ടാൻജീർ
ടാൻജീർ ⵟⴰⵏⵊⴰ طنجة Tanja Tangiers | |
---|---|
Bay of Tangier | |
Country | Morocco |
Region | Tangier-Tetouan |
(2008) | |
• ആകെ | 700,000 |
വടക്കൻ മൊറോക്കോയിലെ ഒരു തുറമുഖനഗരവും പ്രവിശ്യയുമാണ് ടാൻജീർ. ആഫ്രിക്കയുടെ വടക്കു പടിഞ്ഞാറേയറ്റത്തുള്ള ഈ തുറമുഖ നഗരം ജിബ്രാൾട്ടറിനു 58 കി. മീ. തെക്കു പടിഞ്ഞാറു മാറി ജിബ്രാൾട്ടർ ജലസന്ധിയുടെ ആരംഭത്തിൽ സ്ഥിതി ചെയ്യുന്നു.
- പ്രവിശ്യാ വിസ്തീർണം: 1,195 ച. കി. മീ;
- ജനസംഖ്യ: 628000 ('94);
- നഗരജനസംഖ്യ: 307,000 (' 93 ല).
പ്രധാന തുറമുഖനഗരം
[തിരുത്തുക]ഒരു പ്രമുഖ വ്യാവസായിക ഷിപ്പിങ് കേന്ദ്രമാണ് ടാൻജീർ നഗരം. ടാൻജീറിന്റെ തന്ത്രപ്രധാനമായ സ്ഥാനം, രാഷ്ട്രീയ ചരിത്രം, അന്താരാഷ്ട്ര പദവി എന്നീ ഘടകങ്ങൾ നഗരത്തെ ഒരു പ്രമുഖ നയതന്ത്ര ബാങ്കിങ്-വിനോദസഞ്ചാര-വാണിജ്യ കേന്ദ്രമാക്കി വികസിപ്പിച്ചിരിക്കുന്നു. മൊറോക്കോയിലെ പോർട്ട് ഒഫ് കാൾ (കപ്പലുകൾ കേടുപാടുകൾ നീക്കുന്നതിനും, വിഭവശേഖരണത്തിനും വേണ്ടി അടുക്കുന്ന തുറമുഖം) എന്ന പദവിയും ടാൻജീറിനുണ്ട്. മൊറോക്കോയിലെ മൂന്നു വൻകിട തുറമുഖങ്ങളിൽ ഒന്നു കൂടിയാണ് ടാൻജീർ.
ടാൻജീറിലെ ജനങ്ങളിൽ ഭൂരിഭാഗവും ഇസ്ലാം വിശ്വാസികളാണ്. സ്പാനിഷ്, ഫ്രഞ്ച്, അറബി എന്നിവയാണ് ഔദ്യോഗിക ഭാഷകൾ. ഫ്രഞ്ചിൽ ഈ നഗരം ടാൻജർ (Tanger) എന്നും സ്പാനിഷിൽ ടാങ്ഗർ (Tanger), എന്നും അറബിയിൽ ടാൻജ (Tanga) എന്നും അറിയപ്പെടുന്നു.
കാലാവസ്ഥ
[തിരുത്തുക]ഉഷ്ണമേഖലാ കാലാവസ്ഥയാണ് ടാൻജീറിൽ അനുഭവപ്പെടുന്നത്. വരണ്ട വേനൽക്കാലവും മഴയോടു കൂടിയ ശക്തി കുറഞ്ഞ ശൈത്യകാലവും ഇവിടത്തെ കാലാവസ്ഥയുടെ പ്രത്യേകതയാണ്. ടാൻജീറിനു സമീപമാണ് പുരാതന അറബിനഗരമായ മദീന (Medina) സ്ഥിതി ചെയ്യുന്നത്. വെള്ള നിറത്തിലുള്ള കെട്ടിടങ്ങൾ, പള്ളികൾ, വിവിധ വർണത്തിലുള്ള മിനാറുകൾ എന്നിവ മെദീനയുടെ പ്രത്യേകതകളാണ്. വളഞ്ഞ് ഇടുങ്ങിയ നഗര തെരുവുകളാണ് മറ്റൊരു സവിശേഷത. മെദീനയിലെ പുരാതന കോട്ട, പഴയ സുൽത്താൻ കൊട്ടാരം, പുരാവസ്തു മ്യൂസിയം, ആധുനിക മൊറോക്കൻ കലാ മ്യൂസിയം, ഗ്രേറ്റ് മോസ്ക്, പെറ്റിറ്റ്സോകോ എന്നറിയപ്പെടുന്ന ചെറിയ കമ്പോളം, ഗ്രാന്റ് സോകോ (Grant Socco) എന്നറിയപ്പെടുന്ന വലിയ കമ്പോളം തുടങ്ങിയവയാണ് ഇവിടത്തെ മുഖ്യ ആകർഷണ കേന്ദ്രങ്ങൾ.
ഒരു ഷിപ്പിങ് കേന്ദ്രമായ ടാൻജീറിൽ ചുരുക്കം ചില വ്യവസായങ്ങളും ഉണ്ട്. ആട്ടിൻതോൽ, കാനറി വിത്തുകൾ (canary seeds), കോർക്ക്, ബദാം, മൊറോക്കൻ തുകൽ എന്നിവ ഇവിടെ നിന്നും കയറ്റുമതി ചെയ്യപ്പെടുന്നു. നഗരത്തിന്റെ പുരാതന ഭാഗങ്ങളിൽ കരകൌശല വ്യവസായങ്ങൾക്കാണു പ്രാമുഖ്യം. ഒരു ആധുനിക വ്യാവസായിക മേഖലയും ഇവിടെ രൂപമെടുത്തിട്ടുണ്ട്. യന്ത്രസാമഗ്രികളുടേയും, ധാന്യം പൊടിക്കുന്ന മില്ലുകളുടേയും നിർമ്മാണം, മത്സ്യസംസ്ക്കരണം, സോപ്പു നിർമ്മാണം, ശീതളപാനീയ നിർമ്മാണം എന്നിവയാണ് ഇവിടത്തെ മുഖ്യ വ്യവസായങ്ങൾ. ടാൻജീർ-ഫെസ് റെയിൽ പാത നഗരത്തെ മൊറോക്കൻ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്നു. റാബത് (Rabat), റ്റെറ്റോയുവൻ (Tetouan) എന്നിവിടങ്ങളിൽ ഹൈവേകളുണ്ട്. ടാൻജീറിനു 13 കി. മീറ്റർ തെക്കു പടിഞ്ഞാറു മാറി ഒരു അന്താരാഷ്ട്ര വിമാനത്താവളവും സ്ഥിതി ചെയ്യുന്നു.
ചരിത്രം
[തിരുത്തുക]മൊറോക്കോയിലെ ഈ തുറമുഖ നഗരം, ഫിനീഷ്യർ ബി. സി. 15-ആം നൂറ്റാണ്ടോടടുപ്പിച്ചാണ് സ്ഥാപിച്ചതെന്നു വിശ്വസിക്കപ്പെടുന്നു. പിന്നീട് കാർത്തേജുകാർ ഇവിടെ എത്തിച്ചേർന്നു. എ. ഡി. ഒന്നാം നൂറ്റാണ്ടു മുതൽ നിലനിന്ന റോമൻ ഭരണത്തിൽ ടാൻജീറിന്റെ പ്രാധാന്യം വർധിക്കുകയുണ്ടായി. റോമാക്കാർ നഗരത്തിനു ടിൻജിസ് എന്ന പേരു നൽകിയിരുന്നു. എ.ഡി. 200-ഓടെ ഇവർ നഗരത്തിനു ചുറ്റും നിർമിച്ച മതിൽക്കെട്ടിന്റെ അവശിഷ്ടങ്ങൾ ഇന്നും ഇവിടെ കാണാനുണ്ട്. പിൽക്കാലത്തു വാൻഡലുകളും (എ. ഡി. 429) ബൈസാന്തിയക്കാരും (541) വിസിഗോത്തുകളും (621) ഈ പ്രദേശം കയ്യടക്കി. 682-ൽ ഇത് അറബികളുടെ കൈവശമായി. 740-ൽ അറബികളിൽ നിന്നും ടാൻജീർ സ്വതന്ത്ര്യമാവുകയും തുടർന്നു പല ബെർബർ രാജാക്കന്മാരുടെയും ഭരണത്തിലാവുകയും ചെയ്തു. പിൽക്കാലത്ത് ഒരു പ്രധാന തുറമുഖമായിത്തീർന്ന ഇവിടേക്ക് മധ്യകാലത്തോടെ യൂറോപ്യന്മാരുടെ ശ്രദ്ധ പതിഞ്ഞു. പോർച്ചുഗീസുകാർ 1471-ൽ ടാൻജീർ കരസ്ഥമാക്കി. ഇക്കാലത്താണ് ടാൻജീറിനു വാണിജ്യാഭിവൃദ്ധിയുണ്ടായത്. 1578 മുതൽ 1640 വരെ സ്പെയിൻ കാരുടെ ഭരണമായിരുന്നു ഇവിടെ നിലനിന്നത്. തുടർന്നു പോർച്ചുഗീസുകാർ ടാൻജീർ തിരിച്ചു പിടിച്ചു. ചാൾസ് II -മായുള്ള കാതറീന്റെ വിവാഹത്തിലൂടെ പോർച്ചുഗീസുകാർ ഇവിടം 1661-ൽ ബ്രിട്ടനു നൽകി. ബ്രിട്ടിഷ് ഭരണം ടാൻജീറിന്റെ വികസനത്തിനു വളരെയേറെ സഹായകമായിത്തീർന്നു. ബ്രിട്ടൻ 1684-ൽ ഇവിടം മൊറോക്കോയിലെ ബെർബുകൾക്കു വിട്ടുകൊടുത്തു. ഇക്കാലത്തോടെ യൂറോപ്യൻ രാജ്യങ്ങളിൽ പരക്കെ ടാൻജീർ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞിരുന്നു. 19-ആം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഇത് മൊറോക്കോയിലെ അന്താരാഷ്ട്ര പ്രാധാന്യമുള്ള നയതന്ത്രകേന്ദ്രമായി രൂപാന്തരപ്പെട്ടു. ഫ്രാൻസും സ്പെയിനും കൂടി 1912-ൽ മൊറോക്കോ പങ്കുവച്ചതോടെ ടാൻജീർ അന്താരാഷ്ട്ര പദവി ലഭിച്ച് പ്രത്യേക പ്രദേശമായി നിലനിന്നു. 1923-24-ൽ ഫ്രാൻസും ബ്രിട്ടനും സ്പെയിനും കൂടി ഭരണം നടത്തുന്ന ഒരു അന്താരാഷ്ട്ര മേഖലയായി ടാൻജീർ മാറി. രണ്ടാം ലോകയുദ്ധത്തിൽ (1940 ജൂൺ) സ്പെയിൻ ടാൻജീറിന്റെ ഭരണം കൈക്കലാക്കി. അവർ ടാൻജീറിനെ മൊറോക്കോയിലെ സ്പാനിഷ് മേഖലയോടു ചേർത്തു. 1945-ൽ സ്പെയിൻ ഇവിടെ നിന്നും സേനയെ പിൻവലിച്ചതോടെ ടാൻജീർ വീണ്ടും അന്താരാഷ്ട്ര നിയന്ത്രണത്തിലായിത്തീർന്നു. 1956-ൽ ടാൻജീറിനെ മൊറോക്കോയ്ക്കു കൈമാറാൻ തീരുമാനമാവുകയും തുടർന്നു മൊറോക്കോയിൽ ലയിപ്പിക്കുകയും ചെയ്തു.
അവലംബം
[തിരുത്തുക]- http://www.wrotniak.net/places/tangier/index.html
- http://www.baydreaming.com/tangier_island.htm
- http://www.wordiq.com/definition/Tangier_Island[പ്രവർത്തിക്കാത്ത കണ്ണി]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടാൻജീർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |