Jump to content

അന്യാധീനപ്പെടുത്തൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Property law എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ വസ്തുകൈമാറ്റനിയമം (Transfer of Property Act) 5-ആം വകുപ്പ് അനുസരിച്ച് ഒരു വ്യക്തി, തന്റെ വസ്തുവകകളെ തന്നിലേക്കുതന്നെയോ മറ്റാർക്കെങ്കിലുമോ, കൈമാറുന്ന കൃത്യമാണ് അന്യാധീനപ്പെടുത്തൽ. ഒരാൾ സ്വന്തം വസ്തുവകകൾക്ക് ഒരു ട്രസ്റ്റ് (Trust) ഉണ്ടാക്കുകയും, അയാൾ അതിന്റെ ട്രസ്റ്റി ആയി പ്രവർത്തിക്കുകയും ചെയ്യുന്നത് വസ്തുവിന്റെ ഉടമസ്ഥത തന്നിലേക്കുതന്നെ കൈമാറുന്നതിന് ഒരു ഉദാഹരണമാണ്. ജീവിച്ചിരിക്കുന്ന വ്യക്തികൾ തമ്മിലുള്ള കൈമാറ്റത്തെ മാത്രമേ പ്രസ്തുതനിയമം വിഭാവനം ചെയ്യുന്നുള്ളു. നിയമസങ്കേതപ്രകാരം കമ്പനികൾ, സംഘടനകൾ മുതലായവയെ ജീവിച്ചിരിക്കുന്ന വ്യക്തികൾക്കു തുല്യമായി പരിഗണിക്കുന്നതാണ്.

കൈമാറ്റനിയമം

[തിരുത്തുക]

ഏതുതരം വസ്തുവും കൈമാറ്റം ചെയ്യാമെന്നാണ് പൊതുനിയമമെങ്കിലും അതിൽ ചില വ്യത്യാസങ്ങളുണ്ട്. ഉദാ. പിൻതുടർച്ചാവകാശം, വെറും ഉപയോഗാവകാശം, അനുഭവാവകാശം, പൊതുകാര്യാലയം, സർക്കാർ ഉദ്യോഗസ്ഥന്റെ ശമ്പളം, വാർധക്യകാലവേതനം ഇവയൊന്നും കൈമാറ്റം ചെയ്യപ്പെടാവുന്നതല്ല. ഉടമ്പടി ചെയ്യുന്നതിനർഹതയുള്ള ആർക്കും, കൈമാറുന്നതിനു യോഗ്യതയുള്ള വസ്തുക്കൾ ഉണ്ടെങ്കിൽ അത് ഭാഗികമായോ, പൂർണമായോ അന്യാധീനപ്പെടുത്തുവാൻ അവകാശമുണ്ട്. പ്രായപൂർത്തിയാകാത്ത ഒരാൾ ചെയ്യുന്ന വസ്തുകൈമാറ്റം അസാധുവാണ്. എന്നാൽ അന്യാധീന ഉടമ്പടിയിൽ മൈനർക്ക് ദോഷകരമായ ബാദ്ധ്യതകൾ ജനിപ്പിക്കുന്നില്ലെങ്കിൽ മൈനറുടെ പേർക്ക് കൈമാറ്റം ചെയ്യാവുന്നതാണ്.

കൈമാറുന്നതോടുകൂടി കൈമാറ്റം ചെയ്യുന്ന ആളിന് പ്രസ്തുത വസ്തുവിലുണ്ടായിരുന്ന എല്ലാ അവകാശങ്ങളും നിയമപരമായ ബാദ്ധ്യതകളും കൈമാറ്റം കിട്ടിയ ആളിൽ അടങ്ങുന്നതാണ്. കൈമാറ്റവസ്തു ഭൂമിയാണെങ്കിൽ അതിൻമേലുള്ള ഈസ്മെന്റ് (Easement) അവകാശം, കൈമാറ്റത്തിനുശേഷമുള്ള വാടക തുടങ്ങിയ അവകാശങ്ങൾ കൈമാറ്റം വാങ്ങുന്ന ആളിൽ ലയിക്കുന്നു.

ചില ഒഴിവുകൾക്കു വിധേയമായി കൈമാറ്റപ്പെട്ട വസ്തു അന്യാധീനപ്പെടുത്തുന്നതിനെതിരായിട്ടുള്ള പൊതു വിലക്കുകളോ വ്യവസ്ഥകളോ സാധുവല്ലാത്തതാണ്. എന്നാൽ ഭാഗികമായ വിലക്കുകളോ, വ്യവസ്ഥകളോ നിലനില്ക്കുന്നതാകുന്നു. ഉത്തമർണനെ തോല്പിക്കുന്നതിനോ വഞ്ചിക്കുന്നതിനോ കാലതാമസപ്പെടുത്തുന്നതിനോ ഉദ്ദേശിച്ചുള്ള കൈമാറ്റങ്ങൾ നിയമദൃഷ്ടിയിൽ ദുർബലവും അസ്ഥിരപ്പെടുത്താവുന്നതുമാണ്. വിവാദവസ്തുവിനെ സംബന്ധിച്ച് ഒരു വ്യവഹാരം നിലവിലിരിക്കുമ്പോൾ നടത്തുന്ന കൈമാറ്റങ്ങൾ കോടതിവിധിക്കു വിധേയമാണ്. എല്ലാത്തരത്തിലുള്ള കൈമാറ്റങ്ങളും എഴുതി രജിസ്റ്റർ ചെയ്യണമെന്നുണ്ട്. എന്നാൽ അപൂർവം ചിലത് വാക്കിൻപ്രകാരവും തുടർന്ന് കൈവശം വിട്ടുകൊടുത്തും നടത്താം.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അന്യാധീനപ്പെടുത്തൽ&oldid=3623156" എന്ന താളിൽനിന്ന് ശേഖരിച്ചത്