നോർ അഡ്രിനാലിൻ
Names | |
---|---|
IUPAC name
4-[(1R)-2-amino-1-hydroxyethyl]benzene-1,2-diol
| |
Other names
Noradrenaline
(R)-(–)-Norepinephrine | |
Identifiers | |
3D model (JSmol)
|
|
ChEMBL | |
ChemSpider | |
ECHA InfoCard | 100.000.088 |
KEGG | |
PubChem CID
|
|
CompTox Dashboard (EPA)
|
|
InChI | |
SMILES | |
Properties | |
C8H11NO3 | |
Molar mass | 169.18 g/mol |
ദ്രവണാങ്കം | |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
അഡ്രിനൽ ഗ്രന്ഥിയുടെ (അധിവൃക്കഗ്രന്ഥി) മെഡുല്ലയിൽ നിന്നു (adrenal medulla) സ്രവിക്കുന്ന രണ്ടു ഹോർമോണുകളിലൊന്നാണു് നോർ അഡ്രിനാലിൻ. ഇതു് നോർഎപ്പിനെഫ്രിൻ എന്ന പേരിലും അറിയപ്പെടുന്നു.
ഒലിവർ, ഷേഫർ എന്നിവർ ചേർന്ന് 1894-ൽ അഡ്രിനൽ മെഡുല്ലയുടെ നിഷ്കർഷത്തിന് (extract) രക്തസമ്മർദം വർധിപ്പിക്കാൻ നല്ല കഴിവുണ്ടെന്നു തെളിയിച്ചു. ആൽഡ്രിച്ച്, തക്കമീനേ എന്നിവർ 1901-ൽ നിഷ്കർഷത്തിലുള്ള രാസപദാർഥങ്ങളുടെ സംയോഗം കണ്ടുപിടിച്ചു. ആദ്യം കണ്ടുപിടിച്ചതും പഠനവിധേയമായതും അഡ്രിനാലിൻ എന്ന ഹോർമോൺ ആയിരുന്നു. ടൈറോസിനിൽ (tyrosine) നിന്നാണ് ഇത് ഉണ്ടാകുന്നതെന്നു തെളിഞ്ഞു. രണ്ടാമതായിട്ടാണ് നോർഅഡ്രിനാലിൻ എന്ന ഒരു ഹോർമോണുകൂടി നിഷ്കർഷത്തിലുണ്ടെന്നു മനസ്സിലായത്.
രചനയിലെന്നപോലെ ശരീരത്തിലെ പ്രവർത്തനങ്ങളിലും ഇവയ്ക്കു തമ്മിൽ വളരെ സാദൃശ്യമുണ്ട്. അഡ്രിനൽ മെഡുല്ലയിൽ നോർഅഡ്രിനാലിന്റെ 1-5 ഇരട്ടിയോളം അഡ്രിനാലിൻ ഉണ്ടായിരിക്കും. ജന്തുവർഗത്തിന്റെയും വയസ്സിന്റെയും വ്യത്യാസങ്ങൾ ഈ അനുപാതത്തെ ബാധിക്കുന്നതാണ്. അനുകമ്പി-നാഡിസമൂഹമാണ് അഡ്രിനൽ മെഡുല്ലയിലെ ഹോർമോൺ-ഉത്പാദനത്തെ നിയന്ത്രിക്കുന്നത്. നോർഅഡ്രിനാലിന്റെ പ്രവർത്തനത്തെയും രചനയെയും പറ്റി ഏറ്റവും പ്രധാനമായ കണ്ടുപിടിത്തങ്ങൾ നടത്തിയ ഫൊൺ യൂളർ (Von Euler) എന്ന വൈജ്ഞാനികന് വൈദ്യശാസ്ത്രത്തിനും ശരീരക്രിയാശാസ്ത്രത്തിനുമുള്ള നോബൽ സമ്മാനം 1970-ൽ ലഭിക്കുകയുണ്ടായി.
പ്രവർത്തനം
[തിരുത്തുക]ബാഹ്യലോകത്തുനിന്നും സ്വശരീരത്തിൽനിന്നും ഉണ്ടാകുന്ന എല്ലാത്തരം സമ്മർദങ്ങളെയും (stress) ചെറുത്തുനില്ക്കുവാനുള്ള ശക്തി ഒരു ജന്തുവിനു പ്രദാനം ചെയ്യുന്നത് അഡ്രിനൽ ഗ്രന്ഥിയും അനുകമ്പി നാഡിവ്യൂഹവും ചേർന്നാണ്. ഒരു പ്രതിരോധമുറയുടെ ആദ്യഭാഗമെന്ന നിലയിൽ ചുറ്റുപാടും നല്ലവണ്ണം കാണാനായി അഡ്രിനാലിൻ കൃഷ്ണമണികളെ വികസിപ്പിക്കുകയും കാഴ്ച ശക്തിപ്പെടുത്തുകയും ചെയ്യും. ആ സംരംഭത്തിൽ സഹായിക്കാനായി ദഹനേന്ദ്രിയരക്തധമനികളുടെ വ്യാസം ചുരുക്കുകയും പ്ളീഹയുടെ വലിപ്പം കുറയ്ക്കുകയും തദ്വാരാ ധാരാളം രക്തം ടിഷ്യൂകളിലേക്കും ഹൃദയത്തിലേക്കും പായിക്കുകയും ചെയ്യും. ഗ്ളൈക്കൊജൻ-തൻമാത്രകളെ വിയോജിപ്പിച്ച് ഗ്ളൂക്കോസ് നിർമ്മിക്കുക കാരണം അത് രക്തത്തിൽ പഞ്ചസാരയുടെ അളവു വർധിപ്പിക്കുന്നു (hyperglycemia). കൂടുതൽ രക്തം പ്രദാനം ചെയ്യുന്നതുകൊണ്ടും ഊർജ്ജത്തിനാവശ്യമായടെ പഞ്ചസാര ധാരാളമായി നല്കുന്നതുകൊണ്ടും അതു മാംസപേശികളുടെ കൃത്യനിർവഹണത്തിന് ഏറ്റവും പറ്റിയ വ്യവസ്ഥ സൃഷ്ടിക്കുന്നതാണ്. എതിരാളിയുമായി ഏറ്റുമുട്ടേണ്ടിവരുമ്പോൾ ചില ജന്തുക്കളിൽ (ഉദാ. പൂച്ച) രോമം എഴുന്നു നില്ക്കുവാൻ കാരണം അഡ്രിനാലിന്റെ പ്രവർത്തനമാണ്. വിസർജനപ്രക്രിയയെ നിയന്ത്രിക്കുന്നതിനും ഈ ഹോർമോണിനു കഴിവുണ്ട്. ശാരീരികവും മാനസികവുമായ സമ്മർദങ്ങൾക്കു വിധേയമാകുന്ന അവസരങ്ങളിലെല്ലാം അഡ്രിനാലിൻ, നോർഅഡ്രിനാലിൻ എന്നിവ ശരീരത്തിൽ ധാരാളമായി ഉത്പാദിപ്പിക്കപ്പെടും. ചുരുക്കത്തിൽ അഡ്രിനൽ ഗ്രന്ഥിയും അനുകമ്പി നാഡിസമൂഹവും ചേർന്നുണ്ടാക്കുന്ന ഒരു വ്യവസ്ഥിതിവിശേഷമാണ് ജന്തുക്കളുടെ ഒരു വലിയ ആത്മരക്ഷോപായകേന്ദ്രം.
ഈ രണ്ടു ഹോർമോണുകൾക്കും ഏതാണ്ടു സമാനമായ പ്രവർത്തനരീതിയാണു കണ്ടുവരുന്നതെങ്കിലും അവയുടെ പ്രവർത്തനശക്തി വ്യത്യസ്തസന്ദർഭങ്ങളിൽ അത്യന്തം വിഭിന്നങ്ങളാണ് (പട്ടിക).
പട്ടിക
പരീക്ഷണ വിധേയമാക്കുന്ന അവയവം | പ്രവർത്തനഫലം | അഡ്രിനാലിൻ - നോർ അഡ്രിനാലിൻ |
---|---|---|
കണ്ണ് (കൃഷ്ണമണി) | വികസിപ്പിക്കുന്നു | 25 :1 |
എലിയുടെ വൻകുടൽ; മുയലിന്റെ ചെറുകുടൽ | ഉത്തേജനം കുറയ്ക്കുന്നു | 1 : 3 |
ഗർഭാശയം (ഗർഭമില്ലാത്ത അവസ്ഥയിൽ) എലി : പൂച്ച | ഉത്തേജനം കുറയ്ക്കുന്നു | 1 : 3 |
മുയലിന്റെ ചെവിയിലെ രക്തധമനികൾ | ചുരുക്കുന്നു | 1: 3 |
മനുഷ്യാവയവങ്ങളിലെ രക്തധമനികൾ | അഡ്രിനാലിൻ ചുരുക്കുന്നു നോർഅഡ്രിനാലിൻ വികസിപ്പിക്കുന്നു |
1 : 2 (ഏകദേശം) |
ഹൃദയധമനികൾ | വികസിപ്പിക്കുന്നു | 1 : 2 (ഏകദേശം) |
തവളയുടെ ഹൃദയമിടിപ്പ് | വർധിപ്പിക്കുന്നു | 20 : 1 |
രക്തസമ്മർദം (മനുഷ്യൻ, പൂച്ച, നായ്) | വർധിപ്പിക്കുന്നു | 2 : 5 |
മേൽപറഞ്ഞതിൽനിന്ന് ഈ രണ്ടു ഹോർമോണുകളും ഹൃദയത്തിന്റെ പ്രവർത്തനത്തിലും രക്തചംക്രമണസ്ഥിതി കാത്തുസൂക്ഷിക്കുന്നതിനും കാര്യമായ പങ്കു വഹിക്കുന്നുണ്ടെന്നു തെളിയുന്നു. ആകയാൽ രക്തസമ്മർദം കുറയുന്ന അവസരങ്ങളിലെല്ലാം ഈ ഹോർമോണുകൾ ഔഷധങ്ങളായി ഉപയോഗിക്കാം. ഹൃദയമിടിപ്പു വർധിപ്പിക്കുവാനും കൊറോണറി ധമനികളിലൂടെ പ്രവഹിക്കുന്ന രക്തത്തിന്റെ അളവു കൂട്ടുവാനും ഇവയ്ക്കു കഴിവുണ്ടെങ്കിലും മാംസപേശികളിലേയും ത്വക്കിലേയും ധമനികളെ വികസിപ്പിക്കുവാനുള്ള പ്രവണതയും കൂടിയുള്ളതുകൊണ്ട് അഡ്രിനാലിന്റെ പ്രവർത്തനം ക്ഷണികമാണ്. നേരേ മറിച്ച് ഈ ധമനികളെ സങ്കോചിപ്പിക്കുവാനുള്ള പ്രവണതയുള്ളതുകൊണ്ട് നോർഅഡ്രിനാലിൻ രക്തസമ്മർദം പെട്ടെന്നു താഴുന്ന സന്ദർഭങ്ങളിൽ ചികിത്സിക്കുന്നതിനു കൂടുതൽ യോജിച്ചതായിത്തീരുന്നു.
ശ്വാസകോശക്കുഴലുകളെ വികസിപ്പിക്കുവാൻ കഴിവുള്ളതുമൂലം അഡ്രിനാലിൻ ആസ്ത്മാരോഗത്തിനു പ്രതിവിധിയായി പലപ്പോഴും കുത്തിവയ്ക്കാറുണ്ട്. ത്വക്കിലൂടെ കുത്തിവെച്ചാൽ ഫലം അധികനേരത്തേക്കു കാണും - വിശേഷിച്ചും എണ്ണയിൽ അലിയിച്ചശേഷം കുത്തിവയ്ക്കുകയാണെങ്കിൽ. ആന്റിജൻ-ആന്റിബോഡി സംഘട്ടനങ്ങളിൽനിന്ന് ഉദ്ഭൂതമാകുന്ന എല്ലാ ദുർഘടങ്ങൾക്കും ഈ ഹോർമോൺ കുത്തിവയ്ക്കുന്നതു വളരെ ഫലപ്രദമായിരിക്കും. ഇതിനോടു രചനാസാദൃശ്യമുള്ള രാസവസ്തുക്കളും (ഉദാ. എഫെഡ്രിൻ) പകരമായി ഉപയോഗിച്ചുവരുന്നു. വായിലൂടെ കഴിക്കാമെന്നതാണ് ഈ പകരക്കാർക്കുള്ള മെച്ചം.
ടൈറോസിൻ എന്ന അമിനൊ അമ്ലത്തിൽനിന്നാണ് അഡ്രിനലിനുകൾ നിർമ്മിക്കപ്പെടുന്നത്. കാറ്റിക്കോൾ എന്ന യൌഗികം ടൈറോസിൻ തൻമാത്രയിലെ ഒരു അടിസ്ഥാനഘടകമാണ്. ആകയാൽ ഈ ഹോർമോണുകളെ കാറ്റിക്കോളമിനുകൾ എന്നും വിളിക്കുന്നു. ഇവ എളുപ്പത്തിൽ ഓക്സീകരണവിധേയമായതുകൊണ്ടു വായുവിൽ തുറന്നുവച്ചാൽ നിർവീര്യമായിപ്പോകും. ഇരുമ്പിന്റെയും ക്രോമിയത്തിന്റെയും ലവണങ്ങളുമായിച്ചേർന്ന് ഇവ പ്രത്യേകതരത്തിലുള്ള നിറങ്ങൾ പ്രകടമാക്കും. പ്രത്യേകസാഹചര്യത്തിൽ ഓക്സിജനുമായിച്ചേരാൻ ഇവയ്ക്കു സാധിച്ചാൽ അഡ്രിനൊക്രോമുകൾ എന്ന വർണവസ്തുക്കൾ ലഭ്യമാകും. ഈ വക രാസപരിണാമങ്ങളുടെ അടിസ്ഥാനത്തിലാണ് രക്തത്തിൽ ഈ ഹോർമോണുകളുടെ അളവുകൾ കണ്ടുപിടിക്കുന്നത്. മൂത്രത്തിലൂടെ ഗ്ലൂക്കൊറോണൈഡുകളുടെ രൂപത്തിൽ ഇവ ദേഹത്തിൽനിന്നു പുറംതള്ളപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ Merck Index, 11th Edition, 6612.
പുറംകണ്ണികൾ
[തിരുത്തുക]- നോർ അഡ്രിനാലിൻ
- നോർ അഡ്രിനാലിൻ Archived 2011-08-29 at the Wayback Machine
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ നോർ അഡ്രിനാലിൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |