ഓം പ്രകാശ് ചൗടാല
ഓം പ്രകാശ് ചൗട്ടാല | |
---|---|
ഹരിയാന മുഖ്യമന്ത്രി | |
ഓഫീസിൽ 2000-2005, 1999-2000, 1991, 1990, 1989-1990 | |
മുൻഗാമി | ബൻസിലാൽ |
പിൻഗാമി | ഭൂപീന്ദർ സിംഗ് ഹൂഡ |
രാജ്യസഭാംഗം | |
ഓഫീസിൽ 1987-1990 | |
മണ്ഡലം | ഹരിയാന |
നിയമസഭാംഗം | |
ഓഫീസിൽ 2009, 2005, 2000, 1996, 1993, 1990, 1970 | |
മണ്ഡലം | ഉചന കലൻ, നർവാന, റോരി, ദർബ കല്യാൺ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1942 ജനുവരി 1 ചൗടാല ഗ്രാമം, സിർസ, ഹരിയാന |
മരണം | ഡിസംബർ 20, 2024 ഗുരുഗ്രാം, ഹരിയാന | (പ്രായം 89)
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ ലോക്ദൾ |
പങ്കാളി | സ്നേഹലത |
കുട്ടികൾ | 2 sons, 3 daughters |
As of 20 ഡിസംബർ, 2024 ഉറവിടം: ഹരിയാന നിയമസഭ |
അഞ്ച് തവണ ഹരിയാന മുഖ്യമന്ത്രിയായ ഐ.എൻ.എൽ.ഡി നേതാവായിരുന്നു ഓം പ്രകാശ് എന്നറിയപ്പെടുന്ന ഓം പ്രകാശ് ചൗടാല.[1] (ജനനം: 1 ജനുവരി 1935 - 20 ഡിസംബർ 2024) [2] ഏഴു തവണ ഹരിയാന നിയമസഭാംഗമായ ഓം പ്രകാശ് ചൗടാല രാഷ്ട്രീയ കുറ്റകൃത്യമായ അഴിമതിക്ക് ശിക്ഷിക്കപ്പെട്ട നേതാവാണ്. 2013 മുതൽ 2021 വരെ അധ്യാപക നിയമന അഴിമതിയിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്നു. 2021 ജൂലൈയിൽ ശിക്ഷാ കാലാവധി പൂർത്തിയാക്കി ജയിൽ മോചിതനായി.[3] വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിൽ തുടരവെ 2024 ഡിസംബർ 20ന് അന്തരിച്ചു.
ജീവിതരേഖ
[തിരുത്തുക]1935 ജനുവരി ഒന്നിന് ഹരിയാനയിലെ സിർസയിൽ ഇന്ത്യയുടെ മുൻ ഉപ-പ്രധാനമന്ത്രിയായിരുന്ന ചൗധരി ദേവിലാലിൻ്റെയും ഹർക്കി ദേവിയുടെയും മകനായി ജനിച്ചു. ചൗടാല എന്ന ഗ്രാമത്തിൻ്റെ പേരും തൻ്റെ പേരിനൊപ്പം ചേർത്ത ഓം പ്രകാശ് ഓം പ്രകാശ് ചൗടാല എന്നാണ് രാഷ്ട്രീയത്തിൽ അറിയപ്പെടുന്നത്. പ്രാഥമിക വിദ്യാഭ്യാസം പോലും പൂർത്തിയാക്കാതെ സ്കൂൾ പഠനം ഉപേക്ഷിച്ച ഓം പ്രകാശ് ചെറുപ്പത്തിലെ തന്നെ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെട്ടു.
രാഷ്ട്രീയ ജീവിതം
[തിരുത്തുക]1970-ൽ ആദ്യമായി ഹരിയാന നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ഓം പ്രകാശ് പിന്നീട് സജീവ രാഷ്ട്രീയത്തിലേക്കെത്തുന്നത് 1987-ലാണ്. 1989-ൽ ഹരിയാന മുഖ്യമന്ത്രിയായിരുന്ന പിതാവ് ദേവിലാൽ ഇന്ത്യയുടെ ഉപ-പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ മകനായ ഓം പ്രകാശിനെ പിൻഗാമിയായി പ്രഖ്യാപിക്കുകയായിരുന്നു.
1987 മുതൽ 1990 വരെ രാജ്യസഭാംഗമായിരുന്ന ഓം പ്രകാശ് 1989, 1990, 1991 എന്നീ വർഷങ്ങളിൽ മുഖ്യമന്ത്രിയായി എങ്കിലും ഇടയ്ക്കു വച്ച് സ്ഥാനമൊഴിയേണ്ടി വന്നു. പിന്നീട് 1999-ലാണ് അദ്ദേഹം വീണ്ടും മുഖ്യമന്ത്രി പദവിയിലേക്കെത്തുന്നത്. 2000-ൽ നടന്ന ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിൽ ഐ.എൻ.എൽ.ഡി ഭൂരിപക്ഷം നേടിയതിനെ തുടർന്ന് 2005 വരെ 6 വർഷം കാലാവധി തികച്ച് ഭരിച്ചാണ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പടിയിറങ്ങിയത്. 1996 മുതൽ 1999 വരെയും 2009 മുതൽ 2012 വരെയും നിയമസഭയിൽ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു.
1970-ൽ ആദ്യമായി നിയമസഭാംഗമായി എങ്കിലും പിന്നീട് മത്സരിക്കുന്നത് 1990-ലാണ്. 1990-ൽ നടന്ന നിയമസഭ ഉപതിരഞ്ഞെടുപ്പിൽ ദർബ കല്യാൺ മണ്ഡലത്തിൽ നിന്ന് വിജയിച്ചു നിയമസഭാംഗമായി. 1991-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചില്ല. 1993-ൽ നർവാനയിൽ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് പിന്നീട് നിയമസഭയിലെത്തുന്നത്. യമുന നദി പ്രക്ഷോഭത്തെ തുടർന്ന് 1995-ൽ നിയമസഭാംഗത്വം രാജിവയ്ക്കുകയായിരുന്നു.
1996-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ റോരി മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി. 2000-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ റോരിയിൽ നിന്നും നർവാനയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. 2005-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഈ രണ്ട് മണ്ഡലങ്ങളിൽ നിന്ന് വീണ്ടും മത്സരിച്ചു നർവാനയിൽ പരാജയപ്പെട്ടെങ്കിലും റോരിയിൽ നിന്ന് നിയമസഭയിലെത്തി. 2009-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഉചനകലൻ മണ്ഡലത്തിൽ നിന്നും നിയമസഭയിലേയ്ക്ക് വിജയിച്ചു.[4][5]
2012-ൽ അഴിമതികേസിൽ കോടതി പത്ത് വർഷം ശിക്ഷ വിധിച്ചതോടെ ഓം പ്രകാശ് ചൗടാലയുടെ രാഷ്ട്രീയ ജീവിതത്തിന് വിരാമമായി.
ഹരിയാന മുഖ്യമന്ത്രി
[തിരുത്തുക]അഞ്ച് ദിവസം മുതൽ അഞ്ച് വർഷം വരെ
1989-ൽ ആദ്യമായി മുഖ്യമന്ത്രിയായെങ്കിലും നിയമസഭാംഗമല്ലാതിരുന്നതിനാൽ മൂന്ന് തവണ ഉപ-തിരഞ്ഞെടുപ്പിൽ മത്സരിച്ചാണ് ഓം പ്രകാശ് നിയമസഭയിലെത്തുന്നത്. ബൂത്ത് പിടിത്തത്തെ തുടർന്ന് ആദ്യ തിരഞ്ഞെടുപ്പ് മാറ്റിയപ്പോൾ സ്വതന്ത്ര സ്ഥാനാർത്ഥി മരിച്ചതോടെ രണ്ടാമത്തെ തിരഞ്ഞെടുപ്പ് റദ്ദാക്കി. ഒടുവിൽ സ്വന്തം നാടായ ദർബ-കല്യാൺ മണ്ഡലത്തിൽ 1990-ൽ നടന്ന മൂന്നാമത്തെ ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ചു.
1989 ഡിസംബർ രണ്ടിന് ആദ്യമായി മുഖ്യമന്ത്രിയായെങ്കിലും സ്വതന്ത്ര സ്ഥാനാർത്ഥിയുടെ മരണത്തിൽ കുറ്റാരോപിതനായതോടെ 1990 മെയ് 22ന് മുഖ്യമന്ത്രി പദമൊഴിയേണ്ടി വന്നു. ബനാറസി ദാസാണ് പകരം മുഖ്യമന്ത്രിയായത്.
1990 ജൂലൈ 12ന് വീണ്ടും മുഖ്യമന്ത്രി സ്ഥാനമേറ്റെങ്കിലും പാർട്ടിയിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്ന് ജൂലൈ 16ന് സ്ഥാനമൊഴിഞ്ഞു. ഓം പ്രകാശിന് പകരം ഹുക്കം സിംഗ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.
പിന്നീട് എട്ട് മാസത്തിന് ശേഷം 1991 മാർച്ച് 22ന് ഓം പ്രകാശ് വീണ്ടും മുഖ്യമന്ത്രിയായെങ്കിലും ആ വർഷം തന്നെ ഏപ്രിൽ 6ന് രാഷ്ട്രീയ അസ്ഥിരതകളെ തുടർന്ന് ഹരിയാനയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിനെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.
പിന്നീട് എട്ട് വർഷത്തിന് ശേഷം 1999-ൽ മുഖ്യമന്ത്രിയായിരുന്ന ബൻസിലാൽ സർക്കാരിനെ അട്ടിമറിച്ച് ബി.ജെ.പി പിന്തുണയോടെ വീണ്ടും 1999 ജൂലൈ 24ന് മുഖ്യമന്ത്രിയായി അധികാരമേറ്റു. തൊട്ടടുത്ത വർഷം 2000-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഐ.എൻ.എൽ.ഡിയ്ക്ക് ഭൂരിപക്ഷം കിട്ടിയതോടെ 2000 മാർച്ച് രണ്ടിന് വീണ്ടും ഓം പ്രകാശ് ചൗടാല സർക്കാർ അധികാരമേറ്റു. 2005 വരെ അഞ്ച് വർഷം കാലാവധി പൂർത്തിയാക്കിയ ഓം പ്രകാശ് 2005-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഐ.എൻ.എൽ.ഡി പരാജയപ്പെടുന്നത് വരെ മുഖ്യമന്ത്രിയായിരുന്നു.
അഴിമതിയും ജയിൽവാസവും
[തിരുത്തുക]മുഖ്യമന്ത്രിയായിരുന്ന 1999-2005 കാലയളവിൽ അധ്യാപക നിയമനത്തിലെ അഴിമതിക്കേസിൽ 2013-ൽ ഓം പ്രകാശിനെയും മകൻ അജയ് സിംഗിനെയും കോടതി പത്ത് വർഷം തടവിന് ശിക്ഷിച്ചിരുന്നു. ശിക്ഷ കാലാവധി കഴിഞ്ഞ് 2021 ജൂലൈയിലാണ് ഓം പ്രകാശും മകനും ജയിൽ മോചിതരായത്.
2022 മെയ് 26ന് അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷം ശിക്ഷ വിധിച്ചതിനെ തുടർന്ന് അദ്ദേഹം വീണ്ടും ജയിലിലാണ്. ഡൽഹി റോസ് അവന്യു കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷ.
1993-2006 കാലയളവിൽ അനധികൃത സ്വത്ത് സമ്പാദന കേസിൽ 2010 മാർച്ച് 26ന് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ കേസിലാണ് കോടതി 2022 മെയ് 26ന് ശിക്ഷ വിധിച്ചത്.
അവലംബം
[തിരുത്തുക]- ↑ ഓം പ്രകാശ് ചൗടാല അന്തരിച്ചു
- ↑ "അനധികൃത സ്വത്ത് സമ്പാദനം: ഓം പ്രകാശ് ചൗട്ടാലയ്ക്ക് നാല് വർഷം തടവ്, Om Prakash Chautala,Haryana News,disproportionate asset case,Om Prakash Chautala news,malayalam news" https://www.mathrubhumi.com/news/india/om-prakash-chautala-gets-4-years-in-jail-in-disproportionate-assets-case-1.7553237
- ↑ "അഞ്ചുവട്ടം മുഖ്യമന്ത്രി, ശിഷ്ടകാലം അഴിക്കുള്ളിൽ; എന്നിട്ടും ഇളകാതെ കുടുംബവാഴ്ച, Om Prakash Chautala-jail politics corruption" https://www.mathrubhumi.com/in-depth/analysis/again-sent-to-jail-5-time-rise-and-fall-of-om-prakash-chautala-1.7556293
- ↑ "Rori Assembly Constituency Election Result - Legislative Assembly Constituency" https://resultuniversity.com/election/rori-haryana-assembly-constituency
- ↑ "Narwana Assembly Constituency Election Result - Legislative Assembly Constituency" https://resultuniversity.com/election/narwana-haryana-assembly-constituency