അഗ്നൺ സാമുവെൽ ജോസഫ്
അഗ്നൺ സാമുവെൽ ജോസഫ് Shmuel Yosef Agnon שמואל יוסף עגנון | |
---|---|
ജനനം | ബുക്സാക്, ഗലീഷ്യ (Buchach, യുക്രെയിൻ) | ജൂലൈ 17, 1888
മരണം | ഫെബ്രുവരി 17, 1970 ജെറുസലേം, ഇസ്രയേൽ | (പ്രായം 81)
അവാർഡുകൾ | Nobel Prize in Literature 1966 |
20-ം ശതകത്തിലെ പ്രമുഖനായ എബ്രായ നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു അഗ്നൺ സാമുവെൽ ജോസഫ്. 1966-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ഇദ്ദേഹം നെല്ലി സാക്സുമായി പങ്കിട്ടു. അഗ്നൺ 1888 ജൂലൈ 17-ന് കിഴക്കേ ഗലീഷ്യയിൽ ബുക്സാക് എന്ന സ്ഥലത്ത് ജനിച്ചു. 1909-ൽ ജന്മസ്ഥലം വിട്ടു പാലസ്തീനിൽ താമസമാക്കി. 1912-23 വരെ ജർമനിയിൽ ജീവിച്ചു. വീണ്ടും പാലസ്തീനിലേക്കു മടങ്ങി അവിടെ സ്ഥിരമായി പാർത്തു. ഗലീഷ്യയിൽനിന്നും പിരിഞ്ഞ വർഷം തന്നെ ഇദ്ദേഹം ചെറുകഥകളെഴുതിതുടങ്ങിയിരുന്നു. എല്ലാ കഥകളിലും ഇദ്ദേഹത്തിന്റെ ബാല്യകൌമാരകാലങ്ങളിലെ അനുഭവങ്ങൾ പ്രതിബിംബിച്ചു കാണാം. ഗലീഷ്യയാണ് പലതിന്റെയും പശ്ചാത്തലം. പലസ്തീനിൽ എത്തിയശേഷം ആദ്യമെഴുതിയ കഥയാണ് അഗുനോട്; എബ്രായ ഭാഷയിൽ പരിത്യക്ത പത്നികൾ എന്നാണ് ഇതിനർഥം. ഇതിന്റെ മറ്റൊരു രൂപമായ അഗ്നൺ എന്ന സംജ്ഞ ഇദ്ദേഹം തന്റെ തൂലികാനാമമായി സ്വീകരിച്ചു. ഇദ്ദേഹത്തിന്റെ ആദ്യ പേര് സാമുവെൽ ജോസഫ് സാക്സ്കെസ് എന്നായിരുന്നു. സാമുവെൽ ജോസഫ് അഗ്നൺ.
നോവലുകൾ
[തിരുത്തുക]അഗ്നണിന്റെ നോവലുകളിൽ മൂന്നെണ്ണം ശ്രദ്ധാർഹമാണ്. 1922-ൽ എഴുതിയ ഹഖനാസാത്കല്ലാ (Haknasath Kallah) ഒരു ഗലീഷ്യൻ ഗ്രാമത്തിലെ ജൂതന്മാരുടെ സാമൂഹിക ജീവിതം ചിത്രീകരിക്കുന്ന ബൃഹത്കൃതിയാണ്. ഇതിന്റെ രചനയ്‌ക്ക് ഗലീഷ്യൻ നാടോടിക്കഥകളെ ഗ്രന്ഥകാരൻ ആശ്രയിച്ചിരുന്നു. ഇതിനു ദ് ബ്രൈഡൽ കാനൊപ്പി (The Bridal canopy) എന്ന പേരിൽ ഒരു ഇംഗ്ളീഷ് വിവർത്തനം ഉണ്ടായിട്ടുണ്ട് (1937). അത്യന്തം വികാരോത്തേജകമായ ഒരു നോവലാണ് ഓറിയാനാറ്റ ലാലൺ (Orenata Lalun,1945). ഒരു ഗദ്യേതിഹാസമായി പരിഗണിക്കപ്പെടാവുന്ന ഈ കൃതി ലോകയുദ്ധങ്ങൾക്കിടയിൽ ഗലീഷ്യയിലെ ഒരു ഗ്രാമത്തിനു സംഭവിച്ച തകർച്ചയെ ചിത്രീകരിക്കുന്നു. യൂറോപ്യൻ ജൂതന്മാരുടെ ദുരിതങ്ങളുടെ കഥ ഉള്ളിൽ തട്ടുന്നവണ്ണം ഇതിൽ ആഖ്യാനം ചെയ്തിട്ടുണ്ട്. ഇസ്രേയേലിന്റെ മണ്ണിൽ ജൂതമതത്തിന് പുനഃപ്രതിഷ്ഠ ലഭിക്കുമെന്ന ശുഭാപ്തിവിശ്വാസത്തോടുകൂടിയാണ് ഗ്രന്ഥം സമാപിക്കുന്നത്. എ വേഫെയറർ ഇൻ ദ് നൈറ്റ് (A Wayfarer in the Night) എന്ന പേരിൽ ഈ കൃതി ഇംഗ്ളീഷിലേയ്ക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട് (1966). ഒന്നാം ലോകയുദ്ധത്തിനു മുൻപുള്ള ജാഫായിലെയും ജറുസലേമിലെയും സാമൂഹിക ജീവിതത്തെ വിവരിക്കുന്ന നോവലാണ് തെമോൽ ഷിൽഷോം (Thermol Shilshom -1945).
ചെറുകഥകൾ
[തിരുത്തുക]ചെറുകഥാകൃത്തെന്ന നിലയിലും അഗ്നൺ പ്രശസ്തി നേടിയിട്ടുണ്ട്. യമിൻ നൊറൈം (Yamin Noraim-1933), ഡെയ്സ് ഒഫ് ഓ (Days of Awe-1948) എന്നിവ ഇദ്ദേഹത്തിന്റെ കഥാസമാഹാരങ്ങളാണ്. സരളവും എന്നാൽ വ്യംഗ്യാത്മകവുമായ ശൈലിയാണ് ഇദ്ദേഹം തന്റെ കൃതികളിൽ അനുവർത്തിച്ചിട്ടുള്ളത്. ആധുനിക എബ്രായ സാഹിത്യകാരന്മാരുടെ സാങ്കേതികമോ ഭാഷാപരമോ ആയ പുതുമകൾ അവയിൽ കാണുകയില്ല. പ്രാചീന ജൂതന്മാർ ഉപയോഗിച്ചിരുന്ന ഭാഷ ഇദ്ദേഹം സ്വീകരിച്ചത് തന്റെ കൃതികൾ ക്ളാസിക്കൽ എബ്രായ സാഹിത്യത്തിന്റെ ഒരു ഭാഗമായിത്തീരണമെന്ന ഉദ്ദേശ്യത്തോടെയാണ്. കഴിഞ്ഞ തലമുറയുടെയും വരുന്ന തലമുറയുടെയും ഭാഷയാണ് താൻ കൈകാര്യം ചെയ്തിട്ടുള്ളതെന്ന് ഇദ്ദേഹം സ്വയം അവകാശപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 17,1970-ൽ അഗ്നൺ നിര്യാതനായി.
അവലംബം
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ 'അഗ്നൺ', സാമുവെൽ ജോസഫ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Britannica Concise Encyclopedia:Shmuel Yosef Agnon
- Shmuel Yosef Agnon (1888-1970)
- The Nobel Prize in Literature 1966Shmuel Agnon, Nelly Sachs
- The Nobel Prize in Literature 1966 (Shmuel Agnon, Nelly Sachs)
സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1951-1975) |
---|
1951: ലാഗെർക്വിസ്റ്റ് | 1952: മൗറിയാക് | 1953: ചർച്ചിൽ | 1954: ഹെമിംഗ്‌വേ | 1955: ലാക്സ്നെസ്സ് | 1956: ജിമെനെസ്സ് | 1957: കാമ്യു | 1958: പാസ്തനാർക്ക് | 1959: ക്വാസിമൊഡോ | 1960: പെർസെ | 1961: ആൻഡ്രിക്ക് | 1962: സ്റ്റെയിൻബെക്ക് | 1963: സെഫെരിസ് | 1964: സാർത്ര് | 1965: ഷോലൊക്കോവ് | 1966: ആഗ്നോൺ, സാഷ് | 1967: അസ്റ്റൂറിയാസ് | 1968: കവബാത്ത | 1969: ബെക്കറ്റ് | 1970: സോൾഷെനിറ്റ്സിൻ | 1971: നെരൂദ | 1972: ബോൾ | 1973: വൈറ്റ് | 1974: ജോൺസൺ, മാർട്ടിൻസൺ | 1975: മൊണ്ടേൽ |