Jump to content

ആത്മീയാഭ്യാസങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Spiritual Exercises of Ignatius of Loyola എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആത്മീയാഭ്യാസങ്ങളുടെ രചയിതാവായ ഇഗ്നേഷ്യസ് ലൊയോള

ഈശോസഭയുടെ സ്ഥാപകനായ ഇഗ്നേഷ്യസ് ലൊയോള രചിച്ച പ്രസിദ്ധമായ ധ്യാനഗ്രന്ഥമാണ്‌ ആത്മീയാഭ്യാസങ്ങൾ (Spiritual Exercises). നാലാഴ്ച നീണ്ടുനിൽക്കുന്ന ഒരാത്മീയനവീകരണ പദ്ധതിയാണ്‌ ഇതിന്റെ ഉള്ളടക്കം. തന്റെ ആത്മീയപരിവർത്തനത്തെ തുടർന്നുള്ള നാളുകളിൽ, സ്പെയിനിൽ മൻറീസയിലെ ഒരു ഗുഹയിലെ താപസജീവിതത്തിനിടെയാണ്, ഈ ധ്യാനപദ്ധതിയുടെ രൂപരേഖ ഇഗ്നേഷ്യസ് കണ്ടെത്തിയത്. ഈശോസഭയുടെ സ്ഥാപനത്തിനു മുൻപ് പാരീസിൽ ചെലവഴിച്ച കാലത്ത് അദ്ദേഹം ഇതിനു അന്തിമരൂപം നൽകി.[1]

ഉള്ളടക്കം[2]

[തിരുത്തുക]

നാലാഴ്ച നീണ്ടു നിൽക്കുന്ന ഈ അഭ്യാസപദ്ധതിയിൽ ആഭ്യാസി, ആദ്യത്തെ ആഴ്ച മനുഷ്യന്റെ പാപത്തേയും, രണ്ടാമത്തെ ആഴ്ച യേശുവിന്റെ ജീവിതത്തേയും, മൂന്നാമത്തെ ആഴ്ച യേശുവിന്റെ മരണത്തേയും നാലാമത്തെ ആഴ്ച യേശുവിന്റെ പുനരുദ്ധാനജീവിതത്തേയും ധ്യാനവിഷയമാക്കുന്നു.[3]

പാപവും ശിക്ഷയും

[തിരുത്തുക]

ആത്മീയാഭ്യാസി തന്റെ പാപങ്ങൾ ഒന്നൊന്നായി അനുസ്മരിച്ച് അവ അർഹിക്കുന്ന ശിക്ഷയെ ഭാവന ചെയ്യുന്നതാണ്‌ ഈ ധ്യാനയജ്ഞത്തിന്റെ ആദ്യപടി. ഒരേയൊരു പാപത്തിനു ശിക്ഷയായി സാത്താന്‌ നിത്യനരകം ലഭിച്ചെന്നിരിക്കെ, പാപം വഴി അനേകവട്ടം ദൈവത്തെ ധിക്കരിച്ചതിന്‌ താൻ എത്രവലിയ ശിക്ഷ അർ‌ഹിക്കുന്നു എന്ന് അഭ്യാസി സ്വയം ചോദിക്കുന്നു. പിന്നെ അയാൾ ചെയ്യേണ്ടത്, ഒരു മുറിയിലെ ഇരുട്ടിന്റെ ഏകാന്തതയിൽ നരകത്തിന്റെ പാരുഷ്യത്തെ കഴിയുന്നത്ര തീവ്രതയിൽ സങ്കല്പിക്കുകയാണ്‌‌. നരകാഗ്നിയുടെ ഭീകരതയും, അഭിശപ്തരായ നരകവാസികളുടെ ദുരിതങ്ങളും, വേദനയുടെ അലർച്ചയും നിരാശയുടെ നെടുവീർപ്പും അയാൾ ഭാവനയിൽ കാണുന്നു. ഒപ്പം ഗന്ധകവും മാംസവും കത്തുന്ന ദുർഗന്ധം സങ്കല്പിക്കുകയും അഗ്നിനാവുകൾ സ്വന്തം ശരീരത്തെ പുണരുന്നത് അറിയുകയും വേണം.

രക്ഷാമാർഗ്ഗം

[തിരുത്തുക]

തുടർന്ന് അനന്തകാലത്തേയ്ക്കുള്ള ഈ ദുരിതത്തിൽ നിന്ന് രക്ഷപെടാൻ എന്താണു വഴിയെന്ന് അഭ്യാസി സ്വയം ചോദിക്കുന്നു: കുരിശിൽ യേശു അർപ്പിച്ച രക്ഷാകരമായ ബലിയിലൂടെ എന്നാണ്‌ മറുപടി. അതിനാൽ യേശുവിന്റെ ജീവിതത്തെ അതിന്റെ എല്ലാ വിശദാംശങ്ങളിലും ഭാവനചെയ്യാൻ അയാൾ ശ്രമിക്കുന്നു. ആ ചരിത്രനാടകത്തിലെ ഓരോ രംഗത്തിലും സന്നിഹിതരായി അതിൽ പങ്കെടുക്കാൻ ഭാഗ്യം ലഭിച്ച മഹാവ്യക്തികളെ പിന്തുടർന്ന് അവരുടെ വസ്ത്രവിളുമ്പുകൾ ചുമ്പിക്കുന്നു.

യേശുവിന്റെ പിന്നാലെ

[തിരുത്തുക]

ഇതേവരേയുള്ള രണ്ടാഴ്ചത്തെ ധ്യാനത്തിനു ശേഷം ആത്മീയാഭ്യാസി, പീഡാനുഭവത്തിന്റെ ഓരോ ഘട്ടത്തിലും, കുരിശിന്റെ വഴിയിലെ ഓരോ രംഗത്തിലും, യേശുവിനെ അനുഗമിക്കുന്നു. ഗദ്സമേൻ തോട്ടത്തിൽ അയാൾ യേശുവിനൊപ്പം പ്രാർത്ഥിക്കുന്നു; യേശുവിനൊപ്പം ചാട്ടവാറടിയേൽക്കുന്നതായും, മുഖത്ത് തുപ്പപ്പെടുന്നതായും, കുരിശിൽ തറയ്ക്കപ്പെടുന്നതായും സങ്കല്പിക്കുന്നു. സഹനത്തിന്റെ ഓരോ നിമിഷത്തിലും യേശുവിനൊപ്പമുണ്ടായിരുന്ന ശേഷം അദ്ദേഹത്തോടൊപ്പം മരിച്ച് കല്ലറയിൽ സംസ്കരിക്കപ്പെടുന്നു. അവസാനം, നാലാമത്തെ ആഴ്ച, യേശുവിനോടുകൂടി വിജയത്തോടെ ഉയിർത്തെഴുന്നേൽക്കുന്നതായും സ്വർഗ്ഗത്തിലേയ്ക്ക് ആരോഹണം ചെയ്യുന്നതായുമുള്ള സങ്കല്പത്തിലാണ്‌ ഈ അഭ്യാസം സമാപിക്കേണ്ടത്.

ഈ ധ്യാനാനുഭവം നൽകുന്ന അനുഗൃഹീതമായ മനോഭാവം ഏതു പ്രതികൂല സാഹചര്യത്തിലും, സാത്താനെതിരായുള്ള സമരത്തിൽ യേശുവിന്റെ യോദ്ധാവായിരിക്കാൻ അഭ്യാസിയെ പ്രാപ്തനാക്കുമെന്ന് ഇഗ്നേഷ്യസ് കരുതി.[2]

അവലംബം

[തിരുത്തുക]
  1. Ignatius Loyola and the Society of Jesus, A History of Christianity, Kenneth Scott Latourette(പുറങ്ങൾ 843-850)
  2. 2.0 2.1 The Reformation, സംസ്കാരത്തിന്റെ കഥ ആറാം ഭാഗം, വിൽ ഡുറാന്റ്(പുറങ്ങൾ 905-915)
  3. ക്രിസ്തീയ ക്ലാസ്സിക്കുകളുടെ ഗ്രന്ഥശാലയിൽ ആത്മീയാഭ്യാസങ്ങളുടെ ഇംഗ്ലീഷ് പരിഭാഷ ഓൺലൈൻ [1]
"https://ml.wikipedia.org/w/index.php?title=ആത്മീയാഭ്യാസങ്ങൾ&oldid=2845316" എന്ന താളിൽനിന്ന് ശേഖരിച്ചത്