Jump to content

ഒപ്പോസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Opossum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒപ്പോസം
ഒപ്പോസം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Infraclass:
Marsupialia

Illiger, 1811

ആസ്ട്രലേഷൻ ഭൂഭാഗങ്ങൾക്കു വെളിയിൽ കാണപ്പെടുന്ന ഒരേയൊരിനം സഞ്ചിമൃഗമാണ് ഒപ്പോസം. സഞ്ചിമൃഗ (Marsupialia) കുടുംബമായ ഡൈഡെൻഫിഡേയിലാണ് ഇതുൾപ്പെടുന്നത്. അമേരിക്കയിൽ, ടെക്സസിന്റെ ദക്ഷിണാതിർത്തി മുതൽ ലാ പ്ലേറ്റ താഴ്വര വരെയുള്ള സ്ഥലങ്ങളിൽ വൃക്ഷനിബിഡമായ എല്ലായിടത്തും ഇവയെ കണ്ടെത്താം. ലാ പ്ലേറ്റ താഴ്വരയിൽ ഇവ സുലഭമാണ്. ഫ്ലോറിഡ മുതൽ ഹഡ്സൺ നദി വരെയും പടിഞ്ഞാറ് മിസോറി വരെയുമുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന ഇനമാണ് വെർജീനിയ ഒപ്പോസം (Didelphis virginiana). ഒരു പൂച്ചയോളം വലിപ്പമുള്ള ഇതിന്റെ ശരീരം ചാരനിറം കലർന്ന വെള്ളരോമത്താൽ ആവൃതമായിരിക്കുന്നു.[1] എലിയോട് ആകാരസാദൃശ്യമുള്ള ഇതിന് കൂർത്ത മോന്തയും, നീണ്ടതും രോമരഹിതവുമായ ചെവികളും ഉണ്ട്.[2] നീണ്ട്, രോമമില്ലത്ത വാലിൽ ശൽക്കങ്ങൾ കണപ്പെടുന്നു. മരക്കൊമ്പിലും മറ്റും ചുറ്റിപ്പിടിക്കുന്നതിന് (prehensil) ഈ വാൽ സഹായകമാണ്. കൈയിലും കാലിലിലും അഞ്ചു വിരലുകൾ വീതമുണ്ട്. മനുഷ്യന്റെ കൈയിലെ തള്ളവിരൽ പോലെ, മറ്റുവിരലുകൾക്ക് അഭിമുഖമായാണ് ഇതിന്റെ കാലിലെ തള്ളവിരൽ. പെൺ-ഒപ്പോസത്തിന്റെ ഉദരത്തിൽ മുന്നോട്ടു തുറക്കുന്ന ഒരു വലിയ സഞ്ചി കാണാം.[3] ജനിച്ച ശേഷം, കുഞ്ഞുങ്ങളെ അഞ്ചോ ആറോ ആഴ്ച്ചകൾ വരെ ഈ സഞ്ചിക്കുള്ളിലാണ് സൂക്ഷിക്കുന്നത്. തനിച്ചു നടക്കാറായ കുഞ്ഞുങ്ങൾ സഞ്ചിക്കുള്ളിൽ നിന്നു പുറത്തുവന്ന് ഓടിനടക്കാൻ ആരംഭിക്കുന്നു. അമ്മയുടെ മുതുകിൽ കയറി സവാരി നടത്തുകയും ഇവയുടെ പതിവാണ്.[4]

വിശിഷ്ട ഭോജ്യം

[തിരുത്തുക]

ശിശിരകാലം ആരംഭിക്കുന്നതോടെ ഒപ്പോസത്തിന്റെ തൊലിയുടെ തൊട്ടു താഴെയായി ഒരട്ടി കനത്തിൽ കൊഴുപ്പുണ്ടാകാറുണ്ട്. ഈ സമയത്ത് ഇതിന്റെ മാംസം വളരെ സ്വാദുള്ളതായിത്തീരുന്നു. യു. എസ്സിന്റെ തെക്കുഭാഗത്തുള്ള ജനങ്ങൾക്ക് ഒപ്പോസവേട്ട വളരെ പ്രിയപ്പെട്ട ഒരു വിനോദമാണ്. രാത്രിയിൽ റാന്തലുകൾ ഉപയോഗിച്ച്, നായ്ക്കളുടെ സഹായത്തോടെയാണ് വേട്ടയാടൽ. പരിസരങ്ങളിൽ എവിടെയെങ്കിലും ശത്രുക്കൾ ഉള്ളതായി സംശയം തൊന്നിയാലുടൻ ഒപ്പോസം മരത്തിൽനിന്നും പിടിവിട്ട് ചത്തതുപോലെ നിലത്തു വീഴുന്നു. ഇതിന്റെ ഈ പ്രത്യേക സ്വഭാവവിശേഷത്തിൽനിന്ന് ഇംഗ്ലീഷ് ശൈലി (Playing possum) തന്നെ രൂപമെടുത്തിട്ടുണ്ട്. സ്വരക്ഷയ്ക്കുവേണ്ടിയുള്ള ഒരു ഉപായമത്രേ ഇത്. ഇരയെ കൊന്നുതിന്നാൻ ഇഷ്ടപ്പെടുന്ന പലവന്യമൃഗങ്ങളിൽ നിന്നും രക്ഷപ്പെടാൻ ഈ ഉപായം ഒപ്പോസത്തെ സഹായിക്കുന്നു.[5]

തന്ത്രശാലിയായ ബുദ്ധിജീവി

[തിരുത്തുക]
പ്ലേയിങ് പോസം

തന്ത്രശാലിയായ ഒപ്പോസത്തിന് നല്ല ബുദ്ധിയുമുണ്ട്. പകൽ സമയങ്ങളിൽ വൃക്ഷത്തലപ്പുകളിലും മറ്റും കഴിച്ചുക്കൂട്ടുന്ന ഈ ജീവി രാത്രിയാകുന്നതോടെ ആഹാരം തേടിയിറങ്ങുന്നു. ഫലങ്ങൾ, കീടങ്ങൾ, ചെറിയ ഇഴജന്തുക്കൾ പക്ഷി മുട്ടകൾ എന്നിവയാണ് മുഖ്യഭക്ഷണ സാധനങ്ങൾ. ചില സ്പീഷീസുകളിൽ ഉദരസഞ്ചി (marsupium) കാണുകയില്ല. ഇവ കുഞ്ഞുങ്ങളെ മുതുകിൽ കയറ്റി നടക്കുന്നു. കുഞ്ഞുങ്ങൾ വീണുപോകാതെ വാൽകൊണ്ടു ചുറ്റിപ്പിടിച്ചിരിക്കും. മ്യൂറിൻ ഒപ്പോസം (Marmosa murina) ഈ ഇനത്തിൽ പെടുന്നു. ഉയരം കൂടിയ പർ‌‌വത പ്രദേശങ്ങളിൽ കഴിയുന്നയിനമാണ് ഡൈഡെൽഫീസ് പരാഗ്വെയെൻസിസ് ഉയരം കുറഞ്ഞ പ്രദേശങ്ങളിൽ കാണപ്പെടുന്നയിനം ഡൈ മാഴ്സൂചിയേലിസ് എന്നരിയപ്പെടുന്നു.[6]

ഉപരികുടുംബാംഗങ്ങൾ

[തിരുത്തുക]
പ്രായപൂർത്തിയായ ഒപ്പോസം.

അപ്പർ ക്രിട്ടേഷ്യസ് മുതൽക്കേ ഡൈഡൽഫോയിഡീയ ഉപരികുടുംബാംഗങ്ങൾ ഉണ്ടായിരുന്നതായി രേഖകൾ ഉണ്ട്. ഇയോഡെൽഫീസ്, ഡൈഡെൽഫീസ് എന്നിവ ഉദാഹരണങ്ങൾ. ഇയോസീൻ മുതൽ മയോസീൻ വരെയുള്ള കാലഘട്ടത്തിൽ യൂറോപ്പിലും അമേരിക്കയിലും നിന്ന് പെരാത്തീറിയം (Peratherium) എന്നറിയപ്പെടുന്ന ഒപ്പോസ-പൂർ‌‌വികന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഇന്നു ജീവിച്ചിരിക്കുന്ന ചെറിയ ഡൈഡെൽഫീഡുകളിൽ നിന്ന് ഇവ വളരെയൊന്നും വ്യത്യസ്തമായിരുന്നില്ല എന്നാണ് ഫോസിലുകളിൽ നിന്നും മനസ്സിലാകുന്നത്.[7]

അവലംബം

[തിരുത്തുക]

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഒപ്പോസം&oldid=3802446" എന്ന താളിൽനിന്ന് ശേഖരിച്ചത്