Jump to content

നിരീക്ഷണയോഗ്യ പ്രപഞ്ചം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Observable universe എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹബ്ബിൾ അൾട്രാ ഡീപ് ഫീൽഡ് എന്ന ചിത്രം. അഗ്നികുണ്ഡം നക്ഷത്രരശിയിലെ ഒരു ചെറിയ ഭാഗത്തെ ഈ ചിത്രത്തിൽ ദൃശ്യപ്രപഞ്ചത്തിലെ ചെറുതും വളരെ ചുവപ്പുനീക്കം കാണിക്കുന്നതുമായ താരാപഥങ്ങൾ അവയുടെ 13 ബില്ല്യൺ വർഷങ്ങൾക്ക് മുൻപത്തെ അവസ്ഥയിൽ ദൃശ്യമാകുന്നു.

ബിഗ്‌ ബാങ്ങ് പ്രപഞ്ചശാസ്ത്രം അനുസരിച്ച്, പ്രപഞ്ചത്തിന്റെ വികാസം ആരംഭിച്ചതുമുതൽ ഇപ്പോൾ വരെയുള്ള സമയം കൊണ്ട് പ്രകാശത്തിന് കടന്നെത്താൻ കഴിയുന്ന ദൂരപരിധിയിൽ സ്ഥിതിചെയ്യുകയാൽ, ഭൂമിയിൽ നിന്ന് വർത്തമാനകാലത്തിൽ വീക്ഷിക്കാൻ സാധിക്കുന്ന താരാപഥങ്ങളും മറ്റ് ദ്രവ്യങ്ങളുമുൾപ്പെടുന്ന പ്രപഞ്ചത്തിന്റെ ഭാഗമാണ്‌ നിരീക്ഷണയോഗ്യ പ്രപഞ്ചം. പ്രപഞ്ചത്തിന്റെ വിതരണം എല്ലായിടത്തും ഒരേതരത്തിലാണെന്നെടുക്കുകയാണെങ്കിൽ നിരീക്ഷണയോഗ്യ പ്രപഞ്ചത്തിന്റെ അതിരുകളിലേക്ക് എല്ലാ ദിശയിലും ഒരേ ദൂരമായിരിക്കും. അതായത്, നിരീക്ഷണയോഗ്യ പ്രപഞ്ചത്തിന് ഗോളാകാരവും, അതിന്റെ കേന്ദ്രം നിരീക്ഷകനുമായിരിക്കും. പ്രപഞ്ചത്തിന്റെ മൊത്തം ആകാരം ഗോളമോ മറ്റെന്തെങ്കിലുമോ ആയിരിക്കാം. നിരീക്ഷന്റെ നിലയിൽ നിന്ന് പറയുമ്പോൾ, ഗോളാകാരമായ ഒരു പരിധിക്കുളിലെ പ്രകാശത്തിനാണ് (മറ്റ് വൈദ്യുതകാന്തീക തരംഗങ്ങൾക്കും) അയാളുടെ സമീപത്തെത്തിച്ചേരനുള്ള സമയം ലഭിച്ചിരിക്കുന്നത്. പ്രപഞ്ചത്തിലെ ഒരോ സ്ഥാനത്തിനും അതിന്റേതായ നിരീക്ഷണയോഗ്യ പ്രപഞ്ചമുണ്ടായിരിക്കും. അവ പരസ്പരം ഉള്ളടക്കങ്ങളെ പങ്കുവക്കുന്നവയോ അല്ലാത്തവയോ ആകാം.


നിരീക്ഷണയോഗ്യ പ്രപഞ്ചം എന്നതുകൊണ്ടർത്ഥമാക്കുന്നത് നിരീക്ഷണയോഗ്യ പ്രപഞ്ചത്തിലെ വസ്തുക്കളിൽനിന്ന് തത്ത്വത്തിലെങ്കിലും പ്രകാശത്തിന് ഭൂമിയിലെത്തിചേരാൻ കഴിഞ്ഞിരിക്കും എന്നാണ്‌. യഥാർത്ഥത്തിൽ വസ്തുക്കളിൽ നിന്നുള്ള പ്രകാശം വിസരണം വഴി പൂർണ്ണമായും വ്യതിചലിക്കാതെ നമ്മിലേക്കെത്തുന്നൂവെങ്കിൽ മാത്രമേ ആ വസ്തു ദൃശ്യമാവുകയുള്ളൂ, മുൻപ് പ്രപഞ്ചം ഫോട്ടോണുകൾക്ക് സുതാര്യമല്ലാത്ത അവസ്ഥയുണ്ടായിരുന്നു. ഭാവിയിൽ പ്രപഞ്ചത്തിന്റെ ന്യൂട്രിനോകൾ വിഹരിച്ചിരുന്ന പഴയ അവസ്ഥ ദൃശ്യമായേക്കാം. ചിലപ്പോൾ ദൃശ്യപ്രപഞ്ചവും നിരീക്ഷണയോഗ്യ പ്രപഞ്ചവും തമ്മിൽ വേർതിരിച്ചു സൂചിപ്പിക്കാറുണ്ട്, അവസാനത്തെ വിസരണമായ പ്രപഞ്ചത്തിന്റെ അവസ്ഥമുതലുള്ള വികിരണങ്ങളുടെ സഞ്ചാരദൈർഘ്യമാണ്‌ ദൃശ്യപ്രപഞ്ചത്തിന്, എന്നാൽ നിരീക്ഷണയോഗ്യ പ്രപഞ്ചം പ്രപഞ്ചവികാസം ആരംഭിച്ചതുമുതലുള്ള പ്രകാശവികിരണങ്ങൾ ഉൾക്കൊള്ളുന്നതാണ്‌. നിർവ്വചനമനുസരിച്ച് നിരീക്ഷണയോഗ്യ പ്രപഞ്ചത്തിന്റെ വ്യസാർദ്ധം ദൃശ്യപ്രപഞ്ചത്തിന്റെ വ്യസാർദ്ധത്തേക്കാൾ 2% കൂടുതലാണ്.