Jump to content

തൈറോയ്ഡ് ഗ്രന്ഥി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thyroid gland എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തൈറോയ്ഡ്
Thyroid and parathyroid.
ലാറ്റിൻ glandula thyroidea
ഗ്രെയുടെ subject #272 1269
രീതി അന്തഃസ്രാവികൾ
ഭ്രൂണശാസ്ത്രം Thyroid diverticulum (an extension of endoderm into 2nd Branchial arch)
കണ്ണികൾ Thyroid+Gland

മനുഷ്യശരീരത്തിലെ ഒരു അന്തഃസ്രാവി ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. അന്ത്രഃസ്രാവികളിൽവച്ച് ഏറ്റവും വലിപ്പം കൂടിയ ഗ്രന്ഥിയാണിത്. നാളീരഹിത ഗ്രന്ഥിയായ തൈറോയ്ഡ് ഗ്രന്ഥിയുടെ ധർമം ഉപാപചയ പ്രക്രിയകളെ നിയന്ത്രിക്കുക എന്നതാണ്.

സ്ഥാനം

[തിരുത്തുക]

മനുഷ്യന്റെ കഴുത്തിനു മുൻഭാഗത്ത് ശബ്ദനാളത്തിനു (larynx-voice)തൊട്ടുതാഴെയായിട്ടാണ് തൈറോയ്ഡ് ഗ്രന്ഥി സ്ഥിതിചെയ്യുന്നത്. തൈറോയ്ഡ് ഗ്രന്ഥിക്ക് ശ്വസനനാളിയുടെ (trachea)ഇരുവശത്തുമായി കാണപ്പെടുന്ന രണ്ട് ദലങ്ങളുണ്ട്. ഈ ദലങ്ങൾ തമ്മിൽ ഇസ്ത്മസ് (Isthmus) എന്ന നേരിയ കലകൊണ്ട് ബന്ധിച്ചിരിക്കുന്നു. പ്രായപൂർത്തിയെത്തിയവരിൽ തൈറോയ്ഡ് 20 മുതൽ 40 വരെ ഗ്രാം തൂക്കമുള്ളതായിരിക്കും.

ഹോർമോൺ ഉല്പാദനം

[തിരുത്തുക]

തൈറോയ്ഡ് ഗ്രന്ഥി പുടകകോശങ്ങൾ (follicular cells), വ്യതിരിക്ത പുടകകോശങ്ങൾ (Prafollicular cells) അഥവാ 'ര' കോശങ്ങൾ എന്നീ രണ്ടുതരത്തിലുള്ള സ്രവകോശങ്ങൾകൊണ്ട് നിർമിച്ചിരിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥിയുടെ ഭൂരിഭാഗവും പൊള്ളയും ഗോളാകാരവുമായ പുടകങ്ങളുടെ രൂപത്തിലുള്ള പുടകകോശങ്ങളാണ്. ഈ കോശങ്ങളിൽനിന്നാണ് അയഡിൻ അടങ്ങിയ തൈറോക്സിൻ (T4), ട്രൈ അയഡോതൈറോനിൻ (T3) എന്നീ ഹോർമോണുകൾ സ്രവിക്കുന്നത്. ഈ പുടകങ്ങൾ T3 , T4 ഹോർമോണുകളുടെ ഉത്പാദനത്തിനാവശ്യമായ കൊളോയ്ഡിയവും അർധദ്രവവും ആയ മഞ്ഞനിറമുള്ള വസ്തുകൊണ്ട് നിറഞ്ഞിരിക്കുന്നു.

വ്യതിരിക്ത കോശങ്ങൾ പുടകകോശങ്ങൾക്കിടയിൽ ഒറ്റയായോ ചെറുകൂട്ടങ്ങളായോ കാണപ്പെടുന്നു. ഈ കോശങ്ങളാണ് തൈറോകാൽസിറ്റോണിൻ (thyrocalcitonine) എന്ന ഹോർമോണിന്റെ പ്രഭവസ്ഥാനം. പുടകകോശങ്ങൾക്കിടയിൽ അസംഖ്യം രക്തസൂക്ഷ്മധമനി(blood capillaries)കളും ചെറിയ മേദോവാഹിനി(lymphatic vessels)കളും സംലഗ്നകല(connective tissue)യും ഉണ്ടായിരിക്കും. പുടകങ്ങളുടെ മധ്യഭാഗത്തായി തൈറോഗ്ളോബുലിൻ (thyroglobulin) എന്ന വസ്തു ശേഖരിക്കപ്പെടുന്നു.

The system of the thyroid hormones T3 and T4.[1]
Synthesis of the thyroid hormones, as seen on an individual thyroid follicular cell:[2]
- Thyroglobulin is synthesized in the rough endoplasmic reticulum and follows the secretory pathway to enter the colloid in the lumen of the thyroid follicle by exocytosis.
- Meanwhile, a sodium-iodide (Na/I) symporter pumps iodide (I-) actively into the cell, which previously has crossed the endothelium by largely unknown mechanisms.
- This iodide enters the follicular lumen from the cytoplasm by the transporter pendrin, in a purportedly passive manner.[3]
- In the colloid, iodide (I-) is oxidized to iodine (I0) by an enzyme called thyroid peroxidase.
- Iodine (I0) is very reactive and iodinates the thyroglobulin at tyrosyl residues in its protein chain (in total containing approximately 120 tyrosyl residues).
- In conjugation, adjacent tyrosyl residues are paired together.
- The entire complex re-enters the follicular cell by endocytosis.
- Proteolysis by various proteases liberates thyroxine and triiodothyronine molecules, which enters the blood by largely unknown mechanisms.

തൈറോക്സിൻ

[തിരുത്തുക]

T3 , T4 ഹോർമോണുകൾ മനുഷ്യശരീരത്തിന്റെ ഉപാപചയ പ്രവർത്തന നിരക്ക് നിർണയിക്കുന്നു. ഓക്സിജനെയും പോഷകങ്ങളെയും ശരീരത്തിനാവശ്യമായ ഊർജവും താപവും ആക്കി മാറ്റിക്കൊണ്ടാണ് ഉപാപചയ പ്രവർത്തനങ്ങളുടെ നിരക്ക് വർധിപ്പിക്കുന്നത്. ഈ ഹോർമോണുകളാണ് അഞ്ചുവയസ്സുവരെ മനുഷ്യന്റെ മസ്തിഷ്ക വികാസത്തിൽ പ്രധാന പങ്കുവഹിക്കുന്നത്. ശൈശവത്തിലും കൌമാരത്തിലും വളർച്ചയെ ഉത്തേജിപ്പിക്കുന്നതും അസ്ഥികളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നതും ഈ ഹോർമോണുകളാണ്. ആജീവനാന്തം കരൾ, വൃക്ക, ഹൃദയം, അസ്ഥിപേശികൾ എന്നിവയെ T3 , T4 ഹോർമോണുകൾ സ്വാധീനിക്കുന്നു. തൈറോകാൽസിറ്റോണിൻ ഹോർമോൺ അസ്ഥികളിൽനിന്നുള്ള കാത്സ്യം രക്തത്തിലേക്കു പ്രവഹിക്കുന്നതിനെ സാവകാശത്തിലാക്കുന്നു.

ഹൈപ്പോതലാമസും പിറ്റ്യൂറ്ററി (pituitary) ഗ്രന്ഥിയുടെ മുൻഭാഗവുമാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നത്. പിറ്റ്യൂറ്ററി ഗ്രന്ഥിയുടെ തൈറോട്രോഫിക് (thyrotrophic) കോശങ്ങൾ തൈറോയ്ഡ് ഉത്തേജക ഹോർമോണായ തൈറോട്രോപിൻ (TSH) ഉത്പാദിപ്പിക്കുന്നു. ഈ ഹോർമോണാണ് തൈറോയ്ഡിന്റെ വികാസവും പ്രവർത്തനവും രക്തത്തിലെ T3 , T4 സാന്ദ്രതയും നിർണയിക്കുന്നത്.

സാധാരണ രീതിയിലുള്ള തൈറോയ്ഡ് അവസ്ഥ യൂതൈറോയ്ഡ് (euthyroid) എന്നും പ്രവർത്തനക്ഷമത കുറഞ്ഞ അവസ്ഥ ഹൈപ്പോതൈറോയ്ഡ് (hyporthyroid) എന്നും അതിസജീവമായ അവസ്ഥ ഹൈപ്പർതൈറോയ്ഡ് (hyperthyroid) എന്നും അറിയപ്പെടുന്നു.

തൈറോയ്ഡ് ഗ്രന്ഥി ശിശുക്കളുടെ വളർച്ചയിലും വികാസത്തിലും പ്രധാന പങ്കുവഹിക്കുന്നു. ജനിച്ച ഉടനെതന്നെ പരിശോധനകൾ നടത്തി തൈറോയ്ഡ് അവസ്ഥ മനസ്സിലാക്കാനാവും. കൃത്രിമമായി ഹോർമോൺ ചികിത്സ നടത്തി വളർച്ച മുരടിക്കൽ, മാനസിക വൈകല്യങ്ങൾ തുടങ്ങിയ ജന്മജാത വൈകല്യങ്ങളെ (cretinsm) തടയാൻ കഴിയും. ഹോർമോൺ ഉത്പാദനം കുറവായിരിക്കുമ്പോൾ തൈറോയ്ഡ് ഗ്രന്ഥി വളർന്നു വലുതാകുന്നു. കഴുത്തിലെ മുഴപോലെ പുറമേ കാണുന്ന വലിപ്പം കൂടിയ തൈറോയ്ഡ് ഗോയിറ്റർ രോഗം എന്ന് അറിയപ്പെടുന്നു. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനക്ഷമതയിലെ മാറ്റം പ്രതിരോധശേഷിയിലും മാറ്റം വരുന്നതിനു കാരണമാകാറുണ്ട്.

തൈറോയ്ഡ് ഗ്രന്ഥിയെ അപൂർവമായി അർബുദരോഗം ബാധിക്കാറുണ്ട്. ഇത് ചികിത്സിച്ചു ഭേദമാക്കാനാകുന്നതാണ്.

പാരാതൈറോയിഡ് ഗ്രന്ഥി

[തിരുത്തുക]

സ്ഥാനം

[തിരുത്തുക]

തൈറോയ്ഡ് ഗ്രന്ഥിയുടെ ദലങ്ങൾക്കു പിന്നിലായി കാണപ്പെടുന്ന പയറിനോളം വലിപ്പവും അണ്ഡാകൃതിയുമുള്ള രണ്ടുജോഡി ഗ്രന്ഥികളാണ് പാരാതൈറോയ്ഡ്. ചില മനുഷ്യരിൽ ഒരു പാരാതൈറോയ്ഡ് ഗ്രന്ഥി മാത്രമേ കാണപ്പെടുന്നുള്ളൂ; അപൂർവമായി രണ്ടുജോഡിയിലധികം ഗ്രന്ഥികൾ കഴുത്തിലോ നെഞ്ചിലോ ആയി കാണപ്പെടാറുണ്ട്.

ധർമ്മം

[തിരുത്തുക]

പാരാതൈറോയ്ഡ് ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന ഹോർമോൺ രക്തത്തിലെ കാത്സ്യത്തിന്റെ അളവിനെ നിയന്ത്രിക്കാൻ സഹായകമാണ്. പാരാതൈറോയ്ഡ് ഗ്രന്ഥിയുടെ അമിതപ്രവർത്തനം ഹൈപ്പർപാരാതൈറോയ്ഡിസം (hyperparathyroidism) എന്ന രോഗത്തിനു കാരണമാകുന്നു. ഇത് അസ്ഥികളുടെ തേയ്മാനത്തിനും മൂത്രാശയക്കല്ലുകളുണ്ടാകുന്നതിനും കാരണമാകാറുണ്ട്. പാരാതൈറോയ്ഡ് പ്രവർത്തനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോപാരാതൈറോയ്ഡിസം (hypoparathyroidism).

അവലംബം

[തിരുത്തുക]
  1. References used in image are found in image article in Commons:Commons:File:Thyroid_system.png#References.
  2. Boron WF, Boulpaep E (2003). "Chapter 48: "synthesis of thyroid hormones"". Medical Physiology: A Cellular And Molecular Approaoch. Elsevier/Saunders. p. 1300. ISBN 1-4160-2328-3.
  3. How Iodide Reaches its Site of Utilisation in the Thyroid Gland – Involvement of Solute Carrier 26A4 (Pendrin) and Solute Carrier 5A8 (Apical Iodide Transporter) Archived 2011-10-01 at the Wayback Machine. - a report by Bernard A Rousset. Touch Brieflings 2007
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തൈറോയ്ഡ് ഗ്രന്ഥി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തൈറോയ്ഡ്_ഗ്രന്ഥി&oldid=3824688" എന്ന താളിൽനിന്ന് ശേഖരിച്ചത്