Jump to content

അന്തർവാഹിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Submarine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജർമൻ അന്തർ‌‌വാഹിനി യൂ-995
സ്വയം പ്രതിരോധിക്കാൻ കഴിവുള്ള ജാപ്പനീസ് അന്തർവാഹിനി ഒയാഷിയോ വർഗ്ഗത്തിൽപ്പെട്ട ഒരു അന്തർവാഹിനി.

ജലാന്തർഭാഗത്ത് സ്വതന്ത്രമായ പ്രവർത്തനങ്ങൾക്ക് കഴിവുള്ള കപ്പലാണ് അന്തർവാഹിനി അഥവാ മുങ്ങിക്കപ്പൽ. അന്തർവാഹിനിക്ക് ജലനിരപ്പിലും ജലാന്തർഭാഗത്തും ഒരുപോലെ സഞ്ചരിക്കാൻകഴിയും. ഇവ പ്രധാനമായും യുദ്ധാവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. സമുദ്രഗവേഷണത്തിനും മറ്റും പ്രത്യേകം നിർമ്മിച്ചിട്ടുള്ള അന്തർവാഹിനികൾ ഉപയോഗിച്ചുവരുന്നു. എന്നാൽ വലിപ്പം കുറവായത് കാരണം മുങ്ങിക്കപ്പലുകളെ ബോട്ടുകളായും പരിഗണിക്കാറുണ്ട്.[1]

മുമ്പും നിരവധി അന്തർവാഹിനികൾ നിർമ്മിക്കപ്പെട്ടിട്ടുണ്ടെങ്കിലും അന്തർവാഹിനികൾക്ക് സ്വതസ്സിദ്ധമായ രൂപം കൈവരുന്നത് 19-ആം നൂറ്റാണ്ടിലാണ്. ആ രൂപം പിന്നീട് നിരവധി വ്യോമസേനകൾ കടമെടുക്കുകയും ചെയ്തിട്ടുണ്ട്. ആദ്യമായി വൻതോതിൽ അന്തർവാഹിനികൾ ഉപയോഗിക്കപ്പെട്ടത് ഒന്നാം ലോകമഹായുദ്ധത്തിലാണ്. ഇപ്പോഴത്തെ പല നാവികസേനകളുടെയും അവിഭാജ്യഘടകം കൂടിയാണ് അന്തർവാഹിനികൾ. ശത്രുക്കളുടെ കപ്പലുകളെയും അന്തർവാഹിനികളെയും ആക്രമിക്കുക, വിമാനവാഹിനിക്കപ്പലുകളുടെ സംരക്ഷണം, ഉപരോധപ്രവർത്തനങ്ങൾ, ആണവസേനയുടെ ഭാഗമായുള്ള ബാലിസ്റ്റിക്ക് മിസൈൽ അന്തർവാഹിനികൾ, സൈനികാവശ്യങ്ങൾക്കായുള്ള സമുദ്രപര്യവേക്ഷണം, സാമ്പ്രദായിക കരയാക്രമണങ്ങൾ (ക്രൂയിസ് മിസൈൽ പോലെയുള്ളവ ഉപയോഗിച്ച്), പ്രത്യേക സേനകളുടെ രഹസ്യ ഉൾച്ചെലുത്തലുകൾ എന്നിവയാണ് അന്തർവാഹിനികൾ ഉപയോഗിച്ചുള്ള സൈനികാവശ്യങ്ങൾ. സമുദ്രശാസ്ത്രപഠനം, സമുദ്രപര്യവേക്ഷണം, കടലിൽ പോയവയുടെ വീണ്ടെടുക്കൽ എന്നിവയാണ് അന്തർവാഹിനികളുടെ പ്രധാന സൈനികേതര ആവശ്യങ്ങൾ. പ്രത്യേകമായി നിർമ്മിക്കപ്പെട്ട അന്തർവാഹിനികൾ അടിയന്തര രക്ഷാസഹായങ്ങൾ, സമുദ്രാന്തർഭാഗത്തെ കേബിളുകളുടെ കേടുപാടുകൾ തീർക്കൽ, എന്നിവക്ക് ഉപയോഗിക്കാറുണ്ട്. ടൂറിസം, സമുദ്രാന്തരപുരാവസ്തുശാസ്ത്രം എന്നിവക്കും അന്തർവാഹിനികൾ ഉപയോഗിക്കാറുണ്ട്.

ഭൂരിഭാഗം അന്തർവാഹിനികളും സിലിണ്ടറിന്റെ ആകൃതിയിലുള്ള, അറ്റം കൂർത്തതോ അർദ്ധവൃത്താകൃതിയിലോ ഉള്ള, കുത്തനെ നിൽക്കുന്ന രൂപങ്ങളായിരിക്കും. അന്തർവാഹിനികളിൽ ഏറെക്കുറെ കപ്പലിന്റെ നടുഭാഗത്തായി വാർത്താവിനിമയ ഉപകരണങ്ങളും പെരിസ്കോപ്പ് പോലുള്ള ഗ്രാഹികളും ഉണ്ടായിരിക്കും. ഈ സംഗതിയെ അമേരിക്കക്കാർ സെയിൽ എന്നും യൂറോപ്യന്മാർ ഫിൻ എന്നും വിശേഷിപ്പിക്കാറുണ്ട്. ഉയർന്നു നിൽക്കുന്ന ഒരു കോണിംഗ് ടവർ പഴയകാല അന്തർവാഹിനികളുടെ പ്രധാനഭാഗമായിരുന്നു. മുങ്ങിക്കപ്പലിന്റെ പ്രധാനഭാഗത്തിന് ലേശം മുകളിലായി കാണപ്പെടുന്ന ഈ ഭാഗത്താണ് ചെറിയ പെരിസ്കോപ്പുകൾ ഘടിപ്പിച്ചിരുന്നത്. പുറകിലായി ഒരു പ്രൊപ്പല്ലർ (അല്ലെങ്കിൽ പമ്പ് ജെറ്റ്), നിരവധി ജലഗതികനിയന്ത്രണ സംവിധാനങ്ങൾ, ബല്ലാസ്റ്റ് ടാങ്കുകൾ എന്നിവയും അന്തർവാഹിനികളിൽ കാണാം. എന്നാൽ ചെറിയതും കൂടുതൽ ആഴത്തിലേക്ക് പോകുന്നതുമായ പ്രത്യേകതരം അന്തർവാഹിനികളുടെ രൂപഘടന സാമ്പ്രദായിക അന്തർവാഹിനികളിൽ നിന്ന് വളരെയധികം വ്യതിചലിച്ചതായിരിക്കും.

കുഴൽപോലെയുള്ള ഘടനയുള്ള വാഹനങ്ങളിൽ ഏറ്റവും മികച്ച സാധ്യതകളുള്ളത് അന്തർവാഹിനികൾക്കാണ്. മനുഷ്യരുടെ സഹായമില്ലാതെ പ്രവർത്തിക്കുന്ന ചെറിയ രൂപങ്ങൾ, ഒന്നോ രണ്ടോ മനുഷ്യർക്ക് ഏതാനും മണിക്കൂർ നേരത്തേക്ക് സഞ്ചരിക്കാവുന്ന രൂപങ്ങൾ മുതൽ ആറ് മാസം വരെ വെള്ളത്തിനടിയിൽ കഴിയാവുന്ന റഷ്യൻ ടൈഫൂൺ അന്തർവാഹിനികൾ വരെയുണ്ട് മുങ്ങിക്കപ്പലുകളിൽ. റഷ്യൻ ടൈഫൂൺ തന്നെയാണ് ലോകത്തിൽ ഇന്നു വരെയുള്ളതിൽ ഏറ്റവും വലിയ അന്തർവാഹിനി. സാധാരണ മനുഷ്യർക്കോ ഡൈവർമാർക്കോ അതിജീവിക്കാൻ കഴിയാത്ത ആഴങ്ങളിൽപ്പോലും മുങ്ങിക്കപ്പലുകൾ പ്രവർത്തിക്കും. ഡൈവിംഗ് ബെല്ലിന്റെ നവീകരിക്കപ്പെട്ട രൂപമായ ബാതിസ്കാഫെയിൽ നിന്നാണ് ഏറെക്കുറെ എല്ലാ ആധുനിക അന്തർവാഹികളും രൂപമെടുത്തിട്ടുള്ളത്.

ചരിത്രം

[തിരുത്തുക]
അൽ‌‌വിൻ അന്തർ‌‌വാഹിനി - 1978.
ഒന്നാം ലോകയുദ്ധത്തിലെ ജർമൻ യു.സി-1 അന്തർ‌‌വാഹിനി.
പരിശീലന അന്തർ‌‌വാഹിനി

അന്തർവാഹിനിയുടെ കണ്ടുപിടിത്തത്തിനടിസ്ഥാനമായത് ബി. സി. 3-ആം നൂറ്റാണ്ടിൽ ആർക്കിമിഡീസ് പ്രഖ്യാപിച്ച പ്ലവനതത്വമാണ്. അതായത്, ഏതെങ്കിലും ഒരു പ്ലവം ദ്രവത്തിൽ പൊങ്ങിക്കിടക്കുമ്പോൾ അതിന്റെ ഭാരത്തോളം ദ്രവത്തെ അത് ആദേശം ചെയ്യുന്നു. ഈ പ്ലവത്തിന്റെ രൂപത്തിനു വ്യത്യാസം വരുത്താതെ ഭാരം വർദ്ധിപ്പിക്കുകയാണെങ്കിൽ ക്രമേണ അതു ദ്രവത്തിൽ മുങ്ങുന്നതാണ്. പഴയതുപോലെ ഭാരം കുറയ്ക്കുകയാണെങ്കിൽ വീണ്ടും അത് ദ്രാവകത്തിനു മുകളിൽ പൊങ്ങിവരും. ഈ തത്ത്വമാണ് അന്തർവാഹിനിയുടെ നിർമ്മാണത്തിനാധാരം. ബ്രിട്ടീഷ് ഗണിതശാസ്ത്രജ്ഞനായ വില്യം ബേൺ (William Bourne)[2] ആണ് അന്തർവാഹിനിയെപ്പോലുള്ള ഒരു ഉപകരണത്തെക്കുറിച്ച് ആദ്യമായി (1578) പ്രതിപാദിച്ചത്. മാഗ്നസ് പേജിലിയസ് (Magness Pagelius) അതു നിർമ്മിച്ചുവെങ്കിലും ആദ്യത്തെ അന്തർവാഹിനി നിർമാതാവ് എന്ന ബഗഹുമതി ലഭിച്ചത് കോർണീലിയസ് ഡ്രെബൽ (Cornelius Drebbel) എന്ന ഡച്ചുകാരനാണ്.[3]

18-ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അനേകതരത്തിലുള്ള അന്തർവാഹിനികൾ ഉണ്ടായിരുന്നെങ്കിലും മുങ്ങുന്നതിനും പൊങ്ങുന്നതിനും ആവശ്യമായ ബല്ലാസ്റ്റ് ടാങ്കിന് (Bellast tank)[4] രൂപം കൊടുത്തത് 1747-ആം നൂറ്റാണ്ടോടുകൂടിയാണ്. ഇക്കാലഘട്ടത്തിൽ ഡേവിഡ് ബുഷ്നൽ(David Bushnell)[5] എന്ന അമേരിക്കക്കാരൻ ഒരു അന്തർവാഹിനി നിർമിച്ചു. ഇതിൽ നോദനത്തിനായി (propulsion)[6] ഒരു സ്ക്രൂ പ്രൊപ്പല്ലർ (screw propeller) ആണ് ഉപയോഗിച്ചിരുന്നത്. പിൽക്കാലത്ത് ജലനിരപ്പിലായിരിക്കുമ്പോൾ നോദനത്തിനായി കപ്പൽപായ് ഉപയോഗിച്ചുകൊണ്ടുള്ള ഒരു അന്തർവാഹിനി റോബർട്ട് ഫുൾട്ടൺ (Robert Fulton) നിർമ്മിച്ചു. ഗവണ്മെൻറു സഹായങ്ങൾ ലഭിക്കാതിരുന്നതിനാൽ അന്തർവാഹിനി നിർമ്മാണം തുടരാൻകഴിഞ്ഞില്ല.[7]

അന്തർവാഹിനി നിർമ്മാണത്തിനു നേരിട്ട ഒരു പ്രധാനതടസ്സം അനുയോജ്യമായ ഒരു ഊർജ്ജ നിലയത്തിന്റെ (Power plant) അഭാവമായിരുന്നു. 1880-ൽ ജോർജ് വില്യം ഗാരറ്റ് (George William Garrett) ആവിയന്ത്രം ഉപയോഗിച്ചുള്ള ഒരു അന്തർവാഹിനി നിർമിച്ചു. അതിൽ ഇന്ധനമായി കൽക്കരിയാണുപയോഗിച്ചിരുന്നത്.[8] കൂടാതെ ഉയർത്തുകയും താഴ്ത്തുകയും ചെയ്യാവുന്ന തരത്തിലുള്ള ഒരു പുകക്കുഴലും അതിനുണ്ടായിരുന്നു. ഇതേ കാലഘട്ടത്തിൽ സ്വീഡൻകാരനായ തോസ്റ്റർ ഫിൽറ്റ് (Thorster Nordoufilt) ആവിയന്ത്രങ്ങൾ ഘടിപ്പിച്ച രണ്ടു പ്രൊപ്പെല്ലറുകൾഉള്ള ഒരു അന്തർവാഹിനി നിർമ്മിക്കുകയുണ്ടായി. 16 മീറ്റർവരെ മുങ്ങുന്നതിനു കഴിഞ്ഞിരുന്ന ഇതിൽ ടോർപിഡോ ട്യൂബുകളും ഘടിപ്പിച്ചിരുന്നു.

സ്റ്റോറേജ് ബാറ്ററിയുടെ ഉപയോഗം നിലവിൽവന്നശേഷം 1886 - ൽ ഇതുപയോഗിച്ച് പ്രവർത്തിക്കുന്ന 50 കുതിരശക്തിയുള്ള മോട്ടോർ ഘടിപ്പിച്ച ഒരു അന്തർവാഹിനി ഹോൾസിലിയും ലിയോൺസും (Wholsely and Lyons) ചേർന്നു നിർമ്മിക്കുകയുണ്ടായി. സ്റ്റോറേജ് ബാറ്ററിയുടെ വൈദ്യുത സംഭരണശേഷിക്കുള്ള പരിമിതി ഇതിന്റെ ഒരു ന്യൂനതയായിരുന്നു. ഇതിനുമുൻപ് (1875) ന്യൂജെർസിക്കാരനായ ഹോളണ്ട് (J. P. Holland U. S. A.) ബല്ലാസ്റ്റുടാങ്കും ഹൈഡ്രോപ്ലെയിനുകളും (Hydro plane) ഉള്ള ഒരു അന്തർവാഹിനി നിർമ്മിക്കുകയുണ്ടായി. ഇതാണ് പിൽക്കാല അന്തർവാഹിനികൾക്കെല്ലാം മാതൃകയായിത്തീർന്നത്[9]

സൈമൺ ലേക് (Simon Lake) 1894 - ൽ നിർമിച്ച അന്തർവാഹിനി ഒരു വലിയ നേട്ടമായിരുന്നു. ചുരുട്ടിന്റെ ആകൃതിയോടുകൂടിയ ഇതിൽ പെട്രോ യന്ത്രമാണ് നോദനോപാധിയായി സ്വീകരിച്ചിരുന്നത്.[10]

ഒന്നാം ലോകയുദ്ധത്തിനു മുമ്പുതന്നെ ക്രമമായി അന്തർവാഹിനിയുടെ നിർമിതിയിലെ മൗലികതത്വങ്ങൾ ആവിഷ്കരിക്കപ്പെട്ടു. ആന്തരദഹനയന്ത്രങ്ങളുടെ ആവിർഭാവവും പെരിസ്കോപ്പിന്റെ കണ്ടുപിടിത്തവും ആക്രമണോപകരണമായ ടോർപിഡോയുടെ നിർമ്മാണവും എല്ലാംകൂടിയായപ്പോൾ അന്തർവാഹിനിയുടെ പ്രാഥമിക സജ്ജീകരണങ്ങളായി. ഇത്തരത്തിൽ സജ്ജീകരിച്ച അന്തർവാഹിനിക്ക് നാവികസേനയിൽ അതിപ്രധാനമായ ഒരു സ്ഥാനമാണുള്ളത്.[11]

നിർമ്മാണം

[തിരുത്തുക]

വിവിധ രാജ്യങ്ങളിൽ ഉണ്ടാക്കിയിട്ടുള്ള അന്തർവാഹിനികൾക്ക് വിശദാംശങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും അവയുടെ എല്ലാം നിർമ്മാണത്തിനടിസ്ഥാനമായ തത്ത്വങ്ങൾ ഒന്നു തന്നെയാണ്. ജലപ്പരപ്പിലായിരിക്കുമ്പോൾ വളരെ കുറച്ചുമാത്രം പുറത്തു കാണത്തക്കവിധമാണ് എല്ലാ അന്തർവാഹിനികളും രൂപകല്പന ചെയ്യാറുള്ളത്. മധ്യഭാഗത്തു നിന്നും ഇരുവശങ്ങളിലേക്കും പോകുംതോറും വണ്ണം കുറഞ്ഞുവരുന്ന വിധമാണ് ഇതിന്റെ രൂപം. രണ്ടാം ലോകയുദ്ധകാലത്ത് അമേരിക്ക നിർമ്മിച്ച അന്തർവാഹിനികൾക്ക് 95 മീറ്റർനീളവും 4.9 മീറ്റർ മധ്യവ്യാസവും ഉണ്ടായിരുന്നു.[12]

ജലമർദ്ദത്തെ രോധിച്ചുനിൽക്കുന്ന കമ്പാർട്ടുമെന്റുകളെ കൂട്ടിയോജിപ്പിച്ച് ഒരു വലിയ വൃത്തസ്തംഭാകൃതിയിലാണ് അന്തർവാഹിനി നിർമ്മിക്കുന്നത്. സമ്മർദത്തിനു വിധേയമാകുന്ന മർദ്ദപേടകങ്ങളെ (pressure vessels) ബലിഷ്ഠങ്ങളാക്കാൻ അവയെ ഒരു പ്രധാന ദണ്ഡുകൊണ്ട് പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു

അന്തർവാഹിനിക്കു രണ്ടു പുറംചട്ടക്കൂടുകൾ (double hull) ഉണ്ട്. ഇതിൽ അകത്തുള്ളതാണ് ജലമർദരോധക്കൂട് (water tight pressure hull). രണ്ടു ചട്ടക്കൂടുകൾക്കുമിടക്കുള്ള ഭാഗം ഇന്ധന അറകളും ബല്ലാസ്റ്റു ടാങ്കുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. പുറം ചട്ടക്കൂടിനു മുകളിലായി നിർമ്മിച്ചിട്ടുള്ള മേൽത്തട്ട് (super structure) കപ്പൽ, ജലനിരപ്പിലായിരിക്കുമ്പോൾ ഗതാഗതനിയന്ത്രണത്തിനുള്ള പ്രധാന ഡെക്കായി ഉപയോഗിക്കുന്നു. ഡെക്കിനും ജലരോധപേടകത്തിനും ഇടയ്ക്കുള്ള ജലരോധഗോപുരഭാഗത്തെ കോണിങ് ടവർ (conning tower) എന്നു പറയുന്നു. (അമേരിക്കൻ അന്തർവാഹിനികളിൽ ഇന്നിതു നിലവിലില്ല). കപ്പൽ മുങ്ങിക്കിടക്കുമ്പോൾ കോണിങ് ടവറിൽനിന്നുമാണ് ഗതാഗതനിയന്ത്രണം നടത്തുന്നത്.[13]

ആയുധസജ്ജീകരണം

[തിരുത്തുക]
സർഫെയ്സ്-2 അന്തർ‌‌വാഹിനി
ന്യൂക്ലിയർ അന്തർ‌‌വാഹിനി
ഫ്രഞ്ച് ന്യൂക്ലിയർ അന്തർ‌‌വാഹിനി

അന്തർവാഹിനിയിലെ ഏറ്റവും പ്രധാനപ്പെട്ട ആയുധം ടോർപിഡോയാണ്. സാധാരണയായി 53.35 സെ. മീ. വ്യാസമുള്ള 10 ടോർപിഡോ ട്യൂബുകളാണുള്ളത്. 6 എണ്ണം അണിയത്തും 4 എണ്ണം അമരത്തുമായി ഘടിപ്പിച്ചിരിക്കും. ടോർപിഡോകൾ 24 എണ്ണം വരെ സൂക്ഷിച്ചിരിക്കും. അവ അകത്തുനിന്നും ടോർപിഡോ ട്യൂബുകളിൽ നിറക്കുന്നതിനുള്ള സജ്ജീകരണവുമുണ്ടായിരിക്കും. കൂടാതെ ഡെക്ക് ഗണ്ണുകളും വിമാനവേധ തോക്കുകളും ചെറുകിട യന്ത്രത്തോക്കുകളും കൂടി സജ്ജീകരിച്ചിരിക്കും. രണ്ടാം ലോകയുദ്ധകാലത്ത് ഇവക്കെല്ലാം പുറമേ മൈനുകളുമുണ്ടായിരുന്നു.[14]

വിവിധഘടകങ്ങൾ

[തിരുത്തുക]

കപ്പൽ ജലപ്പരപ്പിലായിരിക്കുമ്പോൾ അതു പ്രവർത്തിപ്പിക്കുന്നതിന് വേണ്ടതിലേറെ ഉപകരണങ്ങൾ ജലാന്തർഭാഗത്തായിരിക്കുമ്പോൾ ആവശ്യമാണ്. ഇവയെല്ലാം സംവിധാനം ചെയ്തിരിക്കുന്നത് കൂടുതൽ വേഗതയും കാര്യക്ഷമതയും പ്രദാനം ചെയ്യത്തക്കവിധമാണ്.

ബാഹ്യതലം

[തിരുത്തുക]

പ്രധാന ഡെക്ക് ജലമർദരോധപേടകവുമായി ഉരുണ്ട സംരചനാഘടകങ്ങൾ (rounded structural members) കൊണ്ട് യോജിപ്പിച്ചിരിക്കുന്നു. മുങ്ങുമ്പോൾ വായു അറ ( air pocket) ഉണ്ടാകാതിരിക്കുന്നതിനും പൊങ്ങുമ്പോൾ ജലനിർഗമനത്തിനുമായി വശങ്ങളിൽ സുഷിരങ്ങൾ ഉണ്ട്. പ്രധാന ഡെക്കിൽ റേഡിയോ, റഡാർ മുതലായവയും മുൻഭാഗത്ത് സ്ഥാനനിർണയം ചെയ്യുന്നതിനുള്ള പ്ലവഗോളങ്ങളും (marked buoys) സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ രക്ഷപ്പെടുന്നതിനും രക്ഷപ്പെടുത്തുന്നതിനുമുള്ള വാതിലുകളും വാർത്താവിനിമയം ചെയ്യുന്നതിനുള്ള ഹൈഡ്രോഫോണുകളും വശങ്ങളിൽമുങ്ങുന്നതിനു സഹായിക്കുന്ന ഹൈഡ്രോപ്ലെയിനുകളും അടിയിൽബല്ലാസ്റ്റു ടാങ്കുകളും ഉണ്ട്.[15]

ടാങ്കുകൾ

[തിരുത്തുക]

കപ്പലിൽ പ്രധാനമായി ബല്ലാസ്റ്റു ടാങ്കുകൾ ഇന്ധന ടാങ്കുകൾ സന്തുലനാവസ്ഥ വരുത്തുന്നതിനുള്ള ടാങ്കുകൾ എന്നിവയാണുള്ളത്. ബല്ലാസ്റ്റു ടാങ്കുകളിൽ ജലം നിറച്ച് ഭാരം വർദ്ധിപ്പിച്ചാണ് മുങ്ങുന്നത്. പൊങ്ങുന്നതിന്, ഈ ടാങ്കുകളിൽനിന്ന് സമ്മർദിതവായു (compressed air) ഉപയോഗിച്ചോ പമ്പുകൾ ഉപയോഗിച്ചോ ജലം നിർഗമിപ്പിച്ച് ഭാരം കുറയ്ക്കുന്നു. കപ്പലിനാവശ്യമുള്ള ഇന്ധനം നിറച്ചിട്ടുള്ളവയാണ് ഇന്ധന ടാങ്കുകൾ. ഇവയിൽനിന്നും ഇന്ധനം ഉപയോഗിച്ചുകഴിയുമ്പോൾ, ഇന്ധനോപയോഗത്തിനനുസരിച്ച് അവയിൽ ജലം നിറച്ച് ഭാരം ക്രമപ്പെടുത്തുന്നു. എന്നാൽ കപ്പൽ ജലപ്പരപ്പിലായിരിക്കുമ്പോൾ, ഇന്ധനമൊഴിഞ്ഞ ടാങ്കുകളിൽ ജലം നിറയ്ക്കുന്നതല്ല.[16]

ഇന്ധനം, ഭക്ഷണപദാർഥങ്ങൾ, സ്പോടകവസ്തുക്കൾ ഇവ ഉപയോഗിച്ചു കഴിയുമ്പോൾ ഉണ്ടാകുന്ന അസന്തുലിതാവസ്ഥ മാറ്റി നിഷ്പക്ഷ പ്ലവകക്ഷമത (neutral buoyance) വരുത്തുന്നതിന് ഏകദേശം മധ്യഭാഗത്തായി സജ്ജീകരിച്ചിട്ടുള്ള ടാങ്കുകൾക്ക് ട്രിമ്മിങ് ടാങ്കുകൾ (trimming tank) എന്നു പറയുന്നു.[17]

മേൽപറഞ്ഞവകൂടാതെ ശുദ്ധജലശേഖരണത്തിനും മറ്റുമായി ഒട്ടനവധി ടാങ്കുകൾ അന്തർവാഹിനിയിലുണ്ട്.

വായുസംവിധാനങ്ങൾ

[തിരുത്തുക]

ഡീസൽ യന്ത്രങ്ങളും മറ്റും പ്രവർത്തിപ്പിച്ചു തുടങ്ങുന്നതിനും ബല്ലാസ്റ്റു ടാങ്കുകളിലെ ജലം നിർഗമിപ്പിക്കുന്നതിനും ഏറെനേരം ജലാന്തർഭാഗത്തു കഴിഞ്ഞാൽ സമ്മർദിത ഓക്സിജൻ കലർത്തി കപ്പലിലെ വായു ചൈതന്യവത്താക്കുന്നതിനും മറ്റും സമ്മർദിത വായു (compressed air) ആവശ്യമാണ്. ഇത് പ്രത്യേകം[18] നിർമിച്ച് സിലിണ്ടറുകളിൽ ശേഖരിച്ചുവച്ചിരിക്കുന്നു (സമ്മർദനിരക്ക് 135 - 200 കി. ഗ്രാം/ (സെ. മീ.)2).

പ്രവർത്തനസജ്ജീകരണം

[തിരുത്തുക]
യൂ-ബോട്ട് ടൈപ്-XXI
വിക്റ്റോറിയാ ക്ളാസ് ഹണ്ടർ അന്തർ‌‌വാഹിനി

ഡിസൈൻ ചെയ്ത വേഗത്തിൽ കപ്പൽ സഞ്ചരിക്കണമെങ്കിൽ നെടുകെയും കുറുകെയും ഉള്ള സന്തുലനാവസ്ഥ ശരിയായിരിക്കണം. കപ്പലിലെ ടാങ്കുകളിലുള്ള ജലത്തിന്റെ അളവ് ക്രമപ്പെടുത്തിയാണ് ഇതു സാധിക്കുന്നത്.

ചുക്കാൻ

[തിരുത്തുക]

കപ്പലിന്റെ ഗതി നിയന്ത്രിക്കുന്നതിനായി പുറകിൽ ഘടിപ്പിച്ചിട്ടുള്ള ഒരു ഫലകമാണിത്. ജലശക്തി (hydraulic power) ഉപയോഗിച്ചാണ് ഗതി നിയന്ത്രിക്കുന്നത്. കൂടാതെ മുങ്ങുന്നതിനും കപ്പലിന്റെ വിതാനം നിയന്ത്രിക്കുന്നതിനുമായി അണിയത്തും അമരത്തും ഈരണ്ടുവീതം നാലു ഹൈഡ്രോപ്ലെയിനുക അക്ഷത്തിനു സമാന്തരമായി കപ്പലിൽഘടിപ്പിച്ചിട്ടുണ്ട്. ഇത് 35 * വരെ യഥേഷ്ടം ഇരുവശങ്ങളിലേക്കും തിരിക്കാവുന്നതാണ്.[19]

പെരിസ്കോപ്പ്

[തിരുത്തുക]

ഇതിനെ മുങ്ങിക്കപ്പലിന്റെ കണ്ണ് എന്നു വിളിക്കാം. കപ്പൽ ജലാന്തർഭാഗത്തായിരിക്കുമ്പോൾ ഉപരിതലത്തിലുള്ള വസ്തുക്കൾ വീക്ഷിക്കുന്നതിനുള്ള ഉപകരണമാണിത്. ആദ്യകാലത്തെ കപ്പലുകളിൽ ഇതുണ്ടായിരുന്നില്ല.[20]

നോദനയന്ത്രങ്ങൾ

[തിരുത്തുക]

ആദ്യകാലത്തെ അന്തർവാഹിനികളിൽ യന്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. പകരം കൈകൊണ്ടു തിരിക്കാവുന്ന സ്ക്രൂ പ്രൊപ്പല്ലറുകളാണുണ്ടായിരുന്നത്. ഇന്ന് ഡീസൽയന്ത്രങ്ങളും വൈദ്യുതജനറേറ്ററുകളും (electric generators) വൈദ്യുത മോട്ടോറും കൂട്ടിയിണക്കിക്കൊണ്ടുള്ള ശക്തിനോദന സംവിധാനമാണ് നിലവിലുള്ളത്.[21] കൂടാതെ കപ്പൽ ജലാന്തർഭാഗത്തായിരിക്കുമ്പോൾ പ്രവർത്തിപ്പിക്കുന്നതിനായി സംചായകബാറ്ററികളും ഉപയോഗിക്കുന്നു. ആധുനിക അന്തർവാഹിനികളിൽ (അമേരിക്കൻമാതൃക) 1600 കുതിരശക്തി വീതമുള്ള 4 ഡീസൽയന്ത്രങ്ങളും വൈദ്യുത - ജനറേറ്ററുകൾകൊണ്ടും പ്രവർത്തിപ്പിക്കാവുന്ന 1375 കുതിരശക്തി വീതമുള്ള വൈദ്യുത മോട്ടോറുകളുമാണുള്ളത്. ഇതരാവശ്യങ്ങൾക്ക് വൈദ്യുതി നൽകുന്നതിനായി 300 കി. വാ ശക്തി ഉത്പാദിപ്പിക്കുന്ന ഒരു വൈദ്യുത ജനറേറ്ററും അതു പ്രവർത്തിപ്പിക്കുന്നതിനായി 450 കുതിരശക്തിയുള്ള ഒരു സഹായകയന്ത്രവും കൂടിയുണ്ട്.[22]

സംചായക ബാറ്ററികൾ

[തിരുത്തുക]

അന്തർവാഹിനികൾക്ക് ജലപ്പരപ്പിൽ സഞ്ചരിക്കുമ്പോൾ മാത്രമേ അതിന്റെ ഊർജ്ജ നിലയത്തിനെ (power plant) ശക്തി കേന്ദ്രമായി ഉപയോഗിക്കാൻ സാധിക്കുകയുള്ളു. ജലാന്തർഭാഗത്തായിരിക്കുമ്പോൾ അന്തർവാഹിനി നോദനം (propel) ചെയ്യുന്നതിനും അതിനകത്തുള്ള ഇതരാവശ്യങ്ങൾക്ക് ഊർജ്ജം നൽകുന്നതിനുമായി രണ്ടു സെറ്റു ബാറ്ററികളുണ്ട്. ഓരോസെറ്റിലും സാധാരണയായി 800 കി. ഗ്രാം. വീതം ഭാരമുള്ള 126 സെല്ലുകളാണുള്ളത്. അന്തർവാഹിനി ജലപ്പരപ്പിലായിരിക്കുമ്പോൾ പ്രധാന യന്ത്രങ്ങൾ ഉപയോഗിച്ചാണ് ഇവ പ്രവർത്തനക്ഷമമാക്കുന്നത്.[23]

രക്ഷോപായങ്ങൾ

[തിരുത്തുക]

അപകടത്തിൽപെട്ട അന്തർവാഹിനിയിൽ നിന്നും ആളുകളെ രക്ഷപ്പെടുത്തുന്നതിനുള്ള മാർഗ്ഗമാണിത്. അതിനുപയോജിക്കുന്ന ഉപകരണമാണ് റസ്ക്യു അപ്പാരറ്റസ്. ആദ്യകാലങ്ങളിൽ ഇത്തരമൊന്ന് ഉണ്ടായിരുന്നില്ല. വളരെക്കാലത്തിനു ശേഷമാണ് മൂന്നുഘട്ടങ്ങളുള്ള ഒരു രക്ഷാമാർഗ്ഗം ആവിഷ്കരിച്ചത്. ആദ്യഘട്ടത്തിൽ, അപകടത്തിൽപെട്ട കപ്പലിൽനിന്നും അടയാളപ്പെടുത്തിയ പ്ലവഗോളങ്ങൾ (marked buoys) വിക്ഷേപിക്കുന്നു. ഇതുമൂലം ജലോപരിതലത്തിലുള്ള രക്ഷാപ്രവർത്തകർക്ക് കൃത്യമായി അപകടസ്ഥാനം നിർണയിക്കാൻകഴിയുന്നു. അടുത്ത ഘട്ടത്തിൽ രക്ഷാപേടകം (rescue chamber) ഉപയോഗിച്ച് ഒരോരുത്തരെയായി രക്ഷപ്പെടുത്തുന്നു. സ്ഥാനനിർണയം അസാധ്യമായ സാഹചര്യത്തിൽ കൃത്രിമ ശ്വസനോപകരണങ്ങളുടെ സഹായത്താൽ, അപകടത്തിൽപെട്ട കപ്പലിൽനിന്നും ഓരോരുത്തരായി മുകളിലോട്ടു പൊങ്ങി രക്ഷപ്പെടുന്നതാണ് മൂന്നാം ഘട്ടം. ഇക്കാലത്താകട്ടെ കൃത്രിമ ശ്വസനോപകരണങ്ങൾക്കു പകരം രക്ഷാകവചം (life jacket) ഉപയോഗിച്ചുള്ള പ്ലവനാരോഹണ (buoyant ascent) മാണ് നിലവിലുള്ളത്.[24]

സ്നോർക്കൽ

[തിരുത്തുക]

രണ്ടാംലോകയുദ്ധത്തിന്റെ ഉത്തരാർധത്തിൽ ജർമനി ആവിഷ്കരിച്ചതാണ് സ്നോർക്കൽ. കപ്പൽ ആഴത്തിൽ സഞ്ചരിക്കുമ്പോൾ അതിലെ യന്ത്രങ്ങൾക്കാവശ്യമുള്ള വായു അന്തരീക്ഷത്തിൽനിന്നും വലിച്ചെടുക്കുന്നതിനും നിഷ്കാഷിതവാതകങ്ങൾ പുറത്തേക്ക് നിർഗമിപ്പിക്കുന്നതിനും ഉള്ള ഒരു ശ്വസനക്കുഴലാണ് സ്നോർക്കൽ. കപ്പൽ കൂടുതൽ മുങ്ങിക്കഴിയുമ്പോൾ അതിനകത്ത് ജലം കയറാതിരിക്കുന്നതിനുള്ള ഉപാധികളും അതിനോടുകൂടിയുണ്ട്.[25]

പരിഷ്കരിച്ച സ്നോർക്കലും രൂപസംവിധാനവും കൊണ്ട് അമേരിക്കൻ നാവികസേന രൂപപ്പെടുത്തിയ കപ്പലാണ് ഗപ്പി. ഇതിൽ മേൽത്തട്ടിൽ ഘടിപ്പിക്കുന്ന അകത്തേക്കു വലിക്കുകയോ മാറ്റുകയോ ചെയ്യാം. തൻമൂലം വേഗത രണ്ടിരട്ടിയായി വർദ്ധിപ്പിക്കാൻ കഴിഞ്ഞു.

രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള പുരോഗതി

[തിരുത്തുക]
ജർമൻ ടൈപ്-212 അന്തർ‌‌വാഹിനി
ജർമൻ ടൈപ് XXI അന്തർ‌‌വാഹിനി
ടോർപിഡോ ട്യൂബ്

ഒന്നും രണ്ടും ലോകമഹായുദ്ധകാലത്തുണ്ടായ അനുഭവ പാഠങ്ങൾ അന്തർവാഹിനിക്ക് പല പരിവർത്തനങ്ങളും വരുത്തുന്നതിനു കാരണമായി. യാന്ത്രികസജ്ജീകരണത്തിലും സംവിധാനത്തിലും മാത്രമല്ല, അതിൽ സജ്ജീകരിക്കുന്ന പടക്കോപ്പുകളിലും സാരമായ മാറ്റങ്ങളുണ്ടായി. ശക്തിയുല്പാദിപ്പിക്കുന്നതിനായി അണുശക്തിയുപയോഗിച്ചുതുടങ്ങിയതാണ് അതിൽ ഏറ്റവും പ്രധാനം.

ആദ്യകാലങ്ങളിൽ പ്രധാനമായും ആന്തരദഹന യന്ത്രങ്ങളാണ് ശക്തിയുല്പാദനതിന് ഉപയോഗിച്ചിരുന്നത്. ജലപ്പരപ്പിൽ ആയിരിക്കുമ്പോൾ ജലം വിശ്ലേഷണം ചെയ്തുകിട്ടുന്ന വാതകങ്ങൾ ശേഖരിക്കുകയും, കപ്പൽ ജലാന്തർഭാഗത്തായിരിക്കുമ്പോൽ അവ ഇന്ധനവായു ഉപയോഗിച്ച് പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന മുങ്ങിക്കപ്പലുകൾ പില്ക്കാലത്ത് ജർമനി നിർമ്മിക്കുകയുണ്ടായി. തുടർന്നു ഹൈഡ്രജൻപെറോക്സൈഡിലെ ഓക്സിജൻ ഉപയോഗിച്ചുള്ള സംവൃത ചക്ര യന്ത്രങ്ങൾ (closed cycle engines) ഘടിപ്പിച്ചിട്ടുള്ള അന്തർവാഹിനികൾ ജർമനി നടത്തിയ പരീക്ഷണങ്ങളെ തുടർന്ന് അമേരിക്കയും ബ്രിട്ടനും നിർമ്മിക്കുകയുണ്ടായി.

മറ്റനവധി ശക്തിപ്ലാൻറുകൾ പരീക്ഷണവിധേയമാക്കിയെങ്കിലും പ്രയോഗത്തിൽവന്നത് അണുശക്തി പ്ലാൻറ് ആണ്. അമേരിക്കയാണ് ആദ്യമായി (1955 - ൽ) അണുശക്തി കൊണ്ടോടുന്ന ഒരു മുങ്ങിക്കപ്പൽ (U. S. S. Nautilus) നിർമിച്ചത്.[26] ഇതിന് അന്തരീക്ഷവായുവിന്റെ സഹായമില്ലാതെ പ്രവർത്തിക്കുന്നതിനുള്ള കഴിവുണ്ട്. ജലോപരിതലത്തിൽ വരാതെതന്നെ അനേകനാൾ സമുദ്രാന്തർഭാഗത്തു കഴിയാമെന്നതിനാൽ ഏറ്റവും മെച്ചപ്പെട്ട വേഗം കിട്ടത്തക്കവിധത്തിൽ ഇതിനെ രൂപപ്പെടുത്തുന്നതിനും കഴിഞ്ഞു. മാത്രമല്ല ഇവയ്ക്ക് മഞ്ഞുകട്ടകൾക്കിടയിൽകൂടിയും സഞ്ചരിക്കാൻ കഴിയും.[27]

വിവിധാവശ്യങ്ങൾക്കായി വ്യത്യസ്തരീതിയിലാണ് അന്തർവാഹിനികൾ നിർമ്മിക്കുന്നതും സജ്ജീകരിക്കുന്നതും. ഉദ്ദേശ്യത്തെ ആസ്പദമാക്കി അമേരിക്കൻനാവികസേന അന്തർവാഹിനികളെ താഴെപറയുന്നവിധത്തിൽ തരംതിരിച്ചിരിക്കുന്നു.

  1. ആക്രമണത്തിനുള്ളവ.
  2. അതിവേഗത്തിലുള്ള ആക്രമണത്തിനുള്ളവ.
  3. നിയന്ത്രിത മിസ്സൈലുകൾഘടിപ്പിച്ചിട്ടുള്ളവ.
  4. റഡാർപിക്കറ്റ്തരം (Radar picket class). ഇവയിൽ ശക്തിയേറിയ റഡാറും മറ്റ് വാർത്താവിനിമയ ഉപകരണങ്ങളുമുണ്ട്. മറ്റുകപ്പലുകൾക്കു വേണ്ടമുന്നറിയിപ്പും മാർഗനിർദ്ദേശങ്ങളും ഇവ നൽകുന്നു.
  5. ഹണ്ടർകില്ലർതരം (Hunter killer class). ശത്രുക്കളുടെ അന്തർവാഹിനികളെ കണ്ടുപിടിച്ച് നശിപ്പിക്കുകയാണ് ഇവ കൊണ്ടുദ്ദേശിക്കുന്നത്.
  6. ബാലിസ്റ്റിക് മിസ്സൈൽതരം (Ballistic missile class). ഇവയിൽ പ്രത്യേക ബാലിസ്റ്റിക് മിസ്സൈലുകൾ ഘടിപ്പിച്ചിരിക്കുന്നു.
  7. പരീക്ഷണങ്ങൾക്കുള്ളവ. ഇവ ദ്രവഗതിക (Hydrodynamics) പഠനത്തിനും മറ്റുമായി ഉപയോഗിക്കുന്നു.

രണ്ടാം ലോകമഹായുദ്ധകാലത്ത് സമ്മർദിതവായൂ ഉപയോഗിച്ചാണ് ടോർപിഡോകൾ വിക്ഷേപിച്ചിരുന്നത്. സമ്മർദിത ഓക്സിജൻ ഉപയോഗിച്ചുള്ള നോദനം ജപ്പാൻ വികസിപ്പിച്ചെടുക്കുകയുണ്ടായി. സമ്മർദിതവായുവും താപശക്തി സംവിധാനവുംകൂടി സംയോജിച്ചുള്ള നോദന സംവിധാനവും പിൽക്കാലത്ത് വികസിപ്പിക്കുകയുണ്ടായി. എന്നാൽ അതിൽനിന്നും പുറപ്പെട്ടിരുന്ന വാതകങ്ങൾ ജലപ്പരപ്പിൽ കുമിളകൾ ഉണ്ടാക്കിയിരുന്നു എന്നത് ഒരു ന്യൂനതയാണ്. തുടർന്നു കുറേക്കൂടി കാര്യക്ഷമമായ ഹൈഡ്രോളിക മർഗങ്ങൾ (Hydraulic system) ആവിഷ്കരിക്കുകയുണ്ടായി. ഇന്നാകട്ടെ ലക്ഷ്യത്തെ ലാക്കാക്കി സ്വയം ഗമിക്കുന്ന ടോർപിഡോകളുമുണ്ട്. അവ എളുപ്പത്തിൽ വിക്ഷേപിക്കാനും കഴിയും. വളരെ സങ്കീർണമാണ് ഇന്നത്തെ അന്തർവാഹിനികളിലെ ആയുധസജ്ജീകരണം.[28]

മറ്റുപയോഗങ്ങൾ

[തിരുത്തുക]

യുദ്ധകാലാവശ്യത്തിനു വേണ്ടിയാണ് അന്തർവാഹിനികൾ നിർമ്മിക്കപ്പെട്ടിട്ടുള്ളതെങ്കിലും, സമുദ്രത്തിന്റെ അടിത്തട്ടിലെ സ്ഥിതി, ധാതുനിക്ഷേപങ്ങൾ, ഇവയെക്കുറിച്ച് പര്യവേക്ഷണങ്ങൾ നടത്തുന്നതിനും പ്രത്യേകം ഡിസൈൻ ചെയ്ത അന്തർവാഹിനികൾ ഉപയോഗിക്കാവുന്നതാണ്. ഇത്തരം ആവശ്യങ്ങൾക്ക് വളരെ ആഴത്തിൽ 2000 മുതൽ 3000 മീ. വരെ മുങ്ങാൻ കഴിവുള്ള അന്തർവാഹിനികൾ ഉപയോഗിച്ചുവരുന്നു.

അണുശക്തിയുടെ ആവിർഭാവം കപ്പലിന്റെ ഡിസൈനിനും തന്മൂലം വേഗതയ്ക്കും മാറ്റം വരുത്തി. മാത്രമല്ല ഊർജ്ജത്തിന്റെ സഹായത്താൽ ആയുധസജ്ജീകരണങ്ങൾ ഒഴികെയുള്ള എല്ലാ ആവശ്യങ്ങളും നിർവഹിക്കാമെന്നതിനാൽ ഭാവിയിലുണ്ടാകുന്ന അന്തർവാഹിനികൾക്ക് ജലപ്പരപ്പിൽ വരാതെ വളരെയധികം നാളുകൾ മുങ്ങിക്കിടക്കുന്നതിനും ഉത്തരവുകൾക്കനുസരിച്ച് ഉദ്ദിഷ്ട ലക്ഷ്യങ്ങളിലേക്ക് നീങ്ങുന്നതിനും സാധിക്കുന്നതാണ്.

ഇന്ന് ലോകത്തെ മിക്കവാറും എല്ലാ രാജ്യങ്ങളിലുമുള്ള നാവികസേനയിലും അന്തർവാഹിനികളുടെ ഒരു വ്യൂഹമുണ്ട്. അമേരിക്ക, ബ്രിട്ടൺ, റഷ്യ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് സാധാരണയുള്ള അന്തർവാഹിനികൾ കൂടാതെ അണു ശക്തികൊണ്ടോടുന്നവയും ഉണ്ട്. അടുത്ത കാലത്തായി ഇന്ത്യൻ നാവികസേനയ്ക്കും ഏതാനും അന്തർവാഹിനികൾ ലഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ അന്തർവാഹിനികൾ നിർമ്മിക്കുന്നതിനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.[29]

ചിത്രശാ‍ല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.howstuffworks.com/submarine.htm How Submarine works
  2. http://inventors.about.com/od/sstartinventions/a/Submarines.htm[പ്രവർത്തിക്കാത്ത കണ്ണി] Submarines - History and Design of Submarines
  3. SUBMARINE HISTORY http://www.submarine-history.com/ Archived 2014-07-02 at the Wayback Machine
  4. http://maritime.about.com/od/Ports/a/What-Is-Ballast-Water.htm Archived 2012-03-06 at the Wayback Machine What is Ballast Water - Ship Ballast Systems
  5. http://inventors.about.com/od/sstartinventions/a/Submarines_3.htm Archived 2020-07-27 at the Wayback Machine History of the Submarine - David Bushnell 1742-1824
  6. http://www.grc.nasa.gov/WWW/k-12/airplane/bgp.html Archived 2011-02-21 at the Wayback Machine Welcome to the Beginner's Guide to Propulsion
  7. WORLD SUBMARINE HISTORY TIMELINE 1580-2000 http://www.submarine-history.com/NOVAtwo.htm Archived 2014-11-23 at the Wayback Machine
  8. http://www.submarine-history.com/NOVAtwo.htm#norden Archived 2014-11-23 at the Wayback Machine A Timeline of Development
  9. http://www.submarine-history.com/NOVAtwo.htm#1874 Archived 2014-11-23 at the Wayback Machine Submarine History 1874
  10. http://www.submarine-history.com/NOVAtwo.htm#1893 Archived 2014-11-23 at the Wayback Machine Submarine History 1893
  11. നേവൽ മറൈൻ എജിനീയറിങ്ങ് പ്രാക്റ്റീസ്, വാല്യം - 1-- ഷിപ്പ് ഡിപ്പാർട്ട്മെന്റ് ബ്രിട്ടീഷ് അഡ്മിറാലിറ്റി.
  12. Submarines warfare in World War 2 http://www.2worldwar2.com/submarines.htm
  13. How Submarines Work http://science.howstuffworks.com/submarine.htm
  14. Submarine Weapons http://americanhistory.si.edu/subs/weapons/index.html
  15. റിയലം ഓഫ് സബ് മറൈൻ--പാൾ കോഹൻ.
  16. Submarine Dive Technology http://www.heiszwolf.com/subs/tech/tech01.html Archived 2010-01-18 at the Wayback Machine
  17. Trim Tanks http://www.heiszwolf.com/subs/tech/tech01.html Archived 2010-01-18 at the Wayback Machine
  18. http://www.ibiblio.org/hyperwar/USN/rep/WDR/WDR58/WDR58-22.html
  19. THE STEERING SYSTEM http://maritime.org/fleetsub/hydr/chap4.htm Archived 2009-09-25 at the Wayback Machine
  20. Submarine Periscopes and Approach Techniques http://www.fleetsubmarine.com/periscope.html Archived 2009-07-13 at the Wayback Machine
  21. An Integrated Electric Power System: http://www.navy.mil/navydata/cno/n87/usw/issue_9/power_system.html Archived 2012-11-28 at the Wayback Machine
  22. ചലഞ്ജേർസ് ഒഫ് ദി ഡീപ് (1959)-- വിൽബർ ക്രോസ്.
  23. USN GUPPY SUBMARINE CONVERSIONS 1947-1954 http://www.submariners.co.uk/Dits/Articles/guppy.php#top
  24. rescue chamber http://www.navsource.org/archives/08/08108.htm
  25. Submarine Snorkel Kits (Arctic Cat) http://traxms.com/ATV_Products_SNORKEL_SUBMARINE_ARCTIC.html Archived 2010-03-28 at the Wayback Machine
  26. Lab's early submarine reactor program paved the way for modern nuclear power plants http://www.anl.gov/Media_Center/News/History/news960121.html
  27. ദി ആറ്റോമിക് സബ് മറൈൻ (1954)-- ജോൺ ഹെവെല്ലെൻ.
  28. PRINCIPLES OF HYDRAULICS http://www.maritime.org/fleetsub/hydr/chap1.htm#fig1-01 Archived 2009-09-25 at the Wayback Machine
  29. The Fleet Type Submarine OnlineSubmarine Hydraulic Systems http://www.maritime.org/fleetsub/hydr/index.htm Archived 2009-11-24 at the Wayback Machine

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അന്തർവാഹിനി&oldid=3976399" എന്ന താളിൽനിന്ന് ശേഖരിച്ചത്