Jump to content

താലോഫൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thallophyte എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സസ്യലോകത്തിലെ അപുഷ്പിസസ്യവിഭാഗങ്ങളിലൊന്നാണ് താലോഫൈറ്റ. താലസ് എന്ന ഗ്രീക്ക് പദത്തിന്റെ അർഥം കാണ്ഡം, ഇല, വേര് എന്നിങ്ങനെ വിഭേദനം ചെയ്യപ്പെടാനാവാത്ത സസ്യശരീരം എന്നാണ്. ഇപ്രകാരമുളള താലസോടു കൂടിയ സസ്യങ്ങളുടെ വർഗനാമമാണിത്. താലോഫൈറ്റ വർഗത്തിലെ സസ്യങ്ങളെ താലോഫൈറ്റുകൾ എന്നു പറയുന്നു. 1836-ൽ എൻഡ്ലിഷർ (Endlicher) എന്ന ശാസ്ത്രജ്ഞനാണ് ശൈവാലങ്ങളേയും (ആൽഗകൾ) കുമിളുകളേയും (ഫംഗസുകൾ) ലൈക്കനു (Lichens)കളേയും ഉൾപ്പെടുത്തിക്കൊണ്ട് താലോഫൈറ്റ എന്നു നാമകരണം ചെയ്തത്. ഈ വിഭാഗത്തിൽപ്പെടുന്ന ഭൂരിഭാഗം സസ്യങ്ങളും ഇപ്രകാരമുളള താലസോടു കൂടിയവയാണെങ്കിലും കാണ്ഡം, ഇല, എന്നിവ പോലെയുളള ഘടക ഭാഗങ്ങളായി വേർതിരിക്കാവുന്ന സവിശേഷ ശരീരഘടനയുളളവയും (ഉദാ. സർഗാസം) ഉണ്ട്.

പ്രത്യേകതകൾ

[തിരുത്തുക]

ഈ വിഭാഗത്തിൽ, പ്രധാനമായും ആൽഗകളിലും ഫംഗസുകളിലും ഏകകോശരൂപികൾ മുതൽ സങ്കീർണ ഘടനയുളളവ വരെയുണ്ട്. ആൽഗകൾക്ക് ഹരിതകം ഉളളതിനാൽ പ്രകാശസംശ്ലേഷണം മൂലം സ്വയം ഭക്ഷണം നിർമ്മിക്കാനാകും. ഫംഗസുകൾക്ക് ഹരിതകമില്ലാത്തതിനാൽ പ്രകാശസംശ്ലേഷണം വഴി ഭക്ഷണനിർമ്മാണം സാധ്യമല്ല. അതിനാൽ ഇവ മറ്റു ജീവികളിൽ പരാദങ്ങളായി ജീവിക്കുകയോ മൃതജൈവവസ്തുക്കളിൽ ജീവിച്ച് അത് ആഹാരമാക്കുകയോ ചെയ്യുന്നു. ആൽഗയും ഫംഗസും ഒന്നിച്ചു ചേർന്നുളള മിശ്രസസ്യങ്ങളാണ് ലൈക്കനുകൾ.

അനുയോജ്യമായ ഇടം

[തിരുത്തുക]

താലോഫൈറ്റുകൾ ഈർപ്പമുളളതും ജലലഭ്യതാ സാധ്യതയുളളതുമായ പ്രദേശങ്ങളിൽ വളരുന്നവയാണ്. ഇവയുടെ പ്രത്യുത്പാദനത്തിന് ജലാംശം അനിവാര്യമാണെന്നതുതന്നെയാണ് ഇതിനു കാരണം. കായികം, അലൈംഗികം, ലൈംഗികം എന്നീ മൂന്നുവിധ പ്രത്യുത്പാദനരീതികളുണ്ട്. വരണ്ട കാലാവസ്ഥയിൽ വളരുന്നവയുടെ താലസ് വളർച്ച മുരടിച്ചുപോകുന്നു. കരയിൽ ജീവിക്കത്തക്ക അനുകൂലനങ്ങളൊന്നുംതന്നെയില്ലാത്തവയാണ് താലോഫൈറ്റുകളധികവും. ഇതിൽപ്പെടുന്ന ആധുനിക ഇനങ്ങളും ആദിമ ഇനങ്ങളും പഠനവിധേയമായിട്ടുണ്ട്.

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ താലോഫൈറ്റ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=താലോഫൈറ്റ്&oldid=2283256" എന്ന താളിൽനിന്ന് ശേഖരിച്ചത്