Jump to content

കോൾനിലങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thrissur Kole Wetlands എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോൾനിലത്തെ നെൽകൃഷി

സമുദ്ര നിരപ്പിൽ നിന്നും താഴെ കിടക്കുന്ന വയൽ പ്രദേശങ്ങളാണ് കോൾനിലങ്ങൾ. കേരളത്തിൽ ആലപ്പുഴ, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ഇത്തരം പാട ശേഖരങ്ങളുണ്ട്. തൃശ്ശൂർ ജില്ലയിലെ തൃശൂർ, മുകുന്ദപുരം, ചാവക്കാട്, തലപ്പിള്ളി (ഇപ്പോൾ കുന്നംകുളം) താലൂക്കുകളിലും, മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലും ഉൾപ്പെടുന്ന; കോൾനിലം, കോൾപാടം എന്നീ പേരിൽ അറിയപ്പെടുന്ന പാടശേഖരം ഏതാണ്ട് പതിമൂവായിരത്തോളം ഹെക്റ്റർ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്നു. ഇവയിൽ തൃശൂർ, മുകുന്ദപുരം, ചാവക്കാട് എന്നീ താലൂക്കുകളിലെ കോൾപാടങ്ങളെ തൃശൂർ കോൾനിലമായും, തലപ്പിള്ളി (ഇപ്പോൾ കുന്നംകുളം), പൊന്നാനി എന്നീ താലൂക്കുകളിലെ കോൾപാടങ്ങളെ പൊന്നാനി കോൾനിലമായും തിരിച്ചിരിക്കുന്നു.

കോൾനിലങ്ങൾ കേരളത്തിന്റെ പ്രധാനപ്പെട്ട നെല്ലുല്പാദനമേഖലയാണ്. കിഴക്കൻ മലകളിൽ നിന്നും മഴവെള്ളത്തോടൊപ്പം ഒഴികു വരുന്ന ഫലഭൂയിഷ്ടമായ മണ്ണ് ഇവിടെ അടിഞ്ഞു കൂടുകയും കൃഷിക്ക് അനുയോജ്യമാവുകയും ചെയ്യുന്നു. സമുദ്രനിരപ്പിൽ നിന്നും 0.5 മീറ്റർ മുതൽ 1 മീറ്റർ വരെ താഴ്ന്നാണ്‌ സ്ഥിതിചെയ്യുന്ന ഇവിടെ മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്നു. സമ്പന്നമായ തണ്ണീർത്തട ജൈവവ്യവസ്ഥ (Wetland eco-system) കൂടിയായ ഇവ ഒട്ടനവധി ജനുസ്സുകളിലെ ശുദ്ധജലമത്സ്യങ്ങൾക്കും ചെമ്മീൻ, തവള, ഞവിണി, കക്ക, ഞണ്ട് എന്നിവക്കും പാമ്പ്, കീരി, നീർനായ് പോലുള്ള സസ്തനികൾക്കും സ്ഥിരവാസികളും ദേശാടനക്കാരുമായ നിരവധി പക്ഷികൾക്കും ആവാസകേന്ദ്രമാണ്.[1]

മഴക്കാലത്തിനു ശേഷം പാടത്തെ വെള്ളം പുറത്തേക്ക് (ഉയർന്ന പ്രദേശത്തേക്ക്) പമ്പ് ചെയ്ത് കളഞ്ഞാണു കൃഷിക്ക് നിലമൊരുക്കുന്നത്. പഴയ കാലത്ത് പൽ ചക്രങ്ങൾ ഘടിപ്പിച്ച തേവ് യന്ത്രങ്ങൾ ചവിട്ടിയാണു കൃഷിക്കാർ ഇതു സാധ്യമാക്കിയിരുന്നത്. ഇപ്പോൾ വലിയ പറ മോട്ടോറുകൾ ഉപയോഗിച്ച് കുറേയേറെ കൃഷി സ്ഥലങ്ങൾ ഒന്നിച്ചാണു ഇങ്ങനെ വെള്ളം തേവി മാറ്റുന്നത്. തേവി മാറ്റിയ വെള്ളം തിരിച്ച് പാടത്തേക്ക് വരാതെ തടയാൻ വലിയ മൺ വരമ്പുകൾ പണിയും. ചില സമയങ്ങളിൽ ഈ വരമ്പുകളിൽ മടവീണാൽ വെള്ളം തിരിച്ച് പാടത്തേക്കിറങ്ങി കൃഷി മുഴുവൻ നശിച്ച് പോകും.മഴക്കാലത്ത് നശിച്ച് പോകാത്ത പൊക്കാളി കൃഷി ഇവിടെ ചെയ്തു വരുന്നു.

കോൾ പാടങ്ങൾക്ക് സമീപം കാണാവിന്ന ഒരു ബോർഡ്, തൃശ്ശൂരിലെ ഒരു പാടശേഖരത്തിൽ നിന്നും

ഭൂമിശാസ്ത്രം

[തിരുത്തുക]
തൃശൂരിലെ തൊമ്മാനയിലെ കോൾ പാടങ്ങൾ, കൃഷിയിറക്കുന്നതിനു മുൻപ്

കിഴക്ക് പശ്ചിമഘട്ടത്തിന്റെ കുന്നിൻ നിരകൾ (Spur hills) പടിഞ്ഞാറ് അറബിക്കടലിനാലും വലയം ചെയ്യപ്പെട്ടു കിടക്കുന്നു. തൃശൂർ, മലപ്പുറം ജില്ലകളിലായാണ്‌ ഇത് പടർന്നു കിടക്കുന്നത്. ജൈവ സമ്പുഷ്ടമായ ഹൂമസിനാൽ ആവരണം ചെയ്യപ്പെട്ട കളിയുള്ള മണ്ണാണ്‌ കോൾ നിലങ്ങളിലേത്. ഈ നിലങ്ങളുടെ തെക്കേ അതിർത്തി മുരിയാട് കായലും വടക്ക് മുള്ളൂർക്കായലും പടിഞ്ഞാറ് കനോലി കാനാലും കിഴക്ക് കരഭൂമിയുമാണ്. വർഷത്തിൽ ഏകദേശം 7 മാസവും(ഏതാണ്ട് ജൂൺ മുതൽ നവംബർ വരെ) കോൾ നിലങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് താഴ്ന്ന് കിടക്കുന്നതിനാൽ നവബറിൽ മഴ തീരുന്നതോടെ ജലനിരപ്പ് താഴുകയും കടലിൽ നിന്ന് ഉപ്പുവെള്ളം കയറുകയും ചെയ്യും. ഏനമാവ്, മുളയം, കൊട്ടൻകെട്ട് എന്നിവടങ്ങളിൽ റെഗുലേറ്ററുകൾ നിർമ്മിച്ച് ഉപ്പുവെള്ളത്തിന്റെ കയറ്റം നിയന്ത്രിച്ച് ഈ പാടങ്ങളിൽ മുണ്ടകൻ, പുഞ്ച കൃഷികളിറക്കുന്നു. വടക്കുപടിഞ്ഞാറൻ മൺസൂൺ മേഘങ്ങൾ മടങ്ങിപ്പോകുന്നതുവരെ ജലനിരപ്പ് താഴാറില്ല. അതിനുശേഷം കുറേശെയായി ജലനിരപ്പ് താഴുകയും ധനു മാസം അവസാനത്തോടെ ജലചക്രങ്ങൾ ഉപയോഗിച്ച് വറ്റിക്കാവുന്ന തരത്തിലെത്തിച്ചേരാറുമുണ്ട്.

ആഴം കുറഞ്ഞ നിലങ്ങളിലാണ് മുണ്ടകൻ കൃഷി. സെപ്റ്റംബറിൽ വെള്ളം വറ്റിച്ച് നിലം തയ്യാറാക്കി മാസാവനത്തോടെ വിത്ത് വിതയ്ക്കുകയോ നടുകയോ ചെയ്യുന്നു. 110-125 ദിവസം മൂപ്പുള്ള ഉൽപാദനശേഷി കൂടിയ വിത്തിനങ്ങളാണ് ഉപയോഗിക്കുക. ജ്യോതി, കാഞ്ചന, അഹല്യ, മട്ട ത്രിവേണി, ഉമ എന്നിവയാണ് പ്രധാന ഇനങ്ങൾ.ഡിസംബറോടെ ഇവ കൊയ്തിന്ന് പാകമാകുന്നു.

പുഞ്ചകൃഷി തുടങ്ങുന്നത് ജനുവരിയിലാണ്. താഴ്ന്ന നിലങ്ങളിൽ നിന്ന് വെള്ളം വറ്റിച്ച് കൃഷിചെയ്യുന്നു. വിത്ത് വിതച്ച പാടത്ത് വെള്ളം വറ്റിക്കുകയും നിലത്ത് വിള്ളൽ വീഴ്ത്തുകയും ചെയ്യും. പിന്നീട് വെള്ളം കയറ്റും. ഈ സമയത്താണ് ആദ്യത്തെ വളം ചേർക്കൽ. മുണ്ടകൻ വിളവെടുത്ത പാടങ്ങളിൽ രണ്ടാമതൊരു പുഞ്ചകൃഷി കുടി നടത്താറുണ്ട്. വിതച്ച് പാടം വറ്റിക്കുന്നത് കൊണ്ട് കളശല്യം അധികമാണ്.കള പറിയ്ക്കലാണ് കോൾകൃഷിയുടെ പ്രധാന ബുദ്ധിമുട്ട്. ഏപ്രിൽ മാസത്തോടെ വിളവെടുപ്പിന്റെ സമയമാകും. പുഞ്ചകൃഷിക്ക് പലപ്പോഴും വെള്ളത്തിന്റെ അഭാവം ഉണ്ടാകാറുണ്ട്. അതിനാൽ മൂപ്പ് കുറഞ്ഞ നെല്ലിനങ്ങളാണ് കൃഷിക്കായി തിരഞ്ഞെടുക്കുന്നത്. പീച്ചി, ചിമ്മിനി ഡാമുകളിൽ നിന്നാണ് ഇവിടുത്തെ പുഞ്ചകൃഷിയിൽ അവസാനകാലത്തേക്കുള്ള വെള്ളം ലഭ്യമാവുന്നത്.

പ്രത്യേകതകൾ

[തിരുത്തുക]
കോൾ ബേഡ് സർവ്വെ 2017 - ഗ്രൂപ്പ് ഫോട്ടോ

ജൈവ വൈവിധ്യ പ്രധാനമായ ഈ പ്രദേശങ്ങൾ പലതും റാംസർ സൈറ്റുകളായി പ്രക്യാപിക്കപ്പെട്ടിട്ടുണ്ട്.1971 ൽ ഇറാനിലെ റാംസർഎന്ന സ്ഥലത്ത് വെച്ച് നടന്ന അന്തർദേശീയ വെറ്റ്ലാന്റ് കൺവെൻഷനിലാണ് ഇത്തരം ജൈവ വൈവിദ്യ മേഖലകളുടെ സംരക്ഷണത്തിനായി റാംസർ സൈറ്റുകളായി പ്രഖ്യാപിക്കാൻ തുടങ്ങിയത്[2]

കേരളത്തിലെ മറ്റു കൃഷിഭൂമികൾ

[തിരുത്തുക]
കോൾനിലങ്ങൾ മഴക്കാലത്തിനുശേഷം വറ്റിച്ച് കുട്ട ഉപയോഗിച്ച് മീൻ പിടിക്കുന്നു

പരാമർശങ്ങൾ

[തിരുത്തുക]
  1. സുജിത്കുമാർ, സി.കെ. (1999) [March 2008]. കൃഷിമലയാളം (പ്രഥമ പതിപ്പ് ed.). കണ്ണൂർ: അക്ഷര സംസ്കൃതി. {{cite book}}: |access-date= requires |url= (help); Check date values in: |accessdate= (help); Cite has empty unknown parameters: |month=, |chapterurl=, |origdate=, and |coauthors= (help)
  2. [1]wwf .
"https://ml.wikipedia.org/w/index.php?title=കോൾനിലങ്ങൾ&oldid=3962225" എന്ന താളിൽനിന്ന് ശേഖരിച്ചത്