു്.
തൻ്റെ സ്വതസ്സിദ്ധമായ കൂർമ്മബുദ്ധിയുപയോഗിച്ചു് അതികഠിനമായ കുറ്റകൃത്യങ്ങൾക്കു പോലും തുമ്പുണ്ടാക്കാനും തെളിവുകൾ കണ്ടെത്താനും മാർപ്ളിനാകുന്നു. തൻ്റെ കുറ്റാന്വേഷണത്തിനിടയിൽ പലപ്പോഴും താനന്വേഷിക്കുന്ന കുറ്റകൃത്യത്തോടു് സമാനമായ മറ്റു് സംഭവങ്ങളെയും കാല്പനിക കഥകളെയും മാർപ്ൾ പറയുന്നത് കേൾവിക്കാരായ തൻ്റെ സുഹൃത്തുക്കൾക്കു് വിരസതയുളവാക്കുന്നു. ചിലപ്പോഴെങ്കിലും വെറുതെയെന്നവണ്ണം എന്തെങ്കിലും പറഞ്ഞിട്ടു് അതിനു് മറ്റാരും കാണാത്തവിധത്തിൽ കുറ്റകൃത്യവുമായി ബന്ധിപ്പിക്കാൻ മാർപ്ൾ നൈപുണ്യം കാട്ടുന്നു.
മാർപ്ളിൻ്റെ കുറ്റാന്വേഷണത്തിൽ പലപ്പോഴും പോലിസിൻ്റെ കൈയിൽനിന്നും കിട്ടേണ്ട വിവരങ്ങൾ അവർ ശേഖരിക്കുന്നതു് മുൻ പൊലിസ് കമ്മീഷണറായിരുന്ന ഹെൻറി ക്ലിത്തറിംഗ് പ്രഭുവിൽനിന്നുമാണു്.