ഞവര നെല്ല്
നെല്ല് | |
---|---|
ഒറൈസ സറ്റൈവ Oryza sativa | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species | |
|
കേരളത്തിൽ പരമ്പാഗതമായ രീതിയിൽ കൃഷിചെയ്തു വരുന്ന ഔഷധഗുണമുള്ള ഒരു നെല്ലിനമാണ് നവര, നാട്ടുവൈദ്യത്തിലും ആയുർവേദത്തിലും ഒരുപോലെ ഉപയോഗിച്ചുവരുന്ന ഈ നെല്ലിനം ഞവര, നവിര, ഞവിര, നമര, നകര, നകരപുഞ്ച എന്നീ പേരുകളിലും അറിയപ്പെടുന്നു.[1]
സാങ്കേതിക വിവരങ്ങൾ
[തിരുത്തുക]കേരളത്തിന്റെ തനതായ നെല്ലിനങ്ങളിൽ ഔഷധഗുണത്തിനും സുഗന്ധത്തിനും പേരുകേട്ട ഇനങ്ങൾ നിരവധിയുണ്ട്. അതിൽ വ്രീഹി എന്ന വിഭാഗത്തിന്റെ കീഴിൽ വരുന്ന ഷഷ്ഠിക എന്ന ഉപസമൂഹത്തിൽപ്പെടുന്ന ഇനമാണ് 'നവര'.[2]
60 ദിവസത്തിൽ മൂപ്പെത്തുന്ന നവരയ്ക്കാണ് ഔഷധഗുണമുള്ളതായി കണക്കാക്കുന്നത്. വിത്തിന് ജീവനക്ഷമത വളരെ കുറവായതിനാൽ വർഷത്തിൽ രണ്ടു പ്രാവശ്യം കൃഷി ചെയ്താണ് ഈ ഇനം നിലനിർത്തുന്നത്. കറുത്ത മണികളുള്ള നവര (കറുത്ത നവര)യ്ക്കും ചുവപ്പ് മണികളോടുകൂടിയ (ചുവന്ന നവര) നവരയ്ക്കും ഔഷധഗുണമുണ്ട്.[2]
ഉത്തരകേരളത്തിൽ കറുത്ത നവരയ്ക്കാണ് കൂടുതൽ പ്രാധാന്യമെങ്കിൽ ദക്ഷിണകേരളത്തിൽ ചുവന്ന നവരയാണ് കൂടുതൽ പ്രചാരത്തിലുള്ളത്.[2]
സവിശേഷത
[തിരുത്തുക]ഭൂപ്രദേശ സൂചിക പദവി ലഭിച്ച കേരളത്തിലെ അപൂർവ്വം കാർഷിക ഉൽപ്പന്നങ്ങളിൽ ഒന്നാണിത്.[3]
ഒരു പ്രത്യേക ഉൽപ്പന്നത്തിന്, അതിന്റെ ദേശപരമായ സവിശേഷതകളാലോ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാലോ,പരമ്പരഗതമായ മേന്മയാലോ ലഭ്യമാകുന്ന പദവിയ്ക്കാണ് ഭൂപ്രദേശ സൂചിക അല്ലെങ്കിൽ ഭൂമിശാസ്ത്ര സൂചിക (Geographical Indication) എന്നു പറയുന്നത്. മികച്ച ഗുണനിലവാരവും തനിമയുമുള്ള ഉൽപ്പന്നങ്ങൾക്കാണ് പ്രദേശത്തിൻറെ പേരിൽ ഇത്തരം അംഗീകാരം നൽകുന്നത്. കേരളത്തിൽ നിന്ന്, ആറന്മുള കണ്ണാടിയ്ക്കും ആലപ്പുഴ കയറിനും പിന്നാലെ ഭൂപ്രദേശ സൂചികാ പട്ടികയിൽ കയറിയ മൂന്നാമത്തെ ഇനമാണ് നവര നെല്ല്.[3]
കൃഷിരീതി
[തിരുത്തുക]ജൈവവളരീതിയിലുള്ള കൃഷി രീതിയാണ് നവര നെല്ലിന്റെ ഔഷധഗുണം നിലനിർത്താൻ ഉത്തമം. താഴ്ചക്കണ്ടങ്ങളെ അപേക്ഷിച്ച് പറമ്പുകളിലും പൊക്കക്കണ്ടങ്ങളിലും കൃഷി ചെയ്‌തെടുക്കുന്ന നവരയ്ക്കാണ് ഔഷധമൂല്യം കൂടുതലുള്ളത്. വളരെ ബലം കുറഞ്ഞ മെലിഞ്ഞ തണ്ടുകളാണ് നവരയുടേത്. കതിരു വരുന്നത് മുൻപ് തന്നെ വീണു പോകുന്ന തരത്തിലുള്ള ദുർബ്ബലമായ തണ്ടുകളാണ് ഇതിനുള്ളത്.[2] മറ്റ് നെല്ലിനങ്ങളെ അപേക്ഷിച്ച് വിളവ് കുറവാണെങ്കിലും, 75-90 ദിവസം കൊണ്ട് വിളവെടുക്കാം.
കേരളത്തിൽ പാലക്കാട്ടും വയനാട്ടിലും മലപ്പുറത്തും ആയി നൂറേക്കറിനടുത്ത് മാത്രം പാടങ്ങളിലാണ് ഇപ്പോഴും കൂടുതലായി നവര നെല്ല് കൃഷിചെയ്യുന്നത്.[4]
ഔഷധ ഉപയോഗങ്ങൾ
[തിരുത്തുക]ഭക്ഷണാവശ്യത്തിന് പുറമെ നവര നെല്ല് പല രോഗങ്ങൾക്കും ഉത്തമ ഔഷധമാണ്. വാതത്തിന് നവരനെല്ലാണ് അവസാന മാർഗ്ഗം. നവര കിഴിയാക്കി ഉപയോഗിക്കുന്നു. അതായത് നവര അരി വെന്തതിനു ശേഷം കിഴിയിലാക്കി വാതമുള്ള ഭാഗത്ത് ഉഴിയുന്നത് മൂലം രോഗിക്ക് ആശ്വാസം പകരുന്നു. പ്രസവ രക്ഷ മുതൽ എല്ലാ ലേഹ്യങ്ങളിലും ധാന്യങ്ങളിൽ നവര ചേർക്കുന്നു.[2]
പ്രായഭേദമന്യേ ഞവരക്കഞ്ഞി ഉത്തമാഹാരമാണ്. ക്ഷീണം, ബലക്ഷയം, ഉദരരോഗം, പനി എന്നിവയ്ക്ക് പ്രതിവിധിയുമാണ്. സന്ധിബന്ധങ്ങൾക്ക് ഉറപ്പും പ്രസരിപ്പും പ്രദാനം ചെയ്യും. ആറുമാസം പ്രായമായ കുട്ടികൾക്ക് ഞവരയുടെ ഉമി പൊടിച്ചുവറുത്തതും ഏലക്കാപ്പൊടിയും (കുന്നൻവാഴയുടെ) ചേർത്തുണ്ടാക്കുന്ന കുറുക്ക് വിശിഷ്ടമാണ്. ഞവരയുടെ കഞ്ഞിവെള്ളം ധാരകോരുന്നത് മുടികൊഴിച്ചിൽ ശമിപ്പിക്കും. ഞവര ചക്കരയും നെയ്യും ചേർത്ത് പായസമാക്കി കഴിച്ചാൽ മുലപ്പാൽ വർധിക്കും. ഞവര അരിയുടെ മലര്, വെള്ളത്തിലോ മോരിലോ ചേർത്ത് കഴിക്കുന്നത് വയറിളക്കത്തിന് ഫലപ്രദമാണ്. ഞവരച്ചോറും കറിവേപ്പിലയും പുളിച്ചമോരും ചേർത്ത് കഴിക്കുന്നത് മൂലക്കുരുവിന് ശമനം നൽകും. ബീജവർധനക്കും ഞവര ഉത്തമമെന്ന് കരുതപ്പെടുന്നു. കാലിന് ബലക്ഷയമുള്ള കുട്ടികൾക്ക്, ഞവരച്ചോറ് അരയ്ക്ക് കീഴ്പോട്ട് തേച്ചു പിടിപ്പിക്കുന്നത് ഫലം ചെയ്യും. പാമ്പുകടിയേറ്റവർക്ക് കൊടുക്കാവുന്ന സുരക്ഷിത ഭക്ഷണമാണ് ഞവരച്ചോറ്. ആയുർ വേദത്തിൽ ഞവരക്ക് വിശിഷ്ഠ സ്ഥാനമാണ് കൽപിച്ചു നല്കിയിട്ടുള്ളത്. രക്ത, ദഹന, നാഡി, ശ്വാസചംക്രമണവ്യവസ്ഥകൾക്ക് ഞവര വളരെ ഗുണം ചെയ്യുന്നു. ധാതുബലം വർധിപ്പിക്കുന്നതിനും ഞവര ഉത്തമമാണ്. നാഡീ-പേശി സംബന്ധമായ ന്യൂനതകൾക്കും ഉത്തമ പ്രതിവിധിയാണ്. പഞ്ചകർമ്മ ചികിൽസയിൽ ഏറെ പ്രാധാന്യമുണ്ടിതിന്. പച്ചനെല്ല് കുത്തിയെടുക്കുന്ന അരിയാണ് കിഴിക്ക് ഉപയോഗിക്കുന്നത്. കുറുന്തോട്ടി ചേർത്ത് പാലിൽ വേവിച്ച ഞവരയരി കിഴികെട്ടി, അഭ്യംഗം ചെയ്ത ശരീരത്തിൽ ചെറുചൂടോടെ സ്വേദനം (വിയർപ്പിക്കൽ) നടത്തുന്നു. ഇങ്ങനെ ചെയ്യുമ്പോൾ പുറമെനിന്നും നല്കുന്ന ചെറിയ സമ്മർദം, ത്വക്കിൽ സമൃദ്ധമായുളള ചെറിയ രക്തക്കുഴലു(കാപ്പിലറികൾ)കളുടെ പോഷണ വിനിമയ ശേഷി ഗണ്യമായി വർധിപ്പിക്കുന്നുവെന്നും, സിരകളുടെ, പൊതുവെ ചുരുങ്ങിക്കിടക്കുവാനുള്ള പ്രവണത വ്യത്യാസപ്പെടുത്തി രസായന ഗുണമായ ശരീരപുഷ്ടിക്ക് കാരണമാകുന്നുവെന്നും പറയപ്പെടുന്നു. സമ്മർദ്ദത്തോടൊപ്പമുള്ള ചൂടും സ്നിഗ്ധതയും നാഡീപ്രവർത്തനം ഉത്തേജിപ്പിക്കുന്നതിനാൽ വാതശമനവും സാധ്യമാണ്. വിവിധതരത്തിലുള്ള പക്ഷാഘാതങ്ങൾക്കും സ്പോണ്ടിലൈറ്റിസ്, മയോപ്പതി തുടങ്ങിയവക്കും ഇത്തരത്തിലുള്ള സ്വേദനം പ്രതിവിധിയാണ്. ഞവരക്കിഴി സാധ്യമാവാത്ത വളരെ ക്ഷീണമുള്ള രോഗികളിൽ, ഞവരച്ചോറു തേച്ചുള്ള ‘ഷാഷ്ഠികാന്നലേപന’ (ഞവരത്തേപ്പ്)വും ഫലപ്രദമാണ്. ഭക്തരോധം, സ്തംഭനം, തരിപ്പ്, തളർച്ച, ചുട്ടുനീറ്റം, എല്ലുകൾക്ക് ഒടിവ്, രക്തവാതം, കൈകാൽ മെലിച്ചിൽ എന്നിവക്കും ഈ ലേപനം ഗുണകരമാണ്.[5]
അവലംബം
[തിരുത്തുക]- ↑ കേരള ഇന്നവേഷൻ ഫൗണ്ടേഷന്റെ നാട്ടറിവുകളുടെ ശേഖരണവും ഡിജിറ്റലൈസേഷനും എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയ നവര നെല്ലിനെക്കുറിച്ചുള്ള ലേഖനത്തിൽ നിന്ന്. http://kif.gov.in/ml/index.php?option=com_content&task=view&id=84&Itemid=29 Archived 2016-03-05 at the Wayback Machine.
- ↑ 2.0 2.1 2.2 2.3 2.4 "മണമുള്ള നെല്ല്, പിന്നെ മരുന്നു നെല്ലും" എന്ന ലേഖനത്തിൽ നിന്ന് ഡോ. എസ്. ലീനാകുമാരി, നെല്ല് ഗവേഷണ കേന്ദ്രം മാങ്കൊമ്പ്. http://www.karshikakeralam.gov.in Archived 2011-09-03 at the Wayback Machine.
- ↑ 3.0 3.1 REGISTRATION DETAILS OF G.I APPLICATIONS 2003 – 19th July 2011, http://www.ipindia.nic.in/girindia/treasures_protected/registered_GI_19July2011.pdf Archived 2011-07-21 at the Wayback Machine.
- ↑ "നെല്ലിന്റെ 'ലോകം കീഴടക്കി' കേരളത്തിന്റെ നവര..." മലയാള മനോരമ. 2016-02-23. Archived from the original on 2016-02-24. Retrieved 2016-02-24.
{{cite news}}
: Cite has empty unknown parameter:|9=
(help) - ↑ കേരള ഇന്നവേഷൻ ഫൗണ്ടേഷന്റെ നാട്ടറിവുകളുടെ ശേഖരണവും ഡിജിറ്റലൈസേഷനും എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയ നവര നെല്ലിനെക്കുറിച്ചുള്ള ലേഖനത്തിൽ നിന്ന്. http://kif.gov.in/ml/index.php?option=com_content&task=view&id=84&Itemid=29 Archived 2016-03-05 at the Wayback Machine.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]http://en.wikipedia.org/wiki/Njavara http://kif.gov.in/ml/index.php?option=com_content&task=view&id=84&Itemid=29 Archived 2016-03-05 at the Wayback Machine.