Jump to content

ദ ഹോബിറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(The Hobbit എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദ ഹോബിറ്റ്, or
There and Back Again
1937-ലെ പുറംചട്ട ,
കർത്താവ്ജെ.ആർ.ആർ. റ്റോൾകീൻ
ചിത്രരചയിതാവ്ജെ.ആർ.ആർ. റ്റോൾകീൻ
പുറംചട്ട സൃഷ്ടാവ്ജെ.ആർ.ആർ. റ്റോൾകീൻ
രാജ്യംയുണൈറ്റഡ് കിങ്ഡം
ഭാഷഇംഗ്ലീഷ്
സാഹിത്യവിഭാഗം
പ്രസാധകർGeorge Allen & Unwin (UK)
പ്രസിദ്ധീകരിച്ച തിയതി
21 സെപ്തംബർ 1937
ശേഷമുള്ള പുസ്തകംദ ലോർഡ് ഓഫ് ദ റിങ്സ്

ഇംഗ്ലീഷ് എഴുത്തുകാരൻ ആയ ജെ. ആർ.ആർ റ്റോൾകീനിന്റെ കുട്ടികൾക്കായുള്ള ഒരു കാല്പനിക നോവൽ ആണ് ദ ഹൊബിറ്റ്. 1937 സെപ്റ്റംബർ 21 - ന് ആണ് ഇത് പ്രസിദ്ധികരിച്ചത്. ലോകമെമ്പാടും നിരൂപക പ്രശംസ ഏറ്റുവാങ്ങിയ നോവൽ കാർനെജി മെഡലിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. മികച്ച ബാലസാഹിത്യത്തിനായുള്ള ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യുണിന്റെ അവാർഡും നേടി. ഈ കൃതിയെ അടിസ്ഥാനമാക്കി ദ ഹൊബിറ്റ് എന്ന പേരിൽ ഒരു സിനിമാ പരമ്പരയും പുറത്തിറങ്ങി.

സ്വന്തം വീട്ടിൽ തന്നെ സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്ന ബിൽബോ ബാഗ്ഗിൻസ് എന്ന ഹോബിറ്റിന്റെ ഒരു സാഹസികയാത്രയുടെ കഥയാണ് ദ ഹൊബിറ്റ്. സ്മോഗ് എന്ന് പേരുള്ള ഒരു ഡ്രാഗൺ കാവൽ നിൽക്കുന്ന നിധി തേടിയുള്ള യാത്ര, ബിൽബോയെ തന്റെ ശാന്തമായ ഗ്രാമപ്രദേശത്തുനിന്നു ഭീതി തോന്നുന്ന പ്രദേശങ്ങളിൽ യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്നു. നോവലിന്റെ മിക്ക അധ്യായങ്ങളിലും റ്റോൾകീൻ ഓരോ പ്രത്യേക ജീവിയെയോ ജീവികളെയോ പരിചയപ്പെടുത്തുന്നു. അപരിചിതമായ സാഹചര്യങ്ങളിൽ തന്റെ സാമാന്യബുദ്ധിയും കൗശലവും ഉപയോഗിച്ച് ബിൽബോ മുന്നേറുന്നു. കഥ പരിസമാപിക്കുന്നത് അഞ്ച് പടകൾ നിരന്ന ഒരു യുദ്ധത്തിൽ ആണ്. മുൻ അദ്ധ്യായങ്ങളിൽ വിവരിച്ച പല കഥാപാത്രങ്ങളും, ജീവികളും ഈ യുദ്ധത്തിൽ പങ്കെടുക്കുന്നു.

ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തിട്ടുള്ള റ്റോൾകീനിനേ തന്റെ ആ അനുഭവം ഈ കഥ വികസിപ്പിക്കുവാൻ വലിയ രീതിയിൽ സഹായിച്ചു. എഴുത്തുകാരന്റെ ഭാഷാപ്രവീണ്യവും മായജാല കഥകളിൽ ഉള്ള താല്പര്യവും നിർണായകമായി. നോവൽ നേടിയ നിരൂപക പ്രശംസയും സാമ്പത്തിക നേട്ടവും കണ്ടു പ്രസാധകൻ ഒരു രണ്ടാം ഭാഗം എഴുതാൻ ആവശ്യപ്പെട്ടു. അങ്ങനെ ആണ് ദ ലോർഡ് ഓഫ് ദ റിങ്സ് നോവൽ പരമ്പര എഴുതപ്പെട്ടത്. ഈ കൃതിയുടെ എഴുത്തു പുരോഗമിക്കേ, റ്റോൾകീൻ ദ ഹോബിറ്റിൽ മുൻകാല പ്രാബല്യത്തിൽ ചില മാറ്റങ്ങൾ വരുത്തി. നാടകം, സിനിമ, ബോർഡ് ഗെയിം, വീഡിയോ ഗെയിം തുടങ്ങിയ വിവിധ മാധ്യമങ്ങളിൽ ഹൊബിറ്റ് ഇന്നും നിറഞ്ഞു നിൽക്കുന്നു.

കഥാപാത്രങ്ങൾ

കേന്ദ്രകഥാപാത്രമായ ബിൽബോ ബാഗ്ഗിൻസ് ഒരു ഹൊബിറ്റ് ആണ്. ഗാൻഡാൾഫ് എന്ന മാന്ത്രികനാണ് ബിൽബോയെ പതിമൂന്നു പേരടങ്ങിയ കുള്ളന്മാരുടെ സംഘത്തിന് പരിചയപ്പെടിത്തിയത്. യാത്രയിൽ ഉടനീളം ബിൽബോ തന്റെ വീട്ടിലെ കലവറയിൽ സൂക്ഷിച്ചിട്ടുള്ള ഭക്ഷ്യവസ്തുക്കളുടെ കാര്യവും, കൂടുതൽ ഭക്ഷണം കിട്ടിയിരുന്നെകിൽ എന്ന ആഗ്രഹവും തുറന്നു പറഞ്ഞുകൊണ്ടിരുന്നു. യാത്രസംഘത്തെ സംബന്ധിച്ചിടത്തോളം ബിൽബോ ഒരു സഹായം എന്നതിലേറെ ഭാരമായിരുന്നു. യാത്രയുടെ നിർണായക നിമിഷത്തിൽ ഗാൻഡാൾഫ് അപ്രത്യക്ഷനായി, തുടർന്ന് ബിൽബോ തന്റെ കൗശലവും വഴിമധ്യേ കയ്യിൽ എത്തിയ മന്ത്ര മോതിരത്തിന്റെ ശക്തിയാലും സംഘത്തെ മുന്നോട്ടു നയിച്ചു. കുള്ളന്മാരുടെ തലവനായ തോറിൻ ഓക്കെൻഷീൽഡ് ഒരു ധീരനായ പോരാളി ആണെന്നിരുന്നാലും പലപ്പോഴും തെറ്റായ തീരുമാനങ്ങൾ അദ്ദേഹത്തെ അബദ്ധങ്ങളിൽ ചെന്ന് ചാടിച്ചു. തോറിന്റെ മുത്തച്ഛൻ രാജാവായിരിക്കെ അവരുടെ കൊട്ടാരം ആക്രമിച്ച സ്മോഗ് എന്ന ഡ്രാഗൺ കൊട്ടാരത്തിന്റെ നിലവറയിൽ സൂക്ഷിച്ചിട്ടുള്ള വിപുലമായ നിധിശേഖരത്തിന് മുകളിൽ ആണ് അന്തിയുറങ്ങുന്നത്.

കഥ പുരോഗമിക്കുമ്പോൾ മറ്റു പല കഥാപാത്രങ്ങളും കടന്നുവരുന്നു. കുള്ളന്മാരുടെ സംഘത്തിൽ മറ്റു പന്ത്രണ്ട് കുള്ളന്മാർ, രണ്ടു തരം എൽവ്സ്, മനുഷ്യർ, മനുഷ്യരെ ഭക്ഷിക്കുന്ന ട്രോളുകൾ, ഗുഹാവാസികളായ ഗോബ്ളിനുകൾ, സംസാരശേഷി ഉള്ള വലിയ എട്ടുകാലികൾ, സംസാരശേഷി ഉള്ള പരുന്തുകൾ, വാർഗുകൾ, എൽറോൻഡ്, ഗോളം, മനുഷ്യന്റെയും കാരടിയുടെയും രൂപം സ്വീകരിക്കാൻ കഴിവുള്ള ബിയോൺ, ലേക് ടൗണിലെ കേമനായ ബാർഡ് എന്ന വില്ലാളി എന്നിവർ കഥയുടെ വിവിധഘട്ടങ്ങളിൽ പ്രത്യക്ഷപ്പെടുക്കുന്നു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ദ_ഹോബിറ്റ്&oldid=2801571" എന്ന താളിൽനിന്ന് ശേഖരിച്ചത്