Jump to content

പെട്രാർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Petrarch എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പെട്രാർക്ക്
"ഫ്രാൻസെസ്കോ പെട്രാർക്ക"
"ഫ്രാൻസെസ്കോ പെട്രാർക്ക"
ജനനം(1304-07-20)20 ജൂലൈ 1304
അരെസ്സോ, ടസ്കനി, ഇറ്റലി
മരണം19 ജൂലൈ 1374(1374-07-19) (പ്രായം 69)
അർക്വാ പെട്രാർക്ക, വെനേറ്റോ, ഇറ്റലി
തൊഴിൽനവോത്ഥാനകാല ഹ്യൂമനിസ്റ്റ്
ദേശീയതഇറ്റലി
Periodആദിമനവോത്ഥനകാലം

പതിനാലാം നൂറ്റാണ്ടിലെ (ജനനം: 1304 ജൂലൈ 20; മരണം: 1374 ജൂലൈ 19) ഒരു ഇറ്റാലിയൻ കവിയും പണ്ഡിതനും ആയിരുന്നു പെട്രാർക്ക്. ഇറ്റാലിയൻ ഭാഷയിൽ അദ്ദേഹത്തിന്റെ മുഴുവൻ പേര് "ഫ്രാൻസെസ്കോ പെട്രാർക്ക" എന്നാണ്. "ആദ്യത്തെ ഹ്യൂമനിസ്റ്റ്", "യൂറോപ്യൻ നവോത്ഥാനത്തിന്റെ പിതാവ്" എന്നൊക്കെ പെട്രാർക്ക് വിശേഷിപ്പിക്കപ്പെടാറുണ്ട്. പതിനാറാം നൂറ്റാണ്ടിൽ പിയെട്രോ ബെംബോ സൃഷ്ടിച്ച ആധുനിക ഇറ്റാലിയൻ ഭാഷയുടെ പിറവിയിൽ അദ്ദേഹത്തിന്റെ രചനകൾ മാർഗ്ഗദർകമായി. നവോത്ഥാനയുഗത്തിൽ പെട്രാർക്കിന്റെ ഗീതങ്ങൾക്ക് യൂറോപ്പിലാകമാനം ആസ്വാദകരും അനുകർത്താക്കളും ഉണ്ടായി. "പെട്രാർക്കൻ ഗീതകങ്ങൾ" പ്രേമഗീതങ്ങളുടെ ഉദാത്തമാതൃകകളായി കരുതപ്പെടുകയും ഷേയ്ക്സ്പിയറുടെ ഗീതകങ്ങൾക്കു പോലും വഴിതെളിക്കുകയും ചെയ്തു. 'ലോറ' എന്ന സ്ത്രീയോടുള്ള തിരസ്കൃതപ്രേമമായിരുന്നു ഈ കവിതകളുടെ പ്രചോദനം[1]

ഗ്രെക്കോ-റോമൻ പൗരാണികതയിലുള്ള താത്പര്യത്തിന്റെ പുനരുജ്ജീവനത്തിനു വലിയ സംഭാവന നൽകിയ പെട്രാർക്ക് തന്റെ നിരന്തരമായ സഞ്ചാരങ്ങൾക്കിടെ, സിസറോയെപ്പോലുള്ള പൗരാണികലേഖകന്മാരുടെ നഷ്ടപ്പെട്ടുപോയിരുന്ന രചനകൾ പലതും അന്വേഷിച്ചു കണ്ടെത്തി.[2] യൂറോപ്യൻ മദ്ധ്യകാലത്തെ വിശേഷിപ്പിക്കാൻ അന്ധകാരയുഗം എന്ന സങ്കല്പം ആദ്യം ഉപയോഗിച്ചതും പെട്രാർക്ക് ആയിരുന്നു.[3] നവോത്ഥാനയുഗത്തിന്റെ ആരംഭകാലത്തെ വിഖ്യാത ഇറ്റാലിയൻ കവി ബൊക്കേച്ചിയോയുമായി പെട്രാർക്ക് ഉറ്റ സൗഹൃദം പുലർത്തി.[4]

ബാല്യം, വിദ്യാഭ്യാസം

[തിരുത്തുക]
പെട്രാർക്കിന്റെ പ്രേമഗീതങ്ങളുടെ ഒരു മൂലമാതൃക, 1985-ൽ കണ്ടുകിട്ടിയത്

രാഷ്ട്രീയകാരണങ്ങളാൻ ഫ്ലോറസിൽ നിന്ന് ബഹിഷ്കരിക്കപ്പെട്ട് അഭയാർത്ഥിയായി കഴിഞ്ഞിരുന്ന സെർ പെട്രാർക്കോ ആയിരുന്നു പെട്രാർക്കിന്റ് പിതാവ്. 1304-ൽ പെട്രാർക്ക് ജനിക്കുമ്പോൾ കുടുംബം മദ്ധ്യ ഇറ്റലിയിലെ അസെരോ നഗരത്തിലായിരുന്നു. തുടർന്ന് അവർ ഫ്ലോറൻസിനടുത്തുള്ള ഇൻസിസാ, ഇറ്റലിയിലെ തന്നെ മറ്റൊരു പ്രസിദ്ധനഗരമായ പിസാ എന്നിവിടങ്ങളിൽ ജീവിച്ചു. മാർപ്പാപ്പാമാർ ഫ്രാൻസിലെ അവിഞ്ഞോൺ നഗരത്തിൽ വാഴ്ചനടത്തിയിരുന്ന കത്തോലിക്കാ സഭയുടെ "ബാബിലോൺ പ്രവാസയുഗം"(1309-76) ഏതാണ്ട് പെട്രാർക്കിന്റെ ജീവിതകാലത്തിനു(1304-74) സമാന്തരമായിരുന്നു. 1913-ൽ പിസായിൽ സുരക്ഷിതരല്ലെന്ന തോന്നലിൽ പെട്രാർക്ക് കുടുംബം അവിഞ്ഞോണിലെത്തി. അവിടത്തെ തിരക്കു മൂലം 1315-ൽ അവർ നഗരത്തിൽ നിന്ന് 15 മൈൽ അകലെ കാർപെൻട്രാസ് എന്ന സ്ഥലത്ത് താമസസ്ഥലം കണ്ടെത്തി. പെട്രാർക്കിന്റെ ശിഷ്ടജീവിതം അവിഞ്ഞോൺ നഗരവുമായി അഭേദ്യമായി ബന്ധപ്പെട്ടിരുന്നു.

നാലു വർഷത്തെ അലസജീവിതത്തിനു ശേഷം 1319-ൽ പിതാവിന്റെ നിർബ്ബന്ധത്തിൽ പെട്രാർക്ക് കാനൻ നിയമം പഠിക്കാൻ മോണ്ട്പെല്ലിയർ നഗരത്തിലേക്കും 1323-ൽ ബൊളോഞ്ഞയിലേക്കും പോയി. എങ്കിലും നിയമപഠനവും പരിശീലനവും അദ്ദേഹത്തിന്റെ രുചിക്കു ചേരുന്നതല്ലായിരുന്നു. "സത്യവിരുദ്ധതയില്ലാതെ കൊണ്ടു നടക്കാൻ പറ്റാത്ത ഒരു തൊഴിൽ" ആയി അദ്ദേഹം വക്കീൽപ്പണിയെ കണ്ടു. നിയമപുസ്തകങ്ങളിൽ റോമൻ പൗരാണികതയേയും ക്ലാസിക്കൽ യുഗത്തിലെ എഴുത്തുകാരെയും പ്പറ്റിയുള്ള പരാമർശങ്ങൾ മാത്രം അദ്ദേഹത്തെ ആകർഷിച്ചു. അത്തരം എഴുത്തുകാരെപ്പറ്റി കിട്ടാവുന്നതൊക്കെ വായിച്ചിരുന്ന പെട്രാർക്ക് 1526-ൽ മാതാപിതാക്കന്മാർ പ്ലേഗു ബാധയിൽ മരിച്ചതിനെ തുടർന്ന് നിയമപഠനം ഉപേക്ഷിച്ച് അവിഞ്ഞോണിൽ മടങ്ങിയെത്തി.[5][൧]

ലോറ, ഗീതകങ്ങൾ

[തിരുത്തുക]
പെട്രാർക്കിന്റെ ഗീതകങ്ങളുടെ പ്രചോദനവും വിഷയവും ആയിരുന്ന ലോറയുടേതായി കരുതപ്പെടുന്ന ചിത്രം

1327-ലെ ദുഃഖവെള്ളിയാഴ്ച ദിവസം, അവിഞ്ഞോണിലെ വിശുദ്ധ ക്ലാരയുടെ പള്ളിയിൽ അദ്ദേഹം, അവശേഷിച്ച ജീവിതകാലമത്രയും തന്റെ വിദൂരപ്രണയത്തിനും കവിതകൾക്കും വിഷയമായിത്തീർന്ന ലോറ എന്ന യുവതിയെ കണ്ടുമുട്ടിയതായി പറയപ്പെടുന്നു. ഈ കഥയുടെ പരമാർത്ഥം പലതരം ഊഹാപോഹങ്ങളിൽ മറഞ്ഞിരിക്കുന്നു. ലോറ, പെട്രാർക്കിന്റെ കാവ്യസ്വാതന്ത്ര്യം(poetic licence) രൂപം കൊടുത്ത സങ്കല്പസൃഷ്ടി മാത്രമായിരുന്നു എന്നു പോലും കരുതുന്നവരുണ്ട്. എങ്കിലും അവിഞ്ഞോണിൽ സാദെയിലെ ഹ്യൂഗൂസ് പ്രഭുവിന്റെ ഭാര്യയായിരുന്ന "സാദെയിലെ ലോറ" ആയിരുന്നു അവളെന്നു പൊതുവേ കരുതപ്പെടുന്നു.[1] ഭർതൃമതിയായിരുന്ന ലോറ കവിയുടെ പ്രേമാഭ്യർത്ഥന സ്വീകരിക്കാതെ അദ്ദേഹത്തെ അകറ്റി നിർത്തി. ആദ്യദർശനത്തിന് കൃത്യം 21 വർഷത്തിനു ശേഷം 1348-ൽ, അപ്പോഴേയ്ക്ക് 12 മക്കളുടെ അമ്മയായിരുന്ന അവൾ പ്ലേഗു ബാധയിൽ മരിച്ചപ്പോൾ പെട്രാർക്ക്, ഇങ്ങനെ എഴുതി:-

തിരസ്കൃതനായെങ്കിലും, പെട്രാർക്ക് ലോറയോടുള്ള തന്റെ പ്രണയത്തെ ഒട്ടേറെ ഭാവഗീതങ്ങളിൽ പകർന്നുവച്ചു. ഇറ്റാലിയൻ ഗീതകശൈലിയുടെ മാതൃകകളായി പിന്നീട് ഘോഷിക്കപ്പെട്ട ആ കവിതകളെ അദ്ദേഹം ശേഖരിച്ചു വയ്ക്കാൻ തുടങ്ങി. പ്രഥമദർശനം മുതൽ ലോറയുടെ മരണം വരെയുള്ള 21 വർഷക്കാലം 263 കവിതകൾ പെട്രാർക്ക് എഴുതി. പ്രേമഭാജനത്തിന്റെ മരണശേഷവും തുടർന്ന ഈ ആരാധന മൊത്തം 366 ഗീതകങ്ങൾക്കു പ്രചോദനമായി.

ഇതരരചനകൾ

[തിരുത്തുക]

പെട്രാർക്കിന്റെ യശസ്സിന്റെ അടിസ്ഥാനം ഇറ്റാലിയൻ ഭാഷയിൽ എഴുതിയ ഗീതകങ്ങളാണെങ്കിലും അദ്ദേഹത്തിന്റെ രചനകളിൽ അധികവും ലത്തീൻ ഭാഷയിൽ ആയിരുന്നു. തന്റെ മുഖ്യസൃഷ്ടികളായി അദ്ദേഹം പരിഗണിച്ചത് ലത്തീൻ ഭാഷയിൽ എഴുതിയ കൃതികളായിരുന്നു.[7] പ്ലൂട്ടാർക്ക് എഴുതിയ മഹജ്ജീവിതചരിതങ്ങളെ മാതൃകയാക്കിയ "വിറിലിസ് ഇല്ലുസ്ട്രിബസ്" അദ്ദേഹത്തിന്റെ ലത്തീൻ രചനകളിലൊന്ന്. രണ്ടാം പ്യൂണിക് യുദ്ധത്തിലെ റോമൻ നായകനായിയിരുന്ന സിപ്പിയോ ആഫ്രിക്കാനസിനെ നായകനാക്കി എഴുതിയ 'ആഫ്രിക്ക' എന്ന ബൃഹദ്‌രചനയാണ് അദ്ദേഹത്തിന്റെ ലത്തീൻ കൃതികളിൽ പ്രധാനം. ഹിപ്പോയിലെ അഗസ്റ്റിനുമായുള്ള സംഭാഷണത്തിന്റെ രൂപത്തിൽ എഴുതിയിരിക്കുന്ന 'സീക്രെട്ടം' എന്ന രചനയും ലത്തീൻ ഭാഷയിലാണ്. സിസറോയുടെ കത്തുകളുടെ നഷ്ടശേഖരം കണ്ടെത്തിയ പെട്രാർക്ക് തന്റെ തന്നെ കത്തുകൾ ശേഖരിച്ചു വയ്ക്കുകയും പ്രസിദ്ധീകരണത്തിനായി സംശോധന ചെയ്യുകയും ചെയ്തു. ജീവിച്ചിരുന്ന പ്രമുഖവ്യക്തികൾക്കും സുഹൃത്തുക്കൾക്കും എഴുതിയവയ്ക്കു പുറമേ, ഹോമർ, സിസറോ തുടങ്ങിയ പൗരാണികരെ സംബോധന ചെയ്യുന്ന സാങ്കല്പികസന്ദേശങ്ങളും അവയിലുണ്ട്. [8] 18 വാല്യങ്ങളിലായി 128 കത്തുകൾ അടങ്ങുന്ന വലിയൊരു ശേഖരമാണത്.[3]

'ആസ്ഥാനകവി', സഞ്ചാരി

[തിരുത്തുക]
സിസറോയുടെ രചനകളുടെ കണ്ടെത്തലിൽ പെട്രാർക്കിന്റെ പങ്ക് നിർണ്ണയകമായി

ഇറ്റലിയിലും, പരിഭാഷകളിലൂടെ യൂറോപ്പിലെമ്പാടും പ്രചരിച്ച പെട്രാർക്കിന്റെ പ്രേമഗീതങ്ങൾ ഏറെ ജനപ്രീതി നേടുകയും കവിയ്ക്ക് കണക്കില്ലാത്തെ പ്രശസ്തി നേടിക്കൊടുക്കുകയും ചെയ്തു. 'പാട്ടുപുസ്തകം' എന്നർത്ഥമുള്ള 'കൺസോനിയേരെ' എന്ന പേരിലാണ് ഈ സമാഹാരം അറിയപ്പെട്ടത്. [3] 1341-ൽ, റോമൻ പൗരാണികതയിലെ വിസ്മൃതമായിരുന്ന പതിവു പിന്തുടർന്ന് റോമൻ അധികാരികൾ അദ്ദേഹത്തെ ആസ്ഥാനകവിയുടെ പദവി നൽകി ബഹുമാനിച്ചു. ബഹുമതി സ്വീകരിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പ്രഭാഷണം "യൂറോപ്യൻ നവോത്ഥനത്തിന്റെ ആദ്യത്തെ പ്രകടനപത്രിക" (First Manifesto of Renaissance) എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. കലാസാഹിത്യരംഗങ്ങളിലെ നേട്ടങ്ങൾ മാനിക്കപ്പെട്ടിരുന്ന പുരാതനയുഗത്തിന്റെ പുകഴ്ചയും അതിന്റെ വിസ്മൃതിയെക്കുറിച്ചുള്ള ദുഃഖപ്രകടനവും ആയിരുന്നു അതിന്റെ ഉള്ളടക്കം.[4] മാർപ്പാപ്പായും യൂറോപ്പിലെങ്ങുമുള്ള രാജാക്കന്മാരും കവിയെ മാനിച്ചു. "പുരാതകാലത്തെ മഹത്തുക്കൾക്കു സമനായവൻ" എന്ന് ബൊക്കേച്ചിയോ പെട്രാർക്കിനെ വാഴ്ത്തി. ഇറ്റലിക്കാർ അദ്ദേഹത്തെ വിർജിലിന്റെ പുനരവതാരമായി കരുതി.[6]

പെട്രാർക്ക് കയറിയ ഫ്രാൻസിലെ വെണ്ടൂക്സ് കൊടുമുടി

യൂറോപ്പിലെ ഏറ്റവും വലിയ ഗ്രന്ഥശേഖരങ്ങളിൽ ഒന്നിന്റെ ഉടമയായിരുന്ന പെട്രാർക്ക്, അവിഞ്ഞോണിൽ നിന്നു 15 മൈൽ അകലെയുള്ള വൗക്ലൂസ് എന്ന സ്ഥലത്ത് തന്റെ പുസ്തകങ്ങളുമായി താമസമാക്കി.[൨] അതിനിടെ തന്റെ രാഷ്ട്രാന്തരയശഃസ്സിന്റെ തിളക്കത്തിൽ നയതന്ത്രദൗത്യങ്ങളും മറ്റുമായി അദ്ദേഹം യൂറോപ്പിലെങ്ങും ചുറ്റി നടന്നു.[8] അത്തരം യാത്രകളിലൊന്നിൽ 1345-ൽ അദ്ദേഹം ഇറ്റലിയിൽ വെറോണ പള്ളിയിലെ ഗ്രന്ഥശാലയിൽ, പുരാതനറോമിലെ രാജ്യതന്ത്രജ്ഞനും ലേഖകനുമായ സിസറോ, അറ്റിക്കസിനും ബ്രൂട്ടസിനും ക്വിന്റസിനും എഴുതിയ കത്തുകൾ കണ്ടെടുത്തു. നേരത്തെ 1933-ൽ പെട്രാർക്ക്, കാവ്യകലയെ പുകഴ്ത്തി സിസറോ നടത്തിയ 'പ്രോ-ആർക്കിയ' എന്ന പ്രഭാഷണം കണ്ടെടുത്തിരുന്നു. നവോത്ഥാനയുഗത്തിൽ വീണ്ടുകിട്ടിയ റോമൻ പൗരാണികതയുടെ രചനകളിൽ പ്രമുഖമാണ് ഇവ.[6]

മറ്റു ലക്ഷ്യങ്ങളൊന്നുമില്ലാത്തപ്പോഴും യാത്രയുടെ ആനന്ദത്തിനു വേണ്ടി മാത്രം അദ്ദേഹം സഞ്ചാരങ്ങളിൽ മുഴുകി. ഒരിക്കൾ പെട്രാർക്ക് സഹോദരനൊപ്പം, അവിഞ്ഞോണിനു സമീപമുള്ള വെണ്ടൂക്സ് കൊടുമുടിയുടെ ആറായിരത്തിലേറെ അടികൾ കയറുകപോലും ചെയ്തു.

ബോദ്ധ്യങ്ങൾ, വ്യക്തിജീവിതം

[തിരുത്തുക]

പാശ്ചാത്യലോകത്ത് ക്രിസ്തീയതയുടെ ഏകശാസനത്തെ വെല്ലുവിളിച്ച നവോത്ഥാനത്തിന്റെ പ്രാരംഭകനായി കരുതപ്പെടുന്നെങ്കിലും പെട്രാർക്ക് വ്യവസ്ഥാപിത ക്രിസ്തീയതയിലെ വിശ്വാസപ്രമാണങ്ങളെ തള്ളിപ്പറഞ്ഞില്ല. തന്റെ പിൻഗാമികളായ മറ്റു ഹ്യൂമനിസ്റ്റുകളെപ്പോലെ അദ്ദേഹവും സ്കൊളാസ്റ്റിക് ദൈവശാസ്ത്രത്തെ നിഷ്പ്രയോജനമായ സംവാദപ്രേമമായി വിലയിരുത്തി.[6] എങ്കിലും ജീവിതകാലമത്രയും അദ്ദേഹം ക്രിസ്തുമതവിശ്വാസിയായി തുടർന്നു. അക്കാലത്തെ മിക്കവാറും മനുഷ്യരെപ്പോലെ പെട്രാർക്കും വിശ്വാസതീക്ഷ്ണതയുടെ ഇടവേളകളിലൂടെ കടന്നുപോയി. അത്തരം സന്ദർഭങ്ങളിൽ, മരണത്തെക്കുറിച്ചുള്ള നിരന്തരധ്യാനമാണ് സുകൃത്ജീവിതത്തിനുള്ള മാർഗ്ഗം എന്ന മദ്ധ്യകാലവീക്ഷണത്തിൽ പോലും അദ്ദേഹം പങ്കുപറ്റി.[7]

പൗരോഹിത്യത്തിന്റെ ചവിട്ടുപടിയായ ആദ്യപട്ടങ്ങൾ സ്വീകരിച്ചശേഷം സഭയുടെ കീഴിൽ ഉദ്യോഗങ്ങൾ വഹിച്ചിരുന്ന പെട്രാർക്ക് പുരോഹിതനല്ലാതിരുന്നിട്ടും വിവാഹിതനായില്ല. എങ്കിലും ചില വിവാഹേതര ബന്ധങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. അവയിൽ അറിയപ്പെടുന്ന രണ്ടു കുട്ടികളെങ്കിലും ജനിച്ചിട്ടുണ്ട്. 1337-ൽ ജനിച്ച മകൻ ജിയോവാന്നി 1361-ൽ പ്ലേഗുബാധയിൽ മരിച്ചു. 1343-ൽ ജനിച്ച മകൾ ഫ്രാൻസെസ്കാ വിവാഹിതയാവുകയും പിതാവിനെ അതിജീവിക്കുകയും ചെയ്തു.

പെട്രാർക്കിന്റെ സംസ്കാരസ്ഥാനം

1361-ൽ വെനീസിൽ താമസമാക്കിയ പെട്രാർക്ക് അവിടെ 7 വർഷം ചെലവഴിച്ചു. 1368-ൽ ഒരു നയതന്ത്രദൗത്യവുമായി അദ്ദേഹം വെനീസിൽ നിന്നു വടക്കുപടിഞ്ഞാറൻ ഇറ്റലിയിലെ പാവിയയിലെക്കു പോയി. നയതന്ത്രദൗത്യം പരാജയമായിരുന്നു. 1370-ൽ പാദുവായിലെ ഭരണാധികാരിയുടെ ക്ഷണം സ്വീകരിച്ച് അവിടെയെത്തിയെങ്കിലും അവിടത്തെ നഗരത്തിരക്ക് അദ്ദേഹം വെറുത്തു. അതിനാൽ പാദുവായിൽ നിന്നു പന്ത്രണ്ടു മൈൽ അകലെയുള്ള അർക്വാ എന്ന പ്രദേശത്തേക്കു അദ്ദേഹം താമസം മാറ്റി.[6] അവിടേയും പെട്രാർക്ക് എഴുത്തിലും പഠനത്തിലും മുഴുകി ജീവിച്ചു. 1374-ൽ എഴുപതാം ജന്മദിനത്തിന് ഒരു ദിവസം മുൻപ് പെട്രാർക്കിന്റെ സഹായികൾ അദ്ദേഹത്തെ വീട്ടിലെ ഗ്രന്ഥശാലയിൽ പുസ്ത്കങ്ങൾക്കു നടുവിൽ മരിച്ച നിലയിൽ കണ്ടെത്തി. അർക്വായിൽ തന്നെ അദ്ദേഹത്തെ സംസ്കരിക്കുകയും ചെയ്തു.[9]

തന്റെ വിൽപത്രത്തിൽ പെട്രാർക്ക് മഞ്ഞുകാലത്തെ ദീർഘരാത്രികളിൽ സംരക്ഷണത്തിനായി ഒരു മേൽക്കുപ്പായം വാങ്ങാൻ 50 ഫ്ലോറിന്റുകൾ സുഹൃത്ത് ബൊക്കേച്ചിയോയ്ക്ക് നീക്കിവച്ചിരുന്നു. അടുത്തവർഷം ഡിസംബർ മാസത്തിൽ ബൊക്കേച്ചിയോയും മരിച്ചു.[6]

കുറിപ്പുകൾ

[തിരുത്തുക]

^ ഏഴുവർഷത്തെ നിയമപഠനം പിതാവിന്റെ മരണശേഷം പിതൃസ്വത്തിന്മേൽ അവകാശം സ്ഥാപിക്കാൻ പെട്രാർക്കിനെ സഹായിച്ചില്ല. സ്വത്തു മുഴുവൻ കാര്യസ്ഥന്മാർ തട്ടിയെടുത്തു. പെട്രാർക്കിനും സഹോദരൻ ഗെരാർദ്ദോയ്ക്കും ഒന്നും കിട്ടിയില്ല.[7]

^ 1359-ൽ ബൊക്കേച്ചിയോ അയച്ചുകൊടുക്കുന്നതു വരെ, പെട്രാർക്കിന്റെ ഗ്രന്ഥശേഖരത്തിൽ ദാന്തെയുടെ ഡിവൈൻ കോമഡി ഇല്ലായിരുന്നു. പെട്രാർക്കിന് ദാന്തെയോട് അസൂയയാണെന്നു ജനസംസാരം ഉള്ളതായി ബൊക്കേച്ചിയോ സൂചിപ്പിക്കുന്നുണ്ട്.[7]

അവലംബം

[തിരുത്തുക]
  1. 1.0 1.1 കത്തോലിക്കാ വിജ്ഞാനകോശത്തിൽ പെട്രാർക്കിനെപ്പറ്റിയുള്ള ലേഖനം
  2. യേൽ സർവകലാശാല ആർക്കൈവ് ലൈബ്രറിയിൽ പെട്രാർക്കിനെപ്പറ്റി]
  3. 3.0 3.1 3.2 Petersadlon.com, Francesco Petrarch: Biography by Peter Sadlon
  4. 4.0 4.1 Poets.org, From the American Academy of Poets പെട്രാർക്ക്]
  5. The Middle Ages.net ഫ്രാൻസെസ്കോ പെട്രാർക്ക്
  6. 6.0 6.1 6.2 6.3 6.4 6.5 വിൽ ഡുറാന്റ് "നവോത്ഥാനം" സംസ്കാരത്തിന്റെ കഥ അഞ്ചാം ഭാഗം "The Age of Petrarch and Boccaccio" (പുറങ്ങൾ 3-48)
  7. 7.0 7.1 7.2 7.3 ജോർജ്ജ് ക്ലാർക്ക് സെല്ലേരി, The Renaissance, Its Nature and Origins: Dante, Petrarch and Boccaccio (പുറങ്ങൾ 59-81)
  8. 8.0 8.1 Amazon.com, Books and Writers Petrarch Archived 2010-03-12 at the Wayback Machine
  9. NNDB Database Petrarch
"https://ml.wikipedia.org/w/index.php?title=പെട്രാർക്ക്&oldid=3637597" എന്ന താളിൽനിന്ന് ശേഖരിച്ചത്