Jump to content

ടെക്റ്റൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tektite എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Two tektites

സ്ഫടിക സമാനമായ ഒരു ശിലാപദാർഥം. മിക്കവാറും ഉരുണ്ടോ, വെള്ളത്തുള്ളിയുടെ ആകൃതിയിലോ കാണപ്പെടുന്നു. ചിലയിനം ടെക്റ്റൈറ്റുകൾ അതിസൂക്ഷ്മങ്ങളാണ്; മറ്റു ചിലവ ഖണ്ഡങ്ങളും. പൊതുവേ കറുപ്പ്, പച്ച, തവിട്ടു കലർന്ന മഞ്ഞ എന്നീ നിറങ്ങളാണ് ഇവയ്ക്കുള്ളത്. യു. എസ്, ആസ്റ്റ്രേലിയ, തെ. കി. ഏഷ്യ, കി. യൂറോപ്പ്, ആഫ്രിക്കയുടെ പ. തീരം, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ ടെക്റ്റൈറ്റുകൾ കാണപ്പെടുന്നു. ആസ്റ്റ്രേലിയയിലാണ് ഇവ എറ്റവും കൂടുതലായുള്ളത്.

നോർത്ത് അമേരിക്കൻ, ചെക്കോസ്ളോവാക്യൻ, ഐവറി കോസ്റ്റ്, റഷ്യൻ, ആസ്റ്റ്രേലിയൻ എന്നിങ്ങനെ അഞ്ചുതരം ടെക്റ്റൈറ്റുകളാണ് ഇതുവരെ കണ്ടെത്തപ്പെട്ടിട്ടുള്ളത്. ബൊഹീമിയ, ജോർജിയ എന്നിവിടങ്ങളിൽനിന്നും ലഭിക്കുന്നചിലയിനം ടെക്റ്റൈറ്റുകൾ ആകർഷകമായ നിറങ്ങളോടുകൂടിയവയാകുന്നു. ടെക്റ്റൈറ്റിന്റെയും ഭൂമുഖത്തെ മറ്റു സാധാരണ ശിലകളുടെയും രാസസംഘടനയിൽ പ്രധാനമായി രണ്ടു വ്യത്യാസങ്ങളുണ്ട്. ടെക്റ്റൈറ്റുകളിൽ ജലാംശം പൊതുവേ കുറവാണ്. ഇവയിൽ ഫെറസ് ഇരുമ്പിനെ (Fe2+) അപേക്ഷിച്ച് ഫെറിക് ഇരുമ്പിന്റെ (Fe3+) അംശം വളരെ കൂടുതലാണ്. ടെക്റ്റൈറ്റുകളുടെ ഈ സ്വഭാവങ്ങൾ ഇവ രൂപപ്പെടുമ്പോഴുള്ള ഉയർന്ന ഊഷ്മാവുമായി ബന്ധപ്പെട്ടതാണെന്നാണ് കരുതപ്പെടുന്നത്.

A moldavite tektite
An Indochinite tektite

ടെക്റ്റൈറ്റിന്റെ പ്രത്യേക രൂപീകരണത്തിനു നിദാനമായ ഘടകങ്ങളെക്കുറിച്ച് ശാസ്ത്രജ്ഞന്മാർക്ക് ഭിന്നാഭിപ്രായങ്ങളാണുള്ളത്. ചന്ദ്രനിലെ അഗ്നിപർവത സ്ഫോടനങ്ങളുടെ ഫലമായി ഉരുകിത്തെറിച്ച ശിലാകണികകൾ യാത്രാമധ്യേ തണുത്തുറഞ്ഞ് സ്ഫടിക രൂപത്തിൽ ഭൂമുഖത്ത് പതിച്ചുവെന്ന ഒരു വാദം നിലവിലുണ്ട്. ഭൗമാന്തരീക്ഷത്തിൽവച്ച് പൊട്ടിത്തെറിച്ച ഗ്രഹത്തിന്റെയോ ഉൽക്കയുടെയോ ചെറു കണികകളാകാം ടെക്റ്റൈറ്റുകൾ എന്നതാണ് മറ്റൊരു വാദം.

അപ്പോളോ ദൗത്യത്തിനു മുമ്പുവരെ ടെക്റ്റൈറ്റിന്റെ ഉദ്ഭവത്തെ ചന്ദ്രനോട് ബന്ധപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് നടന്ന ചാന്ദ്രപഠനങ്ങൾ ഇതിനെ പിന്താങ്ങുന്നില്ല. ഭീമൻ ഉൽക്കകൾ ഭൂമുഖത്തെ മണൽക്കല്ല്/അവസാദശിലാ പ്രദേശങ്ങളിൽ വന്നുപതിച്ചപ്പോഴുണ്ടായ ആഘാതത്തിൽ ഈ ശിലകളുടെ ചെറു കണികകൾ ഉരുകി വളരെ ദൂരത്തേക്ക് ചിതറിത്തെറിക്കുകയും ഭൂമിയിൽ വീണ്ടും വന്നു പതിക്കുന്നതിന് മുമ്പ് തണുത്തുറഞ്ഞ് സ്ഫടിക സമാനമായി തീരുകയും ചെയ്തുവെന്നാണ് ഭൂരിഭാഗം ശാസ്ത്രജ്ഞരുടെയും അഭിപ്രായം. എന്നാൽ ആഘാതം എവിടെ വച്ചാണുണ്ടായതെന്ന തർക്കം ഇപ്പോഴും നിലനിൽക്കുന്നു. ഭൗമചാന്ദ്ര മേഖലയ്ക്കുള്ളിൽ തന്നെയായിരിക്കാം ഇത് നടന്നതെന്ന വസ്തുതയാണ് റേഡിയോ ആക്ടിവതാ മാപനങ്ങൾ സൂചിപ്പിക്കുന്നത്. ഭൗമ ശിലകൾക്കും ടെക്റ്റൈറ്റിനും തമ്മിലുള്ള സാദൃശ്യം ടെക്റ്റൈറ്റിന്റെ ഉത്ഭവം ഭൂമിയിൽ തന്നെയാവാം എന്ന വാദത്തെ പിന്താങ്ങുന്നുമുണ്ട്.

അവലംബം

[തിരുത്തുക]

അധിക വായനയ്ക്ക്

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടെക്റ്റൈറ്റ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടെക്റ്റൈറ്റ്&oldid=3898539" എന്ന താളിൽനിന്ന് ശേഖരിച്ചത്